നമ്മുടെ പ്രിയപ്പെട്ടവർക്ക് കാൻസർ ആണെന്ന് അറിയുന്നതിലും വിഷമിപ്പിക്കുന്ന കാര്യം എന്താണെന്ന് അറിയാമോ? ചികിത്സയ്ക്ക് ഒട്ടേറെ മാർഗങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും ഭാരിച്ച ചെലവു മൂലം അതു കൊടുക്കാൻ സാധിക്കാതെ വരുന്നതാണ്...
കുതിച്ചുയരുന്ന കാൻസർ ചികിത്സാചെലവുകളെക്കുറിച്ച് സംസാരിക്കവേ ഒരാൾ പറഞ്ഞ വാക്കുകളാണിത്. അയാളുടെ അടുത്ത ബന്ധുവിന് അപൂർവമായ ഒരു കാൻസറാണ്. ചെറിയൊരു ഇൻഷുറൻസും ഉണ്ടായിരുന്ന സമ്പാദ്യവും ഒക്കെ കൊണ്ട് ആദ്യഘട്ട ചികിത്സകൾ പൂർത്തിയാക്കി. പക്ഷേ, രോഗം വീണ്ടുംവന്നു. അടുത്തഘട്ടം അഗ്രസീവ് ട്രീറ്റ്മെന്റ് വേണം. അതിന് ഒരു മാസം ഒരു ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഈ ചികിത്സ ചെയ്താൽ 5–10 വർഷം കൂടി രോഗി ജീവിച്ചേക്കും എന്നാണ് ഡോക്ടർ പറയുന്നത്. പക്ഷേ...
പൊള്ളുന്ന വില
കാൻസർ ആണെന്നറിയുമ്പോൾ സാധാരണക്കാരൻ തളർന്നുപോകുന്നത് രോഗത്തിന്റെ ഭീകരത കൊണ്ടു മാത്രമല്ല രോഗത്തിന് ചെലവിടേണ്ടിവരുന്ന ഭീമമായ തുകയേക്കുറിച്ചോ ർത്തു നടുങ്ങുന്നതുകൊണ്ടു കൂടിയാണ്. ഉള്ള സമ്പാദ്യം നുള്ളിപ്പെറുക്കിയെടുത്തും കിടപ്പാടം വിറ്റും ചികിത്സിക്കേണ്ടിവരുന്ന രോഗികളെ നമ്മൾ കണ്ടുകൊണ്ടേയിരിക്കുന്നു. ജീവൻരക്ഷാമരുന്നായിട്ടുപോലും എന്തുകൊണ്ടാണ് കാൻസർ മരുന്നുകൾക്കിങ്ങനെ വില കൂടുന്നത്? ജീവിതത്തിന്റെയും മരണത്തിന്റെയും തുലാസ്സിലാടുന്ന കാൻസർ രോഗിയെ പോലും കൊല്ലാക്കൊല ചെയ്യുന്നത്ര നിഷ്ഠൂരമാണോ നമ്മുടെ ചികിത്സാ–മരുന്നു മേഖല....?
കോട്ടയത്തെ ഒരു പ്രമുഖ മരുന്നു മൊത്തവിതരണക്കാരൻ പറയുന്നു. ‘‘ഞാൻ കാൻസർ മരുന്നു വിൽപന നിർത്തി. എനിക്ക് ഒരു കുടുംബം ഉണ്ട്. മരുന്നു തട്ടിപ്പിന്റെ പാപം അവർകൂടി സഹിക്കേണ്ട കാര്യമില്ലല്ലൊ?
തട്ടിപ്പ് ബംഗ്ലാദേശിൽ നിന്നും
ചികിത്സയ്ക്കു പണമില്ലാതെ വലയുന്ന കാൻസർ രോഗികളുടെ ദൈന്യത മുതലെടുക്കാൻ അങ്ങ് ബംഗ്ലാദേശിൽ നിന്നു നിയമാനുസൃതമല്ലാതെ പോലും കാൻസർ മരുന്നുകൾ കേരളത്തിലേക്കും ഒളിച്ചുകടത്തുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മനോരമ ആരോഗ്യത്തിന് ലഭിച്ചിരിക്കുന്നത്. പച്ചക്കറിക്ക് വിലപേശും പോലെ ഡിസ്ട്രിബ്യൂട്ടർമാരോട് വിലപേശാം. പ്രിസ്ക്രിപ്ഷൻ വേണ്ട, മുൻകൂർ പണം അടയ്ക്കേണ്ട... നിങ്ങൾ പറയുന്ന മരുന്ന് കേരളത്തിൽ നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. പക്ഷേ, അതിന് ബാർ കോഡ് കാണില്ല, ബില്ല് ഉണ്ടാകില്ല. അതു മരുന്നാണോ എന്നു പോലും ഉറപ്പുണ്ടാകില്ല. നിങ്ങളുടെ സ്വന്തം റിസ്കിൽ വാങ്ങി കഴിക്കാം...പക്ഷേ ഇത് വളരെ സജീവമായ ഒരു കള്ളവിപണിയാണ്. മരുന്നു നിർമാതാക്കളും ഇടനിലക്കാരും ഡോക്ടർമാരും പാവപ്പെട്ട രോഗികളുമെല്ലാം കണ്ണികളായ വലിയൊരു മരുന്നുമാഫിയ. ആ വിപണിയുടെ ഭാഗമായ ഒരാളുമായി, അയാളുടെ ഭാഷയിൽ പറഞ്ഞാൽ ‘മെർച്ചന്റ്’ ഫോണിൽ സംസാരിക്കാനിടയായപ്പോൾ വെളിവായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
പ്രശസ്തമായ ഒരു ഒാൺലൈൻ വിപണിയിൽ ഒാസിമെർട്ടിനിബ് എന്ന മരുന്ന് അന്വേഷിച്ചതാണ് തുടക്കം. ശ്വാസകോശ കാൻസർ ഉള്ളവർക്ക് അഡ്ജുവന്റ് തെറപി ആയി നൽകുന്ന മരുന്നാണിത്. അതായത് ശ്വാസകോശ കാൻസറിനോട് അനുബന്ധിച്ച് ട്യൂമർ വരാം. ആ ട്യൂമർ വളർച്ച നിയന്ത്രിക്കാനുള്ള മരുന്നാണിത്. ഇന്ത്യയിൽ ആസ്ട്രാസെനക്ക കമ്പനിയാണ് ഇതിന്റെ ജനറിക് പതിപ്പ് നിർമിച്ചുവിൽക്കുന്നത്. ടാഗ്രിസ്സോ (Tagrisso) എന്ന പേരിൽ. 10 ഗുളികയ്ക്ക് രണ്ടു ലക്ഷത്തിലധികം വരും ഇതിന്റെ എം.ആർ.പി.
വിലപേശി വാങ്ങാം
റജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് നിമിഷങ്ങൾക്കുള്ളിൽ തുരുതുരെ മെസേജുകൾ എത്തിത്തുടങ്ങി. മരുന്ന് ഒാൺലൈനിലൂടെ വിൽക്കുന്ന ഡിസ്ട്രിബ്യൂട്ടർമാരുടെ വിശദാംശങ്ങൾ അടങ്ങിയ ലിങ്കുകളാണ്.
അതു പരിശോധിക്കുന്നതിനിടയിൽ എട്ട് പത്ത് ഫോൺ കോളുകൾ വന്നു. എല്ലാം തന്നെ വടക്കേഇന്ത്യ യിലുള്ള കമ്പനികളുടെ റപ്രസെന്റേറ്റീവുകൾ. ഒരു ലക്ഷത്തി മുപ്പതിനായിരം, ഒരു ലക്ഷത്തി അറുപതിനായിരം എന്നിങ്ങനെ പോകുന്നു ടാഗ്രിസ്സോയുടെ വില. പ്രിസ്ക്രിപ്ഷൻ വേണം. കയ്യിൽ ഇല്ലെന്നു പറഞ്ഞപ്പോൾ ഇമേജ് അയച്ചു തന്നാൽ മതിയെന്നു മറുപടി.
വിലപേശൽ തുടർന്നു. 12,000, 15,000, 16,000 എന്നിങ്ങനെ കുറഞ്ഞവിലകളും വന്നു. നോക്കിയപ്പോൾ ടാഗ്രിസ് എന്ന ബ്രാൻഡാണ്. ബംഗ്ലാദേശിലെ ബീക്കൺ ഫാർമ നിർമിക്കുന്നത്. പ്രിസ്ക്രിപ്ഷൻ ഇല്ലെന്നു പറഞ്ഞപ്പോൾ ചിലർ ഫോട്ടോ വാട്സ് ആപ്പ് വഴി തന്നാൽ മതിയെന്നു പറഞ്ഞു. ചിലർക്ക് പ്രിസ്ക്രിപ്ഷൻ ഇല്ലെങ്കിലും കുഴപ്പമില്ല.
കുറഞ്ഞവിലയ്ക്ക് മരുന്ന്
തുടർന്നാണ് അയാൾ വിളിച്ചത്. കേരളത്തിലെ പല പ്രമുഖ ആശുപത്രികൾക്കും മരുന്നുകൾ വിൽക്കുന്നയാളാണത്രെ. പ്രത്യേകിച്ചും എറണാകുളം കേന്ദ്രീകരിച്ച ആശുപത്രികൾക്ക്. ഇംഗ്ലിഷിൽ അയാൾ സംസാരിച്ചുതുടങ്ങി. 12,000 രൂപയ്ക്ക് ഒസിമെർട്ടിനിബ് ഒരു ബോട്ടിൽ സംഘടിപ്പിച്ച് തരാം. ഇംപോർട്ടഡ് മരുന്നാണ്. ഒരുപാട് രോഗികൾ വാങ്ങുന്നതാണ് മാഡം. ഒരു കുഴപ്പവും വരില്ല. ഹൈദ്രാബാദിലെ അഡ്രസ് തന്നാൽ (ഹൈദ്രാബാദ് എന്നാണ് സ്ഥലം പറഞ്ഞിരുന്നത്) അവിടെ കൊറിയർ എത്തിക്കാം. മൂന്നു ബോട്ടിൽ (30 എണ്ണം) എടുത്താൽ 11,000 മതി. അഞ്ചിൽ കൂടുതലെടുത്താൽ ബോട്ടിലൊന്നിന് 10,500നു തരാം.
പക്ഷേ, എന്റെ കയ്യിൽ പ്രിസ്ക്രിപ്ഷൻ ഇല്ല. എന്തു ചെയ്യും.
അതു സാരമില്ല. ഞങ്ങൾ ബില്ല് തരില്ലെന്നേയുള്ളൂ. നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യണമെങ്കിൽ അതേ വിലയ്ക്കുള്ള മറ്റൊരു മരുന്നിന്റെ ബിൽ സംഘടിപ്പിച്ചുതരാം.
പക്ഷേ, ഒറിജിനൽ ജനറിക് മരുന്നിന് ഒരു ലക്ഷത്തിലേറെയാണല്ലോ? അപ്പോൾ ഇത് നല്ല മരുന്നല്ലേ?
രണ്ടും വ്യത്യാസമുണ്ട്. നിങ്ങൾക്ക് ഒറിജിനൽ മരുന്ന് വേണമെങ്കിൽ അതു ഞാൻ വാങ്ങിത്തരാം. 1,65,000 രൂപയാകും. 10 എണ്ണം വാങ്ങിയാൽ 20 എണ്ണം ഫ്രീ ആണ്. (ഇത് ഇന്ത്യയിലെ അർബുദ രോഗികൾക്കു മാത്രമായി കമ്പനി നടപ്പാക്കുന്ന പ്രത്യേക ഒാഫർ ആണെന്നാണ് കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടർ അവകാശപ്പെട്ടത്.)
കമ്പനി നേരിട്ടു ബില്ലു തരും. പക്ഷേ, അതു വാങ്ങണമെങ്കിൽ പ്രിസ്ക്രിപ്ഷൻ, ആധാർ കാർഡ് , രോഗിയുടെ വിവരങ്ങൾ, ആശുപത്രിയുടെ പേര്,സീൽ, ഡോക്ടറിന്റെ സീലും ഒപ്പും ഒക്കെ വേണം. എങ്കിലേ ഞങ്ങൾക്ക് മരുന്നിന് ഒാർഡർ കൊടുക്കാനാകൂ. ഒാർഡർ കൊടുത്ത് 7–10 ദിവസത്തിനുള്ളിൽ മരുന്ന് വരും. തുടർന്നു നിങ്ങളെ അവർ വിളിക്കും. വിവരങ്ങളൊക്കെ വേരിഫൈ ചെയ്യും. അതിനു ശേഷം മാത്രമേ പ്രോഡക്ട് തരൂ.
ഞാൻ വില കുറച്ചു തരുന്നത് ഇംപോർട്ടഡ് ജനറിക് മരുന്നാണ്. ഇത് ഒറിജിനലുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. മൾട്ടിബില്യൺ ഡോളർ കമ്പനിയാകുമ്പോൾ സയന്റിസ്റ്റുകൾക്കും മറ്റുമൊക്കെയായി ധാരാളം പേയ്മെന്റ് ഉണ്ട്. വലിയ ചെലവു വരും,. അതുകൊണ്ട് അവർ കൂടുതൽ കാശിനു വിൽക്കും. ഇതു ചെറിയ കമ്പനികളാണ്. ലാഭത്തിൽ നിർമിക്കുന്നതാണ്.
ഒസിമെർട്ടിനിബിന് പ്രധാനമായും മൂന്ന് ബംഗ്ലാദേശ് ബ്രാൻഡുകളാണ് ഉള്ളതെന്നും അയാൾ പറഞ്ഞുതന്നു.
ഒാസിസെന്റ്– ക്യു ആർ കോഡ് ഉള്ളതിന് 9000 രൂപ. ക്യൂ ആർ കോഡ് ഇല്ലാത്തതിന് 5000 രൂപ. ഒാസിമെർട് ആണ് മറ്റൊന്ന്. അതിന് 7500 രൂപയാകും. ട്രാഗ്രിസിന് 12,000 ആണ് വില. അതിലും ക്യൂ ആർ കോഡ് ഉണ്ട്. പക്ഷേ, നിങ്ങൾക്ക് അത് സ്കാൻ ചെയ്യാൻ പറ്റില്ല. സ്കാൻ ചെയ്താലും വർക്ക് ആകില്ല. കാരണം അത് ഇന്ത്യയിൽ അനുവദനീയമല്ല. (ഇതു പിന്നീട് പരിശോധിച്ചു നോക്കി. ക്യൂ ആർ കോഡ് പ്രവർത്തിക്കുന്നില്ല.)
അപ്പോൾ ഇത് ഗവൺമെന്റ് അംഗീകരിച്ചതല്ലേ?
ഈ മരുന്നുകൾ ഇന്ത്യയിൽ വിൽക്കാൻ പാടുള്ളതല്ല. പക്ഷേ, ഇന്ത്യയിലെ രോഗികൾക്കു പലർക്കും ഒറിജിനൽ ജനറിക് മരുന്നിന്റെ വില താങ്ങാൻ വയ്യ. ഗവൺമെന്റാണെങ്കിൽ രോഗികളുടെ കാര്യം പരിഗണിക്കുന്നുമില്ല. എനിക്ക് ഈ സ്ഥലങ്ങളിലൊക്കെ കോണ്ടാക്റ്റുകൾ ഉണ്ട്. അതുകൊണ്ടാണ് ഇത്ര കുറഞ്ഞ വിലയ്ക്ക് മരുന്ന് എത്തിക്കാൻ പറ്റുന്നത്. രോഗികൾക്ക് ഇതു ഫലപ്രദമാവുന്നുണ്ട്, അതുകൊണ്ട് അവർ ഞങ്ങളോടു വാങ്ങുന്നു.അയാൾ അവകാശപ്പെട്ടു.
ഇത് ഒാഫ് ദ ബുക്ക് ആയാണ് ചെയ്യുന്നത്. ഗവൺമെന്റിനെ അറിയിച്ചുള്ള കച്ചവടമല്ല. ഗവൺമെന്റിനെ അറിയിക്കുക എന്നു പറയുമ്പോൾ ഞങ്ങൾക്ക് ബില്ല് കൊടുക്കേണ്ടിവരും. പേയ്മെന്റ് കമ്പനി അക്കൗണ്ട് വഴി ചെയ്യേണ്ടി വരും. ഒാഫ് ദ ബുക്ക് എന്നു പറയുമ്പോൾ പേയ്മെന്റ് ഞങ്ങളുടെ സേവിങ്സ് അക്കൗണ്ട് വഴിയോ നേരിട്ട് പണമായോ ആകാം.
ഇതിനു വല്ല സൈഡ് ഇഫക്ടും വരുമോ? എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബില്ലില്ലാതെ ഞാനെങ്ങനെ നിങ്ങളെ കോണ്ടാക്ട് ചെയ്യും.
എല്ലാ മരുന്നിനും സൈഡ് ഇഫക്റ്റ് ഉണ്ട്. ഒറിജിനൽ മരുന്നിനാണെങ്കിലും സൈഡ് ഇഫക്റ്റ് ഉണ്ട്. ഇത് എന്റെ പേഴ്സണൽ നമ്പർ ആണ്. നിങ്ങൾക്ക് തീർച്ചയായും വിളിക്കാമല്ലോ. ഇംപോർട്ടഡ് മരുന്നിന് ബില്ലു തരാൻ നിർവാഹമില്ല. നിങ്ങൾ ഏതു ഡിസ്ട്രിബ്യൂട്ടറെ വേണമെങ്കിലും വിളിച്ചുകൊള്ളൂ. ആരും ഇംപോർട്ടഡ് മരുന്നിന് ബില്ലു തരില്ല. രോഗിയുടെ സ്വന്തം റിസ്കിൽ വാങ്ങണം.
ഒട്ടേറെപ്പേർ ക്യൂ ആർ കോഡ് ഇല്ലാത്ത മരുന്ന് വാങ്ങുന്നുണ്ടോ? എനിക്കു ധൈര്യമായി വാങ്ങാമോ? ക്യൂ ആർ കോഡ് ഇല്ലെങ്കിൽ പ്രശ്നമാകുമോ?
ഒത്തിരി പേര് ഈ മരുന്നൊക്കെ വാങ്ങുന്നുണ്ട്. കേരളത്തിൽ നിന്നും ചെന്നൈയിൽ നിന്നും ഹൈദ്രാബാദിൽ നിന്നുമൊക്കെ ധാരാളം കോൾ വരുന്നുണ്ട്. ഏതാണ്ട് 20 വർഷമായി ഇതിങ്ങനെ നടക്കുന്നുണ്ട്. എല്ലാവർക്കും അറിയാം. ഡോക്ടർമാർ പോലും ഞങ്ങളുടെ കയ്യിൽ നിന്ന് സ്ഥിരമായി ഈ മരുന്ന് വാങ്ങിക്കുന്നുണ്ട്. അപ്പോൾ ഫലമില്ലാഞ്ഞിട്ടാണോ? വളരെ ചെറിയ ശതമാനം രോഗികൾക്കേ സൈഡ് ഇഫക്ട്സ് പറഞ്ഞിട്ടുള്ളൂ. ഒറിജിനലിനും ഇതേ സൈഡ് എഫക്ട് ആണ് ഉള്ളത്. സംശയമുണ്ടെങ്കിൽ ഗൂഗിൾ ചെയ്തുനോക്കൂ.
നിങ്ങൾക്ക് വലിയ ലാഭം കിട്ടുന്നുണ്ടാകുമല്ലേ?
എന്തു ലാഭം. ആസ്ട്രാസെനക്കയുടെ മരുന്നു വാങ്ങിയാൽ 3–6 % മാർജിൻ കിട്ടും. ഗവൺമെന്റ് ചട്ടം അതാണ്. ഞങ്ങൾക്ക് 10 % മാർജിൻ കിട്ടും. അതാണ് വ്യത്യാസം. അതിൽ കൂടുതൽ മാർജിൻ നൽകാൻ സാധിക്കില്ല. കൂടുതൽ മാർജിൻ നൽകിയാൽ മത്സരം കൂടും. ഇതെല്ലാം ബാർഗെയിനിങ് മാത്രമാണ്.
ഒടുവിൽ കൊച്ചിയിൽ അയാൾക്ക് ഒരു സുഹൃത്ത് ഉണ്ടെന്നും അവിടെ ചെന്നു മരുന്നു വാങ്ങിക്കോളാനും നിർദേശിച്ചു. പക്ഷേ, ആദ്യം മരുന്നിന് ഒാർഡർ തരണം.
കാശു സംഘടിപ്പിക്കണം. അതിനു ശേഷം പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ഫോൺ വച്ചു.
ഫോൺ വച്ചുകഴിഞ്ഞാണ് ശ്രദ്ധിച്ചത്. ഒസിമെർട്ടിനിബിന്റെ ടാഗ്രിസ് (tagrix) എന്ന ബ്രാൻഡ് മരുന്നു നൽകാമെന്നാണ് പലരും മെസേജ് ചെയ്തിരിക്കുന്നത്. നേരത്തെ വിളിച്ചയാൾ പറഞ്ഞ ബംഗ്ലാദേശിൽ നിന്നുള്ള ഇംപോർട്ടഡ് മരുന്ന് തന്നെ. ഒരേ കമ്പനി നിർമിക്കുന്ന ടാഗ്രിസ് 80 മി.ഗ്രാം മരുന്നിന് പല ഡിസ്ട്രിബ്യൂട്ടറുമാരും പല വിലയാണ് പറഞ്ഞിരിക്കുന്നത്. 13,500, 15,000,12,000 എന്നിങ്ങനെ. ഒറിജിനൽ വില 12,000 ആണെന്നു കരുതുക. അപ്പോൾ ബാക്കി മുഴുവൻ കമ്മീഷൻ കാശാണ്. ഇത് ആർക്കൊക്കെ വീതം വയ്ക്കും?
ഇറക്കുമതി എങ്ങനെ?
സാധാരണഗതിയിൽ ഒരു മരുന്ന് ഇന്ത്യയിലേക്ക് ഗവൺമെന്റ് അനുമതിയോടെ ഔദ്യോഗിക ചാനലിൽ ഇംപോർട്ട് ചെയ്യണമെങ്കിൽ അതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു ഇന്ത്യൻ കമ്പനി അതേ മരുന്ന് നിർമിക്കുന്നുണ്ടെങ്കിൽ അതിനെ മറികടന്ന് ഇറക്കുമതി ചെയ്യാൻ എന്തെങ്കിലും സവിശേഷതകളുണ്ടോ എന്നു പരിശോധിക്കും. തുടർന്ന് അതാതു രാജ്യങ്ങളിലെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അനുമതിയുണ്ടോ എന്നു രേഖകൾ നോക്കും. ഇങ്ങനെ ഒട്ടേറെ രേഖകൾ പരിശോധിച്ച് മരുന്നിന് ഗുണനിലവാരം ഉണ്ടെന്ന ധാരണയിലാണ് ഇറക്കുമതിക്ക് അനുവാദം നൽകുന്നത്.
അറബ് രാജ്യങ്ങളിൽ അവർ ഒരു പടി കൂടി കടന്ന് ഇറക്കുമതി ചെയ്തുവരുന്ന മരുന്ന് അവരുടെ ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തും. എന്നിട്ടേ വിപണിയിലേക്കു വിടൂ.
ഇന്ത്യയുടെ അത്ര പോലും കാര്യക്ഷമമല്ലാത്ത മരുന്നു നിർമാണ നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശിൽ നിന്നുള്ള മരുന്ന് യാതൊരു കടമ്പകളും കടക്കാതെ ഇന്ത്യൻ മാർക്കറ്റിലെത്തി വിലസുന്നത്. ഇതു മരുന്നുവിപണിയുടെ മൊത്തത്തിലുള്ള നിലവാര തകർച്ചയ്ക്ക് ഇടയാക്കുമെന്നു മാത്രമല്ല കാൻസർ രോഗികളുടെ ജീവനു തന്നെ ഭീഷണിയായേക്കാം. എന്നാൽ ഇന്ത്യയിൽ കാൻസർ മരുന്നുകളുടെ പേരിൽ വലിയ തട്ടിപ്പ് നടക്കുന്നതുകൊണ്ടാണ് ഈ ഡ്യൂപ്ലിക്കേറ്റ് മരുന്നു വലയിൽ രോഗികൾ കുടുങ്ങുന്നതെന്ന സത്യം മറക്കരുത്.
300 കോടിയുടെ മാർക്കറ്റ്
നിയമാനുസൃതമല്ലാതെ മരുന്നുകൾ ഇന്ത്യയിലേക്ക് കടത്തി വിൽക്കുന്നത് സംബന്ധിച്ച് ചില പഠനങ്ങൾ വന്നിട്ടുണ്ട്. അതനുസരിച്ചത് ഏകദേശം 300 കോടിയുടെ വലിയൊരു കള്ളക്കടത്ത് മരുന്നു മാർക്കറ്റ് കാൻസർ മരുന്നുകൾക്കു മാത്രമായി സജീവമായുണ്ട് എന്നാണ്. ഇത്തരം മരുന്നുകളിൽ ഏറിയ ഭാഗവും ബംഗ്ലാദേശിൽ നിർമിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണത്രെ.
കുറഞ്ഞവിലയ്ക്ക് മരുന്നു വിൽക്കുമ്പോൾ പല കോംപ്രമൈസുകളും വേണ്ടിവരാം. ഇന്റർനാഷനൽ ജേണൽ ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്ന ജേണലിൽ വന്ന ലേഖനം പറയുന്നത് നിയമപരമല്ലാതെ വിൽക്കുന്ന മരുന്നുകളെ ഡ്യൂപ്ലിക്കേറ്റ് മരുന്നുകളായി കണക്കാക്കാം എന്നാണ്. അതിൽ ആക്ടീവ് ഇൻഗ്രഡിയന്റ് (പ്രധാന മരുന്നുഘടകം) മതിയായ അളവുണ്ടാകില്ല. ചിലപ്പോൾ ഇല്ലെന്നും വരാം. കൃത്യമായി ഉണ്ടെങ്കിൽ തന്നെ നിർമാണത്തിൽ വെള്ളം ചേർക്കാം. എല്ലാ പരിശോധനകളും ചെയ്യണമെന്നില്ല. ഉദാഹരണത്തിന് മരുന്ന് മാർക്കറ്റിൽ എത്തിയിട്ട് എന്തെങ്കിലും ദോഷകരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നറിയാനുള്ള പരിശോധന. മരുന്നു നിർമാണത്തിനുള്ള അവശ്യസാധനങ്ങൾ ചുളുവിലയിൽ വാങ്ങിയതാകാം, ചിലപ്പോൾ ദോഷകരമായ ഘടകങ്ങൾ കാണാം.ക്ലിനിക്കൽ ട്രയലുകൾ നടത്തണമന്നില്ല.
കൃത്യമായ ബില്ല് ഇല്ലാതെ വാങ്ങിച്ച മരുന്നു കഴിച്ച് എന്തെങ്കിലും പരാതി ഉണ്ടായാൽ ആരോടു ചോദിക്കും? ക്യൂ ആർ കോഡ് ഉണ്ടെങ്കിൽ നിർമാണം മുതൽ രോഗിയുടെ കയ്യിലെത്തുന്നതുവരെയുള്ള ഘട്ടങ്ങളെല്ലാം അറിയാനാകും. അതുമില്ലെങ്കിലോ? അതാണ് രോഗിയുടെ സ്വന്തം റിസ്ക്കിൽ വാങ്ങുക എന്ന് അയാൾ പറഞ്ഞതിനർഥം.
എന്തുകൊണ്ട് വില കൂടുന്നു?
2017–18ൽ നടന്ന നാഷനൽ സാംപിൾ സർവേയിൽ കാൻസർ രോഗചികിത്സയുടെ ദേശീയശരാശരി ചെലവ് സ്വകാര്യ ആശുപത്രികളിൽ 1,41,774 രൂപയാണ്. സർക്കാർ ആശുപത്രികളിൽ 72,092 രൂപയും. ഏഷ്യൻ പസഫിക് ജേണൽ ഒഫ് കാൻസറിൽ വന്ന ലേഖനത്തിൽ പറയുന്നത് ഇന്ത്യയിൽ വ്യാപകമായുള്ള ഹെഡ് ആൻഡ് നെക്ക് കാൻസറുകളുടെ ഒരു മാസത്തെ ചികിത്സാചെലവ് സർക്കാർ ആശുപത്രികളിൽ 15,000–20,000 വരുമെന്നാണ്. സ്വകാര്യ ആശുപത്രികളിൽ ഇത് അനേകമിരട്ടിയാകാം. നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ മാസവരുമാനം കഷ്ടി 10,000 രൂപയേ വരൂ എന്നോർക്കണം.
അർബുദമരുന്നിന്റെ വില മാത്രമല്ല പ്രശ്നം. ഡോക്ടറുടെ കൺസൽട്ടേഷൻ ഫീസ്, വിവിധ പരിശോധനകൾ, റേഡിയേഷൻ – ശസ്ത്രക്രിയ ചെലവ്, കീമോതെറപി പോലുള്ള ചികിത്സയേ തുടർന്നുണ്ടാകുന്ന പാർശ്വഫലങ്ങൾക്കുള്ള മരുന്നിന്റെ ചെലവ് എന്നിങ്ങനെ പലവഴിക്ക് പണം ചെലവാകും. ദീർഘകാലം ചികിത്സ വേണ്ട രോഗമായതിനാൽ യാത്ര, ഭക്ഷണം, ദൂരെ സ്ഥലങ്ങളിൽ നിന്നും ചികിത്സയ്ക്കു വരുന്നവർക്ക് താമസച്ചെലവ് കൂട്ടുകിടപ്പുകാരുടെ ചെലവ് എന്നിങ്ങനെ നല്ലൊരു തുക നോൺ മെഡിക്കൽ എക്സ്പൻസ് ആയും വേണ്ടിവരും.
ആശാ തോമസ്