മണിക്കൂറുകൾ നീളുന്ന ഒാൺലൈൻ ക്ലാസ്സ്...പിന്നെ ഒാൺലൈൻ ട്യൂഷൻ ...ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ഇങ്ങനെ 24 മണിക്കൂറും ഒാൺലൈനിൽ കുരുങ്ങിക്കിടക്കുകയാണ് നമ്മുടെ കുട്ടികളുടെ ജീവിതം. വെറുതെ മൊബൈൽ നോക്കിയിരിക്കുകയല്ലല്ലൊ പഠിക്കുകയല്ലേ എന്നാണ് മാതാപിതാക്കളുടെ ആശ്വാസം. പക്ഷേ, ക്ലാസ്സിൽ നിന്ന് സ്കൂട്ട് ആയി ഗെയിം കളിക്കുന്നവരും ക്ലാസ്സ് മ്യൂട്ട് ആക്കിയിട്ട് മറ്റു വിഡിയോ കാണുന്നവരുമൊക്കെയുണ്ട്. ഒരു ദിവസം മൊൈബൽ കണ്ടില്ലെങ്കിൽ അക്രമാസക്തരാകുക, മൊബൈൽ കാണുകയല്ലാതെ മറ്റൊന്നിലും സന്തോഷം ഇല്ലാതിരിക്കുക എന്നിങ്ങനെ ആസക്തിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴാകും കുട്ടികളുടെ മൊബൈൽ ആസക്തിയെക്കുറിച്ച് അച്ഛനമ്മമാർ അറിയുന്നത്.
‘‘ഏതു പ്രായത്തിലുള്ളവരും മൊബൈൽ അടിമത്തത്തിന്റെ ഇരകളാകാം. രണ്ടര വയസ്സുള്ള കൊച്ചുകുഞ്ഞുങ്ങളെ മുതൽ പ്രായമായവർ വരെ ഈ രീതിയിൽ പ്രശ്നം അനുഭവിക്കുന്നതായി കണ്ടിട്ടുണ്ട്. ദിവസം 9–10 മണിക്കൂർ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. കോവിഡ് കാലത്ത് പഠനാവശ്യത്തിനായി മൊബൈൽ ഉപയോഗം വർധിച്ചതോടെ മൊബൈൽ അടിമത്തത്തിന് ഇരകളാകുന്നവരുടെ എണ്ണവും വർധിച്ചു വരുന്നതായാണ് കാണുന്നത്. ’’
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സന്ദീഷ് പി ടി പറയുന്നത് മൊബൈൽ ആസക്തിയുടെ ഭീഷണിയെക്കുറിച്ചാണ്.
‘‘ഇന്റർനെറ്റ് അഡിക്‌ഷൻ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശ്രദ്ധയും ഏകാഗ്രതയും കുറയുക, ഒാർമശേഷി മോശമാവുക എന്നിങ്ങനെ ബൗദ്ധീകമായ പ്രശ്നങ്ങൾ , ഉറക്കം നഷ്ടപ്പെടുന്നതു മൂലമുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ, കുനിഞ്ഞുകൂനിയിരുന്നുള്ള മൊബൈൽ ഉപയോഗം മൂലമുള്ള കഴുത്തുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും എന്നിങ്ങനെ ഒട്ടേറെ പ്രയാസങ്ങൾ.
മൊബൈലിലുള്ള ഗെയിം കളി കൂടുതൽ ഭീഷണമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. മൊബൈൽ കിട്ടിയാലേ സന്തോഷമാകൂ എന്ന അവസ്ഥയിലെത്തും അഡിക്‌ഷനുള്ള കുട്ടി. ഇത്തരം കുട്ടികൾ പഠനത്തിൽ പിറകോട്ടാകാം, വിർച്വൽ ലോകത്ത് അംഗീകാരം ലഭിക്കാതെ വരുമ്പോൾ വിഷാദത്തിലേക്കും ഉൽകണ്ഠയിലേക്കും വീണുപോകാം. ഭക്ഷണം പോലും കഴിക്കാതെ ഗെയിം കളിച്ചിരിക്കുന്നത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കാം.
വെടിവയ്പും കൊല്ലലും പ്രധാനമായുള്ള മൊബൈൽ കളികൾക്ക് അടിമയാകുന്ന കുട്ടികളുടെ ചിന്തയും ആ വഴിയാകാം. ഒരിക്കൽ പ്രഫഷനൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരു പയ്യനെ മൊബൈൽ ഗെയിം അഡിക്‌ഷന്റെ ചികിത്സയ്ക്ക് കൊണ്ടുവന്നു. അവന് ഉടൻ തന്നെ ആർമിയിൽ ചേരണം...എന്തിനാണെന്നു ചോദിച്ചപ്പോഴത്തെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. അവിടെയാകുമ്പോൾ തോക്ക് ലഭിക്കുമല്ലൊ, കുറേ ആളുകളെ വെടിവച്ചുകൊല്ലാം...
പല കുട്ടികൾക്കും ഇതിൽ നിന്നു പുറത്തുകടക്കണമെന്നുണ്ട്, പക്ഷേ, സ്വയം അതിനു സാധിക്കുന്നില്ല. യഥാർഥത്തിൽ വിദഗ്ധ മേൽനോട്ടത്തിൽ വളരെ ഫലപ്രദമായി പടിപടിയായി ഈ ആസക്തിയിൽ നിന്നു പുറത്തുകടക്കാവുന്നതേയുള്ളൂ.’’ ഡോക്ടർ പറയുന്നു.
ഇന്റർനെറ്റ് ഡീ അഡിക്‌ഷന് ഒരു കേന്ദ്രം
വർധിച്ചുവരുന്ന ഡിജിറ്റൽ അടിമത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിൽ ഇ മോചൻ എന്ന പേരിൽ ഒരു ഇന്റർനെറ്റ് ഡീ അഡിക്‌ഷൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യത്തെ തന്നെ ഇന്റർനെറ്റ് ഡീ അഡിക്‌ഷൻ കേന്ദ്രമാണ് ഇത്. കുട്ടികൾ, കൗമാരക്കാർ തുടങ്ങി മുതിർന്നവർക്കു വരെ ഡീ അഡിക്‌ഷൻ ചികിത്സ ലഭ്യമാണ്.
ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്നാണ് ഇ മോചൻ ക്ലിനിക് പ്രവർത്തിക്കുന്നത്. ഹൈക്കോടതി ജഡ്ജിയും കെൽസ (കേരള ലീഗൽ സർവീസസ് അതോറിറ്റി ) എസ്‌സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഒക്ടോബർ 17ന് ക്ലിനിക് ഉദ്ഘാടനം ചെയ്തു, പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലിനിക്.
ആരോഗ്യകരമായി എങ്ങനെ ഇന്റർനെറ്റ് ഉപയോഗം കൊണ്ടുപോകാം എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്. അതിനായി ആദ്യം ഇന്റർനെറ്റ് അഡിക്‌ഷന്റെ തോത് അറിയാൻ ഒരു ടെസ്റ്റ് നടത്തുന്നു. അഡിക്ഷന്റെ തീവ്രത അനുസരിച്ചാണ് എന്തൊക്കെ ചികിത്സ വേണമെന്നു തീരുമാനിക്കുന്നത്. ചിലർക്ക് ഒറ്റ സെഷൻ മതിയാകും. ചിലർക്ക് സൈക്കോതെറപ്പികളും കൊഗ്നിറ്റീവ് റീ സ്ട്രക്ചറിങ്ങും ഒക്കെ ഉൾപ്പെടെയുള്ള ഒട്ടേറെ സെഷൻ വേണ്ടിവരും.
മൊബൈൽ അടിമത്തം കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാനസികാവസ്ഥകളിലുമൊക്കെ പ്രകടമായ മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ടാകാം. അതുകൊണ്ട് ഇവരെ മൊബൈൽ കുരുക്കിൽ നിന്നു മോചിപ്പിക്കുന്നതിനൊപ്പം ചിന്തകളെ പൊസിറ്റീവ് ആയി ക്രമീകരിക്കാനും വികാരങ്ങളെ നിയന്ത്രിച്ചുനിർത്താനും വിമർശനാത്മകമായി ചിന്തിക്കാനും ഒക്കെയുള്ള പരിശീലനം നൽകുന്നു. ലൈഫ് സ്കിൽസ്, മൈൻഡ്ഫുൾനെസ്, ടൈം മാനേജ്മെന്റ് എന്നിവയും ശീലിപ്പിക്കുന്നു.
പേരന്റിങ് രീതികളും അഡിക്‌ഷനു കാരണമാകുന്നുണ്ട്. കുട്ടികളെ അടക്കിയിരുത്താൻ എളുപ്പവഴിയെന്ന രീതിയിൽ പലപ്പോഴും അച്ഛനമമ്മാരാണ് കുട്ടികൾക്ക് മൊബൈൽ നൽകിത്തുടങ്ങുന്നത്. പിന്നെ കുട്ടികളോട് നോ പറയാൻ കഴിയാതെ വരും. കുട്ടി മൊബൈലിന് വാശിപിടിച്ച് കരഞ്ഞാൽ കൈകാര്യം ചെയ്യാൻ മറ്റു വഴിയറിയാതെ ഫോൺ നൽകിപ്പോകുന്നവരുമുണ്ട്. അതുകൊണ്ട് ശരിയായ പേരന്റിങ് രീതി എന്താണെന്ന് മാതാപിതാക്കളെ പഠിപ്പിച്ചുകൊടുക്കാനും ഇവിടെ ശ്രദ്ധിക്കുന്നുണ്ട്.
വേണം ഡിജിറ്റൽ ഡീടോക്സ്
ഇ–മോചൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അടിമത്തം കുറയ്ക്കുന്നതിന്റെ ആദ്യപടിയായി ഡിജിറ്റൽ ഡീടോക്സ് എന്ന ഒരു കാംപെയിനു തുടക്കമിട്ടിട്ടുണ്ട്. ദിവസം ഒരു മണിക്കൂറെങ്കിലും സ്ക്രീനിനു അവധി കൊടുക്കുകയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. വളരെ അത്യാവശ്യമുള്ള ആപ്പുകൾ അല്ലാതെയുള്ളവയുടെ നോട്ടിഫിക്കേഷൻ ഒാഫ് ചെയ്തിടാം. കുട്ടികളും മുതിർന്നവരും ഒരു മണിക്കൂർ ഡിജിറ്റൽ ഡീടോക്സ് ചെയ്യുന്നത് സ്വയം ഒരു തിരിച്ചറിയലിന്റെ അവസരമാണ്. ഒാരോരുത്തരും സ്ക്രീനിനോട് എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കാനുള്ള അവസരം. ഈ തിരിച്ചറിവ് കൂടുതൽ കുരുക്കിലേക്ക് വീഴാതെ നമ്മളെ തടയുമെന്നുറപ്പ്.