ബുദ്ധിയും പഠനശേഷിയും ഉണ്ടെങ്കിലും അതു ഫലം കാണണമെങ്കിൽ നല്ല കൈയക്ഷരവും കൂടി വേണം. എത്ര വിശദമായി ഉത്തരമെഴുതിയാലും കൈപ്പട കാക്ക തോണ്ടിയതുപോലെയാണെങ്കിൽ വായിക്കാനും വിലയിരുത്താനും എത്ര പ്രയാസമാണ്.? ഈ ഒരൊറ്റ കാര്യം മതി പരീക്ഷാ പേപ്പറിൽ മാർക്ക് കുറയാൻ.
കൈയക്ഷരം ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നും പറയാറുണ്ട്. അക്ഷരങ്ങൾ തമ്മിലുള്ള അകലം, വലുപ്പം, മാർജിനിലെ സ്ഥലം എന്നിവ നോക്കി ഒരാളുടെ സ്വഭാവ പ്രത്യേകതകൾ വിലയിരുത്താമെന്നു പറയാറുണ്ട്. അച്ചടിച്ചപോലെ വടിവൊത്ത അക്ഷരത്തിൽ എഴുതുക എല്ലാവർക്കും സാധ്യമായ കാര്യമല്ല. എന്നാൽ വായിക്കാവുന്നപോലെ വൃത്തിയായും വേണ്ടത്ര സ്ഥലമിട്ടും എഴുതാൻ പരിശീലനം കൊണ്ടു സാധിക്കും. നിങ്ങളുടെ കൈയക്ഷരം മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
മഷിപ്പേന കൊണ്ട് പകർത്തിയെഴുതാം
∙ എഴുതാനുപയോഗിക്കുന്ന പേനയിലുമുണ്ട് കാര്യം. മഷിപ്പേന കൊണ്ട് എഴുതി ശീലിച്ചാൽ കൈയക്ഷരം നന്നാകുമെന്ന് പറയാറുണ്ട്. മഷിപ്പേന കൊണ്ട് ഒരു പരിധിയിലധികം വേഗതയിലും അശ്രദ്ധമായും എഴുതിപ്പോകാൻ ആകില്ലെന്നതാകാം കാരണം. കൈയക്ഷരം നന്നാകണമെങ്കിൽ മഷിപ്പേന വേണമെന്ന് നിർബന്ധമില്ല. പക്ഷേ, പിടിക്കാനും എഴുതാനും സൗകര്യപ്രദമായിരിക്കണം പേന.
തട്ടും തടവുമില്ലാതെ എഴുതാൻ പറ്റണം. പേപ്പറിൽ അധികം അമർത്തി എഴുതരുത്. ഇടം കൈയന്മാർക്ക് പ്രത്യേകമായുള്ള പേനകൾ വിപണിയിലുണ്ട്. അങ്ങനെയുള്ളവർക്ക് അത് ഉപയോഗിക്കാം.
∙ ചെറിയ ക്ലാസ്സുകളിൽ പകർത്തെഴുതിക്കുന്ന ശീലം കൈയക്ഷരം ഭംഗിയായി രൂപപ്പെടുവാൻ ഉദ്ദേശിച്ചുള്ളതാണ്. രണ്ടു വരയോ നാലു വരയോ ഇട്ട ബുക്കുകളിൽ എഴുതി ശീലിക്കുമ്പോൾ അക്ഷരങ്ങളുടെ വടിവ് തമ്മിലുള്ള സ്ഥലം അവയുടെ നീളം എന്നിവയെല്ലാം ശരിയായി വരുന്നോ എന്നു പരിശോധിക്കാനാകും. പകർത്തെഴുതുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആദ്യം വലുപ്പത്തിൽ എഴുതിപ്പിക്കും. ആദ്യമൊക്കെ ചെറിയ വരകളോ രൂപങ്ങളോ ആകും പകർത്താനുണ്ടാകുക. പതിയെ അക്ഷരങ്ങൾ നൽകും. പിന്നീട് വാക്കുകൾ. അവയുടെ കൂട്ടിച്ചേർത്തുള്ള എഴുത്ത്. ഇതൊക്കെ ശരിയായി വന്ന ശേഷമാണ് വലുപ്പം കുറച്ച് എഴുതി ശീലിപ്പിക്കുക. ഇതൊക്കെ കൈയക്ഷരം വടിവൊത്തതും കൂട്ടെഴുത്ത് ഭംഗിയുള്ളതും ആകാൻ സഹായിക്കുന്ന പടികളാണ്. അതിനാൽ കുട്ടികളെ പകർത്തിയെഴുതാൻ പ്രോത്സാഹിപ്പിക്കണം.
നടു നിവർത്തി ഇരുന്നെഴുതൂ
∙ഇരുന്നെഴുതുംമുമ്പ് ഇരിപ്പ് ഒന്നു ശ്രദ്ധിക്കുക. കാലുകൾ തറയിൽ ഉറപ്പിച്ചു നടു നിവർത്തി വേണം ഇരിക്കാൻ. ഇടംകൈ കൊണ്ടു പേപ്പറിൽ ഊന്നി വലംകൈ കൊണ്ടു എഴുതണം. ചാരിക്കിടന്നും പേപ്പറിൽ വേണ്ടത്ര ഊന്ന് നൽകാതെയും എഴുതിയാൽ കാക്ക തോണ്ടിയതുപോലെയാകാൻ സാധ്യത കൂടുതലാണ്. മടിയിൽ വച്ചും കൈയിൽ വച്ചും എഴുതുന്നതും നന്നല്ല. എഴുത്തുമേശയോ പലകയോ ഉപയോഗിക്കുന്നതാണ് ഫലപ്രദം.
∙ പേന പിടിക്കുന്നതിൽ പോലും പല രീതികളുണ്ട്. ചിലർ നിബ്ബിനോട് വല്ലാതെ അടുപ്പിച്ചു പിടിച്ച് അമർത്തിയെഴുതും. അക്ഷരങ്ങൾ മറുപുറത്ത് തെളിഞ്ഞു വൃത്തികേടാകും. ചിലർ പേനയുടെ നടുവിൽ പിടിച്ചു തോണ്ടിയെഴുതും. ഇതും നല്ലതല്ല. തള്ളവിരലിനും ചൂണ്ടുവിരലിനും നടുവിരലിനും മധ്യേ വരണം പേന. മോതിരവിരലു കൊണ്ടു ചെറിയൊരു താങ്ങു നൽകണം. പേന ഞെരിക്കരുത്. നിബ്ബിൽ തൊടാതെ കുറച്ച് മുകളിൽ ഊന്നൽ നൽകി വേണം പിടിക്കാൻ.
∙ സമയമില്ല എന്ന പരിഭ്രമം തോന്നുമ്പോൾ എഴുത്തും വേഗതയിലാകും. സാവധാനത്തിലും അക്ഷരങ്ങളിൽ ശ്രദ്ധിച്ചും എഴുതിയാലേ എഴുത്തു ഭംഗിയാകൂ.
∙ ഒരുപാട് എഴുതാനുണ്ടെങ്കിൽ എഴുതി തുടങ്ങുംമുമ്പ് കൈവിരലുകൾ ഒന്നു മടക്കുകയും നിവർത്തുകയും ചെയ്യുക. കൈപ്പത്തി സ്ട്രെച്ച് ചെയ്യുക. ഇനി എഴുതിക്കോളൂ. എഴുതുന്നതിനിടെ കൈക്ക് വേദനയും മുറുക്കവും അനുഭവപ്പെടില്ല.
ഇഷ്ടമുള്ള കൈപ്പട സ്വന്തമാക്കാൻ
∙ ഇടയ്ക്ക് സ്വന്തം കൈയക്ഷരം ഒന്നു പരിശോധിച്ചു നോക്കുകയുമാവാം. ഏത് അക്ഷരമാണ് മോശമായിരിക്കുന്നതെന്നു നോക്കുക. കൈപ്പട മൊത്തമായും ശ്രദ്ധിക്കുക. ഒരൽപ്പം മുന്നോട്ടു ചരിഞ്ഞ എഴുത്താണ് നല്ലതെന്നു പ്രമാണം. കാരണം, അത് വായനക്കാരെ മുന്നോട്ടു വായിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെയാണോ എഴുത്ത്, അക്ഷരങ്ങളുടെ ഉയരം ശരിയാണോ, ഇംഗ്ലീഷ് ചെറിയ അക്ഷരം ബി, ഡി പോലെയാണോ ഇരിക്കുന്നത്. ഇതെല്ലാം നോക്കി വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തണം.
∙ ഇഷ്ടമുള്ള ഒരു കൈപ്പട കണ്ടാൽ അത് ട്രെയ്സിങ് പേപ്പറിൽ പകർത്തിയെടുത്ത് അതിനുമേൽ എഴുതി പഠിക്കാം. ഇങ്ങനെ എഴുതി പഠിച്ചാൽ ആ കൈപ്പടയിലെ ഭംഗിയുള്ള ചില ഘടകങ്ങളെ നമുക്കു സ്വായത്തമാക്കിയെടുക്കാം.
എഴുത്തു നന്നാക്കാൻ വ്യായാമങ്ങൾ
ഒഴുക്കോടെയും ആവശ്യത്തിനു വേഗതയിലും ഭംഗിയായും എഴുതണമെങ്കിൽ കൈ സുഗമമായി ചലിപ്പിക്കണം. ഇതിനായി കൈകൾക്കുള്ള ചില ലളിതമായ വ്യായാമങ്ങൾ ചെയ്യണം. ഒരു മൃദുവായ ബോൾ കൈയിലെടുത്ത് വിരൽ കൊണ്ട് ഞെരിക്കുക. ദിവസവും മൂന്നുനേരം 15 തവണ ഇങ്ങനെ ചെയ്യാം. കൈയുടെ ക്ഷീണം മാറും.
കൈപ്പത്തി മലർത്തി വിരലുകൾ വിടർത്തി വയ്ക്കണം. വിരൽ തുമ്പുകൾ മുകളിലേക്ക് ചൂണ്ടിയിരിക്കട്ടെ. ഇനി തള്ളവിരൽ ചെറുവിരലിന്റെ ചുവട്ടിലേക്ക് മടക്കിക്കൊണ്ടു ചെല്ലുക. വിരൽ നന്നായി വലിയട്ടെ. ഏതാനും സെക്കൻഡ് ഇങ്ങനെ പിടിച്ചശേഷം പഴയതുപോലെ വിരലുകൾ വിടർത്തി നിവർത്തി പിടിക്കുക. ഇതേപോലെ തന്നെ തള്ളവിരൽ മറ്റു വിരലുകളുടേയും ചുവട്ടിലേക്ക് സ്ട്രെച്ച് ചെയ്യുക. പൂർവ്വ സ്ഥിതിയിലെത്തുക. കൈപ്പത്തി മേശയിലൂന്നി കൈ അനങ്ങാതെ ഓരോ വിരലായി മടക്കുകയും നിവർത്തുകയും ചെയ്യുക. അവസാനം ബോൾ പിടിക്കാൻ പോകുംപോലെ വിരലുകൾ അകറ്റുക. ഇതും വിരലുകളുടെ ചലനവേഗത വർധിപ്പിക്കും.