Tuesday 14 November 2023 11:49 AM IST : By പ്രൊഫ. ദേവ് മൂർത്തി

അച്ഛൻ പറയുന്നതുകൊണ്ട് കൂടുതലൊന്നും ചോദിക്കേണ്ട എന്നുള്ള അടിച്ചമര്‍ത്തല്‍ വേണ്ട, അമിതകരുതലും വേണ്ട- എങ്ങനെ വേണം ശരിയായ പേരന്റിങ് ?

parent45455

കുട്ടികൾ തെറ്റു ചെയ്‌താൽ എന്ത് ചെയ്യണം, എങ്ങനെ തിരുത്തണം, അവർ ആവശ്യപ്പെടുന്നതൊക്കെ വാങ്ങിച്ചു കൊടുക്കണോ? കൊടുത്തില്ലെങ്കിലുള്ള പ്രത്യാഘാതങ്ങൾ, സെൽഫോൺ ഉപയോഗം, ഓൺലൈൻ ക്ളാസുകൾ, ഹൈബ്രിഡ് ക്ളാസുകൾ - ഇവയൊക്കെ ഇന്നത്തെ പാരന്റ്സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.

നമ്മുടെ കുട്ടികളെ നല്ലവരായി വളർത്തുന്നതിനുള്ള അടിസ്ഥാനശിലകൾ ഏതൊക്കെയാണ് എന്നതിലേക്ക് ഒന്ന് എത്തിനോക്കാം.

1. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക.

അച്ഛനമ്മമാരുടെ വാക്കുകൾ മാത്രമല്ല, അവരുടെ നോട്ടവും ശബ്ദവും ബോഡി ലാംഗ്വേജുമോക്കെ കുട്ടികൾ ഒരു സ്പോഞ്ച് പോലെ ഒപ്പിയെടുക്കും. നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും ഒക്കെ കുട്ടികളിൽ ആത്മവിശ്വാസം പകരുവാൻ സഹായിക്കുന്ന നിലയിൽ ആയിരിക്കുവാൻ ശ്രദ്ധിക്കണം. ഡിപ്രഷൻ ചികിത്സയുടെ ഭാഗമായി സൈക്കോ തെറാപ്പിക്ക് വന്ന ഒരു വ്യക്തിയുടെ കുട്ടിക്കാലത്തെക്കുറിച്ച് പഠിച്ചപ്പോൾ അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയുമൊക്കെ കുട്ടിക്കാലത്ത് അദ്ദേഹത്തെ "കടിഞ്ഞൂൽ പൊട്ടൻ" എന്ന് വിളിച്ചിരുന്നതായി മനസിലായി. ആ വാക്കിന് അയാൾക്ക് 35 വയസ്സായിട്ടും കുട്ടിക്കാലത്ത് അയാളിൽ ഉണ്ടായിരുന്ന അതേ ആഘാതം ഉണ്ടാക്കിക്കൊണ്ടെയിരുന്നു. അയാളുടെ ആത്മവിശ്വാസം തളിരോടെ തല്ലിത്തകർത്തു പ്രവൃത്തികളെ സാരമായി ബാധിച്ചു. എവിടെ നിന്നും പുറം തള്ളപ്പെട്ടവനായി ആത്മവിശ്വാസത്തിൻ്റെ കണിക പോലുമില്ലാതെ വിഷാദരോഗത്തിൻ്റെ അടിമയായി.

എത്ര ചെറിയ കാര്യമായാലും കുട്ടികൾക്ക് ലഭിക്കുന്ന പ്രശംസയുടെ പ്രയോജനം പറഞ്ഞറിയിക്കാൻ കഴിയില്ല. കഴിയുന്നത്ര അവർ തന്നെ പ്രായത്തിനനുസരിച്ച് സ്വയം കാര്യങ്ങൾ ചെയ്തു പഠിക്കട്ടെ. മറ്റു കുട്ടികളുമായി ഒരിക്കലും താരതമ്യം നടത്താതിരിക്കുക. നിങ്ങളുടെ വാക്കുകൾ സ്നേഹവും, കരുതലും നിറഞ്ഞതാകട്ടെ. എല്ലാവർക്കും ചിലപ്പോഴൊക്കെ തെറ്റുകൾ പറ്റുമെന്നും എന്തൊക്കെ വന്നാലും നിങ്ങൾ അവരെ നിരുപാധികം സ്നേഹിക്കുമെന്നും കുട്ടികൾ മനസ്സിലാക്കണം. തെറ്റുകൾ എന്തുകൊണ്ട് തെറ്റുകൾ ആകുന്നു എന്ന് കാര്യകാരണസഹിതം പറഞ്ഞു മനസ്സിലാക്കുക എന്നതാണ് മുഖ്യം.

2. കുട്ടികൾ നന്മ ചെയ്യുമ്പോൾ അത് കണ്ടെത്തുക .

ഒരു നന്മ പോലും അറിഞ്ഞോ അറിയാതെയോ എപ്പോഴെങ്കിലും ചെയ്യാത്ത ഒരു കുട്ടി പോലുമുണ്ടാകില്ല. അത് കണ്ടുപിടിക്കാനുള്ള ശ്രമം രക്ഷിതാക്കളിൽ നിന്നുണ്ടാകണം. "മിടുക്കൻ, നീ നിന്റെ കിടക്ക നന്നായി വിരിച്ചിട്ടു", "ബാത്റൂമിൽ പോയ ശേഷം ടോയ്‌ലറ്റ് ഫ്ലഷ് ചെയ്തു; great", എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ, പ്രത്യേകിച്ച് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഇത്തരം കോംപ്ലിമെന്റുകൾ കേൾക്കുമ്പോൾ കുട്ടിയുടെ സന്തോഷവും ആത്മവിശ്വാസവും വർധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചിലപ്പോൾ ഇത്തരം കോംപ്ലിമെൻറ്സ് പ്രശ്നക്കാരനായ നന്മയിലേക്ക് നയിക്കുന്നതിന്റെ ആദ്യപടിയായി തന്നെ മാറിയേക്കാം.

കുട്ടികളെ പ്രശംസിക്കുന്നതിൽ അലംഭാവമോ, പിശുക്കോ കാണിക്കരുത്. സ്നേഹം, ആലിംഗനം, പ്രശംസ, ഇവയൊക്കെ കുട്ടികളിൽ ആത്മവിശ്വാസവും, സുരക്ഷിതത്വബോധവും ലക്ഷ്യബോധവും വളർത്തുമെന്നതിനു സംശയമില്ല.

3. ലിമിറ്റ് സെറ്റിംഗ് ; ഡിസിപ്ലിൻ

കുട്ടികളിൽ അംഗീകരിക്കപ്പെട്ട സത്‌സ്വഭാവം വളർത്തുന്നതിനും ആത്മനിയന്ത്രണം രൂപപ്പെടുത്തുന്നതിനും ഡിസിപ്ലിൻ അത്യാവശ്യമാണ്. കുട്ടികൾ അവ പലപ്പോഴും ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുമെങ്കിലും ഉത്തരവാദിത്തബോധമുള്ള വ്യക്തികളായി വളരുന്നതിന് ഡിസിപ്ലിൻ അവരെ സഹായിക്കും. കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്ന് "House Rules"-ൽ നിന്നും അവർക്ക് വ്യക്തമായി മനസിലാക്കാൻ കഴിയണം. അങ്ങനെ മാത്രമേ ഉത്തരവാദിത്തബോധമുള്ളവരായി കുട്ടികൾക്ക് വളരാൻ സാധിക്കൂ.

നിയന്ത്രണങ്ങൾ തെറ്റിച്ചാലുള്ള ശിക്ഷാനടപടികളെക്കുറിച്ചു കുട്ടികൾക്ക് വ്യക്തമായ ബോധം ഉണ്ടായിരിക്കണം. ആദ്യം ഒരു വാണിങ് പിന്നീട് കുട്ടിയുടെ വയസ്സനുസരിച്ച് "ടൈം ഔട്ട്" - നാല് വയസ്സായ കുട്ടിക്ക് നാല് മിനുട്ട് ടൈം ഔട്ട് മതിയാവും. ടൈം ഔട്ട് കഴിഞ്ഞാൽ പിന്നെ കുട്ടിക്ക് ഇഷ്ടമുള്ള വസ്തുക്കൾ ലഭിക്കാതിരിക്കുക - ഉദാഹരണത്തിന് ‘നാളെ നിനക്ക് നൽകാമെന്ന് പറഞ്ഞിരുന്ന ഐസ്ക്രീം ഇനി കിട്ടില്ല കാരണം നീ നിന്റെ തന്നെ കുടുംബനിയമം ലംഘിച്ചിരിക്കുന്നു’. എത്ര തന്നെ വാശി പിടിച്ചാലും പ്രീണിപ്പിച്ചാലും കൊഞ്ചിച്ചാലും അച്ഛനും അമ്മയും (വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഉണ്ടായാലും) എല്ലാവരും ഇക്കാര്യം ഒരേ മനസ്സോടെ കൃത്യമായി തുടര്‍ച്ചയായി  നടപ്പാക്കിയെങ്കിൽ മാത്രമേ ഡിസിപ്ലിൻ കൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.

4. കുട്ടികൾക്ക് വേണ്ടി സമയം നീക്കി വയ്ക്കുക.

അല്പം അലോസരമുണ്ടായാലും ഭക്ഷണസമയത്ത് കഴിയുന്നത്ര എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക; കുട്ടികൾക്ക് വേണ്ടി മാത്രം.

ചെറിയ കുട്ടികൾക്കുവേണ്ടി അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രത്യേകം "Play Day" (കളി ദിവസം) മാറ്റിവയ്ക്കാറുണ്ട് - ഒരു ദിവസം കുട്ടികളും സുഹൃത്തുക്കളുമായി കളിച്ചു ചിരിച്ചുല്ലസിക്കുവാൻ സമയം . അച്ഛനമ്മമാർ കുട്ടികളുടെ അടുത്ത സുഹൃത്തുക്കളുടെ വീട്ടിൽ രാവിലെ തന്റെ കുട്ടികളെ ഏല്പിച്ച് വൈകുന്നേരം മടക്കിക്കൊണ്ടു പോകും. നമ്മുടെ നാട്ടിൽ എന്ത് വിശേഷദിവസങ്ങൾ ഉണ്ടായാലും കുട്ടികൾക്കുവേണ്ടി, അവർക്ക് കളിക്കാനോ, ഉല്ലസിക്കുവാനോ അവസരം ഉണ്ടാക്കുന്നതിന് അത്ര ശ്രമിക്കാറില്ല. എല്ലാവരും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള തിരക്കിൽ ആയിരിക്കും. ഭക്ഷണമൊരുക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികൾക്ക് ഉല്ലസിക്കുവാനും കളിക്കുവാനും ഉള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതും. ഈ അവസങ്ങളിൽ സ്വന്തം രക്ഷിതാക്കളും പങ്കെടുക്കുകയാണെങ്കിൽ അവർ തമ്മിലുള്ള ആശയവിനിമയം വർദ്ധിക്കുകയും പ്രത്യേകിച്ച് കൗമാരക്കാരായ (teens) കുട്ടികൾക്ക് അച്ഛനമ്മമാരുമായുള്ള ആശയവിനിമയത്തിന്റെ ചാനലുകൾ തുറക്കുകയും എല്ലാം രക്ഷിതാക്കളോട് തുറന്നു പറയുവാനുള്ള മനോഭാവം ഉണ്ടാവുകയും ചെയ്യും.

5. കുട്ടികളുടെ നല്ല മാതൃക ആകുക.

അച്ഛനമ്മമാർ പറയുന്നതോ ഉപദേശിക്കുന്നതോ മാത്രമല്ല കുട്ടികൾ ശ്രദ്ധിക്കുക. അതിലുപരി അവർ തങ്ങളുടെ അച്ഛനമ്മമാർ ഓരോ സന്ദർഭങ്ങളിലും എങ്ങനെയാണ് ഇടപെടുന്നത്, പെരുമാറുന്നത് എന്നൊക്കെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും.

കുട്ടികൾ അച്ഛനമ്മമാരുടെ ഓരോ വാക്കിനുമൊപ്പമുള്ള ഓരോ സൂചനകളും ഒപ്പിയെടുക്കും. കുട്ടികളുടെ മുന്നിൽ ചാടിക്കടിച്ച് തങ്ങളുടെ രോഷം തീർക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുക - ഇതുപോലെയുള്ള പ്രവൃത്തികളും പ്രതികരണങ്ങളുമാണോ നിങ്ങളുടെ കുട്ടിയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് . ബഹുമാനം, സൗഹൃദം, സത്യസന്ധത, കാരുണ്യം, ക്ഷമ, ആത്മവിശ്വാസം, നിസ്വാർത്ഥത, ഇതെല്ലാം കുഞ്ഞുങ്ങളുടെ മനസ്സിൽ മുളയിടുന്നത് അച്ഛനമ്മമാരുടെ നല്ല പ്രവൃത്തികൾ കണ്ടും കേട്ടുമാണ്.

നല്ലൊരു സമൂഹത്തിനും കൂട്ടായ്മയ്ക്കും ആവശ്യമായ ഗുണങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുവാൻ കഴിഞ്ഞാൽ ഒരു പരിധിവരെ വളർന്നുവരുന്ന കുട്ടികളിൽ മറ്റുള്ള സാമൂഹ്യവിരുദ്ധരുടെ "സമ്മർദം" (peer pressure) തടയുവാനുള്ള മാനസികമായ കരുത്തുണ്ടാകും. അവരെ പിന്നീട് സാവധാനത്തിൽ ഗൈഡ് ചെയ്തുകൊടുത്താൽ ഒരു പരിധിവരെ അവർ സാമൂഹികവിരുദ്ധ പ്രവണതകളിൽ നിന്ന് അകന്നു നിൽക്കുവാനുള്ള കരുത്താർജ്ജിക്കും.

6. ആശയവിനിമയത്തിന് പ്രാധാന്യം നൽകുക :

"ഇതെന്തിനാ അച്ഛാ ഇങ്ങനെ ചെയ്യുന്നത്?" 8 വയസ്സുള്ള മകൻ ചോദിക്കുന്നു. "അച്ഛൻ പറയുന്നതുകൊണ്ട്; കൂടുതലൊന്നും ചോദിക്കേണ്ട" - ഇത് ഒരുതരം 'authoritarian parenting style' ആണ്. ഇതാണ് കുടുംബത്തിലെ ആശയവിനിമയ രീതിയെങ്കിൽ കുട്ടികൾ 'ഏറാന്മൂളികളായി' വളർന്നുവരും. അവരിൽ ചിലർ 'rebels' ആയിത്തീർന്നു സർവത്ര എതിർക്കുന്നവരും വെല്ലുവിളിക്കുന്നവരും, സാമൂഹികവിരുദ്ധ പ്രവണതയുള്ളവരുമായി തീരാനുള്ള സാധ്യതയുണ്ട്.

ഒന്നും സ്വയം ചെയ്യുവാനോ, അല്പസമയം പുറത്തിറങ്ങി മറ്റു കുട്ടികളോടൊപ്പം കളിക്കുവാനോ ഒന്നും സമ്മതിക്കാത്ത അച്ഛനമ്മമാരുടെ മാനസിക സംഘർഷവും ആകാംക്ഷയും കുട്ടികളിലേക്കും പകർന്നുകിട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

"അവനെവിടെയെങ്കിലും പോയി ജോലി കണ്ടുപിടിച്ചു ജീവിക്കട്ടെ", "അവൻ ഏതെങ്കിലും പെൺകുട്ടിയെ കണ്ടുപിടിച്ചു വന്നാൽ വിവാഹം നടത്തിക്കൊടുക്കാം" എന്നൊക്കെ ചിന്തിക്കുന്ന മാതാപിതാക്കളാണ് മറ്റൊരു കൂട്ടർ. കുടുംബത്തിലും സമൂഹത്തിലും സപ്പോർട്ടും സ്നേഹവും ഗൈഡൻസുമൊക്കെ ഓരോ കുട്ടികൾക്കും വളരെ അത്യാവശ്യമാണ്. അത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വവുമാണ്. ഇത് ലഭിക്കാതെ വരുമ്പോഴാണ് നമ്മുടെ യുവാക്കൾക്ക് ഉത്തരവാദിത്തബോധം നഷ്ടപ്പെടുന്നതും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തീവ്രവാദത്തിലേക്കുമൊക്കെ എത്തിച്ചേരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതും.

7. ഒരു പേരന്റ് എന്ന നിലയിൽ നമ്മുടെ പരാധീനതകളും കുറവുകളുംമനസിലാക്കുക, അതിജീവിക്കാൻ ശ്രമിക്കുക.

നമ്മൾ ആരെപ്പോലെയും പ്രശ്നങ്ങളും വീഴ്ചകളുമൊക്കെയുള്ള സാധാരണ മനുഷ്യരാണെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. അതുപോലെ തന്നെ സമൂഹത്തിന്റെ പോക്ക് ഏത് വഴിക്കാണെന്നും എന്തെല്ലാം അപകടങ്ങളാണ്, നമ്മുടെ കുട്ടികളുടെ വളർച്ചയുടെ പാതകളിൽ പതുങ്ങിയിരിക്കുന്നതെന്നും തീർച്ചയായും അറിഞ്ഞിരിക്കണം. അവരുടെ വസ്ത്രധാരണത്തിലുള്ള വ്യത്യസ്തമായ രുചികൾ മുതൽ അവരുടെ സാമഹിക പ്രവർത്തികൾ, ഫോണിലുള്ള ആശയവിനിമയം, ബന്ധങ്ങൾ, അവരുടെ കൂട്ടുകാർ ആരൊക്കെയാണ്, മദ്യത്തിന്റെയോ, മയക്കുമരുന്നിന്റെയോ സ്വാധീനം ഉണ്ടോ ഇവയെല്ലാം രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൂരെയുള്ള ഒരു കോളേജിൽ മകളെ കൊണ്ടുപോയി ചേർത്തതിനുശേഷം അവിടുത്തെ അധ്യാപകരുമായി നിരന്തരമായ സമ്പർക്കം പുലർത്തുവാൻ ശ്രദ്ധിക്കണം.

ഇത്രയും വായിച്ചു കഴിയുമ്പോൾ ഏതൊരു അച്ഛനും അമ്മയും ചോദിച്ചുപോകും "ഞാൻ കുട്ടികളെ എങ്ങനെ വളർത്തും", അവർ ഏതെങ്കിലും വിദേശരാജ്യങ്ങളിൽ പോയി പഠിച്ചു വളർന്നു രക്ഷപ്പെടട്ടെ" എന്നൊക്കെ! നമുക്ക് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. "ദൈവത്തിന്റെ സ്വന്തം നാട്" "സാത്താന്റെ സ്വന്തം നാടായി" വളർന്ന കാര്യം ഓരോ നിമിഷവും നമ്മുടെ രക്ഷിതാക്കളുടെ കരളിലെ കനലായി വളർന്നുവരുന്നു. നമുക്കൊരു പുതിയ വിദ്യാഭ്യാസനയം വേണം. സാമൂഹിക സുരക്ഷിതത്വബോധമുള്ള, കുട്ടികളുടെ ബുദ്ധിശക്തിയും കഴിവുകളും മൂലധനമാക്കിയുള്ള, ഇവിടെ തന്നെ നല്ല ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ഉള്ള ഒരു നല്ല കേരളം അതിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. നമ്മുടെ കുട്ടികളെ ആത്മനിയന്ത്രണമുള്ള, സാമൂഹികബോധവും മൂല്യബോധവും ലക്ഷ്യബോധവുമുള്ള നാടിനോട് കൂറുള്ളവരായി വളർത്തിയെടുക്കാൻ ഒരുമിക്കാം.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ് ലേഖകൻ)