ദഹന–കുടൽ സംബന്ധമായ പ്രശ്നങ്ങൾ പാർക്കിൻസൺ രോഗത്തിന്റെ ആദ്യ അപകട സൂചനകളാകാമെന്ന് പഠനം. നാലു കുടൽ സംബന്ധമായ രോഗങ്ങൾക്ക് പാർക്കിൻസൺ രോഗവുമായി ബന്ധമുള്ളതായി ഗവേഷകർ കണ്ടെത്തിയത്. മലബന്ധം, ഡിസ്ഫാജിയ അഥവാ വിഴുങ്ങുവാൻ പ്രയാസം, ഗ്യാസ്ട്രോപരാസിസ് അഥവാ ആമാശയം കാലിയാകാൻ താമസം വരിക , വയറിളക്കം ഇല്ലാതെയുള്ള ഐബിഎസ് എന്നീ ഉദരസംബന്ധമായ പ്രശ്നങ്ങളാണ് പാർക്കിൻസൺ രോഗത്തിന്റെ പ്രവചനസൂചനകളായി കണ്ടത്.
പാർക്കിൻസൺ രോഗം, അൽസ്ഹൈമേഴ്സ് രോഗം, സെറിബ്രോവാസ്കുലർ രോഗം എന്നിങ്ങനെയുള്ള രോഗാവസ്ഥകൾ സ്ഥിരീകരിച്ച ആളുകളിൽ രോഗനിർണയത്തിനു മുൻപേ തന്നെ വയറിളക്കത്തോടൊപ്പമുള്ള ഐബിഎസ് (IBS with Diarrhoea), വയറിളക്കത്തോടൊപ്പം മലം അറിയാതെ പോവുക എന്നിവ സാധാരണമായി രുന്നുവെന്നു ഗവേഷകർ പറയുന്നു. മലബന്ധം പാർക്കിൻസൺ രോഗത്തിന്റെ ഗണ്യമായ അപായ സൂചനയായി ഗവേഷകർ നേരത്തെ തന്നെ പരിഗണിച്ചിട്ടുണ്ട്.
പാർക്കിൻസൺ രോഗവും കുടലുമായി ഗണ്യമായ ബന്ധമുണ്ടെന്നുള്ള സിദ്ധാന്തങ്ങൾക്ക് അടിവരയിടുന്നതാണ് ഈ പഠനം. എന്നാൽ, മേൽപറഞ്ഞ തരം ഉദരപ്രശ്നങ്ങൾ ഉള്ള എല്ലാവർക്കും പാർക്കിൻസൺ രോഗം വരുമെന്ന് ഒരിക്കലും അർഥമില്ലെന്നു ഗവേഷകർ ഉറപ്പിച്ചു പറയുന്നു.
അപ്പൻഡിക്സ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പാർക്കിൻസൺ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതു സംബന്ധിച്ചു ചില നിരീക്ഷണങ്ങളും ഗവേഷകർ നടത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പിച്ച് എന്തെങ്കിലും പറയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ഗട്ട് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻപു വന്ന പല പഠനങ്ങളും പാർക്കിൻസൺ രോഗത്തിന്റെ തുടക്കം കുടലിലാകാമെന്നു സൂചനകൾ നൽകിയിട്ടുണ്ട്. എന്നാൽ, ഈ പഠനമാണ് ആദ്യമായി ഏതൊക്കെ ഉദരപ്രശ്നങ്ങളാണ് പാർക്കിൻസൺ രോഗവുമായി ബന്ധപ്പെട്ടതെന്നു സംബന്ധിച്ച് ചില തെളിവുകൾ നൽകിയത്. പഠനത്തിനായി ഗവേഷകർ, പാർക്കിൻസൺ രോഗം സ്ഥിരീകരിച്ച ആളുകളുടെ മെഡിക്കൽ രേഖകളും അൽസ് ഹൈമേഴ്സ് രോഗമോ സെറിബ്രോവാസ്കുലർ രോഗമോ ഒരു രോഗവും ഇല്ലാത്തതോ ആയ ആളുകളുടെ മെഡിക്കൽ രേഖകളും തമ്മിൽ താരതമ്യം ചെയ്തു വിശകലനം നടത്തിയിരുന്നു.