Saturday 09 September 2023 12:29 PM IST

‘ചിത്രം നോക്കി സ്തനാർബുദം അറിയാം, ഹൃദ്രോഗം നിർണയിക്കാൻ സ്മാർട് സ്റ്റെതസ്കോപ്പ്’; ആരോഗ്യരംഗത്തും ‘എഐ’ എന്ന മായാജാലം

Santhosh Sisupal

Senior Sub Editor

Mainphoto

എല്ലാ രംഗത്തുമെന്ന പോലെ ആരോഗ്യരംഗത്തും എഐ ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു. രോഗനിർണയവും പ്രവചനങ്ങളും മുതൽ ചികിത്സയിലും ശസ്ത്രക്രിയയിലുമൊക്കെ അദ്ഭുതകരമായ കൃത്യതയുമായി എഐ ലോകത്തെ ഞെട്ടിക്കുകയാണ്. ആരോഗ്യരംഗം അടിമുടി മാറുകയാണോ?: അന്വേഷണം

ഒരു മൊബൈലിലെ ആപ്ലിക്കേഷനോട് അൽപനേരം സംസാരിച്ചാൽ തന്നെ വിഷാദരോഗമോ ഉത്കണ്ഠയോ  ഉണ്ടോയെന്നു എന്നു പറയും. കഫത്തിന്റെ ഫോട്ടോ എടുത്തു കൊടുത്താൽ ക്ഷയരോഗം ഉണ്ടോ എന്നു ലബോറട്ടറി പരിശോധനയേക്കാൾ കൃത്യതമായ ഫലം സാധ്യമാണ്. ഒരു ചിത്രം കൊടുത്താൽ സ്തനാർബുദമുണ്ട് എന്നു പറയാൻ പറ്റും. ഹൃദ്രോഗങ്ങൾ അപ്പപ്പോൾ നിർണയിക്കാൻ സ്മാർട് സ്റ്റെതസ്കോപ്പിനാകും... ഈ പട്ടികയ്ക്കു നീളം കൂടുകയാണ്. ഇപ്പറഞ്ഞവ വരാനിരിക്കുന്ന മാറ്റങ്ങളല്ല. ആരോഗ്യരംഗത്തു നടപ്പിലായിക്കഴിഞ്ഞതും നടപ്പിലായിക്കൊണ്ടിരിക്കുന്നതുമായ വലിയ മാറ്റങ്ങളുടെ ചെറിയ തുടക്കം മാത്രം. 

എഐ എന്ന മായാജാലം

എഐ എന്ന രണ്ടക്ഷരത്തിനു പിന്നിൽ ആർട്ടിഫിഷൽ ഇന്റലിജൻസെന്ന നിർമിത ബുദ്ധിയുെട ആരോഗ്യ രംഗത്തെ ഒരു ‘സാംപിൾ വെടിക്കെട്ടു’മാത്രമായി ഇവയെ കണ്ടാൽ മതി. ആ രോഗ്യരംഗത്തു ഇന്നു വരെ കണ്ടിട്ടില്ലാത്ത കുതിച്ചു ചാട്ടത്തിനു എഐ തിരികൊളുത്തിക്കഴിഞ്ഞു. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ മാത്രം രോഗനിർണയത്തിലടക്കം ഡോക്ടർമാരുടെ ജോലിഭാരം 30Ð40 ശതമാനം വരെ കുറയാമെന്നു വിദഗ്ധർ വിലയിരുത്തുന്നു. ചില ആശങ്കകൾ നിലനിൽക്കുമ്പോഴും രോഗിക്കും ഡോക്ടർക്കും മരുന്നിലും ആശുപത്രികളുടെ പ്രവർത്തനത്തിലും പൊതുജനാരോഗ്യരംഗത്തും എന്നുവേണ്ട എഐ പരിവർത്തനപ്പെടുത്താത്ത ഒന്നും ഇനി ആരോഗ്യരംഗത്തുണ്ടാവില്ല. കംപ്യൂട്ടറിന്റെ വരവ്, പിന്നീട് ഇന്റർനെറ്റ്, തൊട്ടുപിന്നാലെ സ്മാർട് ഫോണുകൾ എന്നിവ മനുഷ്യജീവിതത്തിൽ  സൃഷ്ടിച്ച വിപ്ലവത്തിന്റെ അടുത്തഘട്ടം എഐയിലൂെട ആരംഭിച്ചു കഴിഞ്ഞു. മനുഷ്യ ഭാഷയെ കംപ്യൂട്ടറുകൾക്കു മനസ്സിലാക്കാനുളള ശേഷിനൽകുന്ന ‘നാച്യുറൽ ലാംഗ്വേജ് പ്രോസസിങ്’ (NLP) ആണ് എഐയുടെ താക്കോൽ. ഇവിടെ വിവരം അഥവാ ‘ഡേറ്റ’യാണ് രാജാവ്. ആരോഗ്യരംഗത്തെ  ‘ബിഗ് ഡേറ്റ’ വരുത്താൻ പോകുന്ന വിപ്ലവം കണ്ണഞ്ചിപ്പിക്കുന്നതാവും. അതു വിലയിരുത്തുകയാണ് ഈ രംഗത്തെ പ്രമുഖർ.

രോഗിക്കെന്തു ഗുണം?

രോഗനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വരാൻ പോകു ന്നതു കാതലായ മാറ്റങ്ങളാണ് എന്നു ആരോഗ്യ രംഗത്ത്, പ ല എഐ സേവനങ്ങളുെടയും മുൻനിരയിലുള്ള യു എസ് ടി യിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറയുന്നു. ‘‘ഒരു രോഗിക്ക് അയാളുടെ രക്തസമ്മർദമോ രക്തത്തിലെ ഷുഗർ നിലയോ ശരീരത്തിലെ മറ്റു അളവുകളോ ഒക്കെ തന്നെ ആശുപത്രിയിലോ ലബോറട്ടറിയിലോ എത്താതെ തന്നെ അകലെയിരുന്നു സ്വയം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള സംവിധാനങ്ങൾ ‍രൂപപ്പെടുകയാണ്. പലതും ഇപ്പോൾ തന്നെ നടപ്പിലായി കഴിഞ്ഞു. ഉദാഹരണമായി ശരീരത്തിൽ ഒരു സെൻസർ പിടിപ്പിച്ചു കഴിഞ്ഞാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ തത്സമയം തന്നെ രേഖപ്പെടുത്തപ്പെടുകയും അത് ഡോകടർക്ക് അയക്കാനും ഇന്ന് സാധ്യമാണ്. ഒരു ആപ്പിൾ വാച്ച് ഉണ്ടെങ്കിൽ ഇസിജിയോ ഹൃദയമിടിപ്പ് നിരക്കോ കണ്ടെത്താൻ ഒരു വിഷമവുമില്ല. 

രോഗി ഡോക്ടറുടെ അടുത്ത് എത്തുമ്പോഴേക്കും പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഡോക്ടറുടെ മുന്നിലുണ്ടാകും. അവ ഒരൊറ്റ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാവില്ല.  കഴിഞ്ഞ പത്തോ ഇരുപതോ വർഷത്തെ രോഗിയുെട ആരോഗ്യ വിവരങ്ങൾ ഇലക്ട്രോണിക് ഡേറ്റയായി എഐയുടെ കയ്യിലുണ്ടെങ്കിൽ പിന്നീടുള്ള ഒാരോ പരിശോധനയും  വിലയിരുത്തലുകളും പഴയ ഡേറ്റയുമായി താരതമ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതാവും. ഇത് രോഗനിർണയം വളരെ  എളുപ്പവും കൃത്യതയുള്ളതുമാക്കും. ചുരുക്കിപ്പറഞ്ഞാൽ ഡോക്ടറെ സന്ദർശിക്കുന്നതിന്റെ എണ്ണം കുറയ്ക്കാം, ശരിയായ ചികിത്സ പരമാവധി നേരത്തേ തുടങ്ങാം ചികിത്സാ ചെലവു കുറയ്ക്കുകയും ചെയ്യാം.

സങ്കീർണരോഗങ്ങളുെട നിർണയം, ചികിത്സ, രോഗ പുരോഗതി വിലയിരുത്തൽ എന്നിവയൊക്കെ നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പോലും സാധ്യമാകുന്ന അവസ്ഥ സംജാതമാകും. ഗൗരവമുള്ള ശസ്ത്രക്രിയകൾക്കോ അത്യാഹിത ചികിത്സയ്ക്കോ ഒക്കെ മാത്രം മെഡിക്കൽ കോളജുകൾ പോലുള്ള ഉന്നത ചികിത്സാ കേന്ദ്രങ്ങളെ സമീപിച്ചാൽ മതിയാകും. 

സിറ്റി സ്കാൻ എംആർഐ അടക്കമുള്ള ഇമേജിങ് ടെക്നോളജിയുടെ കൃത്യത പതിന്മടങ്ങ് മെച്ചപ്പെടാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായിക്കും. ഇത്തരം ഇമേജുകൾ വിലയിരുത്താൻ ശേഷിയുള്ള ഒരു വിദഗ്ധന്റെ ആയുഷ്കാലത്തെ അനുഭവസമ്പത്തിന്റെ പതിനായിരം മടങ്ങ് വിശകലനശേഷി ഈ ഉപകരണങ്ങൾക്കു തന്നെ നൽകാൻ ആർട്ടിഫിഷൽ ഇന്റലിജൻസിനു കഴിയും അതിനാൽ മെഡിക്കൽ ഇമേജിങ് രംഗത്ത് അത്ഭുതകരമായ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.–അലക്സാണ്ടർ വർഗീസ് പറയുന്നു.

പ്രവചിക്കാം രോഗങ്ങൾ

‘‘1998 മുതലുള്ള രോഗികളുെട ഇലക്ട്രോണിക്സ് മെഡിക്കൽ റെക്കോർഡുകൾ ഞങ്ങളുെട ആശുപത്രിയിലെ കംപ്യൂട്ടറിൽ ലഭ്യമാണ്. ഓരോ തവണയും രോഗി പരിശോധനയ്ക്കു വരുമ്പോൾ പഴയ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ  വിലയിരുത്തുന്നതിന്റെ ഫലമായി പല രോഗങ്ങളുടേയും മുൻകൂട്ടിയുള്ള വരവറിയാൻ സാധിച്ച് പ്രതിരോധ നടപടികൾ കൈക്കൊള്ളാനാകും. പക്ഷേ ഇതത്ര എളുപ്പവുമല്ല.  വളരെ സമയം വേണ്ടിവരും. എന്നാൽ  ഇത്തരം ഇലക്ട്രോണിക്സ് റെക്കോർഡുകളെ എഐ വിലയിരുത്തി വിശകലനം നടത്തും എന്നത്  വളരെ ആവേശത്തോടെയാണ്  എന്നെ പോലുള്ള ഡോക്ടർമാർ ഉൾക്കൊള്ളുന്നത്’’– പ്രമേഹ ചികിത്സാ വിദഗ്ധനായ ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു.

ഒരു ഡോക്ടർ ലാബ് റിപ്പോർട്ട് പരിശോധിക്കുമ്പോൾ ഇപ്പോഴത്തേതു നോർമൽ അളവുകളാണെങ്കിൽ ആരോഗ്യരോഗാവസ്ഥകൾ ഇല്ല എന്നു വിധി എഴുതും. എന്നാൽ ഒരു പത്തോ ഇരുപതോ വർഷത്തെ വിവരങ്ങൾ എഐയുടെ സഹായത്തോടെ വിശകലനം ചെയ്താൽ ആ ശരീരത്തിലെ മാറ്റങ്ങൾ ഗുണകരമാണോ അല്ലയോ ആ വ്യക്തി രോഗാവസ്ഥയിലേക്കു കൂടുതൽ നീങ്ങുകയാണോ എന്നൊക്കെ കൃത്യമായി പറയാൻ പറ്റും. അതിനനുസരിച്ചു കൂടുതൽ പരിശോധന നടത്താനും ചിലപ്പോൾ നമ്മൾ മുൻകൂട്ടി മനസ്സിലാക്കാൻ പോകുന്നത് ഒരു കാൻസറിന്റെ സാധ്യത കൂടിയായിരിക്കും അത്രയധികം പ്രയോജനമാണ് എഐ നൽകുക.

പ്രമേഹ മേഖലയിൽ ഏറ്റവും കൂടുതൽ പ്രയോജനം നൽകാൻ പോകുന്ന ഒന്ന് ഓട്ടോമാറ്റിക് ഇൻസുലിൻ ഡെലിവറി ഡിവൈസസ് ആണ്. പുതിയതരം ഇൻസുലിൻ പമ്പുകൾക്കാണ് എഐഡി എന്ന് പറയുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്ന ഇൻസുലിൻ പമ്പുകൾ ആണ് ഇവ. രക്തത്തിലെ പഞ്ചസാരയുടെ തോതിന് അനുസരിച്ച് ആ ഉപകരണം തനിയെ തന്നെ പമ്പിൽ നിന്നും ഇൻസുലിൻ രക്തത്തിലേക്ക് കടത്തിവിട്ടു പഞ്ചസാരയുെട  അളവു നിയന്ത്രിക്കുന്നു. ഭക്ഷണം കഴിക്കുന്ന രോഗി ഇൻസുലിൻ എടുത്തിട്ടില്ലെങ്കിൽ അതു മനസ്സിലാക്കി ഇൻസുലിൻ തനിയെ എടുക്കുന്ന രീതിയും ഈ അൽഗോരിതം ചെയ്യും.  

പ്രമേഹരോഗികളുടെ കണ്ണിന്റെ റെറ്റിനയുെട ചിത്രം എടുക്കാൻ ഒരു റെറ്റിനൽ കാമറ ഉപയോഗിച്ചുവരുന്നുണ്ട്. ആ ചിത്രം വിശകലനം ചെയ്ത് റിപ്പോർട്ടു തരുന്നത് ആർട്ടിഫിഷൽ ഇന്റലിജൻസ് ആണ്. കൃത്യതയോടെയാണ് എഐ രോഗാവസ്ഥ വിലയിരുത്തുന്നത്. ഇതൊരു അത്ഭുതമാണ്, കാരണം മുൻപ് ഒരിക്കലും ഒരു ഡോക്ടറുടെ സഹായമില്ലാതെ ഈ ഒരു അവസ്ഥ കണ്ടെത്താൻ ആകുമായിരുന്നില്ല.  ഇത്തരം റെറ്റിനൽ ക്യാമറകൾ പ്രമേഹരോഗികളിൽ റെറ്റിനോപ്പതി കണ്ടുപിടിക്കുന്നത് കൂടാതെ രോഗം ഏതു ഘട്ടത്തിലാണ് എന്നു തിരിച്ചറിയാനും സഹായിക്കും. മാത്രമല്ല കണ്ണിനകത്തുള്ള സമ്മർദം എത്രയാണെന്നും തിമിരം ഉണ്ടോയെന്നതും ഉൾപ്പെടെ ഏതാണ്ട് പരിപൂർണ്ണമായ വിവരങ്ങളാണ് നൽകുന്നത്. –ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.

മരുന്നുകളുെട കൃത്യത കൂട്ടാം

ചികിത്സാ ലോകത്തു വരുന്ന വലിയ മാറ്റമാണ് പ്രിസിഷൻ മെഡിസിൻ എന്നത്. എല്ലാവർക്കും ഒരേ രോഗത്തിനു ഒരേ മരുന്നു എന്നതിനു പകരം ജനിതകമായ പഠനങ്ങളുടെ വെളിച്ചത്തിൽ ഏതു മരുന്നായിരിക്കും ഒരു രോഗിക്കു കൂടുതൽ ഫലപ്രദമെന്നു മുൻകൂട്ടി തീരുമാനിക്കുന്നതാണ് ഇത്. ഇത്തരം തീരുമാനങ്ങളെടുക്കുന്നതിൽ എഐ  വേഗതകൂട്ടും.  ഇതിനെ തുടർന്ന് അർബുദം മുതൽ പ്രമേഹ മരുന്നുചികിത്സകളിൽ വരെ മരുന്നുകളുടെ കാര്യത്തിൽ കൃത്യത കൂട്ടുന്ന മാറ്റങ്ങൾ വന്നു തുടങ്ങിയതായി കാനഡയിലെ നോർത്തേൺ ഒൺടേരിയോ സ്കൂൾ ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. നിഷ നിജിൽ പറയുന്നു. ടാർജറ്റഡ് തെറപ്പിയിലെ മാറ്റങ്ങളും ഇതിനു ഉദാഹരണമാണ്. 

മരുന്നുകളുടെയും വാക്സീനുകളുടെയും ഗവേഷണത്തിലും ക്ലിനിക്കൽ ട്രയൽ, ശരീരത്തിലുള്ള മരുന്നിന്റെ പ്രവർത്തനം  എന്നിവ മനസിലാക്കുന്നതിലും സമയത്തിന്റെ പരിമിതികളെ മറികടക്കാൻ എഐക്കു സാധ്യമാണ്. കോവിഡ് വാക്സീൻ ഗവേഷണത്തിൽ ഇതിന്റെ ചെറിയ രൂപം ലോകം മനസിലാക്കിയതാണ്. അതു പോലെ പകർച്ചവ്യാധികളുെട വ്യാപനത്തിന്റെ പ്രവചനങ്ങളിൽ എഐ അദ്ഭുതം ഉണ്ടാക്കും. ലോകത്തെ അടുത്ത മഹാമാരിയെ എഐക്കു പ്രവചിക്കാനാകുമെന്നു പറയുന്നതിൽ അതിശയോക്തി വേണ്ട. കാരണം കോവിഡ് വ്യാപന സമയത്തു ടൊറന്റോയിലുള്ള ബ്ലൂഡോട്ട് എന്ന സ്ഥാപനം ലഭ്യമായ ഡേറ്റയുടെ വിലയിരുത്തലുകളിലൂെട ലോകാരോഗ്യസംഘടന പറയുന്നതിനു മുൻപു തന്നെ കോവിഡ് വ്യപനത്തെക്കുറിച്ചു കൂടുതൽ കൃത്യതയുള്ള വിശകലനങ്ങൾ പുറത്തു വിട്ടിരുന്നു. 

എഐ പവേർഡ് അൽഗോരിതം ലക്ഷക്കണക്കിനു ഡേറ്റകളെ നൊടിയിൽ വിശകലനം ചെയ്തു നടത്തുന്ന പ്രവചനങ്ങൾ അസാധരണമാം വിധം കൃത്യതയുള്ളതാവും. നേത്ര രോഗങ്ങളും  സ്തനാർബുദവുമൊക്കെ വെറുമൊരു ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പോലും നിർണയിക്കാനാവുമെന്ന അവിശ്വസനീയ വിവരങ്ങൾ എഐ സാധ്യമാക്കിക്കഴിഞ്ഞു.–ഡോ. നിഷ നിജിൽ പറയുന്നു. 

മനസ്സു വായിക്കും എഐ

സൈക്യാട്രിയിൽ രോഗനിർണയത്തിനു രോഗിയെ ഇന്‍റര്‍വ്യൂ ചെയ്ത് സൈക്യാട്രിസ്റ്റ് എത്തുന്ന അനുമാനത്തിനാണു പ്രസക്തി. എന്നാല്‍ രോഗിയുടെ വാക്കുകളും എഴുത്തുമെല്ലാം ഓട്ടോമാറ്റിക് ലാംഗ്വേജ് പ്രൊസസിങ് വച്ചും, മാനസികാവസ്ഥയും ബ്രെയിന്‌ സ്കാനുകളും ജനിതകഘടനയുമൊക്കെ മെഷീൻ ലേണിങ് വച്ചും വിശകലനം ചെയ്തു മനോരോഗനിർണയത്തിന്‍റെ കൃത്യത കൂട്ടാൻ നിർമിത ബുദ്ധിക്കു കഴിയും. അത്തരത്തിലുള്ള സംവിധാനങ്ങൾ വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ ജേണൽ ഓഫ് സൈക്കോളജിക്കൽ മെഡിസിൻ എഡിറ്ററും സൈക്യാട്രിസ്റ്റുമായ ഡോ. ഷാഹുൽ അമീൻ പറയുന്നു.  

ഒരാളുടെ മാനസികാരോഗ്യം നിശ്ചയിക്കുന്നതു ശാരീരികവും  മനഃശാസ്ത്രപരവുമായ സവിശേഷതകളും സാമൂഹിക പശ്ചാത്തലവും ചേര്‍ന്നാണ്. ഇവ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നത് ഏതു വിധമാണെന്നതു വ്യക്തമല്ല. ഇക്കാര്യങ്ങളില്‍ ഉൾക്കാഴ്ച തരാന്‍, അതിബൃഹത്തായ വിവരശേഖരങ്ങളെ അനായാസം വിശകലനം ചെയ്യാന്‍ പാടവമുള്ള എഐക്കാകും. അതു രോഗസാധ്യത കൂടുതലുള്ളവരെ വേര്‍തിരിച്ചറിഞ്ഞു തക്ക പ്രതിരോധമൊരുക്കാനും ലക്ഷണങ്ങള്‍ തലപൊക്കിയാല്‍ നേരത്തേ മനസ്സിലാക്കാനും സഹായിക്കും. 

ചാറ്റുകളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും നിന്ന് വൈകാരികാവസ്ഥയും ആത്മഹത്യാപ്രവണതയും മനസിലാക്കിയെടുക്കാനും അവ വഷളാകും മുൻപു ചൂണ്ടിക്കാട്ടാനും എഐക്കു കഴിഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്യുന്ന കുട്ടികളെ കംപ്യൂട്ടർ വിഷനും മെഷീൻ ലേണിങ്ങും മുഖേന നിരീക്ഷിച്ച്  എഡിഎച്ച്ഡിയും, ഇൻസ്റ്റാഗ്രാമിലിടുന്ന ഫോട്ടോകളിലെ നിറങ്ങളും മുഖഭാവവും വച്ച് വിഷാദവും നിർണയിക്കാനും  ഇതിനകം കഴിഞ്ഞിരിക്കുന്നു. 

വിഷാദവും ഉത്കണ്ഠയും അവയ്ക്കിടയാക്കുന്ന ചിന്താവൈകല്യങ്ങളും തിരിച്ചറിയാനും മറികടക്കാനും പഠിപ്പിക്കുന്ന, നാചുറൽ ലാംഗ്വേജ് പ്രൊസസിങ് ഉപയോഗിക്കുന്ന വിബോട്ട് (Woebot) പോലുള്ള ചാറ്റ്ബോട്ടുകള്‍ നിലവിലുണ്ട്. എല്ലി (Ellie) എന്ന റോബട്ട്, മുൻസൈനികരുടെ യുദ്ധാനുഭവങ്ങള്‍ കേള്‍ക്കുകയും മാനസികാഘാതങ്ങളാൽ വരുന്ന പിറ്റിഎസ്ഡി എന്ന പ്രശ്നമോ വിഷാദരോഗമോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. വിഡിയോ നിരീക്ഷണത്തിലൂടെ മുഖഭാവവും ആംഗ്യങ്ങളും പോലും വായിച്ചെടുക്കാനും അതുവഴി അവരുടെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനും യഥാവിധി പ്രതികരിക്കാനും ആ റോബട്ടിനാകും. ഓട്ടിസമുള്ള കുട്ടികളെ അന്യരോട് ഇടപഴകാന്‍ പരിശീലിപ്പിക്കുന്നതും, വിഷാദമുള്ളവർക്കും വയസ്സു ചെന്നവർക്കും കൂട്ടുകൊടുത്ത് ഏകാന്തതയും പുരിമുറുക്കവും ദൂരീകരിക്കുന്നതുമായ റോബട്ടുകളും രംഗത്തുണ്ട്– ഡോ. ഷാഹുൽ അമീൻ പറയുന്നു.

ഡോക്ടറെ വേണ്ടാതെ വരുമോ?

എഐയുടെ  കൃത്യതയുള്ള വിശകലനങ്ങൾ ഡോക്ടർമാരെ ഇല്ലാതാക്കുന്ന കാലം വരുമോ? ഒരിക്കലും ഇല്ല എന്നു ഉറപ്പിച്ചു തന്നെ പറയാം.  നിർമിത ബുദ്ധി രോഗനിർണയം നടത്തുന്നതു തന്റെ കൈവശമുള്ള ഡേറ്റകളുെട അടിസ്ഥാനത്തിലാണ്. ലക്ഷക്കണക്കിനു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയും രോഗിയുെട ചരിത്രം വിലയിരുത്തിയുമാണ് എഐ ഉപകരണം ഒരു രോഗം വിശകലനങ്ങൾ പൂർത്തിയാക്കുന്നത്. ആ ഫലം അതു വിദഗ്ധനായ ഒരു ഡോക്ടർ വിലയിരുത്തുകയും ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഡോക്ടർ നടത്തിയ ഈ തിരുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ആ ഉപകരണം അടുത്ത തവണ രോഗനിർണയം നടത്തുക. അങ്ങനെ ഇത് ഓരോ തവണ കഴിയുമ്പോഴും എഐ കൂടുതൽ കൃത്യതയുള്ളതായി മാറിക്കൊണ്ടിരിക്കും. അതാണ് ആർട്ടിഫിഷൽ ഇന്റലിജൻസിനു കൃത്യത കൂടുതലാണെന്നു പറയാനുള്ള കാരണമെന്ന് യു എസ് ടിയുെട ടെക്നോളജി സർവീസസ് വിഭാഗം മേധാവി വർഗീസ് ചെറിയാൻ പറയുന്നു.  എഐയെ സഹായിക്കാനായി കൂടുതൽ സാങ്കേതിക ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ബൃഹത്തായ ഡേറ്റയും  ആവശ്യമാണ്. ഡേറ്റ എത്രമാത്രം കൂടുതൽ വികലനം ചെയ്യുന്നുവോ അതായിരിക്കും എഐയുടെ ശക്തി.

ആശങ്കകൾ ശേഷിക്കുന്നുണ്ടോ?

എഐയുെട സഹായത്തോടെ രോഗനിർണയം, കൃത്യതയുള്ള മരുന്നുകൾ, ശസ്ത്രക്രിയയിലടക്കം തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത കുറവ് എന്നിങ്ങനെയുള്ള ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സാ ചെലവു കുറയുമെന്നതാണ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗുണഫലം. എന്നാൽ രോഗികളുടെയും രോഗത്തിന്റെയും വിപുലമായ അളവിലുള്ള ഡേറ്റയിലാണ് എഐ നിലനിൽക്കുന്നത്. 

രോഗിയുെട മെഡിക്കൽ ഡേറ്റ, കേന്ദ്രീകൃതമായ ഒരു ലോക്കർ സംവിധാനത്തിൽ സൂക്ഷിക്കുകയും ആശുപത്രികൾക്കോ ഗവേഷണ സ്ഥാപനങ്ങൾക്കോ രോഗിയുെട അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കാവൂ.  ഡേറ്റയുെട സുരക്ഷയും അതിനാവശ്യമായ നിയമങ്ങളും  അതീവ പ്രധാനമാണ്.  ചികിത്സാരംഗം മാത്രമല്ല ലോകരാജ്യങ്ങളിലെ രാഷ്ട്രീയം പോലും നിയന്ത്രിക്കുന്നതിൽ മരുന്നുവിപണിയിലെ ഭീമൻമാർക്കു വലിയ പങ്കുണ്ട്. രോഗത്തിന്റെ അളവുകോലുകൾ ഇഷ്ടാനുസരുണം മാറ്റിമറിച്ചു കൂടുതൽ പേരെ രോഗികളോ  മരുന്നുകൾ കഴിപ്പിക്കുന്നതോ ആയ അവസ്ഥ സംജാതമാക്കാൻ ഇത്തരം ഡേറ്റകൾ ഉപകരിക്കാം. എന്നിരുന്നാലും എഐ ആത്യന്തികമായി, ആരോഗ്യരംഗത്ത് അസാധാരണമായ ഗുണഫലങ്ങൾ തന്നെയാവും വരുത്തുക. കാരണം ഏതൊരു രോഗിക്കും തന്റെ രോഗത്തെക്കുറിച്ച് മുൻപില്ലാത്തവിധം അറിവും ഉൾക്കാഴ്ചയും എഐ പകർന്നു കൊടുക്കും. സംശയം വേണ്ട.

Tags:
  • Manorama Arogyam