Saturday 15 January 2022 11:53 AM IST

‘സ്ത്രീ ആകാതെ ജീവിക്കാൻ തയ്യാറായിരുന്നു, രൂപമാറ്റത്തിനു പ്രേരിപ്പിച്ചത് ആ ക്രൂരതയും പരിഹാസവും’: ഐൻ ഹണി പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

gender-affirmation-male-to-female-surgery-ain-honey-arohi-swatham-thedunna ഐൻ ഹണി ആരോഹി സർജറിക്ക് മുമ്പ് (ആൽബം) ഐൻ ഹണി ആരോഹി (ഫോട്ടോ:ശ്യാം ബാബു)

നടിയും മോഡലുമായ െഎൻ ഹണി ആരോഹി തന്നിലെ ആണിനെ മുറിച്ചു മാറ്റി പെണ്ണായതിനു പിന്നിൽ അവരുടെ ആൺരൂപത്തിനു വലിയ പങ്കുണ്ട്. സ്ത്രീ ആകാതെ ജീവിക്കാനും തയാറായിരുന്ന ഐൻ ഹണിയെ രൂപമാറ്റത്തിനു പ്രേരിപ്പിച്ചത് സമൂഹം അവരോടു കാണിച്ച വിവേചനങ്ങളും ക്രൂരതയും പരിഹാസവുമാണ്.

‘‘ഈ സമൂഹം പറഞ്ഞ കുത്തുവാക്കുകളും അപമാനങ്ങളുമാണ് വേദന സഹിച്ചും സ്ത്രീയായി മാറാൻ ഞാൻ തീരുമാനിച്ചതിനു കാരണം. സ്കൂളിൽ വച്ച് എനിക്കു നേരെയുണ്ടായ അതിക്രമങ്ങളെപ്പറ്റി പരാതിപ്പെട്ടപ്പോൾ,‘നീ ഇങ്ങനെ നടക്കുന്നതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന കുറ്റപ്പെടുത്തലാണ് അധ്യാപകരുടെ പോലും ഭാഗത്തു നിന്ന് ലഭിച്ചത്. ആണിന്റെ രൂപമാണ് ഞാൻ നേരിടുന്ന അപമാനങ്ങൾക്ക് കാരണം എന്നതു കൊണ്ടാണ് കൊടിയ വേദന സഹിച്ച് ഞാൻ ജെൻഡർ അഫർമേഷൻ സർജറി നടത്തയത്.’’ െഎൻ ഹണി വനിത ഓൺലൈനോടു പറഞ്ഞു.

ഒരു വാശിക്ക് ചെയ്യരുത്

എടുത്തുചാടി ഒരു വാശിക്ക് ചെയ്യേണ്ട ശസ്ത്രക്രിയയല്ല ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ. ഒരിക്കൽ രൂപമാറ്റം വന്നാൽ പിന്നെ തിരിച്ചുപോക്ക് സാധ്യമല്ല. ‘‘മാനസികമായി നല്ല ഒരുക്കത്തോടെ വേണം ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാവാൻ. നല്ല വേദനയുള്ള സർജറിയാണ്. പലപ്പോഴും ഉറങ്ങാൻ പോലും കഴിയില്ല. നന്നായി സൂക്ഷിച്ചില്ലെങ്കിൽ ഇൻഫക്ഷൻ വരാനുള്ള സാധ്യതയേറെയാണ്. ശരിയായ കൗൺസിലിങ് നടത്തി വേണം സർജറിക്ക് ഒരുങ്ങാൻ. കോയമ്പത്തൂരാണ് ഞാൻ സർജറി നടത്തിയത്. വളരെ വൈദഗ്ധ്യമുള്ളവരാണ് അവിടെ നമ്മളെ ശുശ്രൂഷിക്കാൻ ഉണ്ടായിരുന്നത്. ഒരു വർഷത്തോളം നീണ്ട ഒരുക്കങ്ങളാണ് ഞാൻ ശസ്ത്രക്രിയയ്ക്കായി നടത്തിയത്.

gender-affirmation-male-to-female-surgery-ain-honey-arohi-swatham-thedunna-cover ഐൻ ഹണി ആരോഹി സർജറിക്ക് മുമ്പ് ശേഷം (ആൽബം)

സർജറി നടത്തിയാൽ ഉടനേ നമ്മുടെ ലിംഗസ്വത്വം മാറില്ല. എന്നും ഡെമോ ചെയ്യുക, വൃത്തിയുള്ള സാഹര്യത്തിൽ കഴിയുക, ലഹരിയും മറ്റും ഉപയോഗിക്കാതിരിക്കുക, ഡോക്ടറുമ്മാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക... അങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങൾ സർജറിക്ക് വിധേയരാവുന്നവർക്കുമുണ്ട്. എന്റെ വളർത്തമ്മയായ രഞ്ജുരഞ്ജിമാരാണ് ഞാൻ ഇപ്പോൾ എത്തിയിട്ടുള്ള സന്തോഷങ്ങൾക്ക് എല്ലാം കാരണം. എന്റെ വഴികളി‍ൽ മാർഗനിർദേശങ്ങളുമായി അരെപ്പോഴും എനിക്കോപ്പമുണ്ട്, കാലിടറാതെ സൂക്ഷിച്ച്. അതുപോലെ നല്ലൊരു അമ്മയുടെ തണലിൽ, പൂർണ മനസ്സോടും ബോധ്യത്തോടെയും മാത്രം ചെയ്യേണ്ട ഒന്നാണ് ഈ ശസ്ത്രക്രിയ.’’ ഐൻ ഹണി പറയുന്നു...

ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ

ഒരുപാടു സൂക്‌ഷ്മത വേണ്ടതും, ഒട്ടേറെ സങ്കീർണതകളും അപകടസാധ്യതകളുമുള്ളവയാണ് ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ. ഒറ്റ തവണയായല്ല, മാസങ്ങളോളം നീളുന്ന ഒന്നിലധികം ശസ്ത്രക്രിയകൾ ചേർന്നതാണവ. ശാരീരികവും മാനസികവുമായി പൂർണ ആരോഗ്യമുള്ളവരിലേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാകാൻ സാധ്യതയുള്ളവരെ സർജറിയിൽ നിന്നും പിന്തിരിപ്പിക്കുകയാണു പതിവ്. ഒരിക്കൽ സർജറി ചെയ്താൽ വീണ്ടും പഴയപടി ആകാനാവില്ല. അതുകൊണ്ട് ഒരു വർഷമെങ്കിലും ഹോർമോൺ എടുത്ത് അവരവരാഗ്രഹിക്കുന്ന ലിംഗസ്വത്വത്തിൽ ജീവിച്ചശേഷമേ സർജറിയുടെ സാധ്യതകൾ പരിഗണിക്കാറുള്ളൂ. ഹോർമോൺ ചികിത്സയ്ക്കും സർജറിക്കും മുൻപായി വ്യക്തികളുടെ പൂർണസമ്മതം (Fully informed consent) വാങ്ങുന്നു.

പുരുഷനിൽ നിന്നു സ്ത്രീ ആകുമ്പോൾ

സ്തനവലുപ്പം വർധിപ്പിക്കൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ കഴിക്കുമ്പോൾ തന്നെ ചെറിയതോതിൽ മാറിടവളർച്ച ഉണ്ടാകും. കൊഴുപ്പ് നിറച്ചോ സിലിക്കൺ ബ്രെസ്റ്റ് ഇംപ്ലാന്റ ് വച്ചോ ആണ് സ്തനവലുപ്പം വർധിപ്പിക്കുന്നത്. വയറിൽ നിന്നോ തുടയിൽ നിന്നോ കൊഴുപ്പെടുത്തു മാറിടത്തിൽ കുത്തിവയ്ക്കുന്നു. ഇതിൽ 30 ശതമാനം കൊഴുപ്പും വലിഞ്ഞുപോകും. അതുകൊണ്ട് 2–3 തവണയായി കൊഴുപ്പ് കുത്തിവയ്ക്കേണ്ടിവരും. സിലിക്കൺ ഇംപ്ലാന്റ് ഉപയോഗിച്ചുള്ള വലുപ്പം കൂട്ടലാണ് കൂടുതൽ സാധാരണം. പുതിയ ടൈപ്പ് മൃദുവായ ഇംപ്ലാന്റുകൾക്ക് അണുബാധയ്ക്കുള്ള സാധ്യത കുറവായിരിക്കും.

പുരുഷന്മാരിൽ മുലക്കണ്ണിനു ചുറ്റുമുള്ള ഭാഗം (നിപ്പിൾ ഏരിയോള കോംപ്ലക്സ്) ചെറുതായിരിക്കും. ഈ ഭാഗം വലുതാക്കാൻ കൊഴുപ്പു കുത്തിവയ്ക്കാം, ടാറ്റൂ ചെയ്യാം. കൊഴുപ്പു നിറച്ചോ തരുണാസ്ഥി വച്ചോ മുലക്കണ്ണിന്റെ വലുപ്പം കൂട്ടാം. ചിലരിൽ സ്ത്രീ ഹോർമോൺ എടുക്കുന്ന സമയത്ത് തന്നെ മുലക്കണ്ണിന്റെ വലുപ്പം വർധിക്കാറുണ്ട്. പുരുഷന്മാരിൽ സ്തനങ്ങൾ തമ്മിൽ അകന്ന് മുലക്കണ്ണ് രണ്ടുവശത്തേക്കും തിരിഞ്ഞായിരിക്കും ഉണ്ടാവുക. സ്തനങ്ങൾ തമ്മിലുള്ള വിടവ് (cleavage) കൃത്യമായിരിക്കില്ല. വ്യാസം കൂടിയതരം ഇംപ്ലാന്റുകൾ വച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. കുറേനാൾ കഴിയുമ്പോൾ ഇംപ്ലാന്റിന്റെ ചുറ്റും ഒരു കാപ്സ്യൂൾ രൂപപ്പെട്ട് ഇതു ചുരുങ്ങാൻ സാധ്യതയുണ്ട്. വളരെ അപൂർവമായി ലീക്കേജും വരാം. സ്പർശനസംവേദനത്തിലും പ്രശ്നം വരാം.

സ്ത്രീ ലൈംഗികാവയവം രൂപപ്പെടുത്തൽ

പുരുഷലിംഗത്തിന്റെ ഗ്ലാൻസ് പെനിസ് എന്ന മകുടഭാഗം രക്തക്കുഴലുകളും ഞരമ്പുകളും ഉൾപ്പെടെ ഫ്ളാപ് ആയി നീക്കം ചെയ്ത് രതിമൂർച്ഛയ്ക്കു സഹായിക്കുന്ന ഭാഗമായ ക്ലിറ്റോറിസ് നിർമിക്കാൻ എടുക്കുന്നു. ലൈംഗികബന്ധത്തിന്റെ സമയത്ത് സ്പർശനസംവേദനത്വവും വൈകാരിക ഉണർവും ലഭിക്കാൻ ഇതു സഹായിക്കുന്നു. ബാക്കി ലിംഗഭാഗം നീക്കുന്ന പീനെക്ടമി (Penectomy), വൃഷണങ്ങൾ നീക്കം ചെയ്യുന്ന ഓർക്കിഡെക്ടമി (Orchidectomy), എന്നിവയും ചെയ്യുന്നു. പൗരുഷഗ്രന്ഥി അഥവാ പ്രോസ്േറ്ററ്റ് നീക്കം ചെയ്യാറില്ല. ഇനി യോനി പുതുതായി രൂപപ്പെടുത്തണം. മലാശയത്തിനും മൂത്രനാളിക്കുമിടയിലായാണ് യോനീനാളം നിർമിക്കുന്നത്. ഏറ്റവും സാധാരണമായി പീനെയിൽ ഇൻവേർഷൻ വജൈനോപ്ലാസ്റ്റി. എന്ന രീതിയിലാണ് യോനി നിർമിക്കുന്നത്. ഈ രീതിയിൽ ലിംഗത്തിന്റെയും വൃഷണത്തിന്റെയും തൊലി ഉപയോഗിച്ച് യോനിയുണ്ടാക്കാം. ഇത് സംവേദനത്വം നൽകും. പക്ഷേ യോനിക്ക് സ്വയം നനവ് (ലൂബ്രിക്കേഷൻ) ഉണ്ടാവില്ല. കൃത്രിമ ലൂബ്രിക്കന്റുകൾ ഉപയോഗിക്കേണ്ടിവരും. ചുരുങ്ങാനുള്ള സാധ്യതയും ഉണ്ട്.

gender-affirmation-male-to-female-surgery-swatham-thedunna

ഇതല്ലാതെ വൻകുടലോ ചെറുകുടലോ ഉപയോഗിച്ചും (Colon procedure) യോനി നിർമിക്കാറുണ്ട്. സ്രവങ്ങൾ ഉൽപാദിപ്പിക്കുന്നതുമൂലം ലൂബ്രിക്കേഷൻ ലഭിക്കുമെങ്കിലും ഇതിനും ചില സങ്കീർണതകളുണ്ട്. ലിംഗത്തിന്റെ തൊലി എടുത്താണ് യോനീദളം അഥവാ ലേബിയ നിർമിക്കുന്നത്. ഇതിന് ലേബിയോപ്ലാസ്റ്റി എന്നു പറയുന്നു. മൂത്രനാളി (യൂറീത്ര)യുടെ നീളം സ്ത്രീകളുടേതുപോലെ കുറച്ചുകൊണ്ടുവന്ന് താഴേക്കു മൂത്രമൊഴിക്കാവുന്ന രീതിയിലാക്കും. ലിംഗപ്രവേശനം സാധ്യമാവുന്ന തരത്തിൽ യോനീദ്വാരവും പുനർനിർമിക്കുന്നു. മലദ്വാരവും മൂത്രനാളിയും അടുത്തായതിനാൽ അണുബാധയ്ക്കു സാധ്യതയുണ്ട്. ക്ലിറ്റോറിസ് നെക്രോസിസ് അഥവാ പുതുതായി നിർമിച്ച ക്ലിറ്റോറിസിലെ കോശങ്ങൾ നശിച്ചുപോകാം. മൂത്രനാളി ചുരുങ്ങാം. യോനിയുടെ ആഴവും വ്യാപ്തിയും കുറയാം. വീണ്ടും ശസ്ത്രക്രിയ ചെയ്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിവരും.

മുഖം ഒരുക്കലും ശരീരാകൃതി വരുത്തലും

മുഖം സ്ത്രൈണമോ പൗരുഷമുള്ളതോ ആക്കുന്നത് ഒരു സൗന്ദര്യശസ്ത്രക്രിയയല്ല, ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയുടെ ഭാഗമാണ്. കാരണം ജനനേന്ദ്രിയങ്ങൾ രൂപപ്പെടുത്തുന്നതുപോലെ പ്രധാനമാണ് ലിംഗസ്വത്വത്തിന് അനുസരിച്ച് മുഖം രൂപപ്പെടുത്തുന്നതും. നെറ്റി, മൂക്ക്, താടിയെല്ല്, കവിൾ, തൊണ്ടയുടെ മുൻപിലെ ആഡംസ് ആപ്പിൾ എന്നിവിടങ്ങളൊക്കെ സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമായിരിക്കും. കൊഴുപ്പു നിറച്ചും നീക്കിയും അസ്ഥിയുടെ ആകൃതി ശരിപ്പെടുത്തിയുമൊക്കെയാണ് ഈ ഭാഗങ്ങളിൽ മാറ്റം വരുത്തേണ്ടത്. ഇതെല്ലാം അതീവശ്രദ്ധ വേണ്ട സർജറികളാണ്. ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാറുണ്ട്. സ്ത്രീകളിൽ നെറ്റിത്തടത്തിൽ എം ഷേപ്പിലായിരിക്കും മുടിയുണ്ടാവുക. ട്രാൻസ് സ്ത്രീകൾക്ക് തലയുടെ പുറകിൽ നിന്ന് മുടിയെടുത്ത് ഈ രീതിയിൽ ട്രാൻസ്പ്ലാന്റ് ചെയ്തു കൊടുക്കും. കൊഴുപ്പു വലിച്ചെടുക്കുന്ന ലിപ്പോസക്‌ഷൻ, ബോഡി കോണ്ടൂറിങ്, ശബ്ദം ലിംഗസ്വത്വത്തിനു ചേർന്നതാക്കുന്ന വോയിസ് തെറപി എന്നിവയും കൂടി ചെയ്യുമ്പോൾ മാറ്റം പൂർത്തിയാകുന്നു.

gender-affirmation-male-to-female-surgery-ain-honey-arohi-swatham-thedunna2

തുടരും...

പരമ്പര സങ്കലനം: ബിനോയ് കെ. ഏലിയാസ്