കുട്ടികളിൽ രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന ആസ്മയ്ക്ക് പ്രധാന കാരണം പൊടിച്ചെള്ളുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പൊടിച്ചെള്ളിനോടുള്ള അലർജി അറിയാൻ പരിശോധനകളുണ്ട്. ഏതാണ്ട് 200 രൂപയോളമേ ചെവവു വരൂ. തൊലിപ്പുറത്തു കുത്തിയുള്ളതോ (സ്കിൻ പ്രിക്ക്) പാച്ചൊട്ടിച്ചുള്ളതോ ആയ പരിശോധനകളാണുള്ളത്. രക്തത്തിലെ ഐജിഇ ഘടകം പരിശോധിക്കുന്നതും അലർജി തിരിച്ചറിയാനും അതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും സഹായിക്കും.
മുറികളിൽ സാധനങ്ങൾ തിങ്ങിനിറച്ച് പൊടി അടിഞ്ഞു കൂടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം. പകൽ നേരങ്ങളിൽ വെയിലുള്ളപ്പോൾ മുറി തുറന്നിട്ടാൽ വായുസഞ്ചാരവും സൂര്യപ്രകാശവും ലഭിച്ച് പൊടിയുടെ ശല്യം കുറയും. അലർജനുകൾക്ക് എതിരെ ആന്റിബോഡികൾ ഉപയോഗിച്ചുള്ള ചികിത്സയും നിലവിൽ വന്നിട്ടുണ്ട്.
എങ്ങനെ വീടൊരുക്കണം?
∙ മെത്ത, തലയണ, കാർപെറ്റ്, സോഫ ഇവയൊക്കെയാണ് പൊടിച്ചെള്ളുകളുടെ ഇഷ്ട താവളങ്ങൾ. ഇവ ദിവസവും വൃത്തിയാക്കണം. മെത്തകൾക്കും തലയണകൾക്കും അലർജി തടുക്കുന്ന തരം തുണികൊണ്ടുള്ള കവറുകൾ ഇടാം. 10 മൈക്രോണിലോ അതിലും കുറവോ മാത്രം ഇഴയകലമുള്ള തുണികൾ ഒരു പരിധിവരെ നല്ലതാണ്.
∙ ആഴ്ചതോറും മെത്ത കവറും പുതപ്പും മാറ്റണം. കമ്പിളി തുണികൾ കഴിയുമ്പോഴൊക്കെ നല്ല വെയിലിൽ ഉണക്കണം.
∙ കാർപ്പെറ്റുകളാണ് പൊടിച്ചെള്ളിന്റെ പ്രധാന ആവാസകേന്ദ്രം. ആഴ്ച തോറും വാക്വം ക്ലീൻ ചെയ്യണം. അലർജനുകളെ അരിച്ചു മാറ്റുന്നതരം ഫിൽട്ടറുകൾ ഉള്ള വാക്വം ക്ലീനറുകൾ കൂടുതൽ ഫലപ്രദമാണ്.
∙ തൂവൽ കൊണ്ടുള്ള ഡസ്റ്ററുകളേക്കാൾ നല്ലത് നനവുള്ള തുണികൊണ്ട് തുടയ്ക്കുന്നതാണ്. വെറുതേ പൊടി തട്ടുന്നത് പൊടി അന്തരീക്ഷത്തിലേക്ക് പറന്നിറങ്ങാനേ ഇടയാക്കൂ.
∙ കുട്ടികളുടെ സ്റ്റഫ്ഡ് പാവകൾ, വീട്ടിനുള്ളിലെ ചെടികൾ, ചിത്രഫ്രെയിമുകൾ, കർട്ടനുകൾ, പുസ്തക റാക്കുകൾ എന്നിവയെല്ലാം നനവുള്ള തുണികൊണ്ട് കൃത്യമായി തുടച്ചു വൃത്തിയാക്കണം. കഴുകാൻ വയ്യാത്ത രോമപ്പാവകൾ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ചൂടുപോലെ തന്നെ കടുത്ത തണുപ്പും പൊടിച്ചെള്ളിനെ നശിപ്പിക്കും.
∙ തറ വിനാഗിരിയും വെള്ളവും ചേർത്ത ലായനി കൊണ്ട് കഴുകുന്നതു നല്ലതാണ്. ഫർണീച്ചറുകൾ ഒരു ഭാഗം നാരങ്ങാനീരും രണ്ടു ഭാഗം സസ്യ എണ്ണയും ചേർത്ത പോളിഷ് കൊണ്ട് തുടയ്ക്കുന്നതും ഗുണകരമാണെന്ന് അഭിപ്രായങ്ങളുണ്ട്.
∙ മുറി തൂത്തു വൃത്തിയാക്കിയശേഷം 20 മിനിട്ടുനേരം ജനലും വാതിലും തുറന്നിടണം.
∙ അപ്ഹോസ്റ്ററി ചെയ്ത ഫർണീച്ചറുകളുടെ ഉപയോഗം കുറയ്ക്കണം. ലെതർ, വനൈൽ, പ്ലാസ്റ്റിക്, തടി ഫർണീച്ചറുകളിൽ ഏതെങ്കിലുമാണ് നല്ലത്.