Wednesday 06 July 2022 04:58 PM IST

‘വാക്സീൻ കിട്ടാതെ ഒരാളും മടങ്ങിപ്പോകല്ലേ എന്നായിരുന്നു എന്റെ പ്രാർഥന’: ദേശീയ അംഗീകാരത്തിന്റെ നിറവിൽ ഭവാനി സിസ്റ്റർ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

bhavani-sister

ഒരു സൗമ്യസാന്നിധ്യമാണ് ടി. ഭവാനി എന്ന ഭവാനി സിസ്‌റ്റർ. ചെറുപുഞ്ചിരിയും നിറയെ അലിവുള്ളൊരു മനസ്സും എന്ന് അടയാളപ്പെടുത്തുമ്പോൾ അതു ഭവാനി സിസ്‌റ്ററുടെ ജീവിതമാകുന്നു. അതു കൊണ്ടു തന്നെ ആതുര സേവനത്തോളം ആനന്ദം നൽകുന്നതൊന്നും ഭവാനി സിസ്റ്റർക്കു ജീവിതത്തിലില്ല. നഴ്സിങ് എന്ന കർമമേഖലയെ അത്രയേറെ നെഞ്ചോടു ചേർത്തുപിടിക്കുന്നു ഈ അൻപത്തിനാലുകാരി.

ആതുരസേവനത്തിൽ ചരിതാർഥമായ മുപ്പത്തിമൂന്നുവർഷങ്ങൾ ഭവാനി സിസ്‌റ്റർ പൂർത്തിയാക്കുമ്പോൾ കാ ലം അവർക്കായി കാത്തു വച്ചത് ഇന്ത്യയിലെ ഏറ്റവും മികച്ച കോവിഡ് വാക്സിനേറ്റർമാരിലൊരാൾ എന്ന അംഗീകാരമായിരുന്നു. 89, 318 ഡോസ് വാക്സീനാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത് നഴ്സായ ഭവാനി സിസ്‌റ്റർ നൽകിയത്. ദേശീയ അംഗീകാരത്തിലൂടെ ഭവാനി സിസ്‌റ്ററെ ലോകമറിഞ്ഞപ്പോൾ അവർക്കൊപ്പം പയ്യന്നൂർ താലൂക്ക് ആശുപത്രിയും സാഭിമാനം ചരിത്രത്തിലേക്കു നടന്നു കയറി.

ഹൃദയപൂർവം പ്രതിരോധവഴിയിൽ

‘‘ 2021 ജനുവരി 18–ാം തീയതി മുതലാണ് പയ്യന്നൂർ താലൂ ക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചത്. അന്നു മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ വാക്സിനേഷൻ നൽകിയിരുന്നു. രാവിലെ ഒൻപതു മുതൽ വൈകിട്ട് മൂന്നു മണി വരെയായിരുന്നു വാക്സിനേഷൻ സമയം’’ – ഭവാനി സിസ്‌റ്റർ പറയുന്നു.

ഈ കാലത്ത് പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ ഏറെ ശ്രദ്ധേയമായ ഒരു മെഗാ വാക്സിനേഷൻ ക്യാംപ് നടത്തിയിരുന്നു. ക്യാംപ് അവസാനിച്ചപ്പോൾ ഭവാനി സിസ്‌റ്ററുടെ അർപ്പണമനോഭാവവും പ്രവർത്തനമികവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതു കൂടാതെ മറ്റു ചില കേന്ദ്രങ്ങളിലും ഭവാനി സിസ്‌റ്ററും ടീമും വാക്സിനേഷൻ നൽകിയിരുന്നു. 314 വാക്സിനേഷൻ ക്യാംപുകളിലൂടെയാണ് ഭവാനി സിസ്‌റ്റർ ഈ സ്വപ്‌ന നേട്ടത്തിലെത്തിയത്. കണ്ണൂർ ജില്ലയിൽ സമ്പൂർണവാക്സിനേഷൻ പൂർത്തിയാക്കിയ ആദ്യ നഗരസഭ എന്ന പൊൻതൂവൽ പയ്യന്നൂർ നഗരസഭയ്ക്കു സ്വന്തമാകുന്നതും അങ്ങനെയാണ്.

‘‘ വാക്സിനേഷൻ കാലത്ത് വലിയ ജനത്തിരക്കുണ്ടായിരുന്ന സമയങ്ങളുണ്ടായിരുന്നു. വാക്സീന്റെ ലഭ്യതക്കുറവുമുണ്ടായിരുന്നു.വാക്സീൻ കൊടുത്തു തീർക്കാനാകുമോ എന്നു പോലും ആശങ്ക തോന്നിയ നിമിഷങ്ങൾ ’’ – ഭവാനി സിസ്‌റ്റർ ഒാർമകളിലേ‌ക്കു മടങ്ങുന്നു.

രാത്രി ഏഴുമണി വരെ വാക്സീൻ നൽകിയ ദിവസങ്ങളുണ്ട്. കോവിഷീൽഡ് വാക്സീനാണ് കൂടുതലായും നൽകിയത്.വാക്സീന്റെ ലഭ്യതയനുസരിച്ചു കോവിഷീൽഡും കോവാക്സീനും മാറി മാറി നൽകിയിരുന്നു. ലോക്ഡൗൺ കാലത്തൊക്കെ വാക്സിനേഷൻ കഴിയുമ്പോൾ നീലേശ്വരത്തെ വീട്ടിലെത്താൻ ഏറെ വൈകും. അന്ന് ഭർത്താവ് വന്നു കാത്തിരുന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു’’ – ഭവാനി സിസ്‌റ്റർ പറയുന്നു.

‘‘ എനിക്ക് ആദ്യഡോസ് വാക്സീൻ നൽകിയത് നോഡൽ ഒാഫിസർ ഡോ. സുനിതാ മേനോൻ ആയിരുന്നു.രണ്ടാംഡോസ് നൽകിയത് അജിത സിസ്‌റ്ററാണ്. ബൂസ്‌റ്റർ ഡോസ് നൽകിയത് ശ്യാമള സിസ്‌റ്ററും... ’’ ഭവാനി സിസ്റ്റർ സ്വന്തം വാക്സിനേഷൻ അനുഭവങ്ങളും പങ്കു വയ്ക്കുന്നു.

കോവി‍ഡ് കാലത്ത് എല്ലാവർക്കും വാക്സീൻ നൽകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വാക്സീൻ കിട്ടാതെ ഒരാളും മടങ്ങിപ്പോകാനിടയാകരുതേ എന്നായിരുന്നു എപ്പോഴും എന്റെ പ്രാർഥന. മുനിസിപ്പൽ ചെയർപേഴ്സൻ ഉൾപ്പടെ നിരവധി പേർക്കു വാക്സിനേഷൻ നൽകി ’’ – ഭവാനി സിസ്‌റ്റർ കൂട്ടിച്ചേർക്കുന്നു. കോവിഡുമായുള്ള പോരാട്ടകാലത്ത് ഭവാനി സിസ്‌‌റ്ററെ കോവിഡ് ബാധിച്ചില്ല എന്നതു മറ്റൊരു കൗതുകമായി.

മനസ്സു നിറഞ്ഞ നിമിഷങ്ങൾ

‘‘ദേശീയ അംഗീകാരത്തേക്കുറിച്ചു പെട്ടെന്നാണ് അറിയുന്നത്. അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. കണ്ണൂരിൽ നിന്ന് ഫ്ലൈറ്റിൽ ഡൽഹിയിലേക്കുള്ള യാത്രയും നല്ലൊരു അനുഭവമായിരുന്നു. കൂടെ വന്നത് എന്റെ സഹപ്രവർത്തകയാണ്. രാജ്യത്തിന്റെ അംഗീകാരം ഏറ്റു വാങ്ങിയ ആ നിമിഷം എത്ര സന്തോഷമായന്നോ. തിരികെ വന്നപ്പോൾ ഹോസ്പിറ്റലിൽ നിന്നും നല്ല സ്വീകരണം ലഭിച്ചു– ഭവാനി സിസ്‌റ്റർ പറയുന്നു.

bhavani-1 ഭവാനി സിസ്‌‌റ്റർ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും ദേശീയ പുരസ്കാരം സ്വീകരിക്കുന്നു

ദേശീയ അംഗീകാരത്തിനുശേഷം ജീവിതം മാറിപ്പോയെന്നാണ് ഭവാനി സിസ്‌റ്ററിനു പറയാനുള്ളത്.‘‘ ഒരുപാടു സന്തോഷമുണ്ട്. ഇപ്പോൾ യാത്രയ്ക്കിടെ പലരും വന്നു ചോദിക്കും. നിങ്ങൾക്കാണോ പുരസ്കാരം കിട്ടിയത് എന്ന്. ഇതേക്കുറിച്ച് ഒന്നോ രണ്ടോ പേരെങ്കിലും ചോദിക്കാത്ത ഒരു ദിവസവുമില്ല എന്നുതന്നെ പറയാം. ഒട്ടേറെപ്പേർ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നുണ്ട് ’’– ഭവാനി സിസ്‌റ്ററുടെ വാക്കുകളിൽ അഭിമാനം നിറയുന്നു.

‘‘ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പോസ്‌റ്റ് പാർട്ടം യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഭവാനി സിസ്‌റ്ററുടെ സേവനം വളരെ മികച്ചതായിരുന്നു. കോവിഡ് കാലത്തിന്റെ പരിമിതികൾക്കിടയിൽ നീലേശ്വരം മുതൽ പയ്യന്നൂർ വരെ യാത്ര ചെയ്ത് ലീവ് പോലും എടുക്കാതെ ഭവാനി സിസ്‌റ്റർ ജോലി ചെയ്തിട്ടുണ്ട് ’’– പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പോസ്‌റ്റ് പാർട്ടം യൂണിറ്റിന്റെ മെഡിക്കൽ ഒാഫിസർ ഇൻ ചാർജായ ഡോ. സുനിതാ മേനോൻ ഭവാനി സിസ്‌‌റ്ററെക്കുറിച്ചു പറയുന്നു.

കൂടെ നിൽക്കും കുടുംബം

നീലേശ്വരം ബങ്കളം സ്വദേശിനിയായ ഭവാനി സിസ്‌റ്ററുടെ ഭർത്താവ് പി.വി.കുമാരൻ റിട്ട.ഹെഡ്മാസ്‌റ്ററാണ്. രണ്ടു മ ക്കൾ. മൂത്ത മകൾ ആവണി അമ്മയുടെ പാതയാണു പിന്തുടരുന്നത്. ബി എസ് സി നഴ്സിങ് പഠനം കഴിഞ്ഞു ചെന്നൈയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അക്ഷര ബി എ‍ഡ് പഠനം പൂർത്തിയാക്കി.

‘‘എന്റെ ജോലിക്കാര്യത്തിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. ഭർത്താവും മക്കളും തന്ന പിന്തുണയും കരുത്തുമാണ് എന്നെ ഈ പുരസ്ക്കാരത്തിനർഹയാക്കിയത്. ആശുപത്രിയിൽ നിന്നും നല്ല പിന്തുണയുണ്ട്. ഏറ്റവും ജോലി സാധ്യതയുള്ള മേഖലയാണ് നഴ്സിങ്. ജോലി എന്ന നിലയിൽ മാത്രം കാണാതെ അത് ഇഷ്ടത്തോടെ സ്വീകരിക്കുക. ത്യാഗമനോഭാവത്തോടെ ചെയ്യുക. ആത്മാർഥത ഏറെ പ്രധാനമാണ്’’– പുതിയ തലമുറയോടു ഭവാനി സിസ്‌റ്റർക്കു പറയാനുള്ളത് ഇതാണ്.

ആശുപത്രിയിലെയും വീട്ടിലെയും തിരക്കുകൾ കഴിഞ്ഞു സമയം ഇല്ലാത്തതിനാൽ ഹോബികളൊന്നുമില്ലെന്നാണു ഭവാനി സിസ്റ്റർ പറയുന്നത്. എപ്പോഴെങ്കിലും വീട്ടിൽ അൽപം സമയം കിട്ടിയാൽ എന്തെങ്കിലും തുന്നൽ പ്പണികൾ ചെയ്യാനാണിഷ്ടം.

‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ.... ഇങ്ങനെ കവി പാടിയത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യവും ജീവിതവുമൊക്കെ മറന്ന ഈ മാലാഖമാർക്കു വേണ്ടി കൂടിയാണ്.സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റി വയ്ക്കുന്നതിലും വലിയ ധന്യത എന്താണ്? കോവിഡിന്റെ കരിനിഴലിനിടയിൽ ഇവർ പ്രഭ തൂകുന്ന താരകങ്ങളായത് അതുകൊണ്ടല്ലേ?...