Friday 19 May 2023 04:58 PM IST

ന’ യ്ക്കു പകരം ‘ധ’ . ‘ദ’ യ്ക്കു പകരം ‘ഭ ’ : പഠനവൈകല്യം തിരിച്ചറിയാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

learning32432

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കുട്ടികളുടെ അടുത്ത അക്കാദമിക വർഷത്തെ പഠനത്തെക്കുറിച്ചു തന്നെയാണ് ഇപ്പോൾ മാതാപിതാക്കളുടെ ചിന്ത. ഈ സമയത്ത് ഏറെ ശ്രദ്ധിക്കേണ്ടത് പഠനവൈകല്യമുള്ള കുട്ടികളുടെ കാര്യമാണ്. പഠനവൈകല്യം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

ആരാണ് പഠനവൈകല്യമുള്ള കുട്ടികൾ ? എട്ടു വയസ്സിനു മേൽ പ്രായമുള്ള കുട്ടികളെ പരിഗണിച്ചാൽ നല്ല രീതിയിലുള്ള എക്സ്പോഷറും പരിശീലനവും ശ്രദ്ധയും എല്ലാം കിട്ടിയിട്ടും അവരിൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ പഠനവൈകല്യം സംശയിക്കാം.

∙ അക്ഷരങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതുമ്പോൾ എയ്ക്കു പകരം ഇ , ബിയ്ക്കു പകരം ഡി എന്നെഴുതുക. ഇത് റിവേഴ്സൽ എന്നാണറിയപ്പെടുന്നത്. ആൽഫബെറ്റ്സ് അഥവാ അക്ഷരങ്ങൾ വിട്ടു പോകുന്നതായും കാണാറുണ്ട്. ക്യാപ്പിറ്റൽ ലെറ്ററിനു പകരം സ്മോൾ ലെറ്റർ എഴുതും. ഉച്ചാരണശബ്ദങ്ങൾ കൃത്യമായി മനസ്സിലാക്കാനാകാതെ വരും. ‘എ’ ശബ്ദം വരുന്നിടത്ത് ‘ഇ ’ എന്നാകും എഴുതുന്നത്. അതായത് Bad എന്ന വാക്ക് Bed എന്നാകും എഴുതുന്നത്.

∙ പഠനവൈകല്യം സംശയിക്കുന്ന കുട്ടികൾ എഴുതുന്നതിൽ ചിഹ്നങ്ങൾ ഒന്നും കാണുകയില്ല. അതായത് കുത്തും കോമയും ഒന്നും ഇടാറില്ല. ക്യാപ്പിറ്റൽ ലെറ്റർ എഴുതേണ്ട സ്ഥലത്ത് അത് എഴുതാറില്ല.

∙ അക്കങ്ങൾ അഥവാ നമ്പർ എഴുതുമ്പോൾ സീക്വൻസ് അഥവാ ക്രമം നഷ്ടപ്പെടും. ഒരു അക്കത്തിന്റെ മുൻപിലും പിന്നിലും ഏത് അക്കങ്ങളാണ് എന്നതിന്റെ ക്രമം നഷ്ടപ്പെട്ടു പോകുന്നു. ഇടയ്ക്ക് അക്കങ്ങൾ എഴുതാതെ വരുന്നു. കൂട്ടുക, കുറയ്ക്കുക പോലുള്ള ക്രിയകൾ ചെയ്യുമ്പോൾ അതെഴുതുന്നതിന്റെ സ്ഥാനം മാറിപ്പോകുന്നതായി കാണാം.

∙ കൂട്ടുന്നതിന്റെ ‘ + ’ ചിഹ്നത്തിനു പകരം കുറയ്ക്കുന്നതിന്റെ ‘ – ’ ചിഹ്നമായിരിക്കും ഇടുന്നത്. ഗുണന ഹരണ ചിഹ്നങ്ങളും മാറിപ്പോകും. അങ്ങനെ ഗണിതത്തിൽ ധാരാളം തെറ്റുകൾ വരുത്തുന്നു.

∙ സാധാരണയായി ഇംഗ്ലീഷ് ഭാഷയേയും ഗണിതം അഥവാ മാത്തമാറ്റിക്സിനെയും അടിസ്ഥാനമാക്കിയാണ് പഠനവൈകല്യത്തെ വിലയിരുത്തുന്നത്. എന്നാൽ മലയാളം എഴുതുമ്പോഴും ഇതു പോലുള്ള പ്രശ്നങ്ങൾ വരുന്നു. വള്ളിയും പുള്ളിയും ഇല്ലാതെ എഴുതുക എന്നു പൊതുവെ പറയാം. ചിഹ്നങ്ങൾ മാറിപ്പോകാം. ഒരു ചെറിയ വാക്ക് പോലും മുഴുവനാക്കാൻ കഴിയാതെയും വരാം.

‘ന’ യ്ക്കു പകരം ‘ധ’ എഴുതാറുണ്ട്. അതുപോലെ ‘ദ’ യ്ക്കു പകരം ‘ഭ ’ എഴുതാം. ‘വ’ യും ‘പ’ യും കൃത്യമായി വേർതിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

∙ ഷെയ്പ്സ് അഥവാ രൂപങ്ങൾ വരയ്ക്കുമ്പോൾ, അതു നോക്കി കൃത്യമായി വരയ്ക്കുന്നതിന് ഈ കുട്ടികൾക്ക് കഴിയില്ല.

ഉദാ. ലളിതമായ രൂപമായ ത്രികോണം. അതുപോലെ ഈ രൂപങ്ങളെ ഒാർമയിൽ നിന്നു വരയ്ക്കാനും ഇവർക്കു കഴിയില്ല.

വിഷ്വൽ മോട്ടോർ കോ ഒാർഡിനേഷൻ ഇവർക്കു കുറവായിരിക്കും.

∙ ഈ കുട്ടികൾക്കു ശ്രദ്ധ കുറവാണ്. ചെറിയ രീതിയിൽ ഒാവർ ആക്‌റ്റിവിറ്റി അഥവാ പിരുപിരുപ്പ് കാണാം. ഏകാഗ്രതയോടെ ഇരിക്കാനും അവർ ബുദ്ധിമുട്ടും.

∙ വായിക്കുമ്പോൾ ചില വാക്കുകൾ, നഷ്ടപ്പെട്ടു പോകും. ഈ കുട്ടികൾ അതു കാണുകയില്ല. വായനയിൽ എക്സ്പ്രഷൻസ് കുറവായിരിക്കും. ഫുൾ സ്‌റ്റോപ് പോലുള്ളവയും ചിഹ്നങ്ങളും അവർ കാണാതെ പോകുന്നു. ഉച്ചാരണശബ്ദം കൃത്യമായി മനസ്സിലാക്കാത്തതിനാൽ മറ്റൊരു വാക്ക് ആകും പകരം വായിക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കുട്ടിയിൽ തിരിച്ചറിയുമ്പോൾ പഠനവൈകല്യമുണ്ടോ എന്ന് അസസ്മെന്റിലൂടെ വിലയിരുത്തേണ്ടതാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ്

ക്ലിനിക്കൽ സൈക്കോളജിസ്‍റ്റ്

കൗൺസലർ, െഎ െഎ ടി പാലക്കാട്

Tags:
  • Manorama Arogyam
  • Kids Health Tips