പണ്ടൊക്കെ ഉച്ചനേരത്ത് സ്കൂളുകളിൽ ചെന്നാൽ വരാന്തയിലും ക്ലാസ്സ് മുറിയിലുമായി പൊതിച്ചോറു കഴിക്കുന്ന കുട്ടികളെ കാണാമായിരുന്നു. ഇന്ന് അത്തരമൊരു കാഴ്ച വിരളം. ഉച്ചയൂണിനു പകരം പീറ്റ്സയോ ബർഗറോ. കൂടെ ദാഹമകറ്റാൻ കോളയോ ഏതെങ്കിലും നിറമുള്ള പാനീയങ്ങളോ. പ്രാതലിനും അത്താഴത്തിനുമൊക്കെ പഫ്സോ ന്യൂഡിൽസോ ചിപ്സോ ആണ് കുട്ടികൾക്ക് പ്രിയം. ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല. പുതിയ തലമുറയിലെ കുട്ടികളിൽ പലരും ഇത്തരം ജങ്ക് ഫൂഡുകൾ പതിവായി കഴിക്കുന്നുണ്ട്.
എന്താണ് ഈ ജങ്ക് ഫൂഡ്.
ജങ്ക് എന്നു പറഞ്ഞാൽ ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നുമില്ലാത്തതും ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയതുമായ അമിതോർജം നിറഞ്ഞ ഭക്ഷണങ്ങളാണ് ജങ്ക് ഫൂഡ്. മൂന്നുതരം ആരോഗ്യഭീഷണികളാണ് ഇതിലുള്ളത്. ഫൂഡിനുള്ളത്. 1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായേക്കാവുന്ന വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം. 2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ ദൗർലഭ്യമോ അഭാവമോ. 3. ഇവയിലുള്ള അഡിറ്റീവുകൾ (രുചി കൂട്ടുന്നതിനായോ നിറം നൽകുന്നതിനായോ കേടാകാതിരിക്കുന്നതിനോ ചേർക്കുന്ന ഘടകങ്ങൾ). അഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതുമുണ്ട്. ചെലവു കുറവായതിനാലും എളുപ്പം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാണ് ചേർക്കുന്നത്.
ഒന്നും രണ്ടും ഭീഷണികളേക്കാൾ മാരകം മൂന്നാമത്തേതാണ്. ഇത്തരം ഭക്ഷണങ്ങളിലെ മാരകരാസപദാർഥങ്ങൾ.
വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അഥവാ അജിനോമോട്ടോ. ചൈനീസ് സോൾട്ടെന്നാണ് ഒാമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഉണ്ട് ഇവ. ഈ അജിനോമോട്ടാ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചു നിൽക്കും. പതിവായി അജിനോമോട്ടോ ചെർന്ന ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആ ഭക്ഷണമല്ലാതെ വേറൊന്നും കഴിച്ചാലും കഴിച്ചതായി തോന്നില്ല. അതുകൊണ്ട് അവർ ആ പ്രത്യേക ഭക്ഷണത്തിനായി വാശിപിടിക്കും.’
∙ കുട്ടികളേയും ഗർഭിണികളേയുമാണ് ഇതിന്റെ ദോഷഫലങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത്. ഇവ തലച്ചോറിനെ ഉത്തേജിപ്പിച്ചാണു പ്രവർത്തിക്കുന്നത്. അളവിൽ കൂടുതലായാൽ ഇത് തലച്ചോറിലെ രാസത്വരകങ്ങളെ (നൂറോട്രാൻസ്മിറ്ററുകൾ) തകിടംമറിക്കുന്നു. കുട്ടികളിൽ പിരുപിരുപ്പിനു കാരണമാകുന്നു. പാൻക്രിയാസിനെ അമിതമായി പ്രവർത്തിപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടി വിശപ്പു കൂട്ടുന്നു. കണ്ണിന്റെ റെറ്റിനയ്ക്ക് നാശം വരുത്തുന്നു. കാൻസറിനു കാരണമാകുന്നു. തലേവദന വരുത്തുന്നു. ഇനിയുമുണ്ട് ദോഷങ്ങൾ പറയാൻ.
∙ ഭക്ഷണസാധനങ്ങൾക്കു നിറം നൽകാൻ ചേർക്കുന്ന ടാർട്ടാസെനും ഫോസ്ഫേറ്റുകളും പേശികളുടെ പ്രവർത്തനം വർധിപ്പിക്കുകയും പിരുപിരുപ്പിനു കാരണമാവുകയും ചെയ്യുന്നു. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കുട്ടികളിൽ ഫാറ്റി ലിവറിനു കാരണമാകുന്നു. കോക്കിലും മറ്റും ചേർക്കുന്ന കഫീൻ അമിതമായി ശരീരത്തിലെത്തിയാൽ മൂത്രം വഴി കാത്സ്യം ധാരാളമായി പുറന്തള്ളപ്പെടും.
∙ ഏതാണ്ട് മൂവായിരത്തോളം രാസപദാർഥങ്ങളാണ് ഭക്ഷണപദാർഥങ്ങളിൽ അഡിറ്റീവുകളായി ഉപയോഗിക്കുന്നവ. ഇത്തരം രാസപദാർഥങ്ങൾക്കെല്ലാം തന്നെ ഒരു അനുവദനീയമായ സുരക്ഷാഉപയോഗ പരിധിയുണ്ട്. ഒരു കിലോഗ്രാമിന് ഇത്ര മി.ഗ്രാം എന്ന രീതിയിൽ. പലരും ഈ പരിധി ലംഘിച്ച് അളവിൽ കൂടുതൽ രാസവസ്തുക്കൾ ചേർക്കുന്നതാണ് ഒരു പ്രശ്നം. നിരോധിക്കപ്പെട്ട ചില നിറങ്ങളും പ്രിസർവേറ്റീവുകളും ഉപയോഗിക്കുന്നതും പ്രശ്നമാകാം.
ബാധിക്കുന്നത് കുട്ടികളെ
മുതിർന്നവരേക്കാൾ കൂടുതൽ ഇത്തരം ഭക്ഷണങ്ങളുടെ ദോഷം ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികളാണല്ലൊ പ്രധാന ഉപഭോക്താക്കളും. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഊർജം മാത്രം പോരാ. പോഷകങ്ങളും വേണം. ആവശ്യമായ അളവിലും കൃത്യമായ അനുപാതത്തിലും ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് അവർ കഴിക്കേണ്ടത്. 50–60 ശതമാനം കാലറി കാർബോഹൈഡ്രേറ്റിൽ നിന്ന് പ്രധാനമായും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളിൽ നിന്നും 10–15 ശതമാനം ഊർജം പ്രോട്ടീനിൽ നിന്നും, 20–30 ശതമാനം– കൊഴുപ്പിൽ നിന്നും ലഭിക്കണം. ഇതു കൂടാതെ വിറ്റമിനുകളും ധാതുക്കളും പോലുള്ള സൂക്ഷ്മപോഷകങ്ങൾ ഉണ്ടെങ്കിലേ ശരീരപോഷണത്തിനു വേണ്ട പല ജൈവരാസ പ്രവർത്തനങ്ങളും സാധ്യമാകൂ. ആന്റി ഒാക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ എന്നിവയും ശരീരത്തിന് അത്യാവശ്യം തന്നെയാണ്. ബുദ്ധിയും ഒാർമയും ചിന്താശക്തിയുമൊക്കെ നന്നായി പ്രവർത്തിക്കാൻ ഇവ കൂടിയേ തീരൂ. അതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ ദാരിദ്ര്യം വലിയ പ്രശ്നമാണ്.
ജങ്ക് ഫൂഡ് പ്രധാനഭക്ഷണമാക്കുന്ന കുട്ടികളിൽ വൻതോതിൽ ഇത്തരം പോഷകങ്ങളുടെ ദൗർലഭ്യം വരാം.. മാത്രമല്ല ഇത്തരം ഭക്ഷണങ്ങളിലെ മാരക രാസപദാർഥങ്ങൾ കുട്ടികളിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടീവ് സിൻഡ്രം അഥവാ പിരുപിരുപ്പ്, ശ്രദ്ധക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു. 2006–ൽ നടന്ന ഒരു പഠനത്തിൽ കേരളത്തിലെ 20 ശതമാനം വിദ്യാർഥികളിലെയും പഠനവൈകല്യത്തിന്റെ കാരണം ഇതാണെന്നു കണ്ടെത്തിയിരുന്നു.
ജങ്ക് ഫൂഡുകളിലെ പ്രിസർവേറ്റീവുകളും കൃത്രിമനിറങ്ങളും രുചിക്കൂട്ടുകളുമാണ് കുട്ടികളിൽ പിരുപിരുപ്പിനു കാരണമാകുന്നതെന്ന് മിക്ക പഠനങ്ങളും നിരീക്ഷിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ സ്കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ സോഡിയം ബെൻസോവേറ്റ് എന്ന പ്രിസർവേറ്റീവും ആറു കൃത്രിമനിറങ്ങളും കുട്ടികളിൽ പിരുപിരുപ്പ് വല്ലാതെ വർധിക്കാൻ കാരണമാകുന്നുവെന്നു നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ആറ് കൃത്രിമനിറങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് യുകെയുടെ ഭക്ഷ്യസംരക്ഷണ ഏജൻസി വിലക്കിയിരുന്നു.
∙ ജങ്ക് ഫൂഡിലെ ഉയർന്ന കൊഴുപ്പും ഊർജവും പൊണ്ണത്തടിയും പ്രമേഹവും ഉയർന്ന രക്തസമ്മർവും പോലുള്ള ജീവിതശൈലീ രോഗങ്ങൾ പോലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്ന കുട്ടികളിൽ പോഷകദൗർലഭ്യം മൂലം അനീമിയ വരാം.
∙ ചെറിയ പ്രായത്തിലേ തന്നെ ഹൃദയധമനീരോഗങ്ങൾ ബാധിക്കാം. ചെറുപ്പത്തിൽ ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്ന കുട്ടികൾക്ക് മുതിർന്നു കഴിയുമ്പോൾ പ്രമേഹവും രക്താതിമർദവും വരാം.
∙ വയറിനുള്ളിലുണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ്ട്രൈറ്റിസുമാണ് മറ്റൊരു പ്രധാനപ്രശ്നം.
മാതാപിതാക്കൾ ഇത്തരം ഭക്ഷണങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കാരണം കുട്ടികളുടെ വാശിക്കു വഴങ്ങി ഇത്തരം ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാതാപിതാക്കൾ ധാരാളമുണ്ട്.
വീടുകളിൽ ഫാസ്റ്റ് ഫൂഡുകൾ കുറച്ചാൽ മാത്രം പോരാ ഒരു ന്യൂട്രീഷൻ ബജറ്റ് കൂടി കൊണ്ടുവരണം. ഒരു ദിവസം മൂന്നു പ്രധാനഭക്ഷണമാണുള്ളത്. ആഴ്ചയിൽ അങ്ങനെ 21 എണ്ണം. ഇതിൽ 17–18 പ്രധാനഭക്ഷണങ്ങളെങ്കിലും വീട്ടിനുള്ളിൽ തന്നെ ആരോഗ്യകരമായി തയാറാക്കുന്നവയാകണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നത്. ഇക്കാര്യത്തിൽ മാതാപിതാക്കൾ നിഷ്കർഷ പുലർത്തിയാൽ കുട്ടികളിലെ പൊണ്ണത്തടി പോലുള്ള ആരോഗ്യഭീഷണികളെ നമുക്കു തടയാനാകൂ.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനിതാ മോഹൻ
പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം
ഡോ. എൻ. ആനന്ദവല്ലി,
യു എൻ ഫൂഡ് കൺസൽറ്റന്റ്, കൊച്ചി