Wednesday 23 October 2024 02:22 PM IST : By സ്വന്തം ലേഖകൻ

ഈ 7 സാഹചര്യങ്ങളിലെ കുഞ്ഞുങ്ങളുടെ ഛർദി നിസാരമായി കാണരുത്: ചികിത്സ ഉറപ്പാക്കേണ്ടത് ഇങ്ങനെ

vomit443

ഛർദി ഒരു രോഗമല്ല; രോഗലക്ഷണമാണ്. ഛർദിയെന്നാൽ ആമാശയത്തിലുള്ള വസ്തുക്കൾ, അതായത് നമ്മൾ കഴിച്ച ഭക്ഷണം ദഹിക്കാത്ത രൂപത്തിൽ പുറത്തേക്കെത്തുന്ന അവസ്ഥയാണ്. കുട്ടികളിലെ ഛർദി പലപ്പോഴും അച്ഛനമ്മമാരെ വല്ലാതെ ആകുലപ്പെടുത്താറുണ്ട്. എന്നാൽ ഛർദിയുടെ കാരണം അറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ ആശയങ്കപ്പെടേണ്ടതില്ല. 

∙ എന്തെല്ലാം കാരണങ്ങൾ കൊണ്ട് കുട്ടിക്ക് ഛർദി വരാം ?

അനേകം കാരണങ്ങളാൽ കുട്ടിക്ക് ഛർദി വരാം. ചെറിയ പ്രശ്നങ്ങൾ കൊണ്ടും വളരെ ഗുരുതരമായ രോഗങ്ങൾ മൂലവും കുഞ്ഞുങ്ങളിൽ ഛർദി ഉണ്ടാകാറുണ്ട്. വൈറൽ പനി ബാധിച്ച കുട്ടി ഒന്നോ രണ്ടോ തവണ ഛർദിച്ചെന്നു വരും. പനി സുഖപ്പെടുമ്പോൾ ഛർദിയും ശമിക്കും.

നവജാതശിശുക്കളിലും ചെറിയ കുഞ്ഞുങ്ങളിലും (6 മാസം വരെ പ്രായമുള്ള) പാൽ കുടിച്ചു കഴിഞ്ഞാൽ ചെറിയ അളവിൽ പാൽ കവിട്ടി വരാറുണ്ട്. ഇതിനുള്ള മെഡിക്കൽ പദമാണ് റിഗർജിറ്റേഷൻ അഥവാ ഗ്യാസ്ട്രോ ഇസഫോജിയൽ റിഫ്ലക്സ്. കുഞ്ഞു വളരുമ്പോൾ കട്ടിയാഹാരം കഴിച്ചുതുടങ്ങുമ്പോൾ കവിട്ടൽ പതിയെ കുറഞ്ഞു വരും. കുഞ്ഞിന് പ്രത്യേകിച്ച് അസ്വസ്ഥത ഒന്നുമില്ലെങ്കിലും വേണ്ടപോലെ തൂക്കം കൂടുന്നുണ്ടെങ്കിലും ഈ കവിട്ടൽ സ്വാഭാവികമായി കരുതിയാൽ മതി. പാൽ കുടിച്ചു കഴിഞ്ഞ്, തോളത്ത് കിടത്തി ഗ്യാസ് തട്ടിക്കളഞ്ഞാൽ മാത്രം മതി. കവിട്ടലിന് ആശ്വാസം ലഭിക്കും.

ജലദോഷം, ചുമ പോലെയുള്ള അസുഖങ്ങൾ ഉള്ള കുട്ടികളിൽ ഛർദി കാണാറുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികൾ കഫം വിഴുങ്ങുകയും പിന്നീട് അത് ഛർദിച്ച് കളയുകയും ചെയ്യുന്നു. സ്ഥിരമായി മലബന്ധമുള്ള കുട്ടികളിൽ വയറുവേദനയും ഛർദിയും ഉണ്ടാകാറുണ്ട്. ധാരാളം നാരുകളടങ്ങിയ ഭക്ഷണവും ഇലക്കറികളും നൽകിയാൽ മലബന്ധവും അതുമൂലമുള്ള ഛർദ്ദിയും ഒഴിവാക്കാൻ സാധിക്കും.

സ്കൂൾ കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ചവരെ ഒരുപാടു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ മനം പുരട്ടലും ഛർദിയും ഉണ്ടാകാം.

ചിലപ്പോൾ ഛർദി ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണവുമാകാം. ഗ്യാസ്ട്രോഎൻറൈറ്റിസ് അഥവാ വയറിളക്കരോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ഛർദി. ഇവിടെ ആമാശയത്തിലെയും കുടലിലെയും അണുബാധമൂലം ഛർദിക്കു പുറമെ വയറുവേദനയും വയറിളക്കവും ഉണ്ടാകുന്നു. ഗ്യാസ്ട്രോഎൻറൈറ്റിസ് മൂലമുള്ള ഛർദി ഒന്നു രണ്ടു ദിവസം കൊണ്ട് വേഗം സുഖപ്പെടുന്നതാണ്. ചില ഭക്ഷ്യവസ്തുക്കളോടുള്ള അലർജി, ഉദാഹരണത്തിന് പശുവിൻ പാൽ, ഛർദിക്ക് കാരണമാകാം. ഗ്ലൂട്ടൻ മുതലായ ദഹനസംബന്ധമായ പ്രശ്നങ്ങൾ മൂലവും ഛർദി ഉണ്ടാകാം. ഭക്ഷ്യവിഷബാധ, ആമാശയത്തിന്റെ വീക്കം, മഞ്ഞപ്പിത്തം, പാൻക്രിയാസിന്റെ രോഗങ്ങൾ, ശിശുക്കളിൽ കാണുന്ന കുടലിലെ തടസ്സങ്ങൾ, ചെന്നിക്കുത്ത് അഥവാ മൈഗ്രെയിൻ, അപ്പെന്റിസൈറ്റിസ് പോലെയുള്ള രോഗങ്ങൾ എന്നിവയെല്ലാം ഛർദിക്കു കാരണമാകുന്നു.

തലക്ക് ക്ഷതമേറ്റാലും വൃക്കരോഗമുള്ള കുട്ടികളിലും ഛർദിയുണ്ടാകാം. ന്യൂമോണിയ, മസ്തിഷക്കജ്വരം, മെനിഞ്ചൈറ്റിസ്, മൂത്രത്തിലെ അണുബാധ, ചെവിയിലെ അണുബാധ എന്നീ രോഗാവസ്ഥകളിലും കുട്ടികളിൽ പനിയോടൊപ്പം ഛർദിയും കാണപ്പെടുന്നു. ചില വേദനാസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും പാർശ്വഫലമായിട്ടും കുട്ടികളിൽ ഛർദി ഉണ്ടാകാറുണ്ട്.

∙ കുട്ടി ഛർദിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്തെല്ലാം ?

ചെറിയ കുഞ്ഞുങ്ങൾ ഛർദിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തിയോ ഒരു വശത്തേക്ക് ചെരിച്ചോ കിടത്തുക. ഇങ്ങനെ ചെയ്യുന്നത് ശ്വാസനാളത്തിലേക്ക് ഛർദിയുടെ കണികകൾ പ്രവേശിക്കുവാനുള്ള സാധ്യത കുറക്കുന്നു. നിർജ്ജലീകരണം തടയാൻ കുട്ടി ആവശ്യത്തിന് പാനീയങ്ങൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനു വേണ്ടി ഒ  ആർ എസ് ലായനി ഉപയോഗിക്കാം. മുലപ്പാൽ കുടിക്കുന്ന ശിശുക്കൾക്ക് മുലയൂട്ടൽ തുടരണം. കുടുംബത്തിലെ മറ്റ് അംഗങ്ങൾ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പരിസരം ശുചിയായി സൂക്ഷിക്കുകയും വേണം.

∙ ഛർദിച്ച് കഴിഞ്ഞാൽ എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ നൽകാമോ?

ഛർദ്ദിയുള്ളപ്പോൾ കുട്ടിക്ക് കട്ടിയുള്ള ഭക്ഷണം നൽകരുത്. കുട്ടിയുടെ വിശപ്പ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കഞ്ഞിപോലെയുള്ള മൃദുവായ ഭക്ഷണം നൽകാം. ഒരിക്കലും നിർബ്ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. അത് ഛർദ്ദി വർധിപ്പിക്കുകയേയുള്ളു. 8-10 മണിക്കൂർ ഛർദിയില്ലാതിരുന്നാൽ കട്ടിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങാം.

ഛർദി മൂലം ശരീരത്തിന്റെ ജലാംശവും ചില ധാതുലവണങ്ങളും നഷ്ടപ്പെടാൻ ഇടയാകും. ഒ ആർ എസ് ലായനി അഥവാ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനിൽ ഉപ്പ്, പഞ്ചസാര, പൊട്ടാസ്യം, ബൈ-കാർബണൈറ്റ് തുടങ്ങിയവ കൃത്യമായ അളവിൽ അടങ്ങിയിരിക്കുന്നു. ഓരോ മിനിറ്റിടവിട്ട് ഒന്നു രണ്ടു ടീസ്പൂൺ വീതം ഒ ആർ എസ് കുട്ടിക്ക് നൽകുക. കുട്ടി ഛർദിക്കുകയാണെങ്കിൽ പത്ത് മിനിറ്റ് കാത്തിരിക്കുക. തുടർന്ന് വീണ്ടും ഒ ആർ എസ് നൽകുക. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിനോടൊപ്പം ഇടക്കിടെ ഒ ആർ എസ് നൽകണം.

ഒ ആർ എസിനു പകരം തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുന്നത് അഭികാമ്യമല്ല. നിർജ്ജലീകരണം ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ട ശരിയായ ധാതുക്കളൊന്നും വെള്ളം മാത്രം കൊടുത്താൽ ലഭിക്കുകയില്ല. കഞ്ഞിവെള്ളത്തിൽ ഉപ്പ് ചേർത്ത് കൊടുക്കാം. കരിക്കിൻ വെള്ളം, മോരുവെള്ളം എന്നിവയും നൽകാം. പഴച്ചാറുകൾ, കോള പോലുള്ള പാനീയങ്ങൾ ഛർദിയുള്ളപ്പോൾ കൊടുക്കരുത്. കട്ടൻ ചായയും കട്ടൻ കാപ്പിയും ഛർദി വർധിപ്പിക്കുവാൻ ഇടയുണ്ട്.

∙ ഛർദിയെത്തുടർന്ന് തലചുറ്റൽ, ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ എന്ത് ചെയ്യണം ?

കുട്ടി ഒരു മണിക്കൂറിൽ 3 തവണയിൽ കൂടുതൽ ഛർദിച്ചാൽ പ്രത്യേകം ശ്രദ്ധിക്കണം. തുടരെയുള്ള ഛർദി കടുത്ത നിർജ്ജലീകരണത്തിന് കാരണമാകാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ രക്തസമ്മർദവും താഴ്ന്നു പോകാം. ഇതുമൂലം കുട്ടിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടാൻ ഇടയാകും. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തിരമായി വൈദ്യസഹായം തേടണം. *ഇൻ്റർവീനസ് ഫ്ലൂയിട്സ്* കൊടുക്കുന്നതു വഴി ശരീരത്തിലെ ജലാംശം വീണ്ടെടുക്കുകയും വേണം.

∙ ഏതു സാഹചര്യത്തിൽ ഡോക്ടറെ കാണണം ?

പലപ്പോഴും കുട്ടികളുടെ ഛർദി വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അത് സ്വയം ശമിക്കുന്നതുമാണ്. നേരിയ തോതിലുള്ള നിർജ്ജലീകരണം വീട്ടിൽതന്നെ ഒ ആർ എസ് ലായനി കൊണ്ട് ചികിത്സിക്കാവുന്നതാണ്. കുട്ടി ഇനിപ്പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും കാണിക്കുന്നുവെങ്കിൽ ഒരു ഡോക്ടറെ സമീപിക്കണം. വിശപ്പില്ലായ്മ, വയറുവേദന, വയർ അസാധാരണമായി വീർത്തുവരുക, അമിത ക്ഷീണം, മയക്കം, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.  100 ഡിഗ്രിയോ കൂടുതലോ പനിയോടൊപ്പമുള്ള ഛർദി ഉണ്ടെങ്കിലോ ‍വൈദ്യസഹായം തേടുക. 

*തലക്ക് പരിക്കേറ്റ ശേഷമാണ് കുട്ടി ഛർദിക്കുന്നത് എങ്കിൽ, തീർച്ചയായും ഡോക്ടറെ കാണണം. ഛർദ്ദിയിൽ രക്തം കണ്ടാൽ പച്ചനിറത്തിലോ മഞ്ഞനിറത്തിലോ പിത്തരസം ഛർദിച്ചാൽ ഡോക്ടറെ കാണിക്കുക.

കുഞ്ഞ് ഒന്നോ രണ്ടോ തവണ മാത്രം ഛർദിക്കുകയും  ക്ഷീണമൊന്നും കാണുന്നില്ലെങ്കിലും ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട കാര്യമില്ല.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഛർദിക്ക് മരുന്നുകൾ നൽകരുത്. ഓക്കാനവും ഛർദ്ദിയും കുറയ്ക്കാനുള്ള മരുന്നുകൾ കുട്ടികളിൽ ജാഗ്രതയോടുകൂടിയേ ഉപയോഗിക്കാൻ പാടുള്ളു. ഛർദിയുടെ അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

ഡോ. വിനീത പ്രസാദ്

പ്രഫസർ, പീഡിയാട്രിക്സ് വിഭാം

അമൃത ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam