ജോലി കഴിഞ്ഞു വീട്ടിലെത്തി, കുളിയൊക്കെ കഴിഞ്ഞു പ്രിയപ്പെട്ട ഒരു ടിവി പ്രോഗ്രാം കാണാനിരുന്നതേ ഒാർമയുള്ളൂ...ക്ഷീണം കൊണ്ടു കണ്ണുകളടഞ്ഞു പോയി...
വൈറൽ പനി മാറിക്കഴിഞ്ഞിട്ടും വല്ലാത്തൊരു ക്ഷീണം. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നുന്നില്ല.
ക്ഷീണം തുടങ്ങിയിട്ടു കുറേനാളായി. ഒരു ഊർജവുമില്ല. ജോലിക്കു പോകാനോ പുറത്തേക്കിറങ്ങാനോ വയ്യ...എപ്പോഴും വല്ലാത്ത ക്ഷീണം...
ക്ഷീണത്തിന്റെ എത്രയെത്ര അവസ്ഥാന്തരങ്ങൾ... ഇതിലേതെങ്കിലും അനുഭവിക്കാത്തവരായി ആരും കാണില്ല. ക്ഷീണം ഒരു രോഗമല്ല. പക്ഷേ, ശാരീരികമോ മാനസികമോ ആയ രോഗങ്ങളുടെ ലക്ഷണമാകാം.
ക്ഷീണം പലതരം
∙ അക്യൂട്ട് ഫറ്റീഗ്- പെട്ടെന്ന് അനുഭവപ്പെടുന്ന ക്ഷീണം. പനി പോലെയുള്ള അസുഖങ്ങൾക്കു ശേഷമാണു പെട്ടെന്നു ക്ഷീണം അനുഭവപ്പെടാറ്. മിക്കവാറും ഒരാഴ്ച കൊണ്ടു താനേ മാറുകയും ചെയ്യും.
∙ പ്രോലോങ്ഡ് ഫറ്റീഗ്- ചിലപ്പോൾ അസുഖം ഭേദമായ ശേഷം ഒരു മാസം വരെ ക്ഷീണം മാറാതെ നിൽക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ തീർച്ചയായും ഡോക്ടറെ കാണണം.
∙ ക്രോണിക് ഫറ്റീഗ്- ആറു മാസത്തിലധികം ക്ഷീണം നീണ്ടുനിന്നാൽ ക്രോണിക് ഫറ്റീഗ് എന്നു പറയുന്നു. ക്രോണിക് ഫറ്റീഗ് സിൻഡ്രം എന്നൊ രു അപൂർവമായ ക്ഷീണാവസ്ഥ കൂടിയുണ്ട്. നാഡീസംബന്ധമായ ചില കാരണങ്ങളാലാണു വരുന്നത്.
‘‘എന്തെങ്കിലും അസുഖമോ അണുബാധയോ കൊണ്ടല്ലാതെ വരുന്ന ക്ഷീണത്തെ ആഴത്തിൽ വിശകലനം ചെയ്യണം. ’’ പ്രായം കൊണ്ടും അനുഭവപരിചയം കൊണ്ടും കേരളത്തിലെ തന്നെ മുതിർന്ന ഫിസിഷൻ ഡോ. മാത്യു പാറയ്ക്കൽ പറയുന്നു.
‘‘മിക്കവാറും എന്തെങ്കിലും ആരോഗ്യപ്രശ്നത്തിന്റെ മുന്നോടിയായോ, ഭാഗമായിട്ടോ ആകാം ക്ഷീണം വരുന്നത്. ചിലപ്പോൾ ശരിക്കുള്ള അസുഖം പിന്നീടാകും പ്രകടമാവുക. ഉദാഹരണത്തിന്, അർബുദത്തിന്റെ ആദ്യഘട്ടത്തിൽ ചിലരിൽ ക്ഷീണവും ഭാരക്കുറവുമാകും കാണുക. മാസങ്ങൾക്കു ശേഷമാകും അസുഖം പ്രകടമാവുക. അതുകൊണ്ടു രോഗിയെ കൃത്യമായി നിരീക്ഷിച്ച്, പരിശോധനകളൊക്കെ നടത്തി ശാരീരിക കാരണങ്ങളില്ല എന്ന് ഉറപ്പാക്കണം. ഇതൊന്നും ചെയ്യാതെ വെറും മനോജന്യ ലക്ഷണമായി ക്ഷീണത്തെ മുദ്ര കുത്തുന്ന പ്രവണത ശരിയല്ല’’ Ð ഡോക്ടർ പറയുന്നു.
ചിലപ്പോൾ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ അഥവാ ഉറക്കത്തിൽ താൽക്കാലികമായി ശ്വാസം നിലയ്ക്കുന്ന രോഗാവസ്ഥയാകാം ക്ഷീണത്തിനു കാരണം. ഇവർക്കു പകൽസമയത്ത് അമിതമായ ഉറക്കം അനുഭവപ്പെടുന്നതിനൊപ്പം ക്ഷീണവും കാണാറുണ്ട്. വ്യായാമമില്ലായ്മ, ദീർഘകാലമായുള്ള മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ക്ഷീണത്തിലേക്കു നയിക്കാം. പങ്കാളിയുടെ മരണം, വിഷാദം പോലെയുള്ള മാനസികപ്രശ്നങ്ങളുടെ പ്രതിഫലനമായും ക്ഷീണം വരാം.
മറഞ്ഞിരിക്കുന്ന കാരണങ്ങൾ
‘‘അത്യധികമായ ക്ഷീണം അഥവാ ഫറ്റീഗ്, സബ്ജക്ടീവ് ആയ ഒരു ലക്ഷണമാണ്. തികച്ചും വ്യക്തിഗതമായ ഒരു അനുഭവം. അതിന്റെ കൃത്യമായ കാരണം കണ്ടെത്തുക പ്രയാസമാണ്. എന്നുകരുതി രോഗി അനുഭവിക്കുന്ന പ്രശ്നത്തെ നിസ്സാരമായി കാണരുത്. ‘കാരണമൊന്നും കണ്ടുപിടിക്കാനായില്ലെങ്കിൽ ലക്ഷണത്തെ ചികിത്സിക്കുക. രോഗിയുടെ ആശ്വാസത്തിനാകണം മുൻതൂക്കം’ എന്ന് എന്റെ പ്രഫസർ പറയുമായിരുന്നു.’’ മുതിർന്ന ഫിസിഷനായ ഡോ. സി.പി. ജോയ് (പുതുപ്പള്ളി) പറയുന്നു.
‘‘എത്രനാളായി ക്ഷീണം തുടങ്ങിയിട്ട്, മറ്റെന്തെങ്കിലും ലക്ഷണമുണ്ടോ, ജീവിതത്തെ എത്ര കണ്ടു ബാധിക്കുന്നു എന്നിങ്ങനെ രോഗചരിത്രം വിശദമായി ചോദിച്ചറിയുന്നതിൽ നിന്നുതന്നെ ചില തുമ്പുകൾ ലഭിക്കും. മാനസിക കാരണങ്ങളാലും ക്ഷീണം വരാമല്ലൊ. അതുകൊണ്ട് തൊഴിൽപരമായ സമ്മർദമുണ്ടോ, സാമൂഹികമായ ബന്ധങ്ങളുണ്ടോ, വീട്ടിലെ അന്തരീക്ഷം എങ്ങനെയാണ്എന്നൊക്കെ അറിയണം. 80 ശതമാനം പേരിലും ക്ഷീണം മാനസിക പ്രശ്നങ്ങളുടെ അനുബന്ധ ലക്ഷണമായാണു പ്രകടമാകാറ്. 20% പേരിൽ ശാരീരിക രോഗങ്ങളുടെ ലക്ഷണമായി വരാം.
വല്ലാത്ത ക്ഷീണം, എഴുന്നേൽക്കാൻ പോലും വയ്യ, ജോലികൾ തുടങ്ങിവച്ചാലും പൂർത്തീകരിക്കാൻ വയ്യാത്ത അവസ്ഥ, എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല എന്നൊക്കെയാകും പരാതി. ചിലർ പേശികൾക്കു ബലക്കുറവ് (മസിൽ വീക്‌നസ് ) ഉണ്ടെന്നു പരാതി പറയും..
പകലുള്ള അമിത ഉറക്കത്തെയും ആയാസപ്പെടുമ്പോഴുള്ള കിതപ്പിനെയും വ്യായാമം ചെയ്യുമ്പോഴുള്ള അവശതയെയുമൊക്കെ ക്ഷീണം എന്നു പറയാറുണ്ട്. അതും വേർതിരിച്ചറിയേണ്ടതുണ്ട്.
ഈ രോഗങ്ങള്‍ ക്ഷീണത്തിനിടയാക്കാം
∙ പാർക്കിൻസൺ പോലെയുള്ള നാഡീപരമായ രോഗാവസ്ഥകൾ, അന്ത:സ്രാവി ഗ്രന്ഥികളുടെ തകരാറുകൾ- (ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം, അഡ്രിനൽ ഹോർമോണിന്റെ കുറവ്) എന്നിവ ക്ഷീണത്തിനിടയാക്കാം. ∙ ഷുഗർ കൂടുന്നതും കുറയുന്നതും ക്ഷീണമുണ്ടാക്കാം.∙ കരൾ-വൃക്ക രോഗങ്ങൾ, പോഷകക്കുറവ്, വിളർച്ച, അമിതവണ്ണം, ക്ഷയം, എയ്ഡ്സ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവയിലും ക്ഷീണം വരാം. ∙ ഹൃദയധമനീരോഗങ്ങളും ശ്വാസകോശപ്രശ്നങ്ങളും അർബുദവും ക്ഷീണത്തിലേക്കു നയിക്കാം. ∙ മരുന്നുകളും ക്ഷീണമുണ്ടാക്കാം-മനോരോഗങ്ങൾക്കുള്ള മരുന്നുകൾ, ബീറ്റാബ്ലോക്കർ തുടങ്ങിയവ ഉദാഹരണം. പച്ചമരുന്നുകളും ഇക്കാര്യത്തിൽ പിന്നിലല്ല.
ചികിത്സ എങ്ങനെ?
സ്ത്രീകളാണു പൊതുവേ ക്ഷീണം എന്നു പറഞ്ഞു വരുന്നത്. ഈയടുത്ത് ഒരു സ്ത്രീ ഒപിയിൽ വന്നു. അവർക്ക് എപ്പോഴും ക്ഷീണമാണ്. കാലിൽ നീരുമുണ്ട്. ശരീരപരിശോധനകളിലൊന്നും ഒരു കുഴപ്പവുമില്ല. അത്യാവശ്യം വേണ്ട കുറച്ചു രക്തപരിശോധനകളൊക്കെ നടത്തിച്ചു. റിസൽറ്റ് വന്നപ്പോൾ തൈറോയ്ഡ് ഹോർമോൺ ഉൽപാദനം തീരെ കുറവാണ്. ടിഎസ്എച്ച് 100 നു മുകളിലായിരുന്നു. ഹോർമോൺ മരുന്നുകൾ തുടങ്ങിയപ്പോൾ തന്നെ ക്ഷീണം കുറഞ്ഞു’’- ഡോ. ജോയ് പറയുന്നു.
ക്ഷീണത്തിന്റെ കാരണത്തിനാണു ചികിത്സ. ഉദാ-സ്ലീപ് അപ്നിയ ആണെങ്കിൽ അതു ചികിത്സിക്കുന്നു. ഹോർമോൺ തകരാറുകൾക്കു മരുന്നുകൾ നൽകുന്നു. വിളർച്ചയാണെങ്കിൽ അയൺ സപ്ലിമെന്റുകൾ നൽകും. മദ്യാസക്തി ആണെങ്കിൽ അതു മാറ്റണം. മാനസികപ്രശ്നങ്ങളാണെങ്കിൽ മനോരോഗവിദഗ്ധന്റെ സഹായം കൂടി തേടും. മരുന്നിനൊപ്പം ജീവിതശൈലീമാറ്റവും വേണം
കോവിഡിനു ശേഷം നിസ്സാരമല്ല
കോവിഡിനു ശേഷം ക്ഷീണത്തെ നിസ്സാരമായി എഴുതിത്തള്ളുന്നതു സൂക്ഷിച്ചു വേണംÐ ഡോ. മാത്യു പാറയ്ക്കൽ പറയുന്നു. ‘‘ഹൃദയത്തിലും രക്തക്കുഴലുകളിലും നാഡീവ്യൂഹത്തിലുമൊക്കെ കോവിഡേൽപിച്ച ആഘാതം എത്രമാത്രമുണ്ടെന്നും അത് ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്നും വ്യക്തത വരാത്ത സാഹചര്യത്തിൽ ക്ഷീണത്തെ നിസ്സാരമാക്കാൻ പാടില്ല. പ്രത്യേകിച്ച് സ്ത്രീകളിലും പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും.
മാനസിക കാരണങ്ങളാലും
‘‘ക്ഷീണം അഥവാ ഫറ്റീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് മാനസികപ്രശ്നങ്ങൾ. എന്നാൽ, ശാരീരികമായ ഒട്ടേറെ കാരണങ്ങൾ കൊണ്ടും ക്ഷീണം വരാറുണ്ട്. മറ്റൊരു കാരണവും കാണുന്നില്ല, അതുകൊണ്ടു മാനസികപ്രശ്നമാകാം എന്നു വിധിയെഴുതരുത്. ’’ പ്രമുഖ മാനസികാരോഗ്യവിദഗ്ധനായ ഡോ. റോയ് കള്ളിവയലിൽ പറയുന്നു. ‘‘ പുറമേ പ്രകടമാകുന്ന ക്ഷീണമല്ലാതെ മാനസിക വൈഷമ്യങ്ങളുടേതായ ലക്ഷണം വല്ലതുമുണ്ടോ എന്നു കുടുംബാംഗങ്ങൾക്ക് അറിയാനാകും. ആദ്യഘട്ടത്തിലേ ഇത്തരം വിശദാംശങ്ങൾ ചോദിച്ചാൽ രോഗനിർണയം എളുപ്പവും കൃത്യതയുള്ളതുമാകും. അതല്ലെങ്കിൽ പരിശോധനകൾ ചെയ്ത് ശാരീരികമായും മാനസികമായും സാമ്പത്തികമായും രോഗി മടുക്കുന്ന സാഹചര്യം ഉണ്ടാകാം. ചികിത്സകരെ പോലെ രോഗികളും ഇക്കാര്യത്തിൽ ബോധവാന്മാരായിരിക്കണം. വിഷാദമാണ് ക്ഷീണത്തിന്റെ ഏറ്റവും സാധാരണമായ മാനസിക കാരണം. പ്രിയപ്പെട്ട കാര്യങ്ങളിൽ പോലും താൽപര്യക്കുറവ്, നിരാശ, മടുപ്പ്, ഉറക്കക്കുറവ് എന്നീ ലക്ഷണങ്ങളും അടിയൊഴുക്കായി കാണും, ശ്രദ്ധയിൽ പെടണമെന്നില്ല. ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥ-അഡ്ജസ്റ്റ്മെന്റ് ഡിസോഡർ-മറ്റൊരു പ്രധാന കാരണമാണ്. തൊഴിൽ, വൈവാഹികജീവിതം, പഠനം എന്നിങ്ങനെ എല്ലാ മേഖലകളിലും പൊരുത്തക്കേടുകൾ വരാം. ദീർഘകാലമായുള്ള സ്ട്രെസ്സ്, ആകെ മടുത്ത അവസ്ഥ-ബേൺ ഔട്ട്, ഉത്‌കണ്ഠ എന്നിവയും ക്ഷീണമായി പ്രതിഫലിക്കാം. ’’
ക്ഷീണവും സപ്ലിമെന്റുകളും
‘‘അക്യൂട്ട് ഫറ്റീഗ് പോലെയുള്ള ക്ഷീണത്തിൽ പലപ്പോഴും സമയമാണ് മരുന്ന് (Time is cure). ഭക്ഷണക്രമീകരണവും വിശ്രമവും കൊണ്ടു ക്ഷീണം മാറിക്കൊള്ളും. ’’ ഡോ. മാത്യു പാറയ്ക്കൽ പറയുന്നു.
‘‘ക്ഷീണമുള്ള അവസ്ഥയിൽ ചിലരിൽ ബി വൈറ്റമിനുകൾ കുറവായിരിക്കും. അതുകൊണ്ട് വൈറ്റമിൻ കഴിക്കുമ്പോൾ താൽക്കാലിക മാറ്റം അനുഭവപ്പെടാം. വൈറ്റമിൻ ഡി സപ്ലിമെന്റേഷൻ ചിലർക്കു ഗുണമുണ്ടാകുന്നതായി കാണാറുണ്ട്. പക്ഷേ, ഡോക്ടറെ കാണാതെ സപ്ലിമെന്റ് കഴിക്കുമ്പോൾ ലക്ഷണത്തെയാണു മാറ്റുന്നത്, യഥാർഥ കാരണത്തെയല്ല.
പോഷകസന്തുലിതമായ ഭക്ഷണവും നിത്യവുമുള്ള വ്യായാമവും ചിട്ടയായ ജീവിതശൈലിയും ഒരു പരിധിവരെ ക്ഷീണവും തളർച്ചയുമൊക്കെ തടയും. പ്രായമായവർ പ്രത്യേകിച്ചും ശ്രദ്ധിക്കണം. പേശികളുടെയും അവയവങ്ങളുടെയും പ്രവർത്തനശേഷി കുറയുന്നതു കൊണ്ടു പൊതുവേ ശാരീരികമായ ക്ഷീണം അനുഭവപ്പെടാം. വെറുതേ ചടഞ്ഞുകൂടിയിരിക്കുന്നതും പകൽ കിടന്നുറങ്ങുന്നതുമൊക്കെ ക്ഷീണം കൂട്ടുകയേയുള്ളൂ. ചെറിയ വീട്ടുജോലികളോ പൂന്തോട്ടം നിർമാണമോ പേരക്കുട്ടികളുമായി സമയം ചെലവിടലോ ഒക്കെയായി സദാ പ്രസരിപ്പോടെയിരിക്കുക. മുൻപുണ്ടായിരുന്ന സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും സജീവമായി നിലനിർത്തുക.
ഏതു പ്രായത്തിലായാലും ഒരു കാരണവുമില്ലാതെ വരുന്ന ക്ഷീണം നിസ്സാരമാക്കാതിരിക്കുക. അസുഖങ്ങൾക്കു ശേഷം നിശ്ചിത കാലയളവു കഴിഞ്ഞിട്ടും ക്ഷീണം മാറാതെ നിന്നാൽ ഡോക്ടറെ കാണുക തന്നെ വേണം.
ഡോ. മാത്യു പാറയ്ക്കൽ
സീനിയർ ഫിസിഷൻ
കോട്ടയം
ഡോ. സി. പി. ജോയ്
ചീഫ് കൺസൽറ്റന്റ്
ഫിസിഷൻ, പാറേട്ട്
മാർ ഇവാനിയോസ്
ഹോസ്പിറ്റൽ,
പുതുപ്പള്ളി
ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ
സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്
പുഷ്പഗിരി മെഡി. കോളജ്, തിരുവല്ല.
മാർ സ്ലീവ മെഡിസിറ്റി, പാല