Saturday 12 November 2022 02:29 PM IST

മൂത്രാശയ അണുബാധ സ്ത്രീകൾക്കേ വരികയുള്ളോ? മൂത്രം പിടിച്ചുവച്ചാൽ പ്രശ്നമാണോ?

Asha Thomas

Senior Sub Editor, Manorama Arogyam

eye344545

ഏറെ പ്രധാനമായ ഒരു ശരീരഭാഗമാണെങ്കിലും മൂത്രാശയത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ അവബോധം ആളുകൾക്കു കുറവാണ്. ഡോക്ടർമാരോടു പോലും ഇതു സംബന്ധിച്ച കാര്യങ്ങൾ തുറന്നു ചോദിക്കുന്നതിന് ആളുകൾക്ക് മടിയാണ്. ഇതാ മൂത്രാശയ സംബന്ധമായ 10 ധാരണകളും അവയുടെ ശരിതെറ്റുകളും അറിയാം.

∙ അടിക്കടി മൂത്രമൊഴിക്കുന്നത് കുറയ്ക്കാൻ വെള്ളം കുടി കുറച്ചാൽ മതി– തെറ്റ്

ടോയ്‌ലറ്റിൽ പോകേണ്ടിവരുമെന്ന ആശങ്ക മൂലം പുറത്തുപോകുമ്പോഴും യാത്ര ചെയ്യുമ്പോഴും വേണ്ടത്ര വെള്ളം കുടിക്കാതെ ഇരിക്കുന്നവരുണ്ട്. ഇതു ശരിയല്ല. സാധാരണഗതിയിലുള്ള വെള്ളം കുടി ആരോഗ്യമുള്ള മൂത്രാശയത്തിന് ഒരു പ്രശ്നമാകില്ല. എന്നാൽ കാപ്പിയിലെ കഫീൻപോലുള്ള ചില ഘടകങ്ങൾ, കോള എന്നിവ മൂത്രാശയത്തെ കൂടുതലായി ഉത്തേജിപ്പിക്കാം. അവ കുറച്ച് ഉപയോഗിക്കുക.

∙ മൂത്രം പിടിച്ചുവയ്ക്കുന്നത് മൂതാശയത്തെ ബാധിക്കാം– ശരി

ദിവസവും മൂന്നു നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും മൂത്രമൊഴിക്കണം. മൂത്രം ഒഴിക്കാതെ ദീർഘനേരം പിടിച്ചുവയ്ക്കുന്നത് മൂത്രാശയപേശികളെ ദുർബലമാക്കും. ഇത് മൂത്രാശയ അണുബാധകളുണ്ടാക്കാം.

∙ കെഗൽസ് വ്യായാമം സ്ത്രീകൾക്ക് മാത്രമുള്ളതാണ്–തെറ്റ്

ഈ ധാരണ ശരിയല്ല. പെൽവിക് ഭാഗത്തെ പേശികളാണ് മൂത്രപ്രവാഹത്തെ നിയന്ത്രിക്കുന്നത്. മൂത്രമൊഴിച്ചു കഴിഞ്ഞ് മൂത്രാശയം കാലിയായിരിക്കുന്ന സമയത്ത് ഈ പേശികളെ മൂന്നു മുതൽ അഞ്ചു സെക്കൻഡ് വരെ മുറുക്കിപ്പിടിക്കുക. ആമാശയത്തിലും പിൻഭാഗത്തും ഉള്ള പേശികൾ അയച്ചിടണം. കെഗൽസ് വ്യായാമം എവിടെ വച്ചും ഏതു സമയത്തും ഏതു ശരീരനിലയിലും ചെയ്യാം.

∙ മൂത്രാശയ ആരോഗ്യത്തിന് ജീവിതശൈലി മാറ്റം നല്ലത്–ശരി

പതിവായി വ്യായാമം ചെയ്യുന്നതും മൂത്രാശയത്തെ അമിതമായി ഉത്തേജിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുന്നതും നല്ലതാണ്. കെഗൽസ് വ്യായാമം പതിവാക്കുന്നതു വഴി ചുമയക്കുമ്പോഴും തുമ്മുമ്പോഴുമുള്ള അനിയന്ത്രിതമായ മൂത്രംപോകൽ കുറയ്ക്കാം. ശരീരഭാരം കുറയ്ക്കുന്നതു മൂത്രാശയത്തിന് അധിക സമ്മർദം നൽകി പ്രശ്നങഅങളുണ്ടാക്കാമെന്നതിനാൽ മെലിയുന്നതു നല്ലതാണ്.

∙ മൂത്രാശയത്തിന്റെ വലുപ്പമാണു പ്രശ്നം?– തെറ്റ്

ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകേണ്ടിവരുന്നത് മൂത്രാശയത്തിന് വലുപ്പം കുറവായതുകൊണ്ടാണെന്നാണ് ചിലരുടെ ധാരണ. എന്നാൽ യാഥാർഥ്യമതല്ല. ആരോഗ്യമുള്ളവരിൽ ഒന്നു–രണ്ട് കപ്പ് മൂത്രം കൊള്ളാനുള്ള വലുപ്പമുണ്ട് മൂത്രാശയത്തിന്. പേശികളുടെ ബലക്കുറവും ചില മരുന്നുകളുടെ ഉപയോഗവും അണുബാധകളും നാഡികളുടെ തകരാറുമൊക്കെയാകാം ശരിക്കുള്ള പ്രശ്നം. അതുകൊണ്ട് അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നലിനെ നിസ്സാരമാക്കരുത്.

∙ സ്ത്രീകൾക്ക് മാത്രമാണ് മൂത്രാശയ അണുബാധ വരിക –തെറ്റ്

മൂത്രാശയ അണുബാധകൾക്ക് അപകടസാധ്യത കൂടുതൽ സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലും അണുബാധ വരാം. സ്ത്രീകളിൽ മൂത്രനാളിയുടെ നീളം കുറവായതിനാൽ പുറത്തുനിന്നും ബാക്ടീരിയയ്ക്ക് മൂത്രാശയത്തിലേക്കെത്തുക എളുപ്പമാണ്. ആർത്തവ വിരാമമെത്തിയ സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവു കുറയുന്നതിനാൽ അണുബാധയുടെ സാധ്യതയും വർധിക്കാം. മൂത്രാശയ അണുബാധകൾ പങ്കാളികൾ തമ്മിൽ പകരുകയുമില്ല.

∙ കൃത്യമായും രണ്ടു ലീറ്റർ വെള്ളം ദിവസവും കുടിക്കണം– തെറ്റ്

പൊതുവായി പറഞ്ഞാൽ കുറഞ്ഞത് രണ്ടു ലീറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നു പറയാം. അതിൽ കൂടുതൽ വേണമോ എന്നത് വ്യക്തികളുടെ ശരീരഭാരവും ദൈനംദിന പ്രവർത്തികളും വ്യായാമവുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാം. നന്നായി വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ ഗാഢത കുറയ്ക്കുന്നതിനും വൃക്കയിൽ കല്ലു രൂപപ്പെടുന്നതു തടയുന്നതിനും സഹായിക്കുന്നു.

∙ വ്യായാമം ചെയ്യുമ്പോഴും ഭാരമെടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം പോകുന്നത് സാധാരണമാണ്– തെറ്റ്

പലരും ഇതിനെ പ്രായമാകുന്നതിന്റെ ഭാഗമാണെന്നൊക്കെ തെറ്റിധരിക്കാറുണ്ട്. യഥാർഥത്തിൽ ഇത് സ്ട്രെസ്സ് ഇൻകോണ്ടിനൻസ് എന്ന രോഗാവസ്ഥയാണ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ മൂത്രം ലീക്ക് ചെയ്യുന്നത് ക്രമേണ വഷളാകും. കെഗൽസ് വ്യായാമങ്ങൾ പരിശീലിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കും.

∙ രാത്രിയിൽ പലതവണ മൂത്രമൊഴിക്കുന്നത് സാധാരണമല്ല– ശരി

ഒരുതവണ രാത്രിയിൽ ടോയ്‌ലറ്റിൽ പോകുന്നത് സാധാരണ കാര്യമാണ്. പക്ഷേ, അതിൽ കൂടുതൽ തവണ പോകുന്നത് നിസ്സാരമാക്കരുത്. എൻലാർജ്ഡ് പ്രോസ്േറ്ററ്റ് അഥവാ പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത് പുരുഷന്മാരിൽ ഇത്തരം പ്രശ്നമുണ്ടാക്കാം. കിടക്കുന്നതിനു മുൻപ് അളവിൽ കൂടുതൽ വെള്ളം കുടിക്കുന്നത്, ബിപി മരുന്നുകൾ പോലുള്ള ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം, ഒാവർ ആക്ടീവ് ബ്ലാഡർ എന്ന അവസ്ഥ എന്നിവയൊക്കെ രാത്രിയിൽ പല തവണ മൂത്രമൊഴിക്കാനുള്ള കാരണമാകാം.

∙ ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിച്ചു കളയണം–ശരി

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ബാക്ടരീയ യോനീഭാഗത്തുനിന്നും മൂത്രനാളിയുടെ ആരംഭഭാഗത്തേക്ക് എത്താനിടയുണ്ട്. അതുകൊണ്ടാണ് ബന്ധപ്പെട്ടതിനു ശേഷം പുരുഷന്മാരും സ്ത്രീകളും മൂത്രമൊഴിച്ചു കളയണമെന്നു പറയുന്നത്.

വിവരങ്ങൾക്ക് കടപ്പാട്

മയോ ക്ലിനിക്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാൺ ഏജിങ്

Tags:
  • Manorama Arogyam