Q മകൾക്ക് എട്ടു വയസായി. അടിക്കടിയുണ്ടാകുന്ന തൊണ്ട വേദനയാണ് പ്രശ്നം. ഓരോ മാസവും രണ്ടു തവണയെങ്കിലും തൊണ്ടയിൽ വേദന വരും. ടോൺസിൽസിലെ അണുബാധയാണു കാരണമെന്നാണ് ഡോക്ടർ പറയുന്നത്. മിക്കപ്പോഴും ആന്റിബയോട്ടിക്കുകളും തരും. തൊണ്ടയ്ക്കു പ്രശ്നമാകുമെന്നു കരുതി തണുത്ത ഭക്ഷണമൊന്നും നൽകാറുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ വീണ്ടും തൊണ്ടയിൽ അണുബാധ വരുന്നത്. ഇതു തടയാൻ എന്താണു ചെയ്യേണ്ടത്?
മേഘ്ന, കണ്ണൂർ
കുട്ടികളിലും, മുതിർന്നവരിലും പൊതുവേ ഈ പ്രയാസം കണ്ടുവരാറുണ്ട്. എന്നിരുന്നാലും കുട്ടികളിലാണ് ഇത് കൂടുതലായി കാണുക. കഠിനമായ തൊണ്ടവേദനയാണ് ഇതിന്റെ പ്രഥമ ലക്ഷണം. കൂടാതെ ഉമിനീർ ഇറക്കുമ്പോൾ പ്രയാസം, പനി, കഴുത്തിനു പുറമെ ചില ഭാഗങ്ങളിൽ വീക്കം, കഴലകൾ കാണപ്പെടുക, വായ്നാറ്റം, നല്ല അണുബാധയുണ്ടെങ്കിൽ വായ തുറന്നു നോക്കിയാൽ ചുമന്ന് വീർത്ത് പഴുപ്പ്, വെളുത്ത പാടുകൾ പോലെ കാണപ്പെട്ടേക്കാം.
ബാക്ടീരിയയാണ് ടോൺസിലൈറ്റിസിനു പ്രധാന കാരണം. ഫലമായി പഴുപ്പു പൊട്ടുകൾ കാണുകയും തക്ക സമയത്തു ചികിത്സ നൽകിയില്ലെങ്കിൽ അബ്സസ് ഉണ്ടായേക്കാം. കൂടാതെ സാധാരണ ജലദോഷകാരിയായ വൈറസ് മൂലവും ടോൺസിലൈറ്റിസ് ഉണ്ടാകാറുണ്ട്. മാത്രവുമല്ല ഇവ രണ്ടു തരത്തിലാണ് കാണപ്പെടുക. 1. പെട്ടെന്ന് ലക്ഷണങ്ങൾ ഉണ്ടായി മൂന്നു മുതൽ അഞ്ചു ദിവസംകൊണ്ടു ഭേദമാകുന്ന അക്യൂട്ട് ടോൺസിലൈറ്റിസ്. 2. ദീർഘനാൾ നീണ്ടുനിൽക്കുന്ന ക്രോണിക് ടോൺസിലൈറ്റിസ് എന്നിവ.
തണുത്ത ഭക്ഷണം കഴിക്കുന്നതോ, കൂൾഡ്രിങ്ക്സ് കുടിക്കുന്നതോ മാത്രമല്ല ഈ ബുദ്ധിമുട്ടിനു കാരണം.
എല്ലാ മാസവും ഒന്നോ, രണ്ടോ തവണ ഈ ലക്ഷണങ്ങൾ 3-5 ദിവസം വരെ നീണ്ടു നിൽക്കുമെന്നതിനാൽ തന്നെ ഇതൊരു ‘അക്യൂട്ട് ഓൺസെറ്റ് ടോൺസിലൈറ്റിസ്’ ആകാനാണ് സാധ്യത. കുട്ടിക്കു തുടർച്ചയായി പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഒരു ഇ എൻ ടി വിദഗ്ധന്റെ വിശദ പരിശോധന പ്രകാരം ആവശ്യമെങ്കിൽ ടോൺസിലെക്ടമി ശസ്ത്രക്രിയയെക്കുറിച്ചും ചിന്തിക്കാവുന്നതാണ്. (ചെറിയ പ്രായത്തിൽ തന്നെ ചെറിയ അളവിലായാൽ പോലും ആന്റിബയോട്ടിക്ക് ഉള്ളിലേക്ക് കഴിക്കേണ്ടി വരുന്നത് ഭാവിയിൽ ആന്റിബയോട്ടിക് റസിസ്റ്റൻസ് പോലെയുള്ള ബുദ്ധിമുട്ടുകൾക്ക് വഴി വച്ചേക്കാം)
മുകളിൽ പറഞ്ഞത് ശാരീരികമായ മെഡിക്കൽ വശം; ഇനി മാനസികമായ മെഡിക്കൽ വശം കൂടി പരിശോധിക്കേണ്ടതുണ്ട്. എട്ടു വയസ്സായ കുട്ടി എന്നു പറയുമ്പോൾ രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസ്സിലോ ആകാം പഠിക്കുന്നത്. കൂടാതെ കുട്ടിക്കു മിക്ക മാസങ്ങളിലും അഞ്ചിലധികം ദിവസം സ്കൂളിൽ നിന്നു അവധിയെടുക്കേണ്ടി വരുന്നുമുണ്ട്. ഒരു പക്ഷേ ഇതു സത്യസന്ധമായ ഒരു ബുദ്ധിമുട്ട് തന്നെയാകാം. അല്ലെങ്കിൽ ചില പ്രത്യേക ദിവസങ്ങളിൽ മാത്രമായാണോ ഈ വേദന പ്രകടമാകുന്നത് എന്നുകൂടി ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ ഒരുപക്ഷേ കുട്ടിക്കു സ്കൂളിൽ പഠനവുമായി ബന്ധപ്പെട്ട പരീക്ഷകളോ മറ്റു പഠന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാകാൻ കൂടി വേണ്ടിയാണോ കുട്ടി ഈ ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നതെന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ കുട്ടിക്കു പഠനപരമായോ, സ്കൂൾ സംബന്ധിതമായോ മറ്റ് പ്രയാസങ്ങൾ ഒന്നുംതന്നെ ഇല്ല എന്നുകൂടി തീർച്ചപ്പെടുത്തണം
േഡാ. എം. കെ. സി. നായർ
പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും
ആരോഗ്യ സർവകലാശാല
മുൻ വൈസ് ചാൻസലർ
cdcmkc@gmail.com