Saturday 06 May 2023 12:18 PM IST

നാടൻ പഴങ്ങളും ഭക്ഷണവും നൽകാം; വെള്ളം ധാരാളം നൽകാം: അവധിക്കാലത്തെ ഭക്ഷണം ഇങ്ങനെ...

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

frkidst45465d

മേയ്മാസം വരുകയാണ്. വേനലിന്റെ ബുദ്ധിമുട്ടുകൾ കൂടി വരുന്നു എന്നതിനൊപ്പം കുട്ടികള്‍ക്ക് ഇപ്പോൾ അവധിക്കാലമാണെന്നതും പ്രധാന വിശേഷമാണ്. കുട്ടികളുടെ ആഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നൽകേണ്ട കാലമാണ് അവധിക്കാലം. കാരണം കുട്ടികളുടെ ആഹാരശീലങ്ങളാകെ ഈ കാലത്ത് തകിടം മറിയുകയാണ്. കുട്ടികൾ രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ കഴിക്കുന്ന ആഹാരം ചിട്ടയായി ക്രമപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

ഈ കാലത്ത് െഎസ്ക്രീം പോലുള്ളവ അധികമായി കഴിക്കുന്നത് ഒഴിവാക്കാം. വീട്ടിൽ െഎസ്ക്രീം തയാറാക്കുന്നതാണ് അഭികാമ്യം. െഎസ് ക്യൂബുകൾ വെറുതെ കഴിക്കുന്ന പ്രവണത നിരുൽസാഹപ്പെടുത്തേണ്ടതാണ്. പുറത്തു നിന്നു െഎസ്ക്രീം കഴിക്കുന്നത് കഴിയുന്നതും ഒഴിവാക്കാം .ശുദ്ധമല്ലാത്ത വെള്ളം െഎസ്ക്രീം തയാറാക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വേനല്‍ക്കാലത്ത് മൂത്രത്തിലെ അണുബാധയുടെ ബുദ്ധിമുട്ടുകൾ കൂടുതലാകും. ഇത് ഒഴിവാക്കാന്‍ കുട്ടികളെ തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളം ധാരാളം കുടിപ്പിക്കണം. വീട്ടിൽ തയാറാക്കിയ ഫ്രെഷ് ജൂസുകളും കരിക്കിൻ വെള്ളവും നൽകാം. വേനല്‍ക്കാലം കടുത്തുവരുന്നതിനാല്‍ ദാഹവും ക്ഷീണവും കുട്ടികളിൽ കൂടുതലാകും. ദാഹമില്ലെങ്കിലും കുട്ടികളെ വെള്ളം കുടിപ്പിക്കണം.

ശരീരം തണുപ്പിക്കാനും ക്ഷീണം അകറ്റാനും പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കാം. മഞ്ഞ നിറത്തിലുള്ള പഴങ്ങൾ വേനലിൽ നല്ലതാണ്. ചുവപ്പു നിറമുള്ള പഴങ്ങളും കഴിക്കാം. ഇവയിൽ ആൻതോസയാനിനും വൈറ്റമിനുകളും ധാരാളമുണ്ട്. മാമ്പഴത്തിന്റെ കാലമാണല്ലോ. മാമ്പഴവും നൽകാം. പഴങ്ങൾ കീടനാശിനീ സാന്നിധ്യമില്ലാത്തവയാണെന്ന് ഉറപ്പിക്കുക.

കോള, കാർബണേറ്റഡ് ഡ്രിങ്ക്സ്, പായ്ക്കറ്റ് ജൂസുകൾ ഇവ കുട്ടികൾക്കു നൽകാതിരിക്കുക. ഫാസ്‌റ്റ് ഫൂഡും ബേക്കറി പലഹാരങ്ങളും കഴിച്ച് , ടിവി കണ്ടിരിക്കാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. മധുരപലഹാരങ്ങളും ഉപ്പു കൂടുതലുള്ള സ്നാക്കുകളും വറുത്തു പൊരിച്ചവയും കുട്ടികളുടെ ശരീരഭാരം നന്നേ കൂട്ടും. സ്കൂൾ തുറക്കുമ്പോഴേക്കും ആരോഗ്യ പ്രശ്നങ്ങളും വരാം.

കുട്ടികളേയും കൂട്ടിയുള്ള അവധിക്കാല യാത്രകളിൽ തട്ടുകട ഭക്ഷണം ഒഴിവാക്കാം. ബിരിയാണി പോലുള്ളവയും മൈദ ചേർന്ന വിഭവങ്ങളും അവധിക്കാലത്ത് കഴിയുന്നത്ര ഒഴിവാക്കുന്നതാണു നല്ലത്. ഭക്ഷ്യവിഷബാധ വരുത്താനിടയുള്ള ആഹാരങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കുട്ടികളുമൊത്തുള്ള ചെറിയ യാത്രകളിൽ വീട്ടിൽ തയാറാക്കിയ ആഹാരം കയ്യിൽ കരുതുന്നതാണു കൂടുതൽ സുരക്ഷിതം.

ഈ കാലത്ത് നാടൻ ആഹാരങ്ങളും സ്നാക്കുകളും നാടൻ പാനീയങ്ങളും തയാറാക്കി കുട്ടികൾക്കു നൽകാം. കുട്ടികൾ നാട്ടു രുചികളെയും സ്നേഹിക്കട്ടെ. ആരോഗ്യകരമായ ആഹാരശീലങ്ങളിലേക്കു കുട്ടികളെ നയിക്കുന്ന കാലം കൂടിയാകട്ടെ ഈ അവധിക്കാലം.

 

വിവരങ്ങൾക്കു കടപ്പാട്

പ്രീതി ആര്‍. നായര്‍

ചീഫ് ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റല്‍, പട്ടം

Tags:
  • Manorama Arogyam