അർബുദ ചികിത്സയ്ക്കായുള്ള റേഡിയേഷൻ എന്നു സാധാരണയായി പറയുന്നതു പുറമേ ലീനിയർ ആക്സിലറേറ്ററിൽ നിന്നുള്ള എക്സ്റേയോ ടെലികോബാൾട് യന്ത്രത്തി ൽനിന്നുള്ള ഗാമ രശ്മികളോ കാൻസർ ഉള്ള ഭാഗത്തു പതിപ്പിച്ചു റേഡിയേഷൻ എടുക്കുന്നതിനാണ്. അത്തരത്തിൽ റേഡിയേഷൻ നൽകുമ്പോൾ മെഷീൻ ഓൺ ആയിരിക്കുന്ന സമയത്തു രോഗിക്കു മാത്രമേ റേഡിയേഷൻ കിട്ടുകയുള്ളു.
റേഡിയേഷൻ ചികിത്സ കഴിഞ്ഞു രോഗി മുറിക്കു പുറത്തിറങ്ങിയാൽ മറ്റുള്ളവർക്കു ദോഷമാകുന്ന തരത്തിൽ ഒരു റേഡിയേഷനും രോഗിയിൽ ഉണ്ടായിരിക്കില്ല. ബ്രാക്കിതെറപ്പി എന്നുപറയുന്ന മറ്റൊരു സാധാരണ റേഡിയേഷൻ ചികിത്സാരീതിയിലും ഇപ്രകാരം തന്നെയാണ്.
എന്നാൽ, അർബുദ പരിശോധനകൾക്കും ചികിത്സകൾക്കും പലപ്പോഴും റേഡിയോആക്റ്റിവ് ഐസോടോപ്പുകൾ (RADIONUCLIDES) ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ചി ല സാധാരണ പരിശോധനകളാണ് പെറ്റ് സ്കാൻ, അയഡി ൻ– 131 സ്കാൻ മുതലായവ. തൈറോയ്ഡ് കാൻസർ ചികിത്സയ്ക്കാണ് അയഡിൻ - 131 ഉപയോഗിക്കുന്നത്. ഈ രീതിയിലുള്ള പരിശോധനയും ചികിത്സയും കഴിഞ്ഞാൽ രോഗിയുടെ ശരീരത്തിൽ റേഡിയോആക്റ്റിവ് ഐസോടോപ്പുകൾ കാണുന്നതിനാൽ രോഗിയിൽ നിന്നും റേഡിയേഷൻ ഉണ്ടാകാം. പരിശോധനകൾക്കു വളരെ കുറഞ്ഞ അളവിലും രോഗചികിത്സയ്ക്കു കൂടിയ അളവിലുമാണ് ഐസോടോപ്പുകൾ കൊടുക്കുന്നത്. ആയതിനാൽ പരിശോധനയും ചികിത്സയും കഴിഞ്ഞു രോഗി മറ്റുള്ളവരിൽ നിന്ന് (പ്രത്യേകിച്ച് ഗർഭിണികൾ, കുട്ടികൾ എന്നിവരിൽ നിന്ന്) എത്ര സമയം മാറിനിൽക്കണം എന്നു കൃത്യമായ നിർദേശങ്ങൾ നൽകുന്നതാണ്.
ശരീരത്തിന്റെ ഏതു ഭാഗത്തു റേഡിയേഷൻ എടുത്താലും അതു ചർമത്തിൽ കൂടി കടന്നുവേണം പോകാൻ. ചർമത്തിനു റേഡിയേഷൻ കിട്ടുമ്പോൾ അതിലെ കോശങ്ങൾക്കും രക്തക്കുഴലുകൾക്കും മെലനിൻ എന്ന കറുപ്പു നിറമുണ്ടാക്കുന്ന പിഗ്‌മെന്റുകൾക്കും കുറെയൊക്കെ റേഡിയേഷൻ കിട്ടും. റേഡിയേഷന്റെ ഡോസ് അനുസരിച്ചു ചർമത്തി ൽ നിറവ്യത്യാസമുൾപ്പെടെ പല മാറ്റങ്ങളും വരാം. റേഡിയേഷൻ എടുക്കുമ്പോൾ ചർമത്തിനു കറുപ്പുനിറം ഉണ്ടാകുന്നതും അതിന്റെ ഒരു ഭാഗമാണ്. ചർമത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങൾ റേഡിയേഷൻ കഴിഞ്ഞു സാധാരണ ഏതാനും ആഴ്ച അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ മാറാറുണ്ട്.
ഡോ. ജോസ് ടോം
കൺസൽറ്റന്റ് ഒാങ്കോളജിസ്റ്റ്,
കാരിത്താസ് ഹോസ്പിറ്റൽ,
കോട്ടയം
drjosetom@yahoo.com