Monday 30 January 2023 12:47 PM IST : By സ്വന്തം ലേഖകൻ

‘മെലിഞ്ഞിരുന്നാലും അറ്റാക്കും സ്ട്രോക്കുമൊക്കെ വരും, പിന്നെ കൊളസ്ട്രോളിന് എന്തിന് ചികിത്സിക്കണം?’; മാറണം ഈ തെറ്റിദ്ധാരണകൾ

choles

കൊളസ്ട്രോളിലൊന്നും ഒരു കാര്യവുമില്ല, എല്ലുപോലെ മെലിഞ്ഞിരിക്കുന്നവർക്കും അറ്റാക്കും സ്ട്രോക്കുമൊക്കെ വരുന്നു. വണ്ണവും വയറുമൊക്കെ ഉണ്ടായിട്ടും ഒരു കുഴപ്പവുമില്ലാത്തവരുമുണ്ട്. പിന്നെന്തിനാണ് കൊളസ്ട്രോളിനു ചികിത്സിക്കുന്നത്?.’’–ഇത് ഏതെങ്കിലും വ്യാജ വൈദ്യന്റെ സംശയമല്ല, ‘കൊളസ്ട്രോളിനു മരുന്നു ചികിത്സ നിർദേശിച്ചിട്ടും മരുന്നു കഴിക്കാതിരുന്നതെന്ത്?’ എന്ന ചോദ്യത്തിനോട് രോഗിയായ മധ്യവയസ്കന്റെ പ്രതികരണമാണിത്. കൊളസ്ട്രോൾ ചികിത്സ സംശയിക്കുന്നതും മരുന്നു മുടക്കുന്നതും കൂടുതലും പുരുഷൻമാരാണ്.

പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം... ജീവിതശൈലീരോഗം ഏതായാലും അവ വരുന്നതിന് ഒന്നല്ല, ഒട്ടേറെ കാരണങ്ങളുണ്ടാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നതിൽ സുപ്രധാനമായ ഒന്നാണ് രക്തത്തിലെ അമിതമായ കൊഴുപ്പ് അഥവാ കൊളസ്ട്രോൾ. കൊളസ്ട്രോൾ കൂടിനിൽക്കുന്ന ചിലരിൽ ഹൃദയാഘാതവും മറ്റും ഉണ്ടാകാതിരിക്കുന്നതും കൊളസ്ട്രോൾ കുറഞ്ഞിരിക്കുന്ന ചിലരിൽ പോലും അതു സംഭവിക്കുന്നതും എന്തുകൊണ്ടാണ്?

വളരെ ചെറിയൊരു വിഭാഗത്തിനാണ് ഈ വൈരുധ്യം സംഭവിക്കുന്നത് എന്ന കാര്യം പലരും ഓർമിക്കാറില്ല. മാത്രമല്ല ജനിതകമായ പ്രത്യേകതകൾ മുതൽ വിവിധ അപായഘടകങ്ങളുെട സാന്നിധ്യവും അസാന്നിധ്യവുമൊക്കെ ഈ അവസ്ഥകൾക്കു പിന്നിലുണ്ട്. എന്നാൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന പ്രധാന അപായഘടകമാണ് കൊളസ്ട്രോൾ.

കോളസ്ട്രോൾ രോഗം

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു ക്രമാതീതമായി ഉയർന്നിരിക്കുന്ന അവസ്ഥയാണ് ഡിസ്െെലപിഡീമിയ. ഇത് ഒരു ജീവിത െെശലീരോഗമാണെങ്കിലും ജനിതകമായ കാരണങ്ങളുമുണ്ട്. അപൂർവമായി െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന െെവകല്യം (Hypothyrodism), വൃക്കസംബന്ധമായ രോഗങ്ങൾ, തുടങ്ങിയവ ബാധിച്ചവരിലും കൊളസ്ട്രോൾ പ്രശ്നങ്ങൾ കാണാം. പ്രമേഹബാധിതരിൽ രക്തത്തിലെ കൊളസ്ട്രോൾ കൂടിയിരുന്നാൽ സങ്കീർണതകൾക്കുള്ള സാധ്യത വളരെ കൂടും.

രക്തത്തിൽ പലതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. ആകെ (ടോട്ടൽ‌) കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ, െെട്രഗ്ലിസ‌െെറഡ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

ടോട്ടൽ കൊളസ്ട്രോൾ: ഉയർന്നിരിക്കുന്ന ടോട്ടൽ കൊളസ്ട്രോൾ പലപ്പോഴും ഹൃദയാഘാതത്തിനും പക്ഷാഘാതങ്ങൾക്കും കാരണമാവുന്നു. ടോട്ടൽ കൊളസ്ട്രോൾ ദിവസത്തിൽ ഏതു സമയത്തും പരിശോധിക്കാം. സാധാരണയായി വിവിധതരം കൊളസ്ട്രോളുകൾ പരിശോധിക്കുന്നത് (ലിപിഡ് പ്രൊഫൈൽ), വെറുംവയറ്റിൽ (Fasting –9 മണിക്കൂറോ അതിൽ കൂടുതലോ) രക്തപരിശോധന നടത്തിയാണ്.

എൽഡിഎൽ: കൊളസ്ട്രോൾ ചികിത്സയുടെ സ്വഭാവവും തീവ്രതയും തീരുമാനിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവിനെ ആസ്പദമാക്കിയാണ്. ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള സങ്കീർണതകൾക്കു കാരണമാകുന്നതിനാൽ സാധാരണയായി ചീത്ത കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. എൽഡിഎൽ കൊളസ്ട്രോൾ എത്രത്തോളം ചികിത്സിച്ചു കുറയ്ക്കണമെന്നു തീരുമാനിക്കുന്നത് അയാൾക്ക് ഹൃദയാഘാതം പോലുള്ള മാരകരോഗങ്ങൾ വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നു കണക്കാക്കിയാണ്.

എച്ച്ഡിഎൽ: ഇതാണു സാധാരണയായി ‘നല്ല കൊളസ്ട്രോൾ’ എന്നറിയപ്പെടുന്നത്. എച്ച്ഡിഎൽ അളവ് ഉയർന്നു കാണുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണ് എന്നതുകൊണ്ടാണ് ഇതിനെ നല്ല കൊളസ്ട്രോൾ എന്നു വിളിക്കുന്നത്.

െെട്രഗ്ലിസ‌െെറഡ്സ്: ഉയർന്ന ട്രൈഗ്ലിസ‌െെറഡ്സ് അളവ് ഹൃദയാഘാതം പോലുള്ള സങ്കീർണതകൾക്കു കാരണമാകാം.

കൊഴുപ്പ് പ്രശ്നമാകുന്നത്?

രക്തത്തിലെ കൊളസ്ട്രോൾ അളവു കൂടിയിരുന്നാൽ അമിതമായ കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി അതുവഴിയുള്ള രക്തസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനെയാണ് അതിറോസ്ക്ലീറോസിസ് (Atherosclerosis) എന്നു വിളിക്കുന്നത്. ഇത്തരത്തിൽ ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരത്തിന് തടസ്സം നേരിടുമ്പോൾ നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങളിലൂടെ ഹൃദയാഘാതത്തിലേക്ക് എത്തും. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തിലാണു പ്രശ്നം വരുന്നതെങ്കിൽ പക്ഷാഘാതത്തിനു കാരണമാകും.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കൂടിയിരിക്കുമ്പോഴും രോഗലക്ഷണങ്ങൾ ഉണ്ടാകില്ല. ലക്ഷണങ്ങൾ കാണുന്നത്, കൊളസ്ട്രോൾ കൂടി രക്തക്കുഴലുകളിൽ തടസ്സം വന്നശേഷം മാത്രമാണ്. അപ്പോഴേക്കും കാര്യങ്ങൾ സങ്കീർണമായിരിക്കും എന്നർഥം. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു പരിശോധിച്ചു നോക്കുക മാത്രമാണ് ഇതു പ്രാരംഭദശയിൽ തന്നെ കണ്ടെത്താനുള്ള ഏകമാർഗം.

റിസ്ക് കൂടിയവർ

പ്രമേഹം, അമിതഭാരം, പുകവലി, വ്യായാമമില്ലായ്മ, ഭക്ഷണനിയന്ത്രണമില്ലായ്മ തുടങ്ങിയ ഘടകങ്ങൾ കൊളസ്ട്രോൾ മൂലമുള്ള സങ്കീർണതകളുടെ ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ ബാധിതരിൽ ഇത്തരം ഘടകങ്ങൾ കൂടി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം നേരിട്ടു ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ചു കൂടുതലാണ്–പ്രത്യേകിച്ചു ചെറിയ പ്രായത്തിൽ തന്നെ. അതുപോലെ തന്നെ പക്ഷാഘാതത്തിനുള്ള സാധ്യതയും പുരുഷന്മാരിൽ കൂടുതലാണ്. പ്രത്യേകിച്ച് 75 വയസ്സ് വരെയുള്ള കാലയളവിൽ.

ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവയാണ് രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള പ്രധാന മാർഗം. ഇത്തരത്തിലുള്ള നിയന്ത്രണം വഴിയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രണവിധേയമല്ലെങ്കിൽ സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്. ഏതാണ്ട് മിക്കവരുടെയും ധാരണ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുക മാത്രമാണ് സ്റ്റാറ്റിൻ മരുന്നുകളുെട ധർമമെന്ന്. അതിനാലാണ് പലരും, എനിക്കു വലിയ കൊളസ്ട്രോളില്ലല്ലോ എന്നു പറഞ്ഞ് മരുന്നു നിർത്തുന്നത്.എന്നാൽ രക്തക്കുഴലുകളിൽ നേരത്തേ ഉണ്ടായിക്കഴിഞ്ഞ തടസ്സങ്ങൾ ക്രമേണ ലഘൂകരിക്കാനും ഹൃദയാഘാതത്തിനു കാരണമാകുന്ന രക്തക്കുഴലിലെ തടസ്സങ്ങൾ (പ്ലാക്ക്) പൊട്ടാനുള്ള സാധ്യത കുറയ്ക്കാനും സ്റ്റാറ്റിൻ മരുന്നുകൾക്കു കഴിയും. ചുരുക്കി പറഞ്ഞാൽ ഹൃദയാഘാതസാധ്യത സ്റ്റാറ്റിൻ കുറയ്ക്കും. അതിനാൽ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു നിർത്തരുത്...പ്ലീസ്.

കടപ്പാട്;
ഡോ. എവി രവീന്ദ്രൻ
കൺസൽറ്റൻറ് ഇൻ ഇൻറേണൽ മെഡിസിൻ, ബദർ അൽ സമാ ബർക്ക, ഒമാൻ

Tags:
  • Health Tips