ADVERTISEMENT

പ്രമേഹരോഗികളെ സംബന്ധിച്ച് ആഹാരത്തിലെ ചിട്ടകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒഴിവാക്കേണ്ടതും കഴിക്കേണ്ടതും കൃത്യമായി അവർ മനസ്സിലാക്കിയാൽ അതു കൂടുതൽ ആരോഗ്യകരമായി ജീവിക്കാൻ സഹായകമാകും. പോഷകാഹാര വിദഗ്ധ നിർദേശിക്കുന്ന ടിപ്സ് അറിയാം.

∙ സാധാരണ ശരീരഭാരം ഉള്ള പ്രമേഹരോഗികൾ അതു നിലനിർത്തുക. ഭാരം കുറഞ്ഞവർ സാധാരണ ശരീരഭാരം ആക്കുക. അമിതഭാരം ഉള്ളവർ ഭാരം കുറയ്ക്കുക.

ADVERTISEMENT

∙ ബോഡി മാസ് ഇൻഡക്സ് പ്രകാരം ഭാരം ക്രമീകരിക്കുന്നതാണ് ഉചിതം.

ഡയറ്റ് ക്രമീകരണവും വ്യായാമവും കൊണ്ട് ഇത് സാധിക്കും. കൃത്യസമയത്ത് ആഹാരം കഴിക്കുക.

ADVERTISEMENT

∙ പ്രഭാതഭക്ഷണം, മിഡ്മോണിങ് ഭക്ഷണം, ഉച്ചഭക്ഷണം, സ്നാക്ക്, അത്താഴം, കിടക്കാൻ നേരത്തെ ഭക്ഷണം ഇങ്ങനെ ആറുനേരമായി ക്രമീകരിക്കുന്ന ഭക്ഷണരീതിയാണ് പ്രമേഹരോഗമുള്ളവർക്കു ന‌ല്ലത്. ഫാസ്റ്റിങ് ആൻഡ് ഫീസ്റ്റിങ് എന്ന രീതി അവരുടെ ആരോഗ്യത്തിന് നന്നല്ല. അരവയർ ആഹാരവും കാൽവയർ വെള്ളവും കഴിക്കണം.

∙ കാലറി കുറഞ്ഞ ഇലക്കറികളും പച്ചക്കറികളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. കിഴങ്ങുവർഗങ്ങളുടെ അളവു കുറയ്ക്കുക.

ADVERTISEMENT

∙ ഇൻസുലിന്റെ സജീവപ്രവർത്തനത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. എല്ലാ സമയത്തെ ആഹാരത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുക. ഒരു കൈപ്പിടി നട്സ് എല്ലാ ദിവസവും നടത്തം കഴിഞ്ഞ് കഴിക്കുന്നതു നല്ലതാണ്.

∙ വെള്ളം ധാരാളം കുടിക്കുക. മോരുംവെള്ളം, നെല്ലിക്ക ജൂസ് തുടങ്ങിയവ പ്രമേഹ നിയന്ത്രണത്തിനു നല്ലതാണ്.

∙ ഒരു ദിവസം മധുരം കുറഞ്ഞ നാരുകൾ ഉള്ള ഒരു പഴവർഗം കഴിക്കണം. ഉദാ. പേരയ്ക്ക. പാഷൻ ഫ്രൂട്ട്, ആപ്പിൾ, മുന്തിരി... അങ്ങനെ ഏതെങ്കിലും.

∙ അരിയാഹാരം കഴിക്കുന്നവർ കുത്തരി ഉപയോഗിക്കുക. ചപ്പാത്തിയാണെങ്കിൽ മുഴുഗോതമ്പു പൊടി (വീട്ടിൽ പൊടിച്ചത്) ഉപയോഗിക്കുക.

∙ ചെറു ധാന്യങ്ങൾ അഥവാ മില്ലറ്റ്സ് ( ഉദാ: റാഗി, തിന, ചാമ തുടങ്ങിയ പലതരത്തിലുള്ള ചെറുധാന്യങ്ങൾ) ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ധാന്യങ്ങൾ ആയാലും ഗോതമ്പ് ആയാലും അളവു കുറച്ചു കഴിക്കണം.

∙ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ കൊഴുപ്പു നീക്കിയ പാൽ, കൊഴുപ്പു നീക്കിയ മാംസം , മത്സ്യം, മുട്ട ഇവ ഡയറ്റിൽ എല്ലാ ദിവസവും ഉൾപ്പെടുത്തണം. മുഴുപ്രോട്ടീൻ ആയ മുട്ട ആഴ്ചയിൽ മൂന്നു നാലു ദിവസം കഴിക്കാം. മത്സ്യം , ഒമേഗാ 3 ഫാറ്റി ആസിഡ് നശിച്ചു പോകാത്ത വിധത്തിൽ കറി വച്ചു കഴിക്കുക.

∙ പയറുവർഗങ്ങൾ, പരിപ്പു വർഗങ്ങൾ, കടല ഇവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തണം. മുളപ്പിച്ച പയറു വർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.

∙ എല്ലാ ദിവസം നടപ്പ്, മറ്റു വ്യായാമങ്ങൾ ഇവ ചെയ്യുന്നതും വളരെ നല്ലതാണ്.

∙ ഉച്ചയ്ക്ക് ഊണുകഴിക്കുന്നതിനു മുൻപ് ചൂടു വെള്ളമോ, മോരോ കഴിച്ചാൽ കുറച്ചു വിശപ്പു മാറും. അതുകൊണ്ട് കുറച്ച് ചോറു കഴിച്ചാൽ മതി.

∙ പഞ്ചസാര, ഉപ്പ്, മൈദ ഇവ ആവശ്യമില്ലാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.

തയാറാക്കിയത്

സുജേതാ ഏബ്രഹാം

റിട്ട. ഡയറ്റീഷൻ

ഗവ. മെഡി. കോളജ്, കോട്ടയം

 

∙ കൃത്യസമയത്ത് തന്നെ ഡോക്ടർ നിർദേശിച്ചിരിക്കുന്ന മരുന്നുകൾ കഴിക്കണം.

ADVERTISEMENT