Saturday 29 April 2023 02:44 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കും, കാൻസർ തടയും, ഹൃദയത്തിനു സുരക്ഷിതം: അറിയാം ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾ

greent32432

ഗ്രീൻ ടീ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിനു പ്രകൃതിയുടെ പച്ചപ്പും ഉന്മേഷവും അനുഭവപ്പെടുന്നില്ലേ? സൗഖ്യമാഗ്രഹിക്കുന്നവർക്കുള്ള ഉത്തമ പാനീയമായി ലോകമെങ്ങും ഗ്രീൻ ടീയെ അംഗീകരിച്ചു കഴിഞ്ഞു.

ചരിത്രം പറയുന്നു

50,000 വർഷങ്ങൾക്കു മുമ്പുതന്നെ ചായ ഒരു പാനീയമായി ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ട്രീൻ ടീ, ബ്ലാക്ക് ടീ, ഒലോഗ് ടീ എന്നിങ്ങനെ പല രീതിയിലും തേയില ഉപയോഗിക്കാറുണ്ട്. എല്ലാ തേയിലകളും ഉണ്ടാക്കുന്നത് കമീലിയ സൈനൻസിസ് (Camellia Sinensis) എന്ന കുറ്റിച്ചെടിയിൽ നിന്നാണ്. അതിന്റെ സംസ്കരിക്കുന്ന രീതിയിൽ ഉള്ള വ്യത്യാസമനുസരിച്ച് ഓരോ തേയിലയുടേയും നിറവും മണവും ഗുണവും വ്യത്യാസപ്പെട്ടിരിക്കും.

ജപ്പാനിലും ചൈനയിലും പരമ്പരാഗതമായി നമ്മുടെ ചായയ്ക്കു പകരം ഗ്രീൻ ടീ ആണ് ഉപയോഗിക്കാറുള്ളത്. അവരുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെയാകാം. സാധാരണ ചായയിൽ നിന്നും വ്യത്യസ്തമാണ് ഗ്രീൻടീയുടെ പാകപ്പെടുത്തൽ.

ആവി കയറ്റിയ തേയില ഉണക്കി നിറവും ഗുണവും നഷ്ടപ്പെടാതെയാണ് അവ ഉണ്ടാക്കുന്നത്. ബ്ലാക്ക് ടീ പോലെ ഇവ ഫെർമന്റേഷൻ (പുളിപ്പിക്കൽ) ചെയ്യപ്പെടുന്നില്ല.

ശക്തിയേറിയ ഘടകം

ഗ്രീൻ ടീയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ ശക്തിയേറിയ ആന്റി ഓക്സിഡ‍ന്റിന്റെ പ്രവർത്തനമാണ്. പോളിഫിനോൾ (Polyphenol) അല്ലെങ്കില്‍ കെയ്ചിൻ ആണ് ഗുണകരമായ പല പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന ഈ ആന്റി ഓക്സിഡന്റ്. യഥാർഥ നാമം Epigallo Catechin-3 Gallate എന്നാണ്. എന്നാൽ EGCGഎന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. വൈറ്റമിൻ ‘സി’ യെക്കാൾ 100 മടങ്ങും വൈറ്റമിൻ ‘ഇ’ യെക്കാൾ 25 മടങ്ങും ശക്തിയേറിയതാണ് ഇവ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ–റാഡിക്കൽസിന്റെ പ്രവർത്തനമാണ് പലവിധത്തിലുള്ള ജീവിതശൈലി രോഗങ്ങളുടെയും പ്രധാന കാരണം. ഫ്രീ–റാഡിക്കൽസിന്റെ പ്രവർത്തനത്തെ ചെറുക്കുന്നതിന് ഈ ആന്റി ഓക്സിഡന്റിനു സാധിക്കും.

ഹൃദയത്തെ കാക്കും

ഹൃദയത്തിനു സംരക്ഷണം നൽകുന്നതിനും ആർട്ടറിയിൽ തടസ്സമുണ്ടാക്കുന്ന പ്ലേക്കിന്റെ (plaque) വ്യാപ്തി തടയുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നു. പ്ലേക്ക് ഉണ്ടാകുമ്പോൾ അതിന്റെ തുടക്കത്തിൽ തന്നെ ഗ്രീൻ ടീ കുടിച്ചാൽ മാത്രമേ മുഴുവൻ ഗുണവും ഉണ്ടാകുകയുള്ളൂ. ആരോഗ്യകരമായ എച്ച് ഡി എൽ–എൽ ഡി എൽ അനുപാതം ഉറപ്പാക്കാനും അപകടകാരിയായ ട്രൈഗ്ലിസറൈഡിന്റെ അളവു കുറയ്ക്കാനും ഗ്രീൻ ടീയിലെ ആന്റി ഓക്സിഡന്റിനു സാധിക്കും. വളരെ ശക്തിയുള്ള ആന്റി ഓക്സിഡന്റ് ആയതുകൊണ്ടുതന്നെ ഫ്രീ–റാഡിക്കിളിന്റെ ഉൽപാദനം നിയന്ത്രിക്കാനും ഒരു പരിധിവരെ തടയാനും സാധിക്കും. അങ്ങനെ പ്രായം കുറയ്ക്കാനും ആയുസ്സു നീട്ടാനുമുള്ള കഴിവ് ഗ്രീൻ ടീക്കുണ്ട്. സന്ധിവേദന, ശരീരത്തിലെ നീര് തുടങ്ങിയവയെയും പ്രതിരോധിക്കുന്നു.

അമിതഭാരം നിയന്ത്രിക്കുന്നു

ഗ്രീൻ ടീയിലെ ആന്റി ഓക്സിഡന്റ് ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതായി ഫ്രാൻസിൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. മൂന്നു രീതിയിലാണു ശരീരഭാരം നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നത്. 1. കാർബോ ഹൈ‍ഡ്രേറ്റിന്റെ ദഹനത്തെ താമസിപ്പിക്കുന്നു. 2. വിശപ്പു കുറയ്ക്കുന്നു. 3. ആർ എം ആർ (RMR-Resting Metabolic Rate) ന്റെ തോതു വർധിപ്പിക്കുന്നു.

സാധാരണക്കാർക്ക് പ്രായാധിക്യം കൊണ്ടു തിമിരവും മസിലുകളുടെ ബലക്കുറവും ഉണ്ടാകാറുണ്ട്. പ്രമേഹരോഗികൾക്ക് ഇത് അൽപ്പം കൂടുതലായി കണ്ടുവരുന്നുണ്ട്. ഗ്രീൻടീയിലെ ആന്റി ഓക്സിഡന്റുകൾ ഇവയെ നിയന്ത്രിക്കുന്നു.

കാൻസർ തടയും

മനുഷ്യരിലും മൃഗങ്ങളിലും നടത്തി പല പഠനങ്ങളും തെളിയിക്കുന്നത് ഗ്രീൻ ടീക്കു ട്യൂമർ തടയാനും അതിന്റെ വളർച്ച നിയന്ത്രിക്കാനുമുള്ള കഴിവുണ്ടെന്നാണ്. ത്വക്കിലെ കാൻസർ, ഹൃദയസംബന്ധമായ കാൻസർ, അണ്ഡാശയം, സ്തനങ്ങൾ തുടങ്ങി പല വിധത്തിലുള്ള കാൻസറുകളെയും നിയന്ത്രിക്കുന്നതിനായി ഗ്രീൻ ടീക്കു സാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ഗ്രീൻ ടീയിലെ കെയ്ചിൻ എന്ന പോളിഫിനോൾ വെള്ളത്തിൽ പെട്ടെന്ന് അലിയുന്നതാണ്. അതുകൊണ്ട് ഒരു കപ്പ് ഗ്രീൻ ടീ കുടിച്ചാൽ പോലും ഒരു മണിക്കൂറിനുള്ളിൽ തന്നെ രക്തത്തിലെ ആന്റി ഓക്സിഡന്റിന്റെ പ്രവർത്തനം വളരെയധികം കൂടുന്നു. ഒന്നര മുതൽ രണ്ടര മണിക്കൂറിനുള്ളിൽ തന്നെ രക്തത്തിലെ കെയ്ചിന്റെ അളവിൽ വർധനവ് ഉണ്ടാകുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

എങ്ങനെ തയാറാക്കാം?

നന്നായി തിളച്ച വെള്ളത്തിൽ ഒരു കപ്പിന് ഒരു ടീസ്പൂൺ എന്ന അളവിൽ 60 മുതൽ 90 സെക്കൻഡ് വരെ ഗ്രീൻ ടീ ഇട്ടശേഷം അടച്ചുവയ്ക്കുക. പിന്നീട് ഫിൽട്ടർ ചെയ്തശേഷം നാരങ്ങയോ തേനോ ചേർത്തു കഴിക്കാവുന്നതാണ്. ഗ്രീൻ ടീ വാങ്ങുമ്പോൾ ‘ഓർഗാനിക്’ എന്ന ലേബൽ ഉള്ളത് വാങ്ങുക. ഇവയാണ് ഗുണമേന്മ ഏറിയത്.

തയാറാക്കിയത്

ഡോ. അനിതാ മോഹൻ

മുൻ േസ്റ്ററ്റ് ന്യുട്രിഷൻ ഒാഫിസർ

തിരുവനന്തപുരം

Tags:
  • Manorama Arogyam