Thursday 28 July 2022 11:56 AM IST : By ഡോ. ഗോപിക

പന്നിമാംസം കഴിക്കാമോ? മനുഷ്യരിലേക്കു പകരുമോ?: ആഫ്രിക്കൻ പന്നിപ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം

african-swine-fever-rtt

“സംസ്ഥാനത്ത് ആദ്യമായി വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു .പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു .” കഴിഞ്ഞ ഏതാനും ദിവസങ്ങളായി വയനാടും , കേരളമൊട്ടാകെയും കര്ഷകരയെയും , സാധാരണ ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കിയ വാർത്തയാണിത് . പക്ഷിപ്പനിയും , അത് ചെറുക്കാൻ അവയെ കൂട്ടത്തോടെ ശാസ്ത്രീയമായി നശിപ്പിക്കുന്നതും കണ്ടു ശീലിച്ച കേരളത്തിന് ഒരു പകർച്ചവ്യാധി നമ്മുടെ പൊതുജീവിതത്തെയും, സാമ്പത്തികരംഗത്തെയുo എത്രമേൽ ബാധിക്കുമെന്ന് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ? സ്ഥിതീകരിച്ചു നാലു ദിവസത്തിനകം ഏകദേശം മുന്നോറോളം പന്നികളെ കൊന്നൊടുക്കേണ്ടി വന്നു എന്ന കണക്ക് മാത്രം മതി നിയന്ത്രണം എത്രമേൽ കഠിനമാണെന്ന് മനസ്സിലാക്കാൻ. അവിടെയാണ് ആഫ്രിക്കൻ പന്നിപ്പനിയെ , അതിന്ടെ രോഗ വ്യാപ്തിയെ, ലക്ഷണങ്ങളെ, ശാസ്ത്രീയ പ്രതിരോധ മാർഗങ്ങളെ കൂടുതൽ അറിയേണ്ടതിന്റെ പ്രസക്തി.

രോഗകാരിയും രോഗവ്യാപനവും പിന്നെ മനുഷ്യനും

1920 -ഇൽ കെനിയയിൽ ആണ് ലോകത്താദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിക്കപ്പെട്ടത് .അതിതീവ്ര രോഗവ്യാപന ശേഷിയുള്ള , ബാധിച്ചാൽ 95 മുതൽ 100 ശതമാനം വരെ മരണ നിരക്കുള്ള , കൂടുതൽ സ്ഥിരതയുള്ള ഡി എൻ എ വൈറസ് , അസ്ഫാവയറിഡ ആണ് രോഗകാരി. കെനിയയിൽ തുടങ്ങിയെങ്കിലും പിന്നീട അങ്ങോട്ട് യൂറോപ്പിലും, അമേരിക്കയിലും, ഏഷ്യയിലും പടർന്നുകയറിയ ആഫ്രിക്കൻ പന്നിപ്പനി ഒടുവിൽ ചൈനയിലും , തുടർന്ന് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു . അങ്ങനെ മിസോറാം , ആസാം , മേഘാലയ , അരുണാചൽ പ്രേദേശ് ,മണിപ്പൂർ തുടങ്ങി അവസാനം ഇവിടെ കേരളത്തിന്റെ വടക്കേ അറ്റത്തും എത്തിയിരിക്കുന്നു .

ആഫ്രിക്കൻ പന്നിപ്പനി എന്ന പേരുപോലെ തന്നെ കാട്ടുപന്നികളും , വളർത്തു പന്നികൾക്കുമാണ് രോഗബാധയുണ്ടാകുന്നത് .നാളിതുവരെ മനുഷ്യനോ, മറ്റു മൃഗങ്ങൾക്കോ ഈ രോഗം സ്ഥിതീകരിച്ചതായി റിപ്പോർട്ടുകളില്ല .അതുകൊണ്ടു തന്നെ നമുക്കാശ്വസിക്കാം , ഈ പന്നിപ്പനി മനുഷ്യനെ ബാധിക്കില്ല. അതിനാൽ രോഗം ബാധിച്ച പന്നികളുമായുള്ള സമ്പർക്കമോ , പന്നിമാസം കഴിക്കുന്നതോ പ്രശ്നമല്ല. എങ്കിലും, രോഗം പടരുന്നതിന് മനുഷ്യൻ ഒരു പ്രധാന കാരണമാണ് . രോഗമുള്ള പന്നികളുമായുള്ള സമ്പർക്കത്തിലൂടെ നമ്മുടെ വസ്ത്രം, ചെരുപ്പ് എന്നിവയിൽ കയറിക്കൂടുന്ന വൈറസ് , ഇവ അണുവിമുക്തമാക്കാതെ മറ്റൊരു ഫാമിൽ സന്ദർശിക്കുന്ന പക്ഷം അവിടെയും രോഗവ്യാപനത്തിന് ഇടയാക്കുന്നു .രോഗബാധിതരായല്ല,രോഗവാഹകരായാണ് മനുഷ്യനിവിടെ മാറുന്നത് .

പകരുന്ന വിധം

പ്രധാനമായും നേരിട്ടോ , അല്ലാതെയോ രോഗബാധിതരായ പന്നികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ആഫ്രിക്കൻ പന്നിപ്പനി പടരുന്നത് .രോഗബാധിതരായ പന്നികളുടെ ശരീര സ്രവങ്ങൾ , മൂത്രം ,കാഷ്‌ഠം എന്നിവയാണ് പ്രധാന സ്രോതസ്സ് .പന്നിവളർത്തൽ ഇത്രമേൽ പ്രചാരം നേടാൻ കാരണം അവയുടെ ഫീഡ് കൺവെർഷൻ എഫിഷ്യൻസി അഥവാ നൽകുന്ന തീറ്റയെ മാംസമാക്കിമാറ്റാൻ കഴിയുന്ന വളർത്തുമൃഗങ്ങളിൽ ഒന്നാണെന്നതാണ് . അതുകൊണ്ടുതന്നെ പന്നികൃഷി ലോകത്തിലെ ഭക്ഷ്യ സുരക്ഷയിൽ തന്നെ പ്രധാന സ്ഥാനം വഹിക്കുന്നു. ഒട്ടുമിക്ക പന്നിഫാമുകളും തീറ്റയുടെ പ്രധാന മാർഗമായി കാണുന്നത് ഹോട്ടൽ - മാർക്കറ്റ് ഭക്ഷണാവശിഷ്ടങ്ങൾ അഥവാ സ്വിൽ ഫീഡിങ് രീതിയാണ് .രോഗബാധിത പന്നിമാംസം ശെരിയായി വേവിക്കാതെ ഉൾപ്പെടുത്തുന്നതും രോഗവ്യാപനത്തിനു കാരണമാകുന്നു. ഓർണിത്തോഡോർസ് വിഭാഗത്തിൽ പെടുന്ന അർഗാസിഡ് പട്ടുണ്ണികളാണ് മറ്റൊരു രോഗകാരി. ഇവയുടെ കടിയേൽക്കുന്നതിലൂടെ രോഗം ബാധിച്ച പന്നിയിൽ നിന്നും ആരോഗ്യമുള്ള മറ്റുള്ളവയിലേക്ക് രോഗം പകരുന്നു.

ഓർത്തിരിക്കാo ഈ ലക്ഷണങ്ങൾ

രോഗബാധയുണ്ടായാൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മൂന്നു മുതൽ പതിനഞ്ചു ദിവസം വരെ എടുക്കാം . പ്രധാനമായും അതിതീവ്രം , തീവ്രം,തീവ്രമല്ലാത്തത് ,ദീർഘകാലം നിലനിൽക്കുന്നത് എന്നീ രീതിയിൽ രോഗം കാണപ്പെടുന്നു .പെട്ടന്ന് പടരുകയും,രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുന്നേതന്നെ പന്നികൾ ചത്തൊടുങ്ങുന്നതുമാണ് അതിതീവ്ര ശേഷിയുള്ള ആഫ്രിക്കൻ പന്നിപനി . തീവ്ര രോഗബാധയിലാവട്ടെ കടുത്ത പനി , തീറ്റ മടുപ്പ് , കൂട്ടംചേർന്ന് മാറി നിൽക്കൽ ,രക്തം കലർന്ന കാഷ്ടം , ശ്വാസതടസ്സം , ശരീരഭാഗങ്ങളിൽ പ്രേത്യേകിച്ചു ചെവി, വാല്, നെഞ്ച്, വയറിനടി ഭാഗം എന്നീയിടങ്ങളിലെ ചുവന്ന നിറം എന്നിവയും കാണുന്നു .ചിലതിൽ കണ്ണിൽ നിന്നും മൂക്കിൽ നിന്നുമുള്ള പഴുപ്പ്, ഛർദി, വയറിളക്കം മുതൽ രക്താതിസാരം വരെയും പ്രകടമാണ്. ഒരാഴ്ച മുതൽ രണ്ട് ആഴ്ചക്കുള്ളിൽ മരണം സംഭവിക്കുന്നു. മരണനിരക്ക് 90 -100 ശതമാനവും ആണ് .അത്ര തന്നെ തീവ്രമല്ലാത്ത രോഗബാധയിൽ ലക്ഷണങ്ങൾ കുറേകൂടി ലഘുവായിരിക്കും. പനി, വിശപ്പില്ലായ്മ, ഗർഭം അലസൽ എന്നിവയാണ് ലക്ഷണങ്ങൾ. 15 - 45 ദിവസത്തിനുള്ളിൽ മരണവും , മരണ നിരക്ക് 30 -70 ശതമാനവുമാണ് . ദീഘകാലം നീണ്ടുനിൽക്കുന്ന രോഗബാധയിൽ 2 -3 ആഴ്ച നീണ്ടുനിക്കുന്ന താരതമ്യേന ചെറിയ പനി , ഗർഭം അലസൽ, തൊലിയിൽ വ്രണം , ചിരങ്ങ്, നീണ്ടുനിൽക്കുന്ന ശ്വാസതടസ്സം എന്നിവയും കണ്ടുവരുന്നു. മരണനിരക്ക് 30 % ത്തിൽ താഴെയുമായിരിക്കും .

രോഗത്തിന്റെ പ്രസക്തിയും,പ്രത്യാഘാതങ്ങളും

പടർന്നു പിടിച്ച സ്ഥലങ്ങളിലെല്ലാം 100 % വ്യാപനശേഷിയും , മരണനിരക്കും, ആദ്യ റിപ്പോർട്ടിന് ശേഷം നൂറുവർഷം പിന്നിട്ടിട്ടും ഫലപ്രദമായ മരുന്നോ, പ്രതിരോധ വാക്‌സിനോ ലഭ്യമല്ല എന്നതും ആഫ്രിക്കൻ പന്നിപ്പനിയെ ഭീകരമാക്കുന്നു . ഇന്ത്യയിലെ അരുണാചൽ പ്രേദേശിൽ ആരംഭിച്ച് പിന്നീട് സ്ഥിതീകരിച്ച മൂന്നു മാസം കൊണ്ട് ഒമ്പതിനായിരം പന്നികളെ കൊന്നൊടുക്കിയതും , ഒടുവിൽ നാല് ജില്ലകളെ കണ്ടൈൻറ്മെൻറ് സോണായി പ്രഖ്യാപിക്കേണ്ടിവന്നതും മിസോറാമിലാണ് .

2021 വരെ ഇന്ത്യയിൽ മരണപ്പെടുകയോ, കൊന്നൊടുക്കപ്പെടുകയോ ചെയ്ത പന്നികളുടെ എണ്ണം അമ്പതിനാലായിരത്തിനോടടുത്താണ്. അത് ഇന്ത്യക്ക് സമ്മാനിച്ചതാകട്ടെ ഏകദേശം 2760 കോടി രൂപയോളം നഷ്ടവും. കോവിഡ് മഹാമാരിയിൽ നിന്ന് കരകയറാൻ കഷ്ട്ടപ്പെടുന്ന കേരളത്തിന്റെ സാമ്പത്തിക പരാധീനതയിലേക്കാണ് ,ഏകദേശം ഒരു ലക്ഷത്തോളം വളർത്തുപന്നികളുള്ള ഇവിടേക്ക് ആഫ്രിക്കൻ പന്നിപ്പനി കടന്ന് വന്നിരിക്കുന്നത്.അതുകൊണ്ടുതന്നെ ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ നമുക്ക് അത്രമേൽ പ്രധാനമാണ് .

പ്രതിരോധമാണ് പോംവഴി

പ്രതിരോധത്തെക്കാൾ മികച്ച മരുന്നില്ല എന്ന അറിവിൽ നിന്നാകണം ഈ തീവ്ര വ്യാപനത്തെ പിടിച്ചുനിർത്തേണ്ടത് .രോഗ നിയന്ത്രണത്തിൽ മുഖ്യമായത് രോഗബാധയുള്ള പന്നികളെയും , അവയുമായി സമ്പർക്കമുള്ള മറ്റു പന്നികളെയും ഉറവിടത്തിൽ തന്നെ ദ്രുതഗതിയിൽ കൊന്നുകളയുകയും, ശാസ്ത്രീയമായി സംസ്കരിക്കുകയുമാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിൽ കൂടി രോഗബാധയുള്ള ഒരു ഫാമിലെ മറ്റു പന്നികൾക്കും രോഗമുണ്ടാകാമെന്നുo , അവ രോഗവാഹകരായി പ്രവർത്തിക്കുമെന്നും അങ്ങനെ രോഗവ്യാപനം ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവാണ് കർഷക സുഹൃത്തുകൾക്ക് ആദ്യം നൽകേണ്ടത്. രോഗവ്യാപന മാർഗങ്ങൾ നിരവധിയായത് കൊണ്ടുതന്നെ സ്ഥിതീകരിച്ചാൽ ഫാമിൽ വെച്ച് തന്നെ അതിൻ്റെ വ്യാപന ശേഷി നശിപ്പിക്കാൻ കൂട്ടത്തോടെ പന്നികളെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പ്രധിവിധിയില്ല. മറിച്ചായാൽ അത് പന്നിഫാമുകളുടെ അന്ധകനായിത്തീരും എന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെയാണ് ഈ സാഹചര്യത്തിൽ കേരളത്തിൽ പന്നി, പന്നിമാസം, മറ്റു ഉപോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയും , ഇറക്കുമതിയും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടത്.

രോഗം വരാതിരിക്കാൻ പന്നിഫാമിൽ കർഷകർ ശ്രെദ്ധിക്കേണ്ടത്

പുതിയതായി ഫാമിലേക്ക് കഴിവതും പന്നികളെ കൊണ്ട് വരാതിരിക്കുക . അഥവാ പുതിയ സ്റ്റോക്കിനെ എടുക്കുന്ന പക്ഷം 30-45 ദിവസം മാറ്റിപാർപ്പിച്ചശേഷം , രോഗലലക്ഷണo ഇല്ല എന്ന ഉറപ്പ് വരുത്തിമാത്രം , ഫാമിലെ മറ്റു മൃഗങ്ങളുമായി സമ്പർക്കം അനുവദിക്കുക.

വിശ്വാസ്യതയുള്ള സ്രോതസ്സുകളിൽ നിന്ന് മാത്രം പുതിയ പന്നികളെയും ,തീറ്റയും, ഫാം ഉപകരണങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ വാങ്ങുക

ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ വിധേയമാകുന്ന വരെ ഫാമിലെ തൊഴിലാളികൾ കഴിവതും പുറം ലോകവും ആയും , മറ്റ് പന്നിഫാമുകളുമായും നിർബന്ധമായും സമ്പർക്കo പാടില്ല .

ഫാമിലേക്ക് സന്ദർശ്ശകരെയോ , വാഹങ്ങളോ അനുവദിക്കാതിരിക്കുക. പുറത്തു നിന്ന് വരുന്ന വാഹനത്തിന്റെ ചക്രവും , വ്യക്തികളുടെ ചെരുപ്പും 2 % കോസ്റ്റിക് സോഡ, 3 % ബ്ലീച്ചിങ് പൌഡർ , 4 % അലക്കുകാരം ( സോഡിയം കാര്ബോണേറ്റ് ) അല്ലെങ്കിൽ 3 :1000 അളവിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിലോ മുക്കി അണു വിമുക്തമാക്കണം

തൊഴിലാളികൾക്ക് ഫാമിലുപയോഗിക്കാൻ പ്രത്യകo ബൂട്ടും,വസ്ത്രവും നൽകുക. ഫാമിൽ കയറുമ്പോഴും , ഇറങ്ങുമ്പോഴും കൈകൾ സോയ്പ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയായി കഴുകുക.

ഒരിക്കൽ വിറ്റ് ഒഴുവാക്കിയ പന്നികളെ വീണ്ടും ഫാമിനുള്ളിൽ പ്രവേശിപ്പിക്കരുത് .

രോഗബാധയേറ്റ പന്നിമാംസം കൃത്യമായിവേവിക്കാതെ തീറ്റയിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഫാമിലും രോഗബാധക്ക് ഇടയാക്കും. അതിനാൽ സ്വിൽ ഫീഡിങ് ഒഴിവാക്കുക. അല്ലാത്ത പക്ഷം 30 മിനിട്ട് കൃത്യമായി വേവിച്ച ശേഷം മാത്രം ഭക്ഷണാവശിഷ്ടങ്ങൾ തീറ്റയായി നൽകുക.

കൃത്യമായ വിരയിളക്കലും, ആഹാരത്തിൽ ധാതുലാവണങ്ങൾ ഉൾപ്പെടുത്തുകയും വേണം

പട്ടുണ്ണി നശീകരണത്തിനായി കീടനിയന്ത്രണ ലായനികൾ ഫലപ്രദമായി ഉപയോഗിക്കുക.

ഫാമിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി കുഴികളിൽ സംസ്കരിക്കുക .

കാട്ടുപന്നികൾ , വന്യമൃഗങ്ങൾ ,എന്നിവയുമായുള്ള സമ്പർക്കം തടയുന്നതിന് വൈദ്യുതവേലികൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക.

കാക്ക ഉൾപ്പെടെയുള്ള പക്ഷികൾ, മറ്റു മൃഗങ്ങൾ എന്നിവ രോഗബാധയേറ്റ പന്നികളുടെ മൃതാവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും കൊണ്ടുവന്നിടാൻ ഇടയുണ്ട്. ഇത് പരമാവധി തടയുകയും , കണ്ടാൽ യഥാസമയം നീക്കം ചെയ്യുകയറും, ഫാമും പരിസരവും വ്രിത്തിയായി സൂക്ഷിക്കുകയും വേണം.

മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ കാണുന്ന പന്നികളെ മാറ്റിപാർപ്പിക്കുകയും, അടുത്തുള്ള വെറ്റിനറി ഡോക്ടറെ വിവരം അറിയിക്കുകയും ചെയ്യുക .

തീവ്രവ്യാപന ശേഷിയുള്ള ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ സ്ഥിതീകരിച്ചതോടെ അതിൻ്റെ കൂടുതൽ പ്രഹരം തടയാനുള്ള കൂട്ടുത്തരവാദിത്വത്തിലേക്കാണ് നാമോരോരുത്തരും ഇന്ന് എത്തിയിരിക്കുന്നത് . പടർന്നുപിടിച്ചാൽ മറ്റൊന്നും ചെയ്യാനില്ലാത്ത ദുരവസ്ഥ ഒഴിവാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാം . കൃത്യമായ അവബോധത്തിലൂടെ , പ്രതിരോധത്തിലൂടെ , ഈ പ്രതിസന്ധിയും നമുക്ക് അതി ജീവിക്കാനാകും. ആശങ്കയല്ല , ശാസ്ത്രീയമായ അറിവും , ബോധവത്കരണവുമാണ് ഇവിടെ ആവശ്യം. മുൻകരുതലിലൂടെ , നിയന്ത്രണത്തിലൂടെ, ജാഗ്രതയിലൂടെ, കൂട്ടായ പരിശ്രമത്തിലൂടെ ആഫ്രിക്കൻ പന്നിപ്പനിയെ കേരളത്തിൽ നിന്ന് തുടച്ചു നീക്കാൻ നമുക്ക് സാധിക്കും .

പന്നിപ്പനിയും ആഫ്രിക്കൻ സ്വൈൻ ഫീവറും ഒന്നല്ല

സ്വൈൻഫ്ളൂ വൈറസ് മൂലം ഇൻഫ്ളുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാകുന്നതാണ് പന്നിപ്പനി അഥവാ സ്വൈൻഫ്ളൂ. പ്രധാനമായും പന്നികളെ ബാധിക്കുന്ന രോഗമാണെങ്കിലും ചില സാഹചര്യങ്ങളിൽ മനുഷ്യരെ ഈ വൈറസിന്റെ വകഭേദങ്ങൾ ബാധിക്കാറുണ്ട്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാം. വൈറസ് വകഭേദം ബാധിച്ചവരിൽ പനി, ക്ഷീണം,, വിശപ്പു കുറവ്, മൂക്കൊലിപ്പ് പോലെ സാധാരണ ഇൻഫ്ളുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കാണാറ്. മരണനിരക്കിന്റെ കാര്യത്തിലും രോഗലക്ഷണങ്ങളുടെ തീവ്രതയിലും പന്നിപ്പനി അപകടകാരിയല്ല. പന്നിമാംസം കഴിക്കുന്നതുകൊണ്ട് ഈ രോഗം വരുമെന്ന ധാരണയിൽ സത്യമില്ല. വൃത്തിയായി കൈകാര്യം ചെയ്ത്, ശരിയായി പാചകം ചെയ്ത പന്നിമാംസം കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല.

ആഫ്രിക്കൻ പന്നിപ്പനി കാട്ടുപന്നികളും , വളർത്തു പന്നികൾക്കുമാണ് രോഗബാധയുണ്ടാകുന്നത് .നാളിതുവരെ മനുഷ്യനോ, മറ്റു മൃഗങ്ങൾക്കോ ഈ രോഗം സ്ഥിതീകരിച്ചതായി റിപ്പോർട്ടുകളില്ല പന്നിമാസം കഴിക്കുന്നതിലും പ്രശ്നമല്ല. എങ്കിലും, രോഗം പടരുന്നതിന് മനുഷ്യൻ ഒരു പ്രധാന കാരണമാണ് . രോഗമുള്ള പന്നികളുമായുള്ള സമ്പർക്കത്തിലൂടെ നമ്മുടെ വസ്ത്രം, ചെരുപ്പ് എന്നിവയിൽ കയറിക്കൂടുന്ന വൈറസ് , ഇവ അണുവിമുക്തമാക്കാതെ മറ്റൊരു ഫാമിൽ സന്ദർശിക്കുന്ന പക്ഷം അവിടെയും രോഗവ്യാപനത്തിന് ഇടയാക്കുന്നു.

ഡോ. ഗോപിക ഗോപാലകൃഷ്ണൻ

പ്രിവന്റീവ് മെഡിസിൻ ഡിപ്പാർട്ട്മെന്റ്

വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്

Tags:
  • Daily Life
  • Manorama Arogyam