Thursday 23 November 2023 12:46 PM IST

കമ്പിവേലിയില്‍ തട്ടി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാല്‍മുറിഞ്ഞു, പെന്‍സിലിന്‍ വരുത്തി കുത്തിവയ്പ് എടുത്തു...

Asha Thomas

Senior Sub Editor, Manorama Arogyam

pence32432 ഇടത്, അലക്സാണ്ടര്‍ ഫ്ളെമിങ് ലാബറട്ടറിയില്‍

എന്റെ പേര് പെൻസിലിൻ.

നിങ്ങള്‍ക്ക് എന്നെയറിയാമോ? വൈദ്യശാസ്ത്രചരിത്രത്തിലെ തന്നെ വലിയൊരു നാഴികക്കല്ലായിരുന്നു എന്റെ ജനനം-ലോകത്തിലെ ഏറ്റവും ആദ്യത്തെ ആന്റിബയോട്ടിക്.

സ്കോട്ടിഷുകാരനായ ഗവേഷകനും ഫിസിഷനുമായ അലക്സാണ്ടർ ഫ്ലെമിങ്ങാണ് എന്നെ കണ്ടെത്തിയത്. വൈദ്യശാസ്ത്ര പഠനം കഴിഞ്ഞ് ഒന്നാം ലോകമഹായുദ്ധ കാലത്ത് ആർമി മെഡിക്കൽ വിഭാഗത്തിൽ ക്യാപ്റ്റനായി ചേർന്നതാണ് ഫ്ളെമിങ്ങ്. യുദ്ധകാലത്ത് ആയിരക്കണക്കിനു പേർ മരിച്ചുവീഴുന്നതിന് അദ്ദേഹം സാക്ഷിയായി. മുറിവുകളുടെ ഗുരുതരാവസ്ഥയേക്കാളും മുറിവുകളിലുണ്ടാകുന്ന അണുബാധയായിരുന്നു കൂടുതൽ മരണങ്ങൾക്കും കാരണം. അണുബാധകളെ ഫലപ്രദമായി ചികിത്സിക്കാനുള്ള മരുന്നുകൾ അന്ന് ഇല്ലായിരുന്നെന്നു തന്നെ പറയാം. ആകെയുണ്ടായിരുന്നത് ആന്റിസെപ്റ്റിക് മരുന്നുകളാണ്. അതു പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടാക്കിയിരുന്നത്.

ലണ്ടനിലെ സെന്റ് മേരീസ് ആശുപട്രിയിൽ ബാക്ടീരിയോളജിസ്റ്റ് ആയി ചേർന്നെങ്കിലും ഫ്ളെമിങ് അണുബാധയുടെ പരിഹാരങ്ങൾക്കായുള്ള ഗവേഷണം നിർത്തിയിരുന്നില്ല. സ്റ്റഫൈലോ കോക്കൽ ബാക്ടീരിയകളിൽ പരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഒരു ദിവസം തികച്ചും യാദൃശ്ചികമായാണ് എന്റെ അസ്തിത്വം തിരിച്ചറിയുന്ന ആദ്യ ചുവടു വയ്പ് നടന്നത്. 1928 സെപ്റ്റംബർ 28. അവധി കഴിഞ്ഞ് ലാബിൽ തിരിച്ചെത്തിയ ഫ്ളെമിങ് സ്റ്റഫൈലോകോക്കസ് ബാക്ടീരിയ കോശങ്ങളെ വച്ചിരുന്ന ഒരു പെട്രിഡിഷിൽ പൂപ്പൽ പിടിച്ചിരിക്കുന്നതു കണ്ടു. ഈ പൂപ്പലിനോടു ചേർന്നുള്ള ഭാഗത്തെ ബാക്ടീരിയകൾ നശിച്ചിരിക്കുന്നതായും അദ്ദേഹം ശ്രദ്ധിച്ചു. ഈ പൂപ്പലിനെ വേർതിരിച്ചെടുത്തപ്പോൾ അത് പെൻസിലിൻ വർഗത്തിൽ പെട്ടതാണെന്നു കണ്ടു. മാത്രമല്ല എല്ലാ ഗ്രാം പൊസിറ്റീവ് രോഗാണുക്കൾക്കും എതിരെ ഫലപ്രദമാണെന്നും കണ്ടെത്തി. യഥാർഥത്തിൽ ആ പൂപ്പൽ അല്ല അതിന്റെ സത്ത് ആണ് ബാക്ടീരിയകളെ നശിപ്പിക്കുന്നതെന്നു ഫ്ളെമിങ് മനസ്സിലാക്കി. അങ്ങനെ സത്ത് വേർതിരിച്ചെടുത്ത് അതിനു പെൻസിലിൻ എന്നു പേരുമിട്ടു.

അത്ര വലിയ കണ്ടുപിടുത്തമൊക്കെ നടത്തിയെങ്കിലും ഫ്ളെമിങ് അതിന്റെ ക്രെഡിറ്റ് എടുക്കാനൊന്നും ശ്രമിച്ചില്ല.

‘‘ഞാൻ പെൻസിലിൻ കണ്ടുപിടിച്ചില്ല. പ്രകൃതിയാണ് അതു ചെയ്തത്. ഞാൻ യാദൃശ്ചികമായി അതു തിരിച്ചറിഞ്ഞെന്നു മാത്രം. ’’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നെ കണ്ടുപിടിച്ചത് 1928 ലാണെങ്കിലും പത്തു വർഷത്തിലേറെയെടുത്തു അത് ശുദ്ധീകരിച്ചെടുത്ത് ക്ലിനിക്കൽ ഉപയോഗത്തിനു പ്രാപ്തമാക്കുന്ന വിധത്തിലാക്കാൻ. ഇതിനു ഫ്ളെമിങ്ങിനെ സഹായിച്ചത് ഹോവാഡ് ഫ്ളോറെ, ഏണസ്റ്റ് ചെയിൻ എന്നീ ഗവേഷകരാണ്.

രണ്ടാം ലോകമഹായുദ്ധ കാലമായിരുന്നതിനാൽ ബ്രിട്ടനിൽ വ്യാവസായിക തലത്തിൽ മരുന്നുൽപാദനം സാധ്യമല്ലായിരുന്നു. അങ്ങനെ അമേരിക്കൻ മരുന്നുൽപാദകരുടെ കൂടി സഹകരണത്തോടെയാണ് വൻതോതിലുള്ള മരുന്നുൽപാദനം സാധ്യമായത്.

എന്നെ കണ്ടെതിയതിനെ തുടർന്ന് ഫ്ളെമിങ്ങിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. വൈദ്യശാസ്ത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലായ ഈ കണ്ടുപിടുത്തത്തിന് 1945 ൽ നോബൽ സമ്മാനം ലഭിച്ചു.

കേരളത്തിൽ എപ്പോഴാണ് ആദ്യമായി എന്നെ ഉപയോഗിച്ചത് എന്ന് അറിയാമോ?

1951 ൽ തിരുവനന്തപുരം മെഡി. കോളജ് തുടങ്ങുന്ന ദിവസം. അന്നു തിരുവനന്തപുരം ജനറൽ ആശുപത്രി വച്ച് ആദ്യത്തെ ഡോസ് നൽകിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനാണ്. തിരുവനന്തപുരം മെഡി. കോളജ് അന്ന് പട്ടിക്കുന്ന് എന്ന സ്ഥലത്താണ്. കാടുപിടിച്ചു കിടന്ന സ്ഥലമാണ്. പ്രധാനമന്ത്രിയെ കൊണ്ടുവന്ന് മെഡി. കോളജ് സ്ഥാപിക്കുന്നതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആ സ്ഥലത്തിനു ചുറ്റും മുള്ളുവേലി കെട്ടിയിരുന്നു. ഈ മുള്ളുവേലിയിൽ തട്ടിയിട്ട് നെഹ്റുവിന്റെ കാൽ ചെറുതായി മുറിഞ്ഞു. അന്ന് ഡോ. കേശവൻനായർ എന്ന സർജനായിരുന്നു ചികിത്സാവിഭാഗത്തിന്റെ മേൽനോട്ടം. അദ്ദേഹം തന്നെയായിരുന്നു ജനറൽ ഹോസ്പിറ്റലിന്റെ സൂപ്രണ്ടും. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നെഹ്റുവിനു വേണ്ടി പ്രത്യേകം മരുന്നു പുറത്തുനിന്നു വരുത്തിച്ച് കുത്തിവയ്പ് എടുക്കുകയായിരുന്നു.

ഒരുകാലത്ത് മനുഷ്യരുടെ ഇടയിൽ ഏറെ പിടിപാടുള്ള മരുന്നായിരുന്നു ഞാൻ. ഇന്ന് ഒരു ഒാർഫൻ ഡ്രഗ് ആണ്. എന്നുവച്ചാൽ വളരെ അപൂർവമായോ പരിമിതമായോ മാത്രം ഉപയോഗിക്കുന്ന മരുന്ന്. മനുഷ്യരിലെ ഉപയോഗം കുറഞ്ഞതോടെ നിർമാതാക്കൾ എനിക്കു പല പുതിയ ഉപയോഗങ്ങളും കണ്ടുപിടിച്ചു. മൃഗങ്ങളിലും ചെടികളിലും ആന്റിബാക്ടീരിയൽ ഉൽപന്നങ്ങളിലുമൊക്കെ എന്നെ ചേർത്തു തുടങ്ങി. പക്ഷേ, ഇതു നിങ്ങൾ മനുഷ്യർക്കു നല്ലതല്ല കേട്ടോ. ആന്റിബയോട്ടിക് പ്രതിരോധം വരാൻ ഇതൊക്കെ കാരണമാകും. അനാവശ്യമായും അമിതമായുമുള്ള ഉപയോഗം ബാക്ടീരിയകൾക്കൊക്കെ എന്നെ തീരെ പേടി ഇല്ലാതാക്കി. ഈയടുത്തു നടത്തിയ ഒരു പഠനത്തിൽ 51 ശതമാനത്തോളം ആളുകളിൽ പെൻസിലിൻ പ്രതിരോധമുള്ളവരായി തീർന്നെന്നു കണ്ടെത്തി. അതായത് ഏകദേശം പകുതിയോളം ആളുകളിൽ അണുബാധ ഉണ്ടായാലും എന്നെ ഉപയോഗിച്ചിട്ടു പ്രയോജനമില്ല എന്നർഥം. അവർക്കു കൂടുതൽ വിലപിടിപ്പുള്ള ആന്റിബയോട്ടിക്കുകൾ വേണ്ടിവരും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. കെ. ജി. രവികുമാർ

മുൻ ഹെഡ്, ക്ലിനിക്കൽ ഫാർമസി വിഭാഗം,
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam