ഇപ്പോഴും ആ പരമ്പരാഗത അച്ഛൻ തന്നെയാണോ? എങ്കിൽ ഇനി മാറിയേ തീരൂ. കുട്ടികളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ഓരോ അച്ഛനും എങ്ങനെ മാറണമെന്ന് വിദഗ്ധർ പറയുന്നു..
അച്ഛന്മാർ ആ കാലത്തു കണിശക്കാർ ആയിരുന്നു. സ്നേഹം പ്രകടിപ്പിക്കാത്തവർ. മക്കൾ അച്ഛനോട് അമ്മയിലൂടെ മാത്രം സംസാരിച്ചു. എന്നിട്ടും നമ്മൾ മിടുക്കരായി വളർന്നില്ലേ എ ന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, ഒന്നു മാത്രം നഷ്ടം വന്നിരുന്നില്ലേ? നമ്മുടെ സന്തോഷം ?
ഇന്നത്തെ അച്ഛന്മാർ ഏറെ മാറി. ഇനിയും മാറാത്തവർ മാറുക തന്നെ വേണം. കാരണം ഗൗരവത്തെക്കാൾ ബഹുമാനം ലഭിക്കുക സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന അച്ഛന്മാർക്ക് ആണ്. ആണിനും പെണ്ണിനും സമത്വം ഉള്ള, സദാ സന്തോഷം നിറഞ്ഞ കുടുംബം ഉണ്ടാക്കാൻ മക്കൾക്ക് മാതൃകയാകാൻ കഴിയുക അച്ഛന്മാർക്കാണ്.
കുട്ടികളുടെ മാനസികാരോഗ്യം, പെരുമാറ്റം, സുസ്ഥിതി എന്നിവയിൽ അ ച്ഛൻ വഹിക്കുന്ന പങ്ക് നിർണായകമാണ് എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളുടെ വളർച്ചയിൽ അച്ഛൻ സജീവമായി പങ്കെടുക്കുകയാണെങ്കിൽ മറ്റൊരു വ്യക്തിക്കു കഴിയാത്തത്ര നല്ലൊരു സ്വാധീനമായി അതു മാറും.
സംരക്ഷണം
അച്ഛനു വേണ്ട പ്രധാന ഗുണം അദ്ദേഹം കുട്ടികളെയും ഭാര്യയെയും സംരക്ഷിക്കുന്ന വ്യക്തി ആയിരിക്കണം എന്നതാണ്. സംരക്ഷണം എന്നാൽ സ്വന്തം താൽപര്യങ്ങൾ എല്ലാവരിലും അടിച്ചേൽപിച്ച് ഭരിക്കുക എന്നല്ല. എല്ലാവരുടെയും ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ അതിർവരമ്പുകൾ നിശ്ചയിക്കാനും നടപ്പിലാക്കാനും കഴിയുകയാണ്. വീട്ടിലുള്ള എല്ലാ വ്യക്തികളോടും സംസാരിച്ച് അവരുടെ മനസ്സിലുള്ള ആശയങ്ങളും ആശങ്കകളും തിരിച്ചറിഞ്ഞ് കൃത്യമായി അവയെ പരിഹരിച്ച് അവർക്ക് ഏറ്റവും നല്ലത് എന്തോ അത് നടപ്പിലാക്കുന്ന അച്ഛൻ എത്ര മിടുക്കനാണ്.
തെറ്റ് – ശരി എന്ന വിധത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നതായിരുന്നു പഴയ രീതി. എങ്കിൽ ആരോഗ്യകരവും അനാരോഗ്യകരവും എന്ന വിധത്തിൽ വിലയിരുത്തുന്നതാണ് പുതിയ ശൈലി. ഉത്തരവാദിത്ത ബോധം കുട്ടികളെ പഠിപ്പിക്കാൻ ചെയ്യാവുന്നത് സ്വയം മാതൃകയാകുകയാണ്. വാക്കും പ്രവർത്തിയും തമ്മിൽ സമന്വയം ഉള്ള അച്ഛനെ കണ്ട് കുട്ടികൾ ഉത്തരവാദിത്ത ബോധമുള്ളവരാകട്ടെ.
വീട്ടിൽ എല്ലാവർക്കും ബാധകമാകുന്ന ചില നിയമങ്ങൾ അച്ഛന്മാർക്ക് നടപ്പിലാക്കാം. ഉദാഹരണത്തിന്, ഒരു നിശ്ചിത സമയത്തിനു മുൻപ് എല്ലാവരും വീട്ടിൽ എത്തിയിരിക്കണം എന്നത് പോലെ.
സ്നേഹം
‘മനസ്സ് നിറയെ സ്നേഹമാണ്. പക്ഷേ, പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അറിയില്ല’ എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. ആശയവിനിമയത്തിന്റെ ആദ്യത്തെ നിയമം നമ്മൾ എന്തു മനസ്സിൽ ഉദ്ദേശിക്കുന്നു എന്നതല്ല. മറുവശത്തുള്ള ആൾ എന്തു മനസ്സിലാക്കുന്നു എന്നതാണ്. സ്നേഹം മറ്റുള്ളവർക്ക് മനസ്സിലാകുന്ന വിധത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അതൊരു പരാജയം തന്നെയാണ്.
സ്നേഹം എന്നാൽ കുത്തഴിഞ്ഞ സ്വാതന്ത്ര്യത്തിലേക്ക് കുട്ടികളെ വിടുക എന്നല്ല. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അത് നമ്മുടെ പ്രിയപ്പെട്ടവരെ എങ്ങനെ സ്വാധീനിക്കും എന്ന് ആലോചിച്ചു അതിനനുസരിച്ചു കരുതലോടെ തീരുമാനം എടുക്കാനുള്ള ശേഷി ആണ്.
സ്പർശം
ഒന്ന് തൊടുന്നത് ആരുടെയും മനസ്സ് നിറയ്ക്കും. മൂന്ന് വയസ്സു വരെ കുട്ടികളുടെ മാനസികവും സാമൂഹികവും ആയ വളർച്ച നടക്കുന്നത് അച്ഛനമ്മമാരുമായുള്ള ശാരീരിക സ്പർശം വഴിയാണ്. കൂടുതൽ കാലം അച്ഛനമ്മമാരുടെ ശാരീരിക സ്പർശം ലഭിക്കുന്ന കുട്ടികൾ കൂടുതൽ വൈകാരിക സമചിത്തത ഉള്ളവർ ആയിരിക്കും എന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ എന്തു തിരക്ക് ഉണ്ടായാലും മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളെ വാരിപ്പുണരാൻ മടിക്കരുത്. വലുതായാലും അവരെ ധൈര്യമായി മാറോടു ചേർത്തോളൂ.
സമയം
സമയമില്ലാത്ത അച്ഛനാണ് ട്രെൻഡ് എന്നു തോന്നാം. പക്ഷേ, കുട്ടികളോടൊപ്പം സമയം ചെലവഴിച്ചുനോക്കൂ. മനസ്സിൽ സന്തോഷം നിറയുന്നത് അനുഭവിക്കാനാകും. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം അവർക്കും സന്തോഷപ്രദം ആകണം. ശാസിക്കുക, കുറ്റം പറയുക, പഠനകാര്യങ്ങൾ ചോദിച്ച് അവഹേളിക്കുക ഇതൊന്നും ഇല്ലാതെ കുട്ടികൾക്കൊപ്പം കളിക്കാനും കളികളിലൂടെ അവരെ പഠിപ്പിക്കാനും അവരുടെ വിശേഷങ്ങൾ കേൾക്കാനും മറ്റുമായി അൽപം സമയം മാറ്റി വയ്ക്കുക. ഈ സമയം ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ഉപേക്ഷിച്ചേക്കൂ.
കുട്ടികൾക്ക് പാഠ്യേതരമായ കഴിവുകൾ ഉണ്ടെങ്കിൽ അതിനെ തല്ലിക്കെടുത്തി താൻ ആഗ്രഹിക്കുന്ന വഴിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകാൻ ശ്രമിക്കരുത്. അവരുടെ നൈസർഗിക വാസനകളെ കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന അച്ഛൻ കുട്ടികളുടെ സമ്പത്താണ്. കുട്ടികളുടെ അമ്മയുടെ കാര്യത്തിലും ഇതേ മനോഭാവം പുലർത്തിയാൽ കുടുംബം കൂടുതൽ സുന്ദരമാകും.
വിശ്വാസം
അച്ഛൻ പുസ്തകം വാങ്ങാൻ തന്ന പണം നഷ്ടപ്പെട്ടു, അത് നേടാൻ ബാങ്ക് കൊള്ളയടിക്കാൻ മകന് ആലോചിക്കേണ്ടിവരുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. പണം നേടാൻ കുറുക്കുവഴി കാണാതെ ‘പണം നഷ്ടപ്പെട്ടുപോയി’ എന്ന് അച്ഛനോട് വന്ന് പറയണമെങ്കിൽ കുട്ടിക്ക് അച്ഛനെ വിശ്വസിക്കാൻ കഴിയണം. എന്തു പ്രയാസം കുട്ടികൾക്ക് ഉണ്ടെങ്കിലും തുറന്നു പറയാൻ സ്വാതന്ത്ര്യം തോന്നണം. എത്ര മോശമായ കാര്യങ്ങളിലും ക്ഷമയോടെ അവളെ അല്ലെങ്കിൽ അവനെ കേട്ടിരിക്കാൻ അച്ഛന് സാധിക്കുമെങ്കിൽ കുട്ടികൾ മറ്റൊരിടത്തും പോകില്ല.
ഏതു പ്രതിസന്ധിയിലും അച്ഛൻ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളുടെ മനസ്സിൽ ഉണ്ടായാൽ അത് അവരുടെ മാനസിക വികാസത്തിന് പകരുന്ന കരുത്ത് വലുതാണ്. ഈ വിശ്വാസം അച്ഛൻ ആർജിച്ചെടുക്കേണ്ടത് കുട്ടിക്കാലം മുതൽ കുട്ടികളുമായി ഇടപെടുന്നതിലൂടെയാണ്.
അനാരോഗ്യകരമായ പ്രവൃത്തികൾ ചെയ്യുമ്പോൾ വിലക്കുകയും നിയന്ത്രിക്കുകയും ശാസിക്കുകയും തിരുത്തുകയും ചെയ്യുമ്പോൾ തന്നെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി കൈപിടിച്ചു കൂടെ നിൽക്കാൻ അച്ഛൻ ഉണ്ടാകണം.
പങ്കാളിത്തം
അച്ഛൻ വരുമാനം ഉണ്ടാക്കുന്നു, അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു എന്ന ജോലി വിഭജനം ഇപ്പോൾ മാറി. ഇരുവരും ജോലി ചെയ്യുന്നവർ ആകുമ്പോൾ വീട്ടുജോലിയിൽ അച്ഛന്റെ പങ്കാളിത്തം നിർബന്ധമാണ്. പാചകം ചെയ്യുക, പാത്രം കഴുകുക, വീട്ടുമുറ്റത്തു ചെടി വളർത്തുക തുടങ്ങിയ കാര്യങ്ങളിൽ സജീവമായി അച്ഛനും ഇടപെടുന്നത് സ്ത്രീ - പുരുഷ ഭേദഭാവങ്ങൾ മനസ്സുകളിൽനിന്ന് തുടച്ചുനീക്കുകയാണ് ചെയ്യുന്നത്.
സാമ്പത്തിക കാര്യങ്ങളിലും ഇരുവർക്കും പങ്കാളിത്തം ഉണ്ടാകണം. അച്ഛൻ നിനച്ചിരിക്കാതെ അപകടത്തിലോ അസുഖത്തിലോ ആയാൽ കുടുംബം തകരുന്ന അവസ്ഥ സാമ്പത്തിക സുതാര്യതയില്ലായ്മയിൽ നിന്ന് ഉണ്ടാകുന്നതാണ്.
പല കുടുംബങ്ങളും പെൺകുട്ടികളെ വളർത്തുന്നത് അ വരുടെ മനസ്സിൽ ആശങ്കയും അരക്ഷിത ബോധവും നിറച്ചാണ്. പെൺകുട്ടികൾ ഭാരമാണ് അവരെ വിവാഹം കാഴ്ചയക്കാൻ പണം കണ്ടെത്തേണ്ടി വരും, അതിനായി തനിക്ക് കഷ്ടപ്പെടേണ്ടി വരും എന്ന മനോഭാവം പുലർത്തുന്നത് തികച്ചും അനാരോഗ്യകരമാണ്.
പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാൻ ധനം സമ്പാദിക്കുന്നതിന് പകരം അവർക്ക് വിദ്യാഭ്യാസം നൽകുന്നത് ആത്മവിശ്വാസം വളർത്തുകയേ ചെയ്യൂ. അവർ ചിത്രശലഭങ്ങളായി പറന്നുയരുന്നത് കാണാം. വീട്ടിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരിക്കട്ടെ.
നല്ല അച്ഛനെ കണ്ട്, ആ അച്ഛന്റെ കൈപിടിച്ചു കുട്ടികൾ ജീവിതത്തിൽ തിരിച്ചടികളെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുകയും ചെയ്യട്ടേ...
സ്വിച്ച് ബോർഡ് രക്ഷാകർത്തൃത്വം
ചില വീടുകളിൽ അച്ഛന്റേത് ഇപ്പോഴും ‘സ്വിച്ച് ബോർഡ് രക്ഷാകർത്തൃത്വം’ ആണ്. ലൈറ്റ് കത്തിക്കാൻ നമ്മൾ ലൈറ്റിനെയല്ല സ്വിച്ച് ബോർഡിനെയാണ് സമീപിക്കുന്നത്.
അതുപോലെ വീട്ടിൽ അച്ഛനോട് കാര്യങ്ങൾ പറയാൻ കുട്ടികൾ അമ്മയെ സമീപിക്കേണ്ടി വരുന്നു. അച്ഛൻ ദേഷ്യക്കാരൻ ആണ്, തരം നോക്കി വേണം അമ്മ അച്ഛനോട് കാര്യങ്ങൾ പറയാൻ. ഇത് ഒട്ടും ആരോഗ്യകരമായ മാതൃക അല്ല.
നല്ലൊരു ശ്രോതാവ് ആയിരിക്കണം അച്ഛൻ. കുട്ടികൾ അവരുടെ കാര്യങ്ങൾ പറയുന്നത് കേട്ടിരിക്കാൻ അച്ഛന് കഴിയണം. ഇടയ്ക്കുവച്ചു തടസ്സപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ അവഹേളിക്കുകയോ എടുത്തുചാടി വഴക്ക് പറയുകയോ ചെയ്യാതെ കേട്ടിരിക്കണം. ഞാൻ പറയുന്നത് കേൾക്കാൻ അച്ഛൻ തയാറാണ് എന്നത് കുട്ടികളുടെ ആത്മവിശ്വാസം കൂട്ടും.
ഡിജിറ്റൽ ലോകത്തിന്റെ വിശാലത ഇപ്പോൾ കുട്ടികൾക്ക് ജന്മസിദ്ധമാണ്. അത് മുതിർന്നവർ പരിചയപ്പെട്ടു വന്ന ലോകത്തിൽ നിന്നു വ്യത്യസ്തമാണെന്നും അതുമായി ബന്ധപ്പെട്ട് മനുഷ്യ ബന്ധങ്ങൾ ഉണ്ടാകും എന്ന കാര്യവും അറിഞ്ഞ് ഇടപെടാൻ അച്ഛന് സാധിക്കണം.
അച്ഛൻ നിനച്ചാൽ
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങുന്ന കുട്ടി. പ്ലസ് ടു പഠന കാലത്ത് അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു. ഉറക്കം കുറഞ്ഞു, ചെവിയിൽ ആരോ സംസാരിക്കുന്നതു പോലെ, ഇല്ലാത്ത ശബ്ദങ്ങൾ കേട്ടുതുടങ്ങി. വിവരം അറിഞ്ഞ ഉടൻ അച്ഛൻ നാട്ടിൽ എത്തി മകളെ മനോരോഗ വിദഗ്ദ്ധനെ കാണിച്ചു. രോഗം സ്കിസോഫ്രീനിയ ആണെന്ന് കണ്ടെത്തി. മുടങ്ങാതെ മരുന്നു കഴിക്കേണ്ട രോഗം. അച്ഛൻ തിരികെ പോയതോടെ മകൾ മരുന്നുകൾ മുടക്കിതുടങ്ങി.
അച്ഛൻ വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ വരാൻ തീരുമാനിച്ചു. മറ്റു കുടുംബാംഗങ്ങളെല്ലാം തീരുമാനത്തെ എതിർത്തു. പക്ഷേ, അദ്ദേഹം വന്നു. മകളെ ശ്രദ്ധയോടെ മരുന്ന് കഴിപ്പിച്ചു. പ്ലസ് ടു അവൾ തരക്കേടില്ലാതെ ജയിച്ചു. അവളുടെ ആഗ്രഹ പ്രകാരം മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിന് ചേർത്തു. സുഖം ഇല്ലാത്ത കുട്ടിയെ ചെലവേറിയ കോഴ്സ് പഠിപ്പിക്കുന്നത് അനാവശ്യമാണ് എന്നു പറഞ്ഞു വീട്ടുകാർ എതിർത്തു. പക്ഷേ, അദ്ദേഹം അപ്പോഴും മകളുടെ മനസ്സ് മനസിലാക്കി കൂടെ നിന്നു. അവൾ എൻട്രൻസ് നേടിയെടുത്തു. ഇപ്പോൾ മിടുക്കിയായി മെഡിസിന് പഠിക്കുന്നു. അച്ഛന്റെ സ്നേഹവും കരുതലും ഉത്തരവാദിത്തബോധവും കൊണ്ട് ആ മകളുടെ ഭാവി ഇപ്പോൾ ശോഭനമാണ്.
കടപ്പാട്: ഡോ. അരുൺ ബി. നായർ, അസിസ്റ്റന്റ് പ്രഫസർ, സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം. ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ CMI മുൻ അസോഷ്യേറ്റ് പ്രഫസർ, സോഷ്യൽ സയൻസസ്, കൊച്ചി.