Tuesday 20 December 2022 03:31 PM IST

ചൂര മീൻ, ഒാറഞ്ച്, മുട്ട മഞ്ഞ, ബ്രോക്ക്‌ലി: കുഞ്ഞുകണ്ണിന്റെ കാഴ്ച തെളിയാൻ നൽകാം ഈ ഭക്ഷണങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

eyekids655656

വൈറ്റമിൻ എയുടെ അഭാവം കണ്ണിനെ എങ്ങനെ ബാധിക്കും? കണ്ണിനു വേണ്ടുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്?

വൈറ്റമിൻ എ അഭാവം കണ്ണിനെ ഒരുപാടു ബാധിക്കാൻ സാധ്യതയുണ്ട്. വൈറ്റമിൻ എ കുറഞ്ഞാൽ രാത്രി കാലങ്ങളിലുള്ള കാഴ്ച കുറഞ്ഞുവരാം. കൃഷ്ണമണിക്കും നാലു ചുറ്റുമുള്ള കൺജങ്റ്റിവയ്ക്ക് ഈർപ്പം കുറഞ്ഞുവരാനും അതിനകത്ത് ബൈറ്റോട്ട് സ്പോട്സ് എന്ന മീനിന്റെ ചെതുമ്പൽ പോലുള്ള പുള്ളികൾ വരാനും സാധ്യതയുണ്ട്. വൈറ്റമിൻ എ അഭാവം കൂടുതലായാൽ കൃഷ്ണമണിയിൽ അൾസർ വരാം. കണ്ണിന്റെ ബലക്ഷയം കാരണം ആകൃതിയിൽ തന്നെ വ്യത്യാസം വരാനിടയുണ്ട്. വൈറ്റമിൻ എ ആവശ്യത്തിനുകഴിക്കുകയാണെങ്കിൽ കണ്ണിനകത്തു നല്ല ഈർപ്പം കാണും, കാഴ്ച തെളിച്ചമുള്ളതായിരിക്കുകയും ചെയ്യും

വൈറ്റമിൻ എ പോലെ തന്നെ ഇ, സി, ബി എന്നിവയൊക്കെ കണ്ണിനു പ്രധാനമാണ്. വൈറ്റമിൻ ഇ കാരറ്റിലും പാലിലും പപ്പായയിലും കരളിലും മുട്ടയിലും കണ്ടുവരുന്നു. കോളിഫ്ളവർ, കാബേജ്, ഒാറഞ്ച്-നാരങ്ങാ വിഭാഗത്തിലുള്ള പച്ചക്കറികൾ എന്നിവ വഴി വൈറ്റമിൻ സി ലഭിക്കുന്നു. വൈറ്റമിൻ ഇ- ബദാം, സൺഫ്ളവർ, പീനട്സ് എന്നിവയിലുണ്ട്. കണ്ണിന്റെ ഞരമ്പുകൾക്ക് ആവശ്യമുള്ള ബ്യൂട്ടീനും തിയോസാനും പോലുള്ള ഘടകങ്ങൾ ബ്രോക്ക്‌ലിയിലും മുട്ടയുടെ മഞ്ഞയിലുമുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും കണ്ണുകൾക്ക് വളരെ പ്രധാനമാണ്. ഇത് ചൂര, സാൽമൺ എന്നീ മത്സ്യങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്.

ഫ്രീ റാഡിക്കൽസ് എന്ന ശരീരത്തിനു ദോഷമുണ്ടാക്കുന്ന ഘടകങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന വൈറ്റമിനാണ് വൈറ്റമിൻ സി. ചില പഠനങ്ങളിൽ വൈറ്റമിൻ സി അഭാവം മൂലം തിമിരം വരാനുള്ള സാധ്യതയെക്കുറിച്ചു പറയുന്നുണ്ട്. അതുപോലെ കണ്ണിന്റെ നാഡികളായ റെറ്റിനയ്ക്ക് മാക്യുലർ ഡീജനറേഷൻ വരാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

ആന്റി ഒാക്സിഡന്റ് ഫലമുള്ള മറ്റൊരു പോഷകമാണ് വൈറ്റമിൻ ബി. ഇതു പ്രധാനമായും പഴങ്ങളിലും പച്ചക്കറികളിൽ നിന്നുമാണ് ലഭിക്കുന്നത്. വൈറ്റമിൻ ബിയുടെ അഭാവം ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷനും തിമിരവും വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളിൽ കാണുന്നു.

ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് കുട്ടികളുടെ കണ്ണിന്റെയും തലച്ചോറിന്റെയും വളർച്ചയെ അതു പ്രതികൂലമായി ബാധിക്കും. അതുപോലെ കണ്ണു വരണ്ടതാക്കാം.

മീൻÐ കഴിക്കുന്നതുവഴി ഒമേഗ ഫാറ്റി കൊഴുപ്പുകൾ ലഭിക്കുന്നു. പലതരം നട്സ്Ðനിലക്കടല, കശുവണ്ടി, ബദാം എന്നിവയിലൊക്കെ ഒട്ടേറെ ആന്റി ഒാക്സിഡന്റുകളുണ്ട്. സൂര്യകാന്തി വിത്ത്, ചെറുചണവിത്ത് പോലുള്ള വിത്തുകൾ, സിട്രസ് പഴങ്ങൾ, പച്ചിലക്കറികൾ, കാരറ്റ്, ബ്രോക്ക്‌ലി, മുട്ട എന്നിവയൊക്കെ കണ്ണിന് ഉത്തമമാണ്.

ഡോ. ദേവിൻ പ്രഭാകർ

നേത്രരോഗവിദഗ്‌ധൻ

ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Manorama Arogyam