Thursday 30 November 2023 02:08 PM IST : By സ്വന്തം ലേഖകൻ

‘വേദനയുള്ള കയ്യിൽ ഭാരം എടുക്കുന്നതു കുറയ്ക്കുക, ചെരിഞ്ഞുകിടക്കുന്നത് വേദന കൂട്ടും’; ഫ്രോസൻ ഷോൾഡറിന് മികച്ച ചികിത്സകൾ

_C2R9465

ഫ്രോസൻ ഷോൾഡറിന് മരുന്നും കുത്തിവയ്പും വ്യായാമവും ഉൾപ്പെടെ ഒട്ടേറെ പ്രതിവിധികളുണ്ട്...

വളരെ സാധാരണമായി കാണുന്ന ഒരു രോഗം ആണ് ഫ്രോസൻ ഷോൾഡർ അഥവാ പെരിആർത്രൈറ്റിസ്. ഫ്രോസൻ ഷോൾഡർ തോൾ വേദ നയുടെ  ഒരു പ്രധാന കാരണം ആണ്. വേദനയും തോളിന്റെ ചലനം കുറയുന്നതും ആണ് പ്രധാന ലക്ഷണങ്ങൾ. ജനസംഖ്യയുടെ 2- 5 ശതമാനം പേരിൽ കാണുന്ന ഈ അവസ്ഥ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ രണ്ടു  മുതൽ നാലു  മടങ്ങു കൂടുതലായി കാണുന്നു. 40നും 60നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതൽ.

കാരണങ്ങൾ

സന്ധികളുടെ അകത്തെ ആവരണത്തിൽ വരുന്ന നീർക്കെട്ടുകളും തുടർന്നുള്ള വ്യത്യാസങ്ങളും ആണ് കാരണമാകുന്നത്. ജീവിതശൈലീരോഗങ്ങളുടെ വർധനവും ജീവിതശൈലീ വ്യതിയാനങ്ങളും രോഗ സാധ്യത കൂട്ടുന്നു, യഥാർത്ഥ കാരണം കൃത്യമായി വ്യക്തമല്ല.  പ്രമേഹം, വാതരോഗങ്ങള്‍,  തൈറോയ്ഡ്, ഹൃദയാഘാതം, സന്ധികൾ തുടരെ അനക്കമില്ലാതെ വയ്ക്കുന്നത് എന്നിവയെല്ലാം ഫ്രോസൻ ഷോൾഡറിനു കാരണമായി കാണുന്നു. സന്ധികളുടെ അകമേയുള്ള ലിഗമെന്റുകളുടെ നീർക്കെട്ടും, പേശികളുടെ നീർക്കെട്ടും ഈ രോഗത്തിന്റെ പരിശോധനയിലൂടെ  മനസ്സിലാക്കാം. തോളിലെ നീർക്കെട്ട് പേശികളുടെ  പ്രധാന ഘടകമായ  കൊളാജന്റെ  ( Collagen)  ഘടനയിൽ മാറ്റം വരുത്തുകയും അതു  കൂടുതല്‍ കൊളാജൻ  ഉണ്ടാക്കാനിടയാകുകയും  ചെയ്യുന്നു.  അതു വഴി തോളില്‍ ചലനക്കുറവ് ഉണ്ടാകുന്നു.

പ്രത്യേക കാരണങ്ങൾ  ഇല്ലാതെയോ, മറ്റു രോഗങ്ങളുടെ സാന്നിധ്യം മൂലമോ ഉണ്ടാകുന്ന രോഗത്തെ പ്രൈമറി ഫ്രോസൻ ഷോൾഡർ (Primary Frozen Shoulder) എന്നു പറയാം. പ്രമേഹം ഈ  രോഗത്തിന്റെ സാധ്യത 10 മുതൽ 36 ശതമാനം വരെ കൂട്ടുന്നു എന്നു  പഠനങ്ങൾ പറയുന്നു. തൈറോയ്ഡ് രോഗങ്ങളും, ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാരണമാകാം.  മുറിവുകളോ, അസ്ഥി പൊട്ടലുകളോ, മസിലുകളുടെ ചതവോ  കാരണം ഉണ്ടാകുന്ന രോഗത്തെ സെക്കൻഡറി ഫ്രോസൻ ഷോൾഡർ (Secondary Frozen Shoulder ) എന്നും പറയാം.

ഫ്രോസൻ ഷോൾഡർ സ്വയം നിയന്ത്രിതമായ ഒരു രോഗം ആണ്. കൃത്യമായ ചികിത്സ ലഭിക്കാതെ  വരുമ്പോൾ അതു വർഷങ്ങളോളം നീണ്ടു നിൽക്കാം. സന്ധികളുടെ ചലനം പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. രോഗത്തെ ബാധിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. അനിയന്ത്രിതമായ പ്രമേഹം നിയന്ത്രിക്കുക, തൈറോയ്ഡ് രോഗങ്ങൾ കൃത്യമായി നിയന്ത്രിക്കുക എന്നതും പ്രധാനമാണ്.

രോഗ ഘട്ടങ്ങൾ

രോഗകാഠിന്യവും വേദനയും ചലനക്കുറവും കണക്കിലെടുത്ത് പ്രധാനമായി 4 ഘട്ടങ്ങൾ ആയി ഇതിനെ വിഭജിക്കാം.

1) അനക്കക്കുറവില്ലാതെ വേദന മാത്രം അനുഭവപ്പെടുന്നതാണ് ആദ്യ ഘട്ടം. ഇത് 1  മുതൽ 3  മാസം വരെ നീണ്ടുനില്‍ക്കുന്നതായി കാണുന്നു.

2 ) ഫ്രീസിങ് സ്റ്റേജ് (Freezing Stage) - ക്രമേണയുള്ള വേദനയുടെ കാഠിന്യം കൂടുന്നതും  സന്ധിയുടെ ചലനശേഷി കുറയുന്നതും ആണ് പ്രത്യേകത. 3 മുതൽ 9 മാസം വരെ കാണുന്നു.

3 ) ഫ്രോസൻ സ്റ്റേജ് ( Frozen Stage)- വേദന ക്രമേണ കുറയുന്നു. സന്ധിയുടെ സ്വയമേയുള്ളതും സഹായത്താലും ഉള്ള ചലനശേഷി ഗണ്യമായി കുറയുന്നു. 9 മുതൽ 15 മാസം വരെ നീളാം.

4 ) തോയിങ് സ്റ്റേജ് (Tawing Stage) - ലക്ഷണങ്ങൾ ക്രമേണ കുറഞ്ഞു വരികയും ചലനശേഷി വർധിച്ചു വരികയും ചെയ്യുന്നത് ഈ ഘട്ടത്തിൽ കാണാം. 15 മുതൽ  24 മാസം വരെ നീണ്ടു നില്‍ക്കാം.

രോഗനിർണയം ശരീരപരിശോധന വഴി നടത്താം എങ്കിലും, പേശി, ലിഗമെന്റ് എന്നിവയുടെ പ്രശ്നങ്ങളും ചിലതരം വാതരോഗങ്ങളും ഈ രീതിയിൽ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പരിശോധനയിൽ അസ്ഥികളിലെ ചില വ്യത്യാസങ്ങൾ ഈ രോഗാവസ്ഥയെ കാണിക്കുന്നു എങ്കിലും ചിലപ്പോൾ എം ആർ െഎ സ്കാനിങ് വേണ്ടിവരാം. കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, സി റിയാക്‌റ്റീവ് പ്രോ ട്ടീൻ, റുമറ്റോയ്ഡ് ഫാക്‌റ്റർ,  യൂറിക്കാസിഡ് തുടങ്ങിയ രക്ത പരിശോധനകളും ആവശ്യമായി വരാറുണ്ട്.  വീഴ്ചയുടെ ഭാഗമായി പേശികളിൽ ഉണ്ടാകാനിടയുള്ള മുറിവുകൾ ഫ്രോസൻ ഷോൾഡർ ആയി ചിലപ്പോൾ തോന്നാം. ഈ സാഹചര്യത്തിൽ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം റീഹാബിലിറ്റേഷൻ ഫിസിഷനെ  സമീപിക്കുക.

മരുന്നും ശസ്ത്രക്രിയയും

ചികിത്സയ്ക്കു മരുന്നുകളും, ഫിസിയോതെറപ്പി പോലുള്ള ചികിത്സകളും ആവശ്യമായി വരാറുണ്ട്. കുത്തിവയ്‌പ്, ശസ്ത്രക്രിയ എന്നിവ സാധാരണയായി എല്ലാവർക്കും ആവശ്യമില്ല.

∙ മരുന്നുകൾ:

വേദനസംഹാരി മരുന്നുകളും, നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളും ചികിത്സയിൽ സാധാരണമാണ്. ഓയിൻമെന്റ് ഉപയോഗിക്കുന്നതും ചൂട് പിടിക്കുന്നതും വേദന കുറയ്ക്കും. വേദനയുള്ള കയ്യിൽ ഭാരം എടുക്കുന്നതു കുറയ്ക്കുക. ആ വശത്തേക്കു ചെരിഞ്ഞുകിടക്കുന്നത്  വേദന കൂട്ടും.

മരുന്നുകൾ, ഫിസിയോതെറപ്പി , വ്യായാമങ്ങൾ എന്നീ ചികിത്സകൾ കൊ ണ്ട് ആശ്വാസം ലഭിക്കാത്ത സാഹചര്യങ്ങളിൽ, സന്ധികളിൽ കുത്തിവയ്പ് ചികിത്സയും ചിലതരം ശസ്ത്രക്രിയകളും ലഭ്യമാണ്.

രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ വേദനയാണ് ഏറ്റവും പ്രധാന പ്രശ്‌നം. വേദനസംഹാരികൾ, ഇലക്ട്രോതെറപ്പി, കുത്തിവയ്പ് എന്നിവ ഈ ഘട്ടത്തിൽ ഉപകാരപ്പെടും. ഇതുകൊണ്ടു കുറയാത്ത അസുഖം അടുത്ത ഘട്ടത്തിലേക്കു കടക്കും, സന്ധികളുടെ ചലനക്കുറവാണ് ഈ ഘട്ടത്തിൽ കാണുക. മൊബിലൈസേഷൻ വ്യായാമങ്ങൾ ഈ ഘട്ടത്തിൽ ഫലപ്രദമാണ്. മൂന്നാം ഘട്ടത്തിൽ വേദന കുറയുന്നതോടെ സന്ധികളുടെ വഴക്കവും മെച്ചപ്പെടും. ഈ ഘട്ടത്തിൽ ചലനങ്ങളിലെ വ്യതിയാനങ്ങൾ മനസ്സിലാക്കി ചികിത്സിക്കേണ്ടതാണ്.

തോളിലെ കുത്തിവയ്പ്

തോളിൽ എടുക്കുന്ന കുത്തിവയ്പ് ആണ്  മറ്റൊരു ചികിത്സാ രീതി. സ്റ്റിറോയ്ഡ് കുത്തിവയ്പ് വേദന കുറയ്‌ക്കാനും, ഫലപ്രദമായ രീതിയിൽ ഫിസിയോതെറപ്പി ചെയ്യാനും സഹായിക്കുന്നു. പ്രമേഹം പോലുള്ള രോഗങ്ങളെ നിയന്ത്രിച്ച ശേഷമേ കുത്തിവയ്പ് എടുക്കാറുള്ളൂ. അണുബാധ തടയാനാണിത്. ഹൈഡ്രോഡയലറ്റേഷൻ (Hydr odialatation) എന്നറിയപ്പെടുന്ന മറ്റൊരുചികിത്സാരീതിയിൽ, വലിയ അളവിൽ സലൈൻ (Saline), തോളിലേക്കു കുത്തി വയ്ക്കുന്നതിലൂടെ ചുരുങ്ങി ഇരിക്കുന്ന തോൾസന്ധിയുടെ ആവരണത്തെ വികസിപ്പിക്കുന്നു.

മരുന്നും  വ്യായാമങ്ങളും മാറ്റം നൽകാത്ത  സാഹചര്യങ്ങളിൽ ശസ്ത്രക്രിയ വേണ്ടി വരാറുണ്ട്. 3 മുതൽ 6 മാസം വരെ ചികിത്സിച്ചിട്ടും വ്യത്യാസം വരാത്ത  ഘട്ടങ്ങളിൽ ആണ് സർജറി വേണ്ടി വരാറുള്ളത്. ആർത്രോസ്കോപിക് ക്യാപ്‌സൂളാർ റിലീസ് (ACR) ആണ് സാധാരണയായി ചെയ്യാറുള്ളത്. മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്ത വേദനകള്‍ക്ക്, നെർവ്  ബ്ലോക്   (nerve block) കൊടുക്കാറുണ്ട്. സുപ്രാസ്ക്യാപുലാർ നെർവ്  (Suprascapular nerve)  ആണ് സാധാരണയായി ബ്ലോക് ചെയ്യാറുള്ളത്.

മരുന്നുകളും വ്യായാമങ്ങളും 90 ശതമാനം രോഗികളിലും രോഗം ശമിപ്പിക്കാറുണ്ട്. സന്ധികളുടെ ചലനം പൂർവസ്ഥിതിയിലായ രോഗികളിൽ പേശികളുടെ ബലം വർധിപ്പിക്കാനുള്ള വ്യായാമങ്ങളും  നിർബന്ധമാണ്. രോഗചികിത്സ പോലെ തന്നെ പ്രധാനമാണ് രോഗം വരാതെ നോക്കുന്നതും. മേൽപ്പറഞ്ഞ രോഗമുള്ളവർ രോഗത്തെ നന്നായി നിയന്ത്രിച്ചാൽ ഒരു പരിധി വരെ ഫ്രോസൻ  ഷോൾഡർ   വരാതെ തടയാം. തോളുകളുടെ കൃത്യമായ വ്യായാമവും ഫ്രോസൻ ഷോൾഡർ തടയാന്‍ സഹായിക്കുന്നു.

കടപ്പാട്- ഡോ. വിപിൻ വിജയ്, പെയ്ന്‍, റീഹാബിലിറ്റേഷൻ ഫിസിഷൻ, പുനലൂർ, കൊല്ലം. vipin_vijay00@yahoo.com 

Tags:
  • Manorama Arogyam
  • Health Tips