Tuesday 11 February 2025 04:52 PM IST

കുട്ടികളിൽ അലർജി മാറുന്നില്ലേ? വീട്ടിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...

Asha Thomas

Senior Desk Editor, Manorama Arogyam

allergy4324

തുമ്മലും ചുമയും മാറാതെ നിൽക്കുന്നതു ചിലപ്പോൾ അലർജി കാരണമാകാം.കുട്ടികളിലെ അലർജി മാരകമായ പ്രശ്നമല്ലെങ്കിലും ഒട്ടേറെ സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെടാനും ദൈനംദിന ജീവിതം ദുരിതപൂർണമാകാനും ഇടയാക്കാം.അതുകൊണ്ട് അലർജിക്കു കൃത്യസമയത്തു ശരിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.ഒരു ശിശുരോഗവിദഗ്ധനെ കാണിച്ചു കുട്ടിയുടെ പ്രശ്നത്തിന് പരിഹാരം തേടാം. ആവശ്യമെങ്കിൽ ഒരു ശ്വാസകോശ രോഗവിദഗ്ധനെയും കാണിക്കാം. ചികിത്സയെ പോലെ തന്നെ പ്രധാനമാണ് അലർജി ഉണ്ടാക്കുന്ന വസ്തുക്കളും സാഹചര്യങ്ങളും ഒഴിവാക്കുന്നതും.എന്താണു കുട്ടിയിൽ അലർജി പ്രതികരണം ഉണ്ടാക്കുന്നതെന്നു നിരീക്ഷണത്തിലൂടെ മനസ്സിലാക്കാം.മിക്കവാറും പൊടിയും തണുപ്പും മൃഗരേമങ്ങളുമാണ് അലർജിക്കു കാരണമാകാറ്.

അലർജി തടയാൻ വീട്ടിൽ പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

∙ കഴിയുന്നതും പഞ്ഞിമെത്ത ഉപയോഗിക്കരുത്.പഞ്ഞിയുടെ പൊടി വരാം. തലയണയും പഞ്ഞി കൊണ്ടുള്ളതു വേണ്ട.

∙ ബെഡ്‌ഷീറ്റ് ദിവസവും നല്ല ചൂടുവെള്ളത്തിൽ കഴുകി നല്ല വെയിലത്തുണക്കിയാൽ തന്നെ നല്ലത്. കനം കുറഞ്ഞ കോട്ടൻ ബെഡ് ഷീറ്റുകളാണെങ്കിൽ പൊടി തങ്ങി നിൽക്കുന്നതു കുറയും.പുതപ്പുകളും കനം കുറഞ്ഞവ നല്ലത്. കമ്പിളി പോലുള്ളവ ആവശ്യമുള്ളവർ അവ ഇടയ്ക്കിടെ നല്ല വെയിലത്തിട്ട് ചൂടാക്കി വയ്ക്കുക.

∙ തലയണ കവറുകളും കൃത്യമായി മാറ്റണം.ഒരുപാടു പഴയ തലയണകൾ കളഞ്ഞു പുതിയതു വാങ്ങുക.ഉപയോഗിക്കാത്ത തലയണകൾ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കുക.

∙ നേർത്ത തുണി കൊണ്ടുള്ള കർട്ടനുകളാണ് അലർജിയുള്ളവരുടെ മുറിക്ക് ഉത്തമം. അവ മൂന്നു നാലു ദിവസം കൂടുമ്പോൾ കഴുകി നല്ല വെയിലത്ത് ഉണക്കി സൂക്ഷിക്കുക.

∙ കുട്ടികളുടെ മുറിയിൽ എത്രമാത്രം സാധനങ്ങളും പുസ്തകങ്ങളും കുറയുന്നുവോ അത്ര നല്ലത്. പുസ്തക ഷെൽഫ് ഉണ്ടെങ്കിൽ ഇടയ്ക്കിടെ പുസ്തകങ്ങൾ മാറ്റി നനഞ്ഞ തുണി കൊണ്ടു ഷെൽഫ് തുടയ്ക്കണം.പുസ്തകങ്ങളും ഇടയ്ക്കിടെ പൊടി തുടച്ചു വയ്ക്കുക.

∙ തുണികൾ ബെഡ് റൂമിൽ ക്ലോത് സ്റ്റാൻഡിൽ കൂട്ടിയിടരുത്.

∙ അലർജിയുള്ളവർ താമസിക്കുന്ന മുറി തൂത്തു വൃത്തിയാക്കുന്നതിലും നല്ലത് രണ്ടു ദിവസം കൂടുമ്പോൾ നനച്ചുതുടയ്ക്കുന്നതാണ്.സീലിങ് ഫാൻ, ജനൽ കമ്പികൾ, കതക്,ഷെൽഫുകൾ ഉൾപ്പെടെ.

∙ വൈകുന്നേരം തന്നെ ജനൽ അടയ്ക്കുക

∙ പൂച്ച,പട്ടി എന്നിവ മുറിയിൽ കയറാതെ നോക്കണം. ഇവയുടെ രോമം മാത്രമല്ല ഉമിനീർ പോലും അലർജി ഉണ്ടാക്കും. പൂച്ചയുടെ അലർജൻ, പൂച്ചയെ വീട്ടിൽ നിന്നു മാറ്റിയാലും മൂന്നു മുതൽ ആറു മാസം വരെ വീട്ടിൽ കാണും. ഇത്തരം മൃഗങ്ങളെ ഒാമനിക്കുമ്പോൾ ഒരു മാസ്ക് ധരിക്കുന്നതു നല്ലതാണ്. തലോടുകയോ ഉമ്മ വയ്ക്കുകയോ പോലെ നേരിട്ടു സമ്പർക്കം വന്നാൽ കയ്യും മുഖവും കഴുകിക്കുക.

∙ വളർത്തുപക്ഷികളും അലർജിക്കു കാരണമാകാം.ഇവയുടെ കാഷ്ഠം കൂടിക്കിടക്കാതെ ഇടയ്ക്കിടെ കൂടും ചുറ്റുപാടുകളും വൃത്തിയാക്കണം.

∙ ബീഡി/സിഗററ്റ് പുക അലർജിയെ വഷളാക്കും. അതുകൊണ്ട് വീട്ടിനുള്ളിൽ പുകവലിക്കുന്നതു നിർത്തുക

∙ കൊതുകുതിരി,ചന്ദനത്തിരി,കുന്തിരിക്കം പുകയ്ക്കൽ, കൊതുകിനെ തുരത്താനുള്ള വേപ്പറൈസർ എന്നിവയും വീട്ടിൽ വേണ്ട.

∙ രോമമുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്കു കളിക്കാൻ നൽകരുത്.

∙ ഫൂഡ് അലർജി എളുപ്പം കണ്ടുപിടിക്കാം.ഭക്ഷണം കഴിച്ചയുടനെ വായ്ക്കു ചുറ്റും ചുമക്കുകയോ ഛർദിക്കുകയോ വയറുവേദനയോ വയറിളക്കമോ ഉണ്ടാവുകയോ ചെയ്താൽ ആ ഭക്ഷണത്തിന്റെ അലർജി ആണോയെന്നു നോക്കണം.പക്ഷേ, ഫൂഡ് അലർജി എന്നു പറഞ്ഞ് എല്ലാ ഭക്ഷണവും നൽകാതെ വല്ലാതെ നിയന്ത്രിച്ചാൽ കുട്ടി വളരുന്ന പ്രായമാണ്, വളർച്ചയെ ബാധിക്കാം.

∙ പൂപ്പൽ അലർജി ഉണ്ടാക്കാം. അതുകൊണ്ട് ബാത് റൂമുകളുടെ ജനാലകൾ തുറന്നിട്ടു കാറ്റും വെളിച്ചവും കടക്കാൻ അവസരം നൽകുക.

∙ പൗഡർ,പെർഫ്യൂം,ഡിയോഡറന്റ്,ചിലതരം ക്രീമുകളും സൗന്ദര്യവർധക സാധനങ്ങളും ഉപയോഗിക്കാതിരിക്കുക.

∙ കുട്ടികളിൽ കോണ്ടാക്ട് ഡെർമറ്റൈറ്റിസ് എന്നൊരുതരം അലർജി കാണാം. വസ്തുക്കളുമായി സമ്പർക്കം വരുന്നിടത്ത് അലർജി വരാം. ഉദാഹരണത്തിന്,സ്കൂൾ തുറന്നു പുതിയ വാട്ടർബോട്ടിൽ വാങ്ങിച്ച് ഉപയോഗിച്ച ഉടനെ ചുണ്ടിനു ചുറ്റുമായി ചുമപ്പും മറ്റും കാണാം. പുതിയ ചെരിപ്പ്, വാച്ചിന്റെ സ്ട്രാപ്, കൃത്രിമ ആഭരണങ്ങൾ എന്നിവയൊക്കെ കോണ്ടാക്ട് ഡെർമറ്റൈറ്റിസിനു കാരണമാകാം.

​വിവരങ്ങള്‍ക്കു കടപ്പാട്

മനോരമ ആരോഗ്യം

വിരമരുന്നു കൊടുത്തിട്ടും ചൊറിച്ചിൽ മാറുന്നില്ലേ? മരുന്നു മാത്രം പോരാ കൃമിശല്യത്തിന്...

നിർത്താതെ കരയുന്ന കുട്ടിയുമായാണ് രാത്രി അമ്മ ഒപിയിൽ വന്നത്.ഇഴഞ്ഞുനടക്കുന്ന പ്രായത്തിലുള്ള കുട്ടിയാണ്.രാത്രിയായപ്പോൾ തുടങ്ങിയ കരച്ചിൽ നിർത്തുന്നേയില്ല.ഉറങ്ങുന്നുമില്ല. കുഞ്ഞു വല്ലാതെ അസ്വസ്ഥനാണ്, ഇടയ്ക്കു മലദ്വാരത്തിന്റെ ഭാഗത്തേക്ക് കൈ കൊണ്ടു ചൊറിയുന്നുണ്ട്,ഞെളിപിരി കൊള്ളുന്നുമുണ്ട്. ഇത്തരം അവസരങ്ങളിൽ വില്ലൻ പ്രധാനമായും കൃമിശല്യം തന്നെയാണ്.

പണ്ട് രൗണ്ട് വേം അഥവാ കൊക്കോപ്പുഴു എന്നു പറയുന്ന വിരയായിരുന്നു കുട്ടികളിൽ ധാരാളമായി കണ്ടിരുന്നത്. പൊതുവേയുള്ള വ്യക്തിശുചിത്വം മെച്ചപ്പെട്ടതു കൊണ്ടാകണം നമ്മുടെ നാട്ടിൽ ഇന്ന് അത്തരം വിരശല്യം വളരെ കുറവാണ്.

പക്ഷേ,ഇപ്പോൾ കൃമിശല്യം(pinworm infestation) കൂടുതലായി കണ്ടുവരുന്നുണ്ട്. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളിലാണ് ഇതു കൂടുതലും കാണുന്നത്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളിലും കൃമിശല്യം കാണപ്പെടുന്നു.

ചൊറിച്ചിൽ മുതൽ അണുബാധ വരെ

രാത്രി മലദ്വാരത്തിനു ചുറ്റും അസഹ്യമായ ചൊറിച്ചിലാണ് പ്രധാനലക്ഷണം. പെൺകുട്ടികളിലാണെങ്കിൽ യോനീഭാഗത്തു നിന്നും സ്രവം വരുന്നതായി കണ്ടാകും കൊണ്ടുവരിക.വിശദമായി ചോദിക്കുമ്പോഴായിരിക്കും രാത്രി മലദ്വാരത്തിനു ചുറ്റും ചൊറിച്ചിലുണ്ട് എന്നു പറയുക.കൃമിശല്യം കൊണ്ട് യോനിയിൽ നിന്നും സ്രവങ്ങൾ വരിക മാത്രമല്ല, മൂത്രനാളീ അണുബാധകൾ വരെ പെൺകുട്ടികളിൽ വരുന്നതായി കാണാറുണ്ട്.

പെൺ കൃമികൾ രാത്രി മലദ്വാരത്തിലേക്കു വന്ന് അവിടെയാണു മുട്ടയിടുക.ഇതാണു ചൊറിച്ചിലിനിടയാക്കുന്നത്.ആയിരക്കണക്കിനു മുട്ടകളിടുമെന്നാണു പറയുന്നത്.കുട്ടി ചൊറിയുമ്പോൾ ഈ മുട്ട അടിവസ്ത്രങ്ങളിലോ കിടക്കവിരിയിലോ വീഴാം,നഖത്തിനിടയിൽ കയറാം.നഖത്തിനിടയിൽ കയറുന്ന മുട്ട, കുട്ടി കൈ കഴുകാതെ വായിലിടുമ്പോൾ വായിലൂടെ വീണ്ടും കുടലിലെത്തി കൃമിശല്യം പെരുകാം. ഈ ചക്രം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും.

രണ്ടു ഡോസ് മരുന്ന്

കൃമിക്ക് ആൽബെൻഡസോൾ ഗുളികകളാണു നൽകുക.രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 200മി.ഗ്രാമും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 400 മി.ഗ്രാമുമാണ് നൽകേണ്ടത്. ഗുളികയായും സിറപ്പായും മരുന്നു ലഭ്യമാണ്.ആദ്യത്തെ ഡോസ് നൽകി രണ്ടാഴ്ച കഴിയുമ്പോൾ ഒരു ഡോസ് മരുന്നു കൂടി നൽകണം.എങ്കിലേ കൃമികൾ പൂർണമായും നശിക്കൂ.

രണ്ടു ഡോസ് കൊണ്ടും മാറിയില്ലെങ്കിൽ

∙ കൃമിശല്യം അതിരൂക്ഷമായ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളിൽ ആദ്യത്തെ രണ്ടു ഡോസ് നൽകിക്കഴിഞ്ഞ് രണ്ടു മാസം കൂടുമ്പോൾ ആൽബെൻഡസോൾ ഗുളിക ഒാരോന്നു വീതം നൽകുന്നതു ആശ്വാസകരമായിരിക്കും.

∙ രാത്രി ഭക്ഷണശേഷം ഗുളിക നൽകുന്നതാണു പൂർണമായും ആഗിരണം ചെയ്യപ്പെടാൻ നല്ലത്. ഗുളിക ചവച്ചരച്ചു കഴിക്കണം.കൊച്ചുകുട്ടികൾക്കു ഗുളിക പൊടിച്ച് വെള്ളത്തിൽ കലക്കി നൽകുകയോ സിറപ്പു നൽകുകയോ ചെയ്യാം.

മരുന്നു മാത്രം പോരാ

കൃമിശല്യം പൂർണമായും മാറിക്കിട്ടാൻ ഗുളിക കഴിച്ചാൽ മാത്രം പോരാ.മറ്റു ചില കാര്യങ്ങളും കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൃമിശല്യം അടിക്കടി വന്നുകൊണ്ടിരിക്കും.

∙ കൃമിശല്യം ഉള്ള കുട്ടികളെ പാന്റ് ധരിപ്പിച്ചു കിടത്തുക.അതാകുമ്പോൾ മലദ്വാരത്തിൽ നേരിട്ടു കൈകൊണ്ടു ചൊറിയുന്നത് ഒഴിവാക്കാം.

∙ രാത്രിയിൽ ചൊറിച്ചിലുള്ളപ്പോൾ രാവിലെ കുഞ്ഞിനെ നല്ലതുപോലെ കുളിപ്പിക്കുക. മലദ്വാരത്തിനു ചുറ്റുമുള്ള ഭാഗം സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.

∙ നഖം അടുപ്പിച്ചടിപ്പിച്ച് വെട്ടി വൃത്തിയാക്കുക. എന്നിട്ട് നഖത്തിന്റെ താഴ്ഭാഗം ഒരു പഴയ ടൂത് ബ്രഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.നഖത്തിനടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുട്ട നശിച്ചുപോകും.

∙ കിടക്കവിരികളും പുതപ്പും എല്ലാം ചൂടുവെള്ളത്തിൽ മുക്കി കഴുകി നല്ല വെയിലത്തിട്ട് ഉണക്കിയെടുക്കണം.

∙ ടോയ്‌ലറ്റ് സീറ്റ് ഉൾപ്പെടെ എല്ലാം വൃത്തിയായി കഴുകുക.

∙ കുട്ടി ആരുടെ കൂടെ കിടക്കുന്നു,ആരോടൊക്കെ ഇടപഴകുന്നുവോ അവർക്കെല്ലാം കൃമിശല്യം ഉണ്ടാകാം. ഇതു വീണ്ടും കുട്ടിയിലേക്കെത്താം.അതുകൊണ്ട് കുട്ടിക്കൊപ്പം കുടുംബാംഗങ്ങളും കൂടി കൃമിശല്യത്തിനുള്ള ഗുളിക കഴിക്കുന്നതു കൃമിശല്യം പരിപൂർണമായി പരിഹരിക്കാൻ സഹായകമാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ.ഗിരിജ മോഹൻ

മുൻ മേധാവി, പ്രഫസർ, ശിശുരോഗ വിഭാഗം

ഗവ. മെഡി. കോളജ്, ആലപ്പുഴ