Wednesday 18 October 2023 03:52 PM IST : By സ്വന്തം ലേഖകൻ

വെണ്ണ, ടൂത്ത് പേസ്റ്റ്, ലോഷൻ തുടങ്ങിയ വസ്തുക്കളൊന്നും പൊള്ളലിനു മേൽ തേയ്ക്കരുത്; നിലത്ത് കിടന്ന് ഉരുളാൻ അനുവദിക്കരുത്

burnsr44

അതികഠിനമായ വേദന തരുന്നതാണു പൊള്ളൽ. തീ കൊണ്ടുള്ള പൊള്ളലുകളാണു സർവസാധാരണം. പൊള്ളലിന്റെ ആഴവും പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീർണവും ആസ്പദമാക്കി പൊള്ളലുകളെ മൂന്നായി തിരിക്കാം.
∙ ഒന്നാം ഡിഗ്രി : ത്വക്കിന്റെ ഏറ്റവും പുറമെയുള്ള പാളിയിൽ (എപ്പിഡെർമിസ്) മാത്രമുള്ള പൊള്ളലുകൾ. ∙ സെക്കൻഡ് ഡിഗ്രി : എപ്പിഡെർമിസിനൊപ്പം അകത്തുള്ള പാളിയായ ഡെർമിസിനും ഭാഗികമായി പൊള്ളലേൽക്കുന്നു. ∙ േതർഡ് ഡിഗ്രി : ത്വക്കിലെ എല്ലാ പാളികളും നശിക്കുന്നു.

ഒന്നാം ഡിഗ്രി പൊള്ളലിൽ ചർമം ചുവന്നുവരുകയും നീരു വരുകയും െചയ്യുന്നു. വേദനയും ഉണ്ടാകും. രണ്ടാം ഡിഗ്രി പൊള്ളലിൽ ത്വക്കിൽ കുമിളകളും വരും. മൂന്നാം തരത്തിൽ നാഡികൾ നശിച്ചുപോകുന്നതിനാൽ പലപ്പോഴും കഠിനമായ വേദന ഉണ്ടാകില്ല.

പലതരം പൊള്ളലുകൾ

∙ ഡ്രൈ ബേൺസ് : തീ, ചുട്ടുപഴുത്ത വസ്തുക്കൾ മുതലായവ കൊണ്ടുള്ള പൊള്ളലുകളാണു ഡ്രൈ ബേൺസ്.

∙ കോൾഡ് ബേൺസ് : അതി കഠിനമായ ശൈത്യം കാരണം ഉണ്ടാകുന്ന പൊള്ളലുകളാണിത്.

∙ കെമിക്കൽ ബേൺസ് : രാസപദാർഥങ്ങൾ ശരീരത്തിൽ വീണാലുണ്ടാകുന്ന പൊള്ളലുകൾ.

∙ ഇലക്ട്രിക്കൽ ബേൺസ് : വൈദ്യുതി, മിന്നൽ എന്നിവയിലൂെട ഏൽക്കുന്ന പൊള്ളലുകൾ.

ചെയ്യേണ്ടത്

∙ ചെറിയ രീതിയിലുള്ള പൊള്ളൽ ആണെങ്കിൽ ആ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 10 മിനിറ്റോളം വയ്ക്കുക. വെള്ളത്തിൽ
മുക്കിവച്ചാലും മതി.

∙മുറിവിൽ അണുവിമുക്തമായ ഡ്രസിങ് ചെയ്യുക. വാച്ച്, ആഭരണങ്ങൾ ഇവ അഴിക്കുക.

∙ സാരമായ പൊള്ളലാണെങ്കി ൽ വ്യക്തിയെ വൃത്തിയുള്ള വിരിപ്പിൽ കിടത്തുക. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണി കൊ ണ്ടു മൂടുക. ആശുപത്രിയിൽ എത്തിക്കുക.

∙ വസ്ത്രത്തിനു തീപിടിച്ചാൽ നനഞ്ഞ ചാക്കോ, കട്ടിയുള്ള പുതപ്പോ കൊണ്ടു പൊതിയുക. നിലത്തു കിടന്ന് ഉരുളാൻ അനുവദിക്കരുത് .

∙ വെണ്ണ, ടൂത്ത് പേസ്റ്റ്, ലോഷൻ തുടങ്ങിയ വസ്തുക്കളൊന്നും പൊള്ളലിനു മേൽ തേയ്ക്കരുത്.

∙ കുമിള ഉണ്ടായാൽ അതു കുത്തിപ്പൊട്ടിക്കരുത്.അണുബാധ ഉണ്ടാകാം.

∙ പൊള്ളലേറ്റ ഇടത്ത് എന്തെങ്കിലും വസ്തു ഒട്ടിപ്പിടിച്ചിരിക്കുന്നുവെങ്കിൽ അതു കുത്തിയിളക്കാൻ ശ്രമിക്കരുത്.

∙ വസ്ത്രത്തിനു തീ പിടിച്ചുള്ള പൊള്ളലാണെങ്കിൽ വസ്ത്രത്തിന്റെ അവശിഷ്ടം മുറിവിൽ നിന്നു നീക്കാൻ ശ്രമിക്കരുത്.

∙ പൊള്ളിയ ഭാഗത്തു പ്ലാസ്റ്റ ർ ഒട്ടിക്കരുത്. നൂൽ പൊങ്ങിയിരിക്കുന്ന തുണിയും വേണ്ട.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ഭാസ്കര കെ. ജി.

സീനിയർ കൺസൽറ്റന്റ്, പ്ലാസ്റ്റിക് സർജറി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Daily Life
  • Manorama Arogyam