ദേശീയ വിരവിമുക്ത ദിനം, നവംബർ 26
നിർത്താതെ കരയുന്ന കുട്ടിയുമായാണ് രാത്രി അമ്മ വന്നത്. ഇഴഞ്ഞുനടക്കുന്ന പ്രായത്തിലുള്ള കുട്ടിയാണ്. രാത്രിയായപ്പോൾ തുടങ്ങിയ കരച്ചിൽ നിർത്തുന്നേയില്ല. ഉറങ്ങുന്നുമില്ല. കുഞ്ഞു വല്ലാതെ അസ്വസ്ഥനാണ്, ഇടയ്ക്കു മലദ്വാരത്തിന്റെ ഭാഗത്തേക്ക് കൈ കൊണ്ടു ചൊറിയുന്നുണ്ട്, ഞെളിപിരി കൊള്ളുന്നുമുണ്ട്. ഇത്തരം അവസരങ്ങളിൽ വില്ലൻ പ്രധാനമായും കൃമിശല്യം തന്നെയാണ്.
പണ്ട് റൗണ്ട് വേം എന്നു പറയുന്ന വിരയായിരുന്നു കുട്ടികളിൽ ധാരാളമായി കണ്ടിരുന്നത്. പൊതുവേയുള്ള വ്യക്തിശുചിത്വം മെച്ചപ്പെട്ടതു കൊണ്ടാകണം നമ്മുടെ നാട്ടിൽ ഇന്ന് അത്തരം വിരശല്യം വളരെ കുറവാണ്. പക്ഷേ, ഇപ്പോൾ കൃമിശല്യം (pinworm infestation) കൂടുതലായി കണ്ടുവരുന്നുണ്ട്. ഒരു വയസ്സിനു മുകളിലുള്ള കുട്ടികളിലാണ് ഇതു കൂടുതലും കാണുന്നത്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളിലും കൃമിശല്യം കാണപ്പെടുന്നു.
ചൊറിച്ചിൽ മുതൽ അണുബാധ വരെ
രാത്രി മലദ്വാരത്തിനു ചുറ്റും അസഹ്യമായ ചൊറിച്ചിലാണ് പ്രധാനലക്ഷണം. പെൺകുട്ടികളിലാണെങ്കിൽ യോനീഭാഗത്തു നിന്നും സ്രവം വരുന്നതായി കണ്ടാകും കൊണ്ടുവരിക. വിശദമായി ചോദിക്കുമ്പോഴായിരിക്കും രാത്രി മലദ്വാരത്തിനു ചുറ്റും ചൊറിച്ചിലുണ്ട് എന്നു പറയുക. കൃമിശല്യം കൊണ്ട് യോനിയിൽ നിന്നും സ്രവങ്ങൾ വരിക മാത്രമല്ല, മൂത്രനാളീ അണുബാധകൾ വരെ പെൺകുട്ടികളിൽ വരുന്നതായി കാണാറുണ്ട്.
പെൺ കൃമികൾ രാത്രി മലദ്വാരത്തിലേക്കു വന്ന് അവിടെയാണു മുട്ടയിടുക. ഇതാണു ചൊറിച്ചിലിനിടയാക്കുന്നത്. ആയിരക്കണക്കിനു മുട്ടകളിടുമെന്നാണു പറയുന്നത്. കുട്ടി ചൊറിയുമ്പോൾ ഈ മുട്ട അടിവസ്ത്രങ്ങളിലോ കിടക്കവിരിയിലോ വീഴാം, നഖത്തിനിടയിൽ കയറാം. നഖത്തിനിടയിൽ കയറുന്ന മുട്ട, കുട്ടി കൈ കഴുകാതെ വായിലിടുമ്പോൾ വായിലൂടെ വീണ്ടും കുടലിലെത്തി കൃമിശല്യം പെരുകാം. ഈ ചക്രം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും.
രണ്ടു ഡോസ് മരുന്ന്
കൃമിക്ക് ആൽബെൻഡസോൾ ഗുളികകളാണു നൽകുക. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 200 മി.ഗ്രാമും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 400 മി.ഗ്രാമുമാണ് നൽകേണ്ടത്. ഗുളികയായും സിറപ്പായും മരുന്നു ലഭ്യമാണ്. ആദ്യത്തെ ഡോസ് നൽകി രണ്ടാഴ്ച കഴിയുമ്പോൾ ഒരു ഡോസ് മരുന്നു കൂടി നൽകണം. എങ്കിലേ കൃമികൾ പൂർണമായും നശിക്കൂ.
രണ്ടു ഡോസ് കൊണ്ടും മാറിയില്ലെങ്കിൽ
∙ കൃമിശല്യം അതിരൂക്ഷമായ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളിൽ ആദ്യത്തെ രണ്ടു ഡോസ് നൽകിക്കഴിഞ്ഞ് രണ്ടു മാസം കൂടുമ്പോൾ ആൽബെൻഡസോൾ ഗുളിക ഒാരോന്നു വീതം നൽകുന്നതു ആശ്വാസകരമായിരിക്കും.
∙ രാത്രി ഭക്ഷണശേഷം ഗുളിക നൽകുന്നതാണു പൂർണമായും ആഗിരണം ചെയ്യപ്പെടാൻ നല്ലത്. ഗുളിക ചവച്ചരച്ചു കഴിക്കണം. കൊച്ചുകുട്ടികൾക്കു ഗുളിക പൊടിച്ച് വെള്ളത്തിൽ കലക്കി നൽകുകയോ സിറപ്പു നൽകുകയോ ചെയ്യാം.
മരുന്നു മാത്രം പോരാ
കൃമിശല്യം പൂർണമായും മാറിക്കിട്ടാൻ ഗുളിക കഴിച്ചാൽ മാത്രം പോരാ. മറ്റു ചില കാര്യങ്ങളും കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൃമിശല്യം അടിക്കടി വന്നുകൊണ്ടിരിക്കും.
∙ കൃമിശല്യം ഉള്ള കുട്ടികളെ പാന്റ് ധരിപ്പിച്ചു കിടത്തുക. അതാകുമ്പോൾ മലദ്വാരത്തിൽ നേരിട്ടു കൈകൊണ്ടു ചൊറിയുന്നത് ഒഴിവാക്കാം.
∙ രാത്രിയിൽ ചൊറിച്ചിലുള്ളപ്പോൾ രാവിലെ കുഞ്ഞിനെ നല്ലതുപോലെ കുളിപ്പിക്കുക. മലദ്വാരത്തിനു ചുറ്റുമുള്ള ഭാഗം സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
∙ നഖം അടുപ്പിച്ചടിപ്പിച്ച് വെട്ടി വൃത്തിയാക്കുക. എന്നിട്ട് നഖത്തിന്റെ താഴ്ഭാഗം ഒരു പഴയ ടൂത് ബ്രഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. നഖത്തിനടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുട്ട നശിച്ചുപോകും.
∙ കിടക്കവിരികളും പുതപ്പും എല്ലാം ചൂടുവെള്ളത്തിൽ മുക്കി കഴുകി നല്ല വെയിലത്തിട്ട് ഉണക്കിയെടുക്കണം.
∙ ടോയ്‌ലറ്റ് സീറ്റ് ഉൾപ്പെടെ എല്ലാം വൃത്തിയായി കഴുകുക.
∙ പുറത്തു കളിക്കാൻ പോകുമ്പോൾ പാദരക്ഷകൾ ധരിക്കാൻ പ്രോത്സാഹിപ്പിക്കുക.
∙ കുട്ടി ആരുടെ കൂടെ കിടക്കുന്നു, ആരോടൊക്കെ ഇടപഴകുന്നുവോ അവർക്കെല്ലാം കൃമിശല്യം ഉണ്ടാകാം. ഇതു വീണ്ടും കുട്ടിയിലേക്കെത്താം. അതുകൊണ്ട് കുട്ടിക്കൊപ്പം കുടുംബാംഗങ്ങളും കൂടി കൃമിശല്യത്തിനുള്ള ഗുളിക കഴിക്കുന്നതു കൃമിശല്യം പരിപൂർണമായി പരിഹരിക്കാൻ സഹായകമാണ്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ഗിരിജ മോഹൻ
മുന്‍ പ്രഫസര്‍ , ഹെഡ്, ശിശുരോഗ വിഭാഗം
ഗവ. മെഡി. കോളജ്, ആലപ്പുഴ