Wednesday 20 September 2023 12:53 PM IST : By സ്വന്തം ലേഖകൻ

‘രക്തസ്രാവമില്ലെങ്കിൽ അവൾ കന്യകയല്ലെന്നാണോ?’; കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ആണുങ്ങൾ അറിയാൻ

women-honeymonn-guide

വിവാഹിതരാകാൻ പോകുന്നവർക്കും നവദമ്പതികൾക്കുമായി പ്രശസ്ത സെക്സോളജിസ്റ്റ് ഡോ. ഡി. നാരായണ റെഡ്ഡി എഴുതുന്ന പംക്തി തുടരുന്നു

തോമസ് എന്ന മെക്കാനിക്ക് ഒരു വലിയ സ്ത്രീലമ്പടനായിരുന്നു. സ്ത്രീകളെ സംബന്ധിച്ചു താനൊരു സർവവിജ്ഞാനകോശമാണെന്ന് അയാൾ സ്വയം കരുതിയിരുന്നു. പരസ്ത്രീബന്ധമില്ലാതെന്ത് ജീവിതം എന്നതായിരുന്നു അയാളുടെ ആപ്തവാക്യം. ചില മോശം സ്ത്രീകളുമായുള്ള കൂട്ടുകെട്ടും വഴിവക്കിലെ കുട്ടിപുസ്തകവുമായിരുന്നു അയാളുടെ വീമ്പുപറച്ചിലിന്റെ അടിസ്ഥാനം. തന്റെ െെകവെള്ളയിലെ രേഖകൾപോലെ സ്ത്രീയുടെ അവയവങ്ങളെല്ലാം പരിചിതമാണെന്ന് ഇടയ്ക്കിടെ പറയും. സെക്സിന്റെ കാര്യത്തിൽ ഒരു സ്ത്രീയും പൂർണ ശുദ്ധയല്ലെന്നും അവർക്കു െെലംഗികതയിൽ ഒരു തത്വദീക്ഷയില്ലെന്നും സുഹൃത്തുക്കളോടു സംസാരിക്കുമ്പോൾ അയാൾ പറയാറുണ്ട്. പെണ്ണ് കന്യകയാണെങ്കിൽ കന്യാചർമം വേണമെന്നും അതു പൊട്ടി ചോര ഒലിച്ചില്ലെങ്കിൽ അവൾ പരിശുദ്ധയല്ലെന്നും അയാൾ സ്വയം വിശ്വസിച്ചു.

അങ്ങനെയിരിക്കെ അയാളുടെ കല്യാണം കഴിഞ്ഞു. തെരേസ വളരെ പക്വമതിയും സ്നേഹസമ്പന്നയുമായിരുന്നു. തുറന്ന മനസ്സോടെ ആരോടും പെരുമാറും. വളരെ പോസിറ്റീവ് എന്നുതന്നെ പറയാം. സ്പോർട്സാണ് അവരുടെ ജീവൻ. ജോലി കിട്ടിയതും ആ ക്വോട്ടയിലാണ്.നാണംകുണുങ്ങി, പരിഭ്രമത്തോടെ കുനിഞ്ഞു നിൽക്കുന്ന ഒരു തെരേസയായിരുന്നു തോമസ് മനസ്സിൽ കണ്ടത്. എന്നാൽ അവൾ അങ്ങനെയായിരുന്നില്ല. അവൾക്ക് ആഗ്രഹമുണ്ടായിരുന്നു; പ്രതീക്ഷകളും.

പരിഭ്രമിച്ചുനിൽക്കുന്ന ഭാര്യയെ പുരുഷോചിതമായി കീഴടക്കി വിജയശ്രീലാളിതനാകാനായിരുന്നു തോമസ് ആഗ്രഹിച്ചത്. എന്നാൽ അവൾ ഉത്സാഹിയായാണ് വന്നത്. തുരുമ്പുപിടിച്ച അയാളുടെ ചിന്താഗതികൾ ഒന്നു പിടഞ്ഞു. അവർ ആവേശപൂർവം സഹകരിച്ചു. അതിൽ അയാൾ തളർന്നുപോയി.

അവളിലേക്ക് പ്രവേശിച്ചപ്പോൾ ഒരു തടസ്സവും പറയാതിരുന്നത് അയാളുടെ സപ്തനാഡികളെയും തളർത്തി. തെരേസ വേദന കൊണ്ട് പുളഞ്ഞ് ‘വേണ്ട, വേണ്ട’ എന്നു പറയുമെന്നായിരുന്നു അയാൾ കരുതിയത്. എന്നാൽ തേരേസ എല്ലാം ആസ്വദിക്കുകയായിരുന്നു. രക്തത്തുള്ളികൾ കാണാനായി അയാൾ ഇടയ്ക്കിടെ കിടക്കയിലേക്ക് ഊളിയിട്ട് നോക്കി. കുട്ടിപ്പുസ്തകങ്ങളിൽ നിന്നു കിട്ടിയ വിജ്ഞാനമനുസരിച്ച് ആദ്യരാത്രിയിൽ, െെലംഗികബന്ധത്തിനുശേഷം യോനിയിൽ നിന്നു രക്തം വന്നിരിക്കും. വേദനകൊണ്ട് അവൾ പുളയും. ഇവ രണ്ടും തെറ്റിയതോടെ അയാൾ സ്ഥാപിച്ചു: ‘അവൾ കന്യകയല്ല; തെളിവുകൾ ധാരാളമുണ്ട്.’

hg മോഡൽ: അഭിമന്യു, പ്രീതി ഫോട്ടോ: സരിൻ രാംദാസ് പശ്ചാത്തലം: ദ ലേക് വ്യൂ, മൂന്നാർ

∙ ∙ ∙

ഇവിടെ തോമസിന്റെ ചിന്ത ശരിയാണോ? ആദ്യ സംേഭാഗത്തിൽ എല്ലാ സ്ത്രീകളിലും രക്തസ്രാവം ഉണ്ടാകുമോ? ഒരു സ്ത്രീ കന്യകയാണോ അല്ലയോ എന്ന് എങ്ങനെ കണ്ടുപിടിക്കാം? പൊട്ടുന്നതെങ്ങനെ?

ഇവിടെ ചില കാര്യങ്ങൾ നമ്മൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തതയാണ് ശാസ്ത്രീയമായ അറിവിന് അത്യന്താപേക്ഷിതമായി വേണ്ടത്. എന്താണ് കന്യാചർമമെന്ന് ആദ്യം അറിയണം. യോനിയുടെ പ്രവേശനദ്വാരം ഭാഗികമായി മറയ്ക്കുന്ന മാംസം കൊണ്ടുള്ള ഒരു കർട്ടനാണ് കന്യാചർമം. അത് മോതിരത്തിന്റെ ആകൃതിയിലോ കുത്തുകുത്തുകൾ പോലെയോ ആകാം. ഇതിന്റെ നടുക്ക് ഒരു ചെറിയ ദ്വാരമുണ്ട്. ഇതിലൂടെ പരമാവധി ഒരു വിരൽ കടത്താം; കന്യാചർമത്തിന് ദോഷം പറ്റാതെ. ഗർഭപാത്രത്തിൽ നിന്ന് ആർത്തവരക്തത്തിന് വെളിയിലേക്ക് പോകാനാണ് ഈ ദ്വാരം. സംഭോഗവേളയിൽ പുരുഷന്റെ ഉദ്ധരിച്ച ലിംഗം അകത്തേക്കു കടക്കുമ്പോൾ ഈ കന്യാചർമം വലിഞ്ഞു പൊട്ടും. അപ്പോൾ അല്പം അസ്വാസ്ഥ്യവും രക്തസ്രാവവും ഉണ്ടാകാം. എന്നാൽ ഇങ്ങനെ അല്ലാെതയും കന്യാചർമം പൊട്ടാം.

∙ കുതിരയോട്ടം, സൈക്ലിങ്, ഹർഡിൽസ്, ഹെജംപ് പോലുള്ള കായിക മത്സരങ്ങൾ, നൃത്ത പരിശീലനം വഴി പോലും കന്യാചർമം വലിഞ്ഞുപൊട്ടാം.

∙ അപകടങ്ങളോ വീഴ്ചകൾ മൂലമുള്ള മുറിവുകളോ കന്യാചർമം പൊട്ടാൻ ഇടയാക്കാം.

∙ സ്വയംഭോഗം, പ്രത്യേകിച്ച് വൈബ്രേറ്ററോ, മെഴുകുതിരിയോ പോലുള്ള വലുപ്പമുള്ള വസ്തുക്കൾ യോനിക്കുള്ളിൽ കടത്തി ചെയ്യുന്നത് കന്യാചർമത്തിനു ഭ്രംശം വരുത്താം.

∙ ശസ്ത്രക്രിയാസമയത്തോ രോഗപരിശോധനയുടെ ഭാഗമായോ യോനീഭാഗത്ത് ഉപകരണങ്ങൾ കടത്തുന്നത് കന്യാചർമത്തിനു കീറൽ വരുത്താം.

∙ യോനിയിൽ അണുബാധയ്ക്കുള്ള മരുന്നുകൾ കടത്തിവയ്ക്കുന്നതു വഴിയോ യോനി വൃത്തിയാക്കുന്നതിലെ തെറ്റായ രീതികൾ പോലും കന്യാചർമമെന്ന നേർത്തപാട കീറിപ്പോകാൻ ഇടയാക്കാം.

(തുടരും).

വിവർത്തനം:
അനിൽ മംഗലത്ത്
സാങ്കേതിക സഹായം:
എൻ.വി. നായർ

Tags:
  • Sex Tips