Thursday 26 October 2023 05:14 PM IST : By സ്വന്തം ലേഖകൻ

കഷായവും പൊടികളും ദീർഘകാലം സൂക്ഷിക്കാനാകില്ല; തൈലങ്ങൾ ചെറുകുപ്പികളിലാക്കി വയ്‌ക്കാം: ആയുർവേദമരുന്നുകൾ സൂക്ഷിക്കേണ്ടത് ഇങ്ങനെ...

ayur565

ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നായി കണക്കാക്കപ്പെടുന്നതാണ് ആയുർവേദ മരുന്നുകൾ. ആയുർവേദ മരുന്നുകൾ സംബന്ധിച്ച് സാധാരണക്കാർക്ക് ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം. അത്തരം ചില ചോദ്യങ്ങൾക്കുള്ള വിശദമായ മറുപടി വായിക്കാം.

1. ആയുർവേദ ഔഷധങ്ങൾ വീട്ടിൽ സൂക്ഷിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

പ്രധാനമായും സൂക്ഷിക്കുന്ന ഔഷധങ്ങൾക്ക് ഗുണഹാനി സംഭവിക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം. ഗുളികകൾ വായു കടക്കാത്ത ഡപ്പികളിലാക്കി ലേബൽ ചെയ്തു സൂക്ഷിക്കണം. ഈർപ്പവും തണുപ്പുമടിക്കുന്നതും കീടങ്ങൾ ആക്രമിക്കാത്തതുമായ സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. കഷായങ്ങൾ, പൊടികൾ തുടങ്ങിയവ ദീർഘകാലം സൂക്ഷിക്കാൻ കഴിയില്ല. അരിഷ്ടാസവങ്ങളും ഘൃതങ്ങളും ഒന്നും പെട്ടെന്ന് ഗുണഹാനി സംഭവിക്കയില്ല. തൈലങ്ങൾ വലിയ കുപ്പികളിൽ നിന്ന് ഉപയോഗിക്കാനായി ചെറിയ കുപ്പികളിൽ പകർന്ന് സൂക്ഷിക്കണം. കുപ്പിയുടെ വക്കിൽ കയ്യിലെ ഈർപ്പം കലരാതിരിക്കാൻ ശ്രദ്ധിക്കുക.

വളരെ അത്യാവശ്യത്തിന് മാത്രമുള്ള ഔഷധങ്ങൾ ചെറിയ അളവിൽ വീട്ടിൽ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം.

2. ആയുർവേദ മരുന്നുകളുടെ എക്സപയറി ഡേറ്റ് എങ്ങനെയാണ് നിശ്ചയിക്കുന്നത്?

ഔഷധ കല്പനകളുടെ ലക്ഷ്യങ്ങളിൽ സർവപ്രധാനമായത് ഔഷധവീര്യം ആഗിരണം ചെയ്തെടുക്കുക എന്നതാണല്ലോ. ആധുനികശാസ്ത്ര സഹായത്തോടെ ഈ പ്രക്രിയ കൂടുതൽ നന്നായി ചെയ്യുന്ന മറ്റ് ഉപാധികൾ ഇന്ന് ആയുർവേദ ഔഷധനിർമണരീതികളിലും ഉപയോഗപ്പെടുത്താറുണ്ട്. ആധുനിക രസതന്ത്രത്തിൽ പല വിധത്തിലുള്ള എക്സ്ട്രാക്ഷൻ (Extraction) രീതികൾ നിർദേശിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ഔഷധവീര്യം സ്വാംശീകരിക്കുന്ന അസംസ്കൃതപദാർത്ഥങ്ങളിലെ ഘടകങ്ങളെ തിരിച്ചറിയുന്നതിനും അവയുടെ എല്ലാവിധ സ്വഭാവവിശേഷങ്ങളും തിരിച്ചറിയാനും അളന്ന് തിട്ടപ്പെടുത്തുന്നതിനുമുള്ള നിരവധി ഉപായങ്ങൾ ശാസ്ത്രങ്ങളിൽ വിവരിക്കുന്നുണ്ട്. ഈ ഉപായങ്ങളുെട സഹായത്താൽ മരുന്നിന്റെ ഗുണമേന്മ, എക്സ്പയറി തീയതി എന്നിവയിലും കൃത്യതയോടെ കാര്യങ്ങൾ ഗുണകരമാക്കിയെടുക്കാനും ക്രമേണ ചികിത്സയിൽ തന്നെയും പ്രതീക്ഷാനിർഭരമായ ഫലപ്രാപ്തി കണ്ടെത്താനും സാഹചര്യമൊരുക്കും.

3. സുഗന്ധവ്യജ്ഞനങ്ങൾ ഔഷധമായി ഉപയോഗിക്കാറുണ്ടോ?

ആഹാരശീലം നമ്മുടെ ഔഷധോപയോഗ വ്യവസ്ഥയെപ്പോലും വളരെ പ്രകടമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ അതൊരു സത്യം മാത്രമാണ്. ഔഷധങ്ങളായി നാം പണ്ടുകാലം മുതൽ ഉപയോഗിച്ചു പോരുന്ന ചുക്ക്, കുരുമുളക്, ഏലയ്ക്കാ, തക്കോലം തുടങ്ങിയിട്ടുള്ള പല ഔഷധ ദ്രവ്യങ്ങളും മസാലകളിലൂടെ ഇന്നത്തെ ഭക്ഷണ പദാർത്ഥങ്ങളിലെ നിത്യ സാധനങ്ങളായിത്തീർന്നിരിക്കുന്നു. ഇവിടെയാണ് ആയുർവേദ ചികിത്സയിൽ നിർദേശിക്കപ്പെടുന്ന ‘പഥ്യാപചരണം’ എന്ന ഘടകം കൂടുതൽ പ്രസക്തമായിത്തീരുന്നത്. ആഹാര ഔഷധവ്യവസ്ഥകൾ എപ്രകാരം കൂടുതൽ നന്നായി സംയോജിപ്പിക്കാമെന്ന് സുവ്യക്തമായ ഒരു കാഴ്ചപ്പാട് പഥ്യം നൽകുന്നുണ്ട്.

സത്യത്തിൽ നമ്മുടെ ആരോഗ്യത്തിന്റെ പ്രഭവ സ്ഥാനം അടുക്കള തന്നെയാണെന്നതിന് രണ്ടു പക്ഷമില്ല. ഭക്ഷണ നിർമാണ ആവശ്യങ്ങൾക്കായി അടുക്കളയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കടുക് മുതൽ കറിവേപ്പില വരേയുള്ള വസ്തുക്കളിൽ ഔഷധമല്ലാത്തതായി ഒന്നും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെയാണ് പല രോഗങ്ങളും നമ്മളെ സ്പർശിക്കപോലും ചെയ്യാതെ കടന്നു പോകുന്നതും. ഒരു കണക്കിന് പറഞ്ഞാൽ ഭക്ഷണവും ഔഷധങ്ങളും പരസ്പര പൂരകങ്ങൾ ആയിരിക്കണമെന്ന പ്രകൃതി ശാസ്ത്ര വിദഗ്ധന്മാരുടെ കാഴ്ചപ്പാട് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.

4. ലവണ പഞ്ചകം എന്നാൽ എന്താണ്?

ഇന്ദുപ്പിനെ ‘ഏകലവണം’ എന്നും ഇന്ദുപ്പും തുവർച്ചലിയുപ്പും ചേർന്നത് ‘വിലവണം’ ഇന്ദുപ്പും തുവർച്ചലിയുപ്പും വിളയുപ്പും കൂടി ചേർന്നാൽ ത്രിലവണം, ഇന്ദുപ്പും, തുവർച്ചലിയുപ്പും, വിളയുപ്പും കടലുപ്പും, വേരുപ്പും കൂടിയതിനെ പ‍ഞ്ചലവണം അല്ലെങ്കിൽ ‘‘ലവണ പഞ്ചകം’’ എന്ന് വിളിക്കും. ഈ അഞ്ചുപ്പുകളിൽ പ്രാധാന്യം ഇന്ദുപ്പിനാണ്. ഇന്ന് ഉപ്പ് ചേർക്കണം എന്നു പ്രത്യേകിച്ച് പറയാത്ത ഇടങ്ങളിലെല്ലാം ഇന്ദുപ്പാണ് ചേർക്കാൻ വിധി. ഈ ലവണപഞ്ചകം മധുരവും മലമൂത്രാദികളെ തടസ്സം കൂടാതെ വിസർജ്ജിക്കുന്നതും സ്നിഗ്ധവും സ്രോതസ്സുകളിൽ പ്രവേശിക്കുന്നതും ബലത്തെ നശിപ്പിക്കുന്നതും ഉഷ്ണവീര്യവും ദീപനവും തീഷ്ണ ഗുണമുള്ളതും കഫത്തേയും പിത്തത്തേയും വർധിപ്പിക്കുന്നതും ആകുന്നു.

5. പഞ്ചഗവ്യം എന്നാൽ എന്തെല്ലാം ചേരുന്നതാണ്? ഏതെല്ലാം മരുന്നു തയാറാക്കാനാണിത് ഉപയോഗിക്കുന്നത്?

പശുവിൻ പാൽ, പശുവിൻ നെയ്യ്, തൈര്, പശുവിൻ മൂത്രം, ചാണകം ഇത്രയും കൂടി ചേർന്നാൽ പഞ്ചഗവ്യം എന്നു പേര്. പഞ്ചഗവ്യം ഔഷധമായി ഉപയോഗിക്കാം. പഞ്ചഗവ്യഘൃതം ഔഷധമാണ്. മണ്ണിനെ പുനരുജ്ജീവിപ്പിക്കാൻ പഞ്ചഗവ്യം ഉപയോഗിക്കുന്നു. നെല്ല്, തെങ്ങ്, വാഴ എന്നിവയ്ക്കു പഞ്ചഗവ്യം പത്തു മടങ്ങ് ജലം ചേർത്ത് ഉപയോഗിക്കുക. അസറ്റോബാക്ടർ ഫോസ്ഫോബാക്ടീരിയ, നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കാണപ്പെടുന്നു.

6. ഭക്ഷ്യവസ്തുക്കൾ മഞ്ഞൾ, ഇഞ്ചി പോലുള്ളവ ആയുർവേദ മരുന്നുകളായി ഉപയോഗിക്കാറുണ്ടോ? ഏതെല്ലാം?

 മഞ്ഞൾ വിഷഹരമായ ഔഷധമാണെന്നും ഇഞ്ചി അഗ്നി ദീപ്തിയെ ജനിപ്പിക്കുന്ന ഔഷധമാണെന്നും എല്ലാവർക്കും അറിയാം. മിക്കവാറും എല്ലാ ഔഷധങ്ങളിലും ഇവ ചേരുന്നുണ്ട്. ‘ചുക്കില്ലാത്ത കഷായം ഇല്ലെന്ന്’ പറയും പോലെ.

ആർദ്രകാസവത്തിൽ ഇഞ്ചി ചേരും

ആർദ്രകം = ഇഞ്ചി.

ഹരിദ്രാഘണ്ഡത്തിൽ മഞ്ഞളും ചേരും

ഹരിദ്ര = മഞ്ഞൾ.

അതുപോലം അനേകം ഔഷധങ്ങളിൽ ഇവ രണ്ടും ചേരും. നാൽപ്പാമരാദി തൈലത്തിൽ മഞ്ഞൾ പ്രധാന ഘടകമാണ്. ഇഞ്ചി മഞ്ഞളാദി കഷായം തന്നെ ഉണ്ട്.

തയാറാക്കിയത്

ഡോ. എം.എൻ. ശശിധരൻ

അപ്പാവു വൈദ്യൻ ആയുർവേദിക് മെഡിക്കൽസ്, കോട്ടയം

Tags:
  • Manorama Arogyam