Thursday 21 September 2023 03:03 PM IST

കെയർ ഹോം എന്നത് അപമാനമല്ല, അവരെ ഹാപ്പിയാക്കുന്ന ഇടം: മറവിരോഗത്തെ പരിചരണം കൊണ്ട് തോൽപ്പിക്കുവന്നവർ

Asha Thomas

Senior Sub Editor, Manorama Arogyam

alzhe32432 ഇൻ‌സെറ്റിൽ സെൻ‍ജു ജോസഫ്

കഴി‍ഞ്ഞ 10 വർഷമായി മറവിരോഗങ്ങളും അൽസ് ഹൈമേഴ്സുമാണ് യുകെയിലെ മരണങ്ങളുടെ പ്രധാന കാരണം. പത്തു ലക്ഷത്തോളം ആളുകളാണ് മറവിരോഗത്തിന്റെ പിടിയിലമർന്ന് അവിടെ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ മറവിരോഗികളുടെ പരിചരണം എന്നത് യുകെയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംരംഭമാണ്. ഇത്തരം ഒരു കേന്ദ്രത്തിലേക്കു മാറുക എന്നത് അപമാനം ഉളവാക്കുന്ന കാര്യമല്ല. അവിടൊക്കെ മുതിർന്ന തലമുറ സ്വത്ത് എഴുതുന്ന സമയത്ത് ഇത്തരം പരിചരണങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും എഴുതിവയ്ക്കും. ഏതെങ്കിലും പ്രത്യേക കെയർ ഹോമിൽ പോകണമെന്നുണ്ടെങ്കിൽ അതിന്റെ പേരും നൽകും.

അവിടൊക്കെ കുഞ്ഞുപ്രായം മുതലേ ഈ സങ്കൽപവുമായി പരിചയപ്പെട്ടാണ് കുട്ടികൾ വളരുന്നത്. കൊച്ചുമകനോ കൊച്ചുമകളോ വല്യപ്പനെയോ വല്യമ്മയേയോ കാണാൻ പോകുന്നത് മിക്കവാറും ഒരു കെയർ ഹോമിലേക്കായിരിക്കും. അവിടെ ചെല്ലുമ്പോൾ അത് ഒരു ക്ലബേ ഹൗസ് പോലെയാണ്. സമാനപ്രായത്തിലുള്ള ആളുകളുമായി ചിരിച്ചു കളിച്ചും സംസാരിച്ചും സന്തോഷമായിരിക്കുന്ന ഒരു കാഴ്ചയാകും കുട്ടികൾ കാണുന്നത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് കെയർ ഹോം എന്നു പറയുന്നത് നമ്മുടെ നാട്ടിലെ ചിന്ത പോലെ അവഗണിക്കപ്പെടുന്നവരുടെ കേന്ദ്രമല്ല.

പരിചരണം ഇങ്ങനെ

പുറംരാജ്യങ്ങളിലെ മറവിരോഗ പരിചരണ കേന്ദ്രങ്ങളിൽ രോഗിക്കാണു മേൽക്കൈ. രോഗിയുടെ ഇഷ്ടാനിഷ്ടങ്ങളെ ചുറ്റിപ്പറ്റിയാണ് പരിചരണം. കെയർ ഹോമിന്റെ ചിട്ടകളിലേക്കു രോഗിയെ കൊണ്ടുവരികയല്ല, രോഗിയുടെ രീതിക്ക് അനുസരിച്ച് പരിചരണം മാറുകയാണു വേണ്ടത്. പതുക്കെ പതുക്കെ പൊതുവായ ഒരു ദിനചര്യയിലേക്കു മാറ്റിയെടുക്കാം.

വിദേശങ്ങളിൽ മറവിരോഗികളുടെ പരിചരണം എന്നു പറയുന്നതു വർഷങ്ങളായി കൃത്യമായി പ്രവർത്തന ചട്ടങ്ങളുള്ള ഒരു സംവിധാനമാണ്. ഒരുപാട് ഉപകരണങ്ങളുടെയും ടെക്നോളജിയുടെയും സഹായമുണ്ട്. കെയർ ഗിവേഴ്സ് എന്നൊരു സമൂഹം തന്നെയുണ്ട്. മികച്ച ജോലിസാധ്യതകളും വേതനവും ലഭിക്കുന്ന വലിയൊരു ജോലി ശൃംഖലയാണത്.

കെയർ ഹോമിൽ ഒരാളെ ജോലിക്ക് എടുക്കണമെങ്കിൽ പൊലീസ് ക്ലിയറൻസ് കഴിയണം. ഇവരുടെ പേരിൽ പൊലീസ് കേസുകൾ എന്തെങ്കിലുമുണ്ടോ? മുൻപ് കെയർ ഹോമിൽ ജോലി ചെയ്തിരുന്നവരാണെങ്കിൽ അവിടുത്തെ പ്രവർത്തനം തൃപ്തികരമായിരുന്നോ എന്നൊക്കെ അന്വേഷിക്കും. അവസാനം ജോലി ചെയ്തിരുന്ന സ്ഥലത്തെ ഉടമയുടെ റഫറൻസ് ലെറ്ററും വേണം. ഇതെല്ലാം കൃത്യമാണെങ്കിലേ ജോലിക്കെടുക്കൂ. ജോലിക്കു കയറിക്കഴിഞ്ഞാലും വിശദമായ ട്രെയിനിങ് നൽകും. മറവിരോഗത്തെക്കുറിച്ചുള്ള ബോധവൽകരണം മുതൽ രോഗിയെ എഴുന്നേൽപിക്കൽ, ഭക്ഷണം നൽകൽ തുടങ്ങി പെരുമാറുന്നതു വരെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകിയിട്ടേ ജോലി തുടങ്ങൂ.

പ്രത്യേകം ഉപകരണങ്ങൾ

രോഗിയുടെ പരിചരണത്തിനായി ഒട്ടേറെ ഉപകരണങ്ങളുണ്ട്. തനിയെ എഴുന്നേൽക്കാനാകാത്ത രോഗിയെ കട്ടിലിൽ നിന്നും എഴുന്നേൽപിക്കാൻ പ്രത്യേകം സംവിധാനമുണ്ട്. കയ്യിൽ പിടിച്ച് പൊക്കിയെഴുന്നേൽപിക്കുന്ന രീതിയില്ല. അത്യാവശ്യം ഒാർമയുള്ള ഒരാളാണെങ്കിൽ പരിചരിക്കുന്നവരെ വിളിക്കാനായി ഒരു ബസർ കൊടുക്കും. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം. എഴുന്നേറ്റു നടക്കുമ്പോൾ വീഴുന്നവരാണെങ്കിൽ അവർക്ക് സെൻസറി മാറ്റുകൾ നൽകും. കട്ടിലിൽ നിന്നും കാലെടുത്ത് മാറ്റിലേക്കു വയ്ക്കുമ്പോഴേ അപായമണി മുഴങ്ങും. കസേരയിൽ ഘടിപ്പിക്കാവുന്ന സെൻസറുകളുണ്ട്. കസേരയിൽ നിന്ന് എഴുന്നേറ്റാലുടനെ അറിയാൻ സാധിക്കും.

മുറികളെല്ലാം ഇവരുടെ ചലനത്തിന് അനുസൃതമായ രീതിയിലാകും തയാർ ചെയ്തിട്ടുണ്ടാവുക. മുറികൾക്കു പ്രത്യേകം നിറങ്ങൾ നൽകി തിരിച്ചറിയൽ എളുപ്പമാക്കും. സൂചനാബോർഡുകളും ചിത്രങ്ങളുമൊക്കെ രോഗിക്കു വഴികാട്ടാനായി വച്ചിട്ടുണ്ടാകും.

തെറപികൾ

ബൗദ്ധികമായ ശേഷികളെ കുറച്ചെങ്കിലും മെച്ചപ്പെടുത്താനായുള്ള ആക്ടിവിറ്റികളും പരിശീലനവും നൽകുന്നു. ഉദാഹരണത്തിന് ചിലരുടെ പദസമ്പത്ത് പരിമിതമായിരിക്കും. നമ്മൾ അവരോടൊപ്പമിരുന്നു സംസാരിച്ച് അവരുടെ നിത്യജീവിത്തതിലേക്കാവശ്യമായ വാക്കുകൾ പഠിപ്പിക്കുന്നു. ഒക്യുപേഷനൽ തെറപ്പിയും നൽകുന്നു.

പടിപടിയായി പരിചരണ കേന്ദ്രങ്ങളിലേക്ക്

മറവിരോഗമുള്ള എല്ലാവരെയും നേരേ കെയർ ഹോമിലേക്കു മാറ്റുകയല്ല ചെയ്യുന്നത്. അത്യാവശ്യം ഒാർമയുള്ള, സ്വന്തമായി കാര്യങ്ങൾ ചെയ്യാനാകുന്ന ആളാണെങ്കിൽ വീട്ടിൽ തന്നെ കഴിയാം. ദിവസത്തിൽ രണ്ടു തവണ ഒരു കെയററുടെ സഹായം ലഭിക്കും. ആവശ്യമുള്ളപ്പോൾ വിളിക്കാൻ ഒരു ബെല്ലും നൽകും.

രോഗിയുടെ ഒാർമപ്രശ്നങ്ങളും അവശതകൾ കൂടുന്നതനുസരിച്ച് ദിവസം പലതവണ കെയർഗിവേഴ്സ് വന്നുപോകുന്ന സംവിധാനത്തിലേക്കു മാറും. ചിലരുടെ കാര്യത്തിൽ ഒന്നിൽ കൂടുതൽ കെയർഗിവേഴ്സ്ന്റെ സഹായം വേണ്ടിവരും. വീട്ടിൽ പരിചരണം സാധ്യമല്ലാതെ വരുമ്പോൾ കെയർ ഹോമിലേക്കു മാറ്റുക. അവിടെ നഴ്സുമാരുടെ സേവനം ലഭിക്കില്ല. കെയർ ഗിവേഴ്സ് ആവുമുണ്ടാവുക. മറവിരോഗം തീവ്രമാവുകയും നഴ്സുമാരുടെ ശ്രദ്ധ ആവശ്യം വരികയും ചെയ്താൽ നഴ്സിങ് ഹോമിലേക്കു മാറ്റും. കുറച്ചുകൂടി കഴിഞ്ഞ് തീരെ വയ്യാതാകുമ്പോൾ കുറച്ചുകൂടി മികച്ച ഒരു നഴ്സിങ് യൂണിറ്റിലേക്കു മാറ്റും.

മാറണം നമ്മുടെ രീതികൾ

ഇവിടുത്തെ സെന്ററിൽ കൊണ്ടുവരുന്ന രോഗികളെല്ലാം വീടുകളിൽ ഹോം നഴ്സിനെ വച്ചു പരിചരിക്കാൻ നോക്കി പരാജയപ്പെട്ട ശേഷം കൊണ്ടുവരുന്നതാണ്. മറവിരോഗികളുടെ പരിചരണം പരാജയപ്പെടാനുള്ള പ്രധാന കാരണം നമ്മൾ അവരുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണുന്നില്ല എന്നതാണ്. ഉദാഹരണത്തിന് നല്ല ചുവന്ന നിറമുള്ള ഒരു പൂപ്പാത്രം കാണുമ്പോൾ രോഗിയുടെ വിചാരം അതു തീ ആണെന്നാകും. അതു താഴെ വീണാൽ മുറിയാകെ തീപിടിക്കും എന്നൊക്കെയാകും ചിന്തിക്കുക. ആ വിചാരത്തോടെ അവർ പൂപ്പാത്രം ചൂണ്ടി തീ ..തീ എന്നു പറയുമ്പോൾ, അത് തീ ഒന്നുമല്ല, ചുമ്മാ തോന്നുന്നതാണ് എന്ന് അവരെ തിരുത്താൻ പോകുമ്പോൾ രോഗിയും ശുശ്രൂഷകനും തമ്മിലുള്ള ബന്ധത്തിനൊരു വിള്ളൽ വീഴും. ഇതു പലതവണ ആവർത്തിക്കുമ്പോൾ ആ ബന്ധത്തിലെ വിശ്വാസം എന്ന ഘടകം തന്നെ നഷ്ടമാകും. അവരെ പരിചരിക്കൽ പിന്നെ പ്രയാസകരമാകും. അവർ യുക്തിരഹിതമായി എന്തു പറഞ്ഞാലും മറുത്തു പറയാതിരിക്കുക എന്നതാണ് ഉത്തമം. മെല്ലെ ആ വിഷയത്തിൽ നിന്നും അവരുടെ ശ്രദ്ധ മാറ്റി കൊണ്ടുപോവണം.

ഒാരോരുത്തരും വ്യത്യസ്തരാണ്. ഒാരോ ആളുടെയും പെരുമാറ്റരീതികളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ കണക്കിലെടുത്തു വേണം പരിചരണം. ഇതിനു രോഗീകേന്ദ്രീകൃത പരിചരണം എന്നു പറയുന്നു. ഉദാഹരണത്തിന് അവർക്കായുള്ള ഉല്ലാസപരിപാടികൾ പോലും വ്യക്തിഗതമാകണം. എല്ലാവർക്കും ക്യാരംസ്, ചെസ്സ് എന്ന രീതി ഫലിക്കില്ല. കണക്കിൽ പുലിയായിരുന്ന ഒരാൾക്ക് കണക്കുകൂട്ടലുകൾ ഉൾപ്പെടുന്ന ഗെയിമുകൾ നൽകാം. പാചകം താൽപര്യമുള്ളവരെ അടുക്കള ജോലികളിൽ പങ്കുചേർക്കാം. പന്തുകളി ഇഷ്ടമുള്ളവർക്ക് അതിന് അവസരം നൽകാം.

പരിചരണ കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള മറ്റൊരു പ്രശ്നമാണ് അവിടുത്തെ ചിട്ടകൾ. ആദ്യമായി വരുന്ന ഒരാൾക്ക് അതുവരെ ജീവിച്ചിരുന്ന ഒരു ക്രമത്തിൽ നിന്നും മാറാൻ ഇഷ്ടമുണ്ടാകില്ല. നിർബന്ധിച്ച് രോഗിയെ നമ്മുടെ വഴിക്കു കൊണ്ടുവരുന്നത് ശരിയാകില്ല. പകരം ആദ്യം അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പഠിച്ച് അതിന് അനുസരിച്ചു പെരുമാറണം. ആദ്യം അവരുടെ ഇഷ്ടം സമ്പാദിക്കണം. മെല്ലെ മെല്ലെ രോഗി പോലുമറിയാതെ ഒരു ദൈനംദിന ക്രമത്തിലേക്കു കൊണ്ടുവരാം. ഉദാഹരണത്തിന് ടോയ്‌ലറ്റ് ട്രെയിനിങ്ങിന്റെ കാര്യമെടുക്കാം. എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ പരിചാരകൻ തന്നെ രോഗിയെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ഇരുത്തുന്നു. കുറേ ദിവസങ്ങൾ കഴിയുമ്പോഴേക്കും രോഗിയുടെ ശരീരം ആ സമയമാകുമ്പോഴേക്കും ടോയ്‌ലറ്റിൽ പോകാൻ സജ്ജമാകുന്നു. രോഗിക്ക് അതു പറയാൻ കഴിയണമെന്നില്ല. നമ്മൾ ആ സമയം ഒാർത്തുവച്ച് നയപരമായി അവരെ ടോയ്‌ലറ്റിലേക്കു കൊണ്ടുപോകണം.

∙ മറവിരോഗികൾക്ക് പഴയ കാര്യങ്ങളാകും ഒാർമയിൽ ഉണ്ടാവുക. കുട്ടിക്കാലവും ജനിച്ച നാടും വീടും പഠിച്ച സ്കൂളും അച്ഛനമ്മമാരും സഹോദരങ്ങളുമൊക്കെയാകും മനസ്സിൽ. അതുകൊണ്ട് രോഗിയുമായി നല്ലൊരു ആശയവിനിമയം സാധ്യമാകണമെങ്കിൽ നമ്മൾ അവരുടെ പഴയകാലത്തെകുറിച്ച് അറിഞ്ഞിരിക്കണം.

∙ അവർക്ക് എന്തൊക്കെ ഒാർമയുണ്ട് എന്നറിയാൻ ചോദ്യേങ്ങൾ ചോദിച്ചു ശല്യപ്പെടുത്തരുത്.

∙ കഴിയുന്നതും സ്വന്തം പേരു വിളിച്ച് സംസാരിക്കുക. കുട്ടികളോടു പെരുമാറുന്നതുപോലെ പെരുമാറരുത്.

∙ പറയുന്ന കാര്യം മനസ്സിലാകുന്നില്ലെങ്കിൽ സാവധാനം പല തവണ ആവർത്തിക്കുക.

∙ അവർ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾക്ക് ഇടയ്ക്കു കയറി മാറ്റാൻ ശ്രമിക്കരുത്. മെല്ലെ മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടുക.

വിവരങ്ങൾക്ക് കടപ്പാട്

സെൻജു ജോസഫ്, സിഇഒ, ബെസ്റ്റ് ഡിമൻഷ്യ കെയർ ഹോം, ബോട്ട് ജെട്ടി റോഡ്, കോട്ടയം

bestdementiacarehome@gmail.com

നഴ്സിങ് പ്രഫഷനലായ സെഞ്ചു ജോസഫ്  യുകെയിൽ 12 വർഷത്തോളം ഡിമൻഷ്യ സെന്റർ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്.  

Tags:
  • Manorama Arogyam
  • Health Tips