അഞ്ചു മുതൽ പത്തു വയസ്സു വരെയുള്ള പ്രായത്തിലാണ് ഗ്രോയിങ് പെയ്ൻ എന്നറിയപ്പെടുന്ന കാലുവേദന സാധാരണയായി കണ്ടു വരുന്നത്. മുട്ടിനു താഴ്ഭാഗത്തായി വരുന്ന വേദനയാണിതിന്റെ പ്രധാന ലക്ഷണം.
കുട്ടികളുടെ വളരുന്ന അസ്ഥികൾക്ക് കുറേ ധാതുക്കളും പോഷണവും ആവശ്യമുണ്ട്. ഈ വളർച്ച സംഭവിക്കുമ്പോൾ കുട്ടിയുടെ കാൽമുട്ടിനു താഴ്ഭാഗത്തു വരുന്ന വേദനയാണ് ഗ്രോയിങ് പെയ്ൻ. കുട്ടി വേദന എപ്പോഴും പറയുന്നുണ്ട്, എന്നാൽ നടക്കുന്നതിനു ബുദ്ധിമുട്ടില്ല, ഉറങ്ങാൻ ബുദ്ധിമുട്ടില്ല, ദൈനംദിന പ്രവർത്തനങ്ങൾക്കു ബുദ്ധിമുട്ടില്ല എങ്കിൽ മറ്റു പരിശോധനകൾക്കു പോകേണ്ടതില്ല.
അതേ സമയം കാഫ് മസിലിൽ ഉണ്ടാകുന്ന വേദന , ഇടയ്ക്കിടെ പനി വരുക, വേദന മൂലം ഉറക്കവും ദൈനംദിന പ്രവർത്തനങ്ങളും തടസ്സപ്പെടുക, കുട്ടി വിളറി രോഗം ബാധിച്ചതു പോലെ കാണപ്പെടുക , ഇടയ്ക്ക് അണുബാധ ഇങ്ങനെയുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ഗ്രോയിങ് പെയ്ൻ എന്നു തീരുമാനിക്കുന്നതിനു പകരം മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കുട്ടിക്കുണ്ടോ എന്നു പരിശോധിച്ചറിയണം. ഈ ഘട്ടത്തിൽ രക്താർബുദം എന്ന ലുക്കീമിയ പോലും സംശയിക്കേണ്ടി വരും. രാത്രി കാലു വേദന മൂലം ഉറക്കം തടസ്സപ്പെട്ട് എഴുന്നേൽക്കുന്നു , നടക്കാൻ ബുദ്ധിമുട്ടു വരുന്നു എങ്കിൽ ഡോക്ടറെ കാണണം. കാൽസ്യവും വൈറ്റമിൻ ഡി3യും നൽകേണ്ടി വരും. രക്ത പരിശോധനയും ചെയ്യേണ്ടി വരും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. സച്ചിദാനന്ദ കമ്മത്ത്
ശിശുരോഗവിദഗ്ധൻ, കൊച്ചി