Friday 27 August 2021 04:23 PM IST

കുട്ടികളിലെ പിരുപിരുപ്പും കൂട്ടും ഈ ഭക്ഷണങ്ങൾ; തിരിച്ചറിയാൻ ഡയറ്റ് ഡയറി സൂക്ഷിക്കേണ്ടത് എങ്ങനെ?

Asha Thomas

Senior Sub Editor, Manorama Arogyam

fdrfgergt

പാലും ബിസ്കറ്റും ആണ് അവന്റെ പ്രധാന ഭക്ഷണം... ചോക്‌ലെറ്റും മധുരവും എത്ര കിട്ടിയാലും മതിയാകില്ല. പക്ഷേ, പഴങ്ങളും പച്ചക്കറികളും തൊട്ടുപോലും നോക്കില്ല...പഠനം ആരംഭിച്ചപ്പോഴാണ് പ്രശ്നം...കുട്ടിക്ക് തീരെ ശ്രദ്ധയില്ല...ഒന്നിലും ഫോക്കസ് ചെയ്യാതെ സദാ പിരുപിരുത്ത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. പ്രായത്തിന്റെ വികൃതിയായി ആദ്യമൊക്കെ അച്ഛനും അമ്മയും ഇതു തള്ളിക്കളഞ്ഞു. ഡോക്ടറെ കണ്ടപ്പോഴാണ് അവനു വേണ്ടുന്ന പോഷകങ്ങളൊന്നും ലഭിക്കാത്തതിന്റെ പ്രശ്നമാണെന്നു മനസ്സിലായത്... കുട്ടികളുടെ ഭക്ഷണശീലവും പിരുപിരുപ്പും ശ്രദ്ധക്കുറവും തമ്മിൽ ബന്ധമുണ്ടോ? പ്രമുഖ ഡവലപ്മെന്റൽ പീഡിയാട്രീഷൻ നീന ഷിലൻ പറയുന്നു.

ഭക്ഷണവും തലച്ചോറിന്റെ പ്രവർത്തനവും തമ്മിൽ സുദൃഢമായ ബന്ധമുണ്ട്. നമ്മുടെ കുടലിനെ രണ്ടാമത്തെ തലച്ചോറ് എന്നാണ് വിശേഷിപ്പിക്കാറ്. നമ്മുടെ കുടലിലേക്കെത്തുന്നത് എല്ലാം നിശ്ചയമായും തലച്ചോറിനെ സ്വാധീനിക്കും. ഭക്ഷണത്തിലെ പാകപ്പിഴകൾ ശ്രദ്ധ, ഗ്രഹണശേഷി പോലുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളെ മോശമാക്കും. അത് പിരുപിരുപ്പിലേക്ക് നയിക്കുകയാണ് ചെയ്യുക.

ഹൈപ്പർ ആക്ടിവിറ്റിക്ക് കാരണമാകുന്ന ഭക്ഷണപ്രശ്നങ്ങൾ പലതാണ്. ഒന്ന് ഭക്ഷണ അലർജിയാണ്. അലർജി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതുവഴി ശരീരത്തിന്റെ പല ഭാഗത്തും നീർവീക്കം ഉണ്ടാകാം. അത് ഇറിറ്റബിലിറ്റി അഥവാ അസ്വാസ്ഥ്യമുണ്ടാക്കുന്നു. ഇത് ഹൈപ്പർ ആക്ടിവിറ്റിയിലേക്കു നയിക്കാം.

രണ്ടാമത്തെ കാരണം ഫൂഡ് ഇൻടോളറൻസ് ആണ്. ഇത് അലർജിയേക്കാളും വ്യത്യസ്തമാണ്. ചില ഭക്ഷണം കഴിക്കുമ്പോൾ ഗ്യാസ് രൂപപ്പെടുക, വയറ് വീർക്കുക, വയറുവേദന, മലബന്ധം എന്നീ പ്രയാസങ്ങൾ അനുഭവപ്പെടും.

ഡയറ്റ് ഡയറി സൂക്ഷിക്കാം

ഭക്ഷണം കുട്ടിയുടെ തലച്ചോറിനെ സ്വാധീനിക്കുന്നുണ്ടോ എന്നറിയാൻ ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗ്ഗം ഒരു ഡയറ്റ് ഡയറി സൂക്ഷിക്കുകയാണ്. എന്നും കഴിക്കുന്ന വിഭവങ്ങൾ അതിൽ കുറിച്ചുവയ്ക്കാം. കുട്ടിയുടെ ദിവസവുമുള്ള പെരുമാറ്റവും രേഖപ്പെടുത്തണം. ഏതു ഭക്ഷണമാണ് പ്രശ്നമുണ്ടാക്കുന്നതെന്നു മനസ്സിലാക്കാൻ ഈ ഡയറി രീതി സഹായിക്കും.

ഇവയൊക്കെ കൂടാതെ ചില പ്രത്യേക ഭക്ഷണങ്ങൾ കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്ക് ഇടയാക്കാം. സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങൾ, വളരെ ഉയർന്ന തോതിൽ കാർബോഹൈഡ്രേറ്റും മധുരവും അടങ്ങിയ വിഭവങ്ങൾ, കോൺ സിറപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ രക്തത്തിലെ ഷുഗർനിരക്ക് ക്രമാതീതമായി ഉയരും. അപ്പോൾ കൂടുതൽ ഊർജം ഉണ്ടാകും. ഇത് ഹൈപ്പർ ആക്ടിവിറ്റിക്ക് കാരണമാകും.

ഭക്ഷണം കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കൾ (പ്രിസർവേറ്റീവ്സ്) രുചിയും മണവും കൂട്ടാൻ ചേർക്കുന്നവ (ഫ്ലേവേഴ്സ്, ടേസ്റ്റ് മേക്കേഴ്സ്, അഡിറ്റീവ്സ്) , നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവയെല്ലാം കുട്ടികളെ പിരുപിരുപ്പന്മാരാക്കാം. ബേക്കറി ഭക്ഷണങ്ങളും വറപൊരികളും ശീതളപാനീയങ്ങളും ചോക്‌ലെറ്റ് പോലുള്ള മധുരഭക്ഷണങ്ങളും അമിതമായി കഴിക്കാൻ നൽകുന്ന ശീലം കുട്ടികളുടെ തലച്ചോറിന് ദോഷം ചെയ്യാം.

പരസ്യങ്ങളിൽ കാണുന്ന ഇൻസ്റ്റന്റ് ഭക്ഷണങ്ങളിൽ മിക്കതിലും ഇത്തരം നിറവും മണവും രുചിയും വർധിപ്പിക്കാനുമുള്ള ഘടകങ്ങൾ ചേർക്കുന്നുണ്ട്. മോണോസോഡിയം ഗ്ലൂട്ടോമേറ്റ് അഥവാ അജിനോമോട്ടോ പോലുള്ള രുചിയേറ്റുന്ന രാസപദാർഥങ്ങൾ ചേർക്കുന്ന ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആ ഭക്ഷണത്തോട് ഒരു ആസക്തി അല്ലെങ്കിൽ അടിമത്തം തന്നെ രൂപപ്പെടാം.

കീടനാശിനികൾ വളരെ കൂടിയ അളവിൽ അടങ്ങിയ ഭക്ഷണവും തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതല്ല. ഇത് പിരുപിരുപ്പിനും ശ്രദ്ധക്കുറവിനും ഇടയാക്കാം. ഗ്ലൂട്ടൻ ( ഗോതമ്പ്, മൈദ എന്നിവയിലുള്ള പ്രോട്ടീൻ) അടങ്ങിയ ഭക്ഷണം ചില കുട്ടികൾക്ക് ദോഷകരമാകാറുണ്ട്.

വെളുത്ത നിറമുള്ള ഭക്ഷണങ്ങൾ , പ്രത്യേകിച്ച് മൈദ, വെള്ള അരി എന്നിവയൊക്കെ കഴിവതും കുട്ടികൾക്ക് കൂടുതലായി നൽകരുത്.

ജങ്ക് ഫൂഡ് കൂടുതലായി കഴിക്കുന്ന കുട്ടികൾക്ക് തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ പൂർണമായി ലഭിക്കണമെന്നില്ല. കുട്ടികൾ വീടിനകത്ത് തന്നെ കഴിച്ചുകൂട്ടുന്ന ഈ കോവിഡ് കാലത്ത് വൈറ്റമിൻ ഡിയുടെ കുറവും അനുഭവപ്പെടാം. വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി സ്വാധീനിക്കാം. ശ്രദ്ധ കുറയാൻ ഇടയാക്കാം. അയൺ പോലുള്ള മൂലകങ്ങളുടെ കുറവ് ഒാർമയേയും ശ്രദ്ധയേയും മോശമാക്കാം. ഒന്നിലും ഫോക്കസ് ചെയ്യാനാകാതെ പല കാര്യങ്ങളിലേക്കും ചിന്ത തെന്നിപ്പോകുന്ന അവസ്ഥയുണ്ടാകാം.

തലച്ചോറിന് ഗുണമേകുന്ന ഭക്ഷണങ്ങൾ

തലച്ചോറിന്റെ മികവുറ്റ പ്രവർത്തനത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. ഒമേഗ 3 കൊണ്ട് സമ്പുഷ്ടമായ ഫിഷ് ഒായിൽ കുട്ടികൾക്ക് അത്യാവശ്യം വേണ്ടതാണ്. ഇതു തലച്ചോറിനെ ശാന്തമാകാൻ സഹായിക്കും. ശ്രദ്ധ മെച്ചമാക്കാൻ അയൺ അടങ്ങിയ ഭക്ഷണം കഴിക്കാം. വൈറ്റമിൻ ഡി, അയൺ, സെലിനിയം , ബി വൈറ്റമിനുകൾ എന്നിവയെല്ലാം തലച്ചോറിന് ഏറെ ഉത്തമമായ പോഷകങ്ങളാണ്.

പച്ചനിറമുള്ള പഴങ്ങളിലും സ്പിനച്ച് പോലുള്ള പച്ചക്കറികളിലും ഫോളേറ്റ് എന്ന തലച്ചോറിന് ഗുണകരമായ പോഷകമുണ്ട്. പക്ഷേ, മിക്കവാറും കുട്ടികവെല്ലാം അവരവർക്ക് ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുത്തു കഴിക്കുന്നവരാണ്. അവർ പച്ചക്കറികളും പഴങ്ങളും കഴിക്കാൻ കൂട്ടാക്കാറില്ല. തന്മൂലം തലച്ചോറിനെ ശാന്തമാക്കാൻ ആവശ്യമായ പോഷകങ്ങൾ വേണ്ടുന്നത്ര ലഭിക്കാതെ പോകും. വാൽ നട്സ്, ബദാം പോലുള്ളവയിലെ ഘടകങ്ങൾ നമ്മുടെ മൂഡിനെയൊക്കെ മെച്ചപ്പെടുത്താൻ സഹായിക്കും.

നമ്മുടെ ശരീരത്തിലെ വിഷമാലിന്യങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. അതും തലച്ചോറിന്റെ പ്രവർത്തനത്തെ സുഗമമാക്കും.

കുട്ടികൾക്ക് ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകങ്ങൾ ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ സപ്ലിമെന്റ് രൂപത്തിലും നൽകാം. ഇതിനായി ശിശുരോഗവിദഗ്ധന്റെ നിർദേശം തേടാം.

Tags:
  • Manorama Arogyam
  • Diet Tips