Monday 10 July 2023 04:02 PM IST

മുതിർന്നുകഴിഞ്ഞു വരുന്ന സ്തനവളർച്ചയെ ശ്രദ്ധിക്കണം: പുരുഷന്മാരിലെ അമിത സ്തനവളർച്ച രോഗമാണോ?

Asha Thomas

Senior Sub Editor, Manorama Arogyam

gynaeco4564

അച്ഛനും 14 വയസ്സുള്ള മകനും കൂടിയാണ് ക്ലിനിക്കിൽ വന്നത്. എന്താണ് പ്രശ്നമെന്നു ചോദിക്കേണ്ടി വന്നില്ല. മകൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ട് വിഷമത്തോടെ എന്റെ മുഖത്തേക്കു നോക്കി. സ്തനങ്ങൾക്ക് സാധാരണ ആൺകുട്ടികളുടെ സ്തനങ്ങൾക്കുള്ളതിലും അൽപം വലുപ്പം കൂടുതലാണ്. ‘‘സാറേ, ഇവൻ സ്കൂളിൽ പോയിട്ട് ഒരാഴ്ചയായി. കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ വയ്യെന്നു പറയുന്നു.’’ അച്ഛൻ പറഞ്ഞു. ‘‘എങ്ങനെയെങ്കിലും ഇതു കുറച്ചു തരണം സാറേ...അല്ലാതെ ഇനി സ്കൂളിലോട്ടില്ല...’’ ആ പതിനാലു വയസ്സുകാരൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

ആണുങ്ങളിലെ അമിത സ്തനവളർച്ചയ്ക്ക് ഗൈനക്കോമാസ്റ്റിയ എന്നാണു വൈദ്യഭാഷയിൽ പറയുക. ഇതു കൗമാരദശയിൽ (Puberty) ആൺകുട്ടികളിൽ സാധാരണയായി കാണുന്ന ഒ ന്നാണ്. ഗ്രീക്കിൽ, ഗൈനക് എന്നാൽ സ്ത്രീ എന്നും മാസ്റ്റിയ എന്നാൽ സ്തനം എന്നുമാണ് അർഥം. കൗമാരത്തിലെ സ്തനവളർച്ച പല ആൺകുട്ടികളിലും കൗമാരദശയിൽ (Puberty) എത്തുമ്പോൾ ആ സമയത്തെ ഹോർമോൺ വ്യതിയാനം കൊണ്ടു സ്തന കലകൾ അൽപം കൂടുതലായി വളരുന്നു. ഇതു തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. രണ്ടു സ്തനങ്ങളിലുമായോ ഒറ്റ സ്തനത്തിൽ മാത്രമായോ വളർച്ച ഉണ്ടാകാം. ഹോർമോൺ നിരക്ക് സ്വാഭാവിക നിലയിലേക്കു സ്ഥിരപ്പെട്ടു കഴിയുമ്പോൾ സാവധാനം ഈ സ്തനകലകൾ കുറച്ചു ചെറുതാകും.

എന്നാൽ ആശുപത്രികളിൽ സ്തനവളർച്ചയുടെ ആശങ്കയുമായി എത്തുന്നവരിൽ കൂടുതലും കൗമാരത്തിന്റെ പടിവാതിലിൽ എത്തിയവരോ കൗമാരക്കാരോ ആണെന്നു കാണാം. സംഭവിക്കുന്നത് എന്താണെന്നു വച്ചാൽ പുരുഷ സ്തനങ്ങൾ ചെറുതായിരിക്കണമെന്ന പൊതുബോധം നമ്മുടെ നാട്ടിൽ വളരെ ശക്തമാണ്. തന്മൂലം അമിത സ്തനവളർച്ചയുള്ള ആൺകുട്ടികൾ കടുത്ത ശാരീരിക അധിക്ഷേപത്തിനും അപമാനത്തിനും ചൂഷണത്തിനും വരെ ഇരയാക്കപ്പെടാം. ഇതു വലിയ മാനസിക സംഘർഷത്തിലേക്കും അപകർഷബോധത്തിലേക്കും അവരെ തള്ളിയിടാം. ഫലമോ, രണ്ടോ മൂന്നോ വർഷം കൊണ്ടു താ നേ പരിഹരിക്കപ്പെട്ടു പോകാവുന്ന ഒരു അവസ്ഥയ്ക്ക് ആവശ്യമില്ലാതെ ചികിത്സ ചെയ്യേണ്ടുന്ന സാഹചര്യം ഉണ്ടാകുന്നു.

യഥാർഥത്തിൽ കൗമാരകാലത്ത് ആൺകുട്ടികളിൽ കാണുന്ന കൂടുതലായുള്ള സ്തനവളർച്ച ഒരു അസുഖമോ ക്രമക്കേടോ അല്ല. ഒരൽപം കാത്തിരിക്കാൻ തയാറായാൽ ഇതു താനേ പരിഹരിക്കപ്പെടും.

മുതിർന്നു കഴിഞ്ഞു വന്നാൽ

എന്നാൽ,ഗൈനക്കോമാസ്റ്റിയയെ ഒരു ആരോഗ്യപ്രശ്നമായി കാണേണ്ടുന്ന സാഹചര്യങ്ങളും ഉണ്ട്. കൗമാരത്തിൽ ഉള്ള സ്വാഭാവിക വളർച്ച അല്ലാതെ മറ്റേതു സമയത്തും പുരുഷന്മാരിൽ സ്തനവളർച്ച കണ്ടാൽ അത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. വൃഷണങ്ങൾക്കകത്തെ മുഴകൾ, പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രശ്നങ്ങൾ മൂലം വരുന്ന ഹോർമോൺ വ്യതിയാനങ്ങൾ, പ്രൊലാക്റ്റിൻ ഹോർമോണിന്റെ അളവിൽ വരുന്ന വ്യത്യാസം, ജനിതകമായ ചില വ്യതിയാനങ്ങൾ, മദ്യപാനം, കഞ്ചാവ് ഉ പയോഗം, അഡ്രിനൽ ഗ്രന്ഥിയിലെ മുഴകൾ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങളാൽ ഗൈനക്കോമാസ്റ്റിയ ഉണ്ടാകാം.

തന്മൂലം കൗമാരത്തിലല്ലാതെ വരുന്ന ഗൈനക്കോമാസ്റ്റിയയെ നിസ്സാരമാക്കരുത്. ഡോക്ടറെ കണ്ടു വിശദമായ പരിശോധന നടത്തണം. പ്രായം കൂടുന്നത് അനുസരിച്ച് പുരുഷന്മാരിൽ ടെസ്േറ്റാസ്റ്റിറോൺ ഉൽപാദനം കുറയുകയും ശരീരത്തിലെ കൊഴുപ്പു വർധിക്കുകയും ചെയ്യുന്നു. ഇത് ഈസ്ട്രജൻ ഹോർമോണിന്റെ ഉൽപാ ദനത്തെ വർധിപ്പിക്കാം. തത്ഫലമായി 50 വയസ്സിനു ശേഷം ചില പുരുഷന്മാരിൽ ഗൈനക്കോമാസ്റ്റിയ വരുന്നതായി കാണാറുണ്ട്.

മരുന്നുകളും കോഴിമാംസവും

ചില മരുന്നുകൾ ആണുങ്ങളിൽ സ്തനവളർച്ച ഉണ്ടാക്കിയേക്കാം. മസിൽ പെരുപ്പിക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കുന്ന അനാബോളിക് സ്റ്റിറോയിഡുകൾ, പ്രോസ്േറ്ററ്റ് കാൻസറിന്റെ ചികിത്സ, മാനസികരോഗത്തിനുള്ള ചില മരുന്നുകൾ, ആമാശയ അൾസറിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ തുടങ്ങിയവ ചിലപ്പോൾ ഗൈനക്കോമാസ്റ്റിയയ്ക്കു കാരണമായേക്കാം. അനാബോളിക് സ്റ്റിറോയ്ഡുകൾ നിയമാനുസൃതം ഉപയോഗിക്കാൻ പാ ടുള്ളവയല്ല. അവ നിർത്തുന്നതാണു നല്ലത്. മറ്റു മരുന്നുകളുടെ കാര്യത്തിൽ ഡോക്ടറുമായി സംസാരിച്ച്, മരുന്ന് ഉപയോഗം ക്രമീകരിക്കേണ്ടിവരും.

ശരീരം പുഷ്ടിപ്പെടാനും വണ്ണം വ യ്ക്കാനും നൽകുന്ന ചിലതരം പച്ചില മരുന്നുകളിലുള്ള സസ്യജന്യ ഹോർമോണുകളും ഈ പ്രശ്നത്തിനു കാരണമാകാം. ഫാമിൽ വളർത്തുന്ന കോഴികളിൽ തൂക്കം കൂട്ടുവാനും പ്രതിരോധശേഷിക്കും മറ്റുമായി സ്റ്റിറോയിഡുകളും ഹോർമോൺ മരുന്നുകളും നൽകുമെന്നു പറയപ്പെടുന്നു. കോഴിയിറച്ചിയിലൂടെ ഇതെല്ലാം ശരീരത്തിലെത്തിയാൽ ഗൈനക്കോമാസ്റ്റിയയ്ക്കു കാരണമായേക്കാം. ഇത്തരം മാംസം മിതമായി മാത്രം ഉപയോഗിക്കുന്നതാവും ഉത്തമം.

രോഗങ്ങളും അമിതവണ്ണവും

കരളിന് ഒരു നിശ്ചിത അളവിലുമധികം നാശം സംഭവിക്കുമ്പോൾ ഹോർമോൺ ഉൽപാദനം നിയന്ത്രിക്കാനും വിഘടനം നടത്താനുമൊക്കെ ബുദ്ധിമുട്ടു വരാം. ഇതു ഹോർമോൺ നിരക്കുകളിൽ താളപ്പിഴകൾക്ക് ഇടവരുത്തി ഗൈനക്കോമാസ്റ്റിയ വരുത്താം. കരളിനു തകരാർ വരുത്തുന്ന പ്രധാനപ്പെട്ട ഒരു കാരണം മദ്യപാനമാണ്. അതുകൊണ്ടു തന്നെ അമിത മദ്യപാനം ഗൈനക്കോമാസ്റ്റിയയ്ക്കു കാരണമാകാം.

അമിത ശരീരഭാരം മൂലം പുരുഷ ശരീരത്തിലെ ഈസ്ട്രജൻ നിരക്കു വർധിക്കാം. ഇതു സ്തനകലകൾ കൂടുതൽ വ ളരാൻ കാരണമാകാം. മാത്രമല്ല ശരീരത്തിൽ അമിതമായി ഉള്ള കൊഴുപ്പ് സ്തനകലകൾക്കിടയിൽ അടിഞ്ഞു സ്തനത്തിന്റെ വലുപ്പം വർധിക്കാം. ഭക്ഷണക്രമീകരണവും വ്യായാമവും വഴി ശരീരഭാരം കുറച്ചാൽ ഈ അവസ്ഥയിൽ ചെറിയ മാറ്റം വരാം. പക്ഷേ, എപ്പോഴും ഇതുകൊണ്ടുമാത്രം അവസ്ഥ മെച്ചപ്പെടണമെന്നില്ല. അങ്ങനെയുള്ളപ്പോൾ ഗൈനക്കോമാസ്റ്റിയയ്ക്കുള്ള ചികിത്സ ചെയ്യേണ്ടിവരും.

കൗമാരകാലത്തെ സ്വാഭാവികമായ സ്തന വളർച്ച കഴിഞ്ഞാൽ ഗൈനക്കോമാസ്റ്റിയയ്ക്ക് ഏറ്റവുമധികം കാരണമാകുന്നത് അമിതവണ്ണവും കരൾ രോഗ ങ്ങളുമാണ്. മറ്റു കാരണങ്ങളെല്ലാം അ പൂർവമായി സംഭവിക്കുന്നവയാണ്.

ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ ∙

മുതിർന്ന പുരുഷന്മാരിൽ പെട്ടെന്നു കാണുന്ന സ്തനവളർച്ച

∙ സ്തനത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു കല്ലിപ്പു പോലെ തോന്നിയാൽ

∙ മുലക്കണ്ണിൽ നിന്നും സ്രവങ്ങൾ

∙ ഏതെങ്കിലും മരുന്നു കഴിച്ചതിനെ തുടർന്നാണു വളർച്ചയെങ്കിൽ

∙ ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ട്, ഒപ്പം അസഹ്യമായ വേദനയുമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു വിശദമായ പരിശോധനകൾ നടത്തുന്നതാണു നല്ലത്.

ശസ്ത്രക്രിയയ്ക്കു ശേഷം

സ്തനത്തിനു ചുറ്റും കൊഴുപ്പു കൂടുതലാണെങ്കിൽ ലൈപ്പോസക്‌ഷൻ അഥവാ കൊഴുപ്പു വലിച്ചെടുക്കുന്ന പ്രക്രിയ കൂടി വേണ്ടിവരും. പ്രത്യേകതരം കാനുല ഉപയോഗിച്ചു കൊഴുപ്പു വലിച്ചെടുക്കുന്നു. വലുപ്പമേറിയ സ്തനങ്ങളാണെങ്കിൽ മുലക്കണ്ണിന്റെ വശത്തുകൂടി ഉണ്ടാക്കുന്ന മുറിപ്പാടിലൂടെ കൊഴുപ്പും ചർമഭാഗങ്ങളും സ്തനകലകളും ഗ്രന്ഥികോശങ്ങളും നീക്കും (Excision Technique). സാധാരണഗതിയിലുള്ള ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയകളിൽ വളരെ ചെറിയ പാടുകളേ കാണാറുള്ളൂ. ഈ ശസ്ത്രക്രിയ കൊണ്ടു സാധാരണഗതിയിൽ ഭാവിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.

എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് ഗൈനക്കോമാസ്റ്റിയ നീക്കിയ ഭാഗത്ത് ദ്രവം കെട്ടാൻ ചെറി യ സാധ്യതയുണ്ട്. ഇതു തടയാൻ ര ണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, ഡോക്ടർ നിർദേശിക്കുന്ന പ്രത്യേകതരം കംപ്രഷൻ വെസ്റ്റ് ധരിക്കുക. രണ്ട്, ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ആഴ്ചകൾക്കു ശേഷം മാത്രമേ പതിവായി ചെയ്തിരുന്നതരം വ്യായാമങ്ങൾ ചെയ്തു തുടങ്ങാവൂ. എന്നുകരുതി അലസമായി ഇരിക്കുകയുമരുത്. വലിയ ആയാസമൊന്നുമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്യാം. ഒരു മാസം കഴിഞ്ഞ് ഒരു തുടർപരിശോധന കൂടി നടത്തേണ്ടിവരും.

വീണ്ടും വരാതിരിക്കാൻ

ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയയ്ക്കു ശേഷം ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിച്ചു നിർത്തുന്നതു വീണ്ടുംസ്തനവളർച്ച ഉണ്ടാകാതിരിക്കാൻ സ ഹായിക്കും. അമിതമായി വണ്ണം വച്ചാൽ സ്തനകലകളിൽ കൊഴുപ്പ് അടിഞ്ഞ് ഗൈനക്കോമാസ്റ്റിയ വീണ്ടും രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട്, ശരീരഭാരം വർധിക്കാതെ നിയന്ത്രിച്ചു നിർത്തണം. 

എവിടെ ചെയ്യാം?

മിക്കവാറും എല്ലാ പ്രമുഖ സ്വകാര്യ ആശുപത്രികളിലും ഗൈനക്കോമാസ്റ്റിയ നീക്കുന്ന ശസ്ത്രക്രിയ ചെയ്യാറുണ്ട്. കൊഴുപ്പു നീക്കുന്ന ലൈപ്പോസക്‌ഷൻ കൂടി ഉൾപ്പെടുന്നതിനാൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലാണ് സാധാരണ ഈ ശസ്ത്രക്രിയ ചെയ്യുന്നത്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്തോ അതിൽ കൂടുതലോ ചെലവു വരും. തലേ ദിവസം അഡ്മിറ്റ് ആയി പിറ്റേന്നു ഗൈനക്കോമാസ്റ്റിയ നീക്കി ഏതാനും മണിക്കൂറുകളുടെ നിരീക്ഷണത്തിനു ശേഷം ആശുപത്രിവിടാം. ചിലയിടങ്ങളിൽ ഒറ്റ ദിവസം മതിയാകും.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്ലാസ്റ്റിക് സർജറി വിഭാഗമുണ്ട്. ഇവിടെ ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയയ്ക്കു ചെലവു കുറവാണ്. ഗവ. ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെട്ടവരാണെങ്കിൽ ഏകദേശം 5000 രൂപയോളമേ ചെലവു വരാനിടയുള്ളൂ. സർജറിയുടെ തലേന്ന് അഡ്മിറ്റായി ശസ്ത്രക്രിയ നടത്തിയ ശേഷം രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം ആശുപത്രി വിടാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഫിലിപ് ഫിലിപ് പുതുമന

കൺസൽറ്റന്റ് പ്ലാസ്റ്റിക് & മൈക്രോ വാസ്കുലർ സർജറി

കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം

Tags:
  • Manorama Arogyam