ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നത് അയഡിൻ
അഭാവത്തിനു കാരണമാകുമെന്നു കണ്ടു. ഇതു ശരിയാണോ?
ഹിമാലയൻ താഴ്‌വാരങ്ങളിൽ കാണുന്ന ഒരുതരം കല്ലുപ്പാണു ഹിമാലയൻ ഉപ്പ് അഥവാ പിങ്ക് സാൾട്ട്. കോപ്പർ, സിങ്ക്, മഗ്നീഷ്യം, കാത്സ്യം പോലുള്ള 80 ഒാളം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയതുകൊണ്ടു ഹിമാലയൻ ഉപ്പ് കൂടുതൽ ആരോഗ്യകരമാണെന്നാണ് അവകാശവാദം. സാധാരണ ഉപ്പിനേക്കാളും സോഡിയം കുറവാണെന്നതും അധികം സംസ്കരണമൊന്നും നടത്താത്തത് ആണെന്നും ഉള്ള ചില ആനുകൂല്യങ്ങളുമുണ്ട്.
പക്ഷേ, ഹിമാലയൻ ഉപ്പിലെ സൂക്ഷ്മമൂലകങ്ങൾ നമുക്കു ദൈനംദിനം വേണ്ടുന്ന അളവിന്റെ അടുത്തുപോലുമെത്തില്ല. അയഡിൻ ഇല്ലതാനും. മത്സ്യങ്ങളും കടൽ വിഭവങ്ങളുമാണ് അയഡിന്റെ പ്രധാന സ്രോതസ്സ്.
ഇങ്ങനെ നോക്കുമ്പോൾ ഹിമാലയൻ ഉപ്പു മാത്രം ഉപയോഗിക്കുന്ന, മീനും മറ്റു കടൽവിഭവങ്ങളും കഴിക്കാത്ത, സസ്യപ്രധാനമായ ഡയറ്റു പിന്തുടരുന്ന ആളുകളിൽ അയഡിൻ അഭാവത്തിനു സാധ്യതയുണ്ട്.
തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും തൈറോയ്ഡ് പ്രവർത്തനത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും അയഡിൻ ഒഴിച്ചുകൂടാനാകില്ല. ഇതിന്റെ അഭാവം തൊണ്ടമുഴ, മാനസിക വളർച്ചാ മുരടിപ്പ്, കുട്ടികളിൽ വളർച്ചാപ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ കാരണമാകാം. അയഡിൻ കുറവു കാരണമുള്ള ഇത്തരം പ്രശ്നങ്ങൾ ഭീമമായ തോതിൽ നേരിട്ടതു കൊണ്ടാണ് 1980 കളിൽ ഇന്ത്യയിൽ യൂനിവേഴ്സൽ സാൾട്ട് അയഡൈസേഷൻ പദ്ധതി കൊണ്ടുവന്നതു തന്നെ.
‘‘അയഡൈസ്ഡ് ഉപ്പിൽ 15-30 പിപിഎം അളവ് അയഡിൻ ഉണ്ട്. അയഡൈസ്ഡ് ഉപ്പ് അയഡിൻ അഭാവം തടയുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നുവെന്നതു തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. പ്രത്യേകിച്ചു മ ത്സ്യവും മറ്റു കടൽ വിഭവങ്ങളും പരിമിതമായി മാത്രം ലഭിക്കുന്ന മലമ്പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ കാര്യത്തിൽ. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അയഡൈസ്ഡ് ഉപ്പിനു പകരം ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല.’’പൊതുജനാ
രോഗ്യവിദഗ്ധൻ ഡോ. കെ. വിജയകുമാർ (തിരുവനന്തപുരം) പറയുന്നു.
അയഡിൻ അഭാവത്തിനു സാധ്യതയുള്ള ജനവിഭാഗങ്ങൾ തീർച്ചയായും അയഡിൻ ഉപ്പ് ഉപയോഗിക്കണം. അല്ലാത്തവർ, മറ്റ് ഉപ്പിനൊപ്പം പാചകത്തിൽ അയഡിൻ ഉപ്പു കൂടി ഉൾപ്പെടുത്തിയോ സപ്ലിമെന്റ് വഴിയോ അയഡിൻ ലഭ്യമാക്കാൻ ശ്രദ്ധിക്കണം.