Wednesday 18 October 2023 03:53 PM IST : By ഡോ. ബി. പദ്മകുമാർ

‘ഒരു ആരോഗ്യ പ്രശ്നവും കാണില്ല, പെട്ടെന്നൊരു പനി വന്നു മരിക്കും’: ഭയപ്പെടുത്തും ഈ പനി മരണങ്ങൾ: ശ്രദ്ധിക്കാം 10 കാര്യങ്ങൾ

fever3432

മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തി പെട്ടെന്നൊരു പനി വന്നു മരിക്കുന്നത് ആർക്കും ഉൾക്കൊള്ളാനാവുകയില്ലല്ലോ. അതുകൊണ്ടു തന്നെ പനി മരണങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. എന്നാൽ, ഇൻഫ്ലുവൻസ പോലെയുള്ള അപകടകാരിയല്ലാത്ത പനികൾ പോലും ചിലപ്പോൾ മരണകാരിയായേക്കാം. ഹൃദയമുൾപ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമ്പോഴാണ് പനി മാരകമാകുന്നത്.ഉണങ്ങി നിൽക്കുന്ന ഇല ഒരു കാറ്റടിച്ചാൽ കൊഴിഞ്ഞു വീഴുന്നതുപോലെ പ്രായം കൊണ്ടും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണവും അവശരായവരെ പനിയുടെ സങ്കീർണതകൾ മരണത്തിലേക്കു കൂട്ടിക്കൊണ്ടു പോയേക്കാം.

നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറേ വർഷങ്ങളായി മഴക്കാലം പനിക്കാലം കൂടിയാണല്ലോ. സാധാരണ വൈറൽ പനിയ്ക്കു പുറമെ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 പനി തുടങ്ങിയവയാണ് ഇത്തവണ സംസ്ഥാനത്തു വ്യാപകമായത്. സാധാരണ ലക്ഷണങ്ങൾക്കു പുറമേ വയറിളക്കം പോലെയുള്ള ഉദര സംബന്ധിയായ പ്രശ്നങ്ങൾ കരളിനെ ബാധിച്ച് ലിവർ എൻസൈമുകൾ ഉയരുക തുടങ്ങിയ അസാധാരണലക്ഷണങ്ങൾ ഡെങ്കിപ്പനി പ്രകടിപ്പിക്കുകയുണ്ടായി. വ്യത്യസ്ത സിറോടൈപ്പിലുള്ള ഡെങ്കി വൈറസ് ബാധയായിരിക്കും കാരണം. കൂടാതെ നഗര കേന്ദ്രീകൃതമായി കണ്ടു വന്നിരുന്ന ഡെങ്കി ഹോട്ട് സ്പോട്ടുകൾ ഗ്രാമാന്തരങ്ങളിലേക്കും വ്യാപിച്ചുവെന്നതാണു മറ്റൊരു പ്രത്യേകത. 138 ഡെങ്കി ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയതിൽ തിരുവനന്തപുരവും ആലപ്പുഴയും കോഴി ക്കോടും വയനാടുമുണ്ട്. ഡെങ്കിപ്പനി കേരളമാകെ ആധിപത്യമുറപ്പിച്ചു എ ന്നു ചുരുക്കം.

 പനി വ്യാപനത്തോടൊപ്പം പനി മരണങ്ങളും ആശങ്കയുണ്ടാക്കിയിരുന്നു. 2023 സെപ്റ്റംബർ വരെ സംസ്ഥാനത്ത് 36 പേർ ഡെങ്കിപ്പനി ബാധിച്ചു. 55 പേർ എലിപ്പനി ബാധിച്ചും 50 പേർ എച്ച്1 എൻ1 ഇൻഫ്ലുവൻസ പനി ബാധിച്ചും മരിച്ചിട്ടുണ്ട്. മലേറിയ (4) ഹെപ്പറ്റൈറ്റിസ് (!3) അഞ്ചാംപനി (3) ചിക്കൻപോക്സ് (4) ചെള്ളുപനി (8) തുടങ്ങിയവയാണ് മറ്റു പനി മരണങ്ങൾ. പനി സങ്കീർണതകൾക്കൊപ്പം രോഗനിർണയങ്ങളും ചികിത്സയും വൈകുന്നതും സ്വയം ചികിത്സയുമൊക്കെ പ്രശ്നം സൃഷ്ടിക്കും. പ്രമേഹം പോലെയുള്ള അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കുകയും തുടക്കത്തിൽ തന്നെ ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്താൽ പനി സങ്കീർണതകൾ ഒഴിവാക്കാനും പനി മരണങ്ങൾ തടയാനും സാധിക്കും.

നിപ ഭീഷണി കേരളത്തെ ഇതുവരെ വിട്ടൊഴ‍ിഞ്ഞിട്ടില്ല. മരണനിരക്ക് ഏറ്റവും അധികം ഉള്ള പനികളുെട കൂട്ടത്തിൽ ഉ ൾപ്പെടുന്ന ഒന്നാണ് നിപയും. മനുഷ്യനിൽ രോഗാണു എത്തുന്നത് മൃഗങ്ങൾ വഴിയാണ്. പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ റിസർവോയറെന്നു കരുതുന്നു. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാനുള്ള കഴിവ് നിപ വൈറസിനുണ്ട്. സ്രവങ്ങളിൽ നിന്നു രോഗബാധ പകരാം.

ഡെങ്കിപ്പനിയും എലിപ്പനിയും

സംസ്ഥാനത്ത് അടുത്തയിടെ ഉണ്ടായ പനി മരണങ്ങൾ പരിശോധിച്ചാൽ രണ്ടുതരം പനികളാണ് ഏറ്റവും കൂടുതൽ മരണകാരിയായതെന്നു കാണാം. ഡെങ്കിപ്പനിയും എലിപ്പനിയുമാണിവ. ഈ രണ്ടു പനികൾ കൂടാതെ എച്ച്1 എൻ1 ഇൻഫ്ലുവൻസ, ചെള്ളുപനി, ചിക്കൻപോക്സ് തുടങ്ങിയവയും മരണകാരിയായിട്ടുണ്ട്. പനിബാധിച്ച 90 ശതമാനമാളുകളിലും ഒരു സാധാരണ പനിപോലെ വന്നു മാറുന്ന ഈ പനികൾ ആന്തരാവയവങ്ങളായ ഹൃദയം, വൃക്കകൾ, കരൾ എന്നിവയെ ബാധിക്കുമ്പോഴാണു പനി ഗുരുതരമാകുന്നതും മരണകാരിയാകുന്നതും. രോഗാണുക്കളുടെ ജനിതക സ്വഭാവത്തിനും ശരീരത്തിലെത്തുന്ന അളവിനും പുറമേ രോഗിയുടെ ശാരീരികാവസ്ഥയും ചികിത്സയുടെ ക്ഷമതയും രോഗത്തിന്റെ ഗതി നിർ‌ണയിക്കുന്ന ഘടകങ്ങളാണ്. രോഗനിർണയത്തിലുണ്ടാകുന്ന കാലതാമസവും ശരിയായ ചികിത്സയുടെ അഭാവവും രോഗാണുക്കൾ പെരുകുന്നതിനും ആന്തരാവയവങ്ങളെ ബാധിച്ച് അവയവ സ്തംഭനമുണ്ടാക്കുന്നതിനും കാരണമാകുന്നു.

ജീവിതശൈലീരോഗങ്ങൾ

കേരളത്തിലെ പനിമരണങ്ങൾക്കുള്ള മറ്റൊരു കാരണം ജീവിതശൈലീരോഗങ്ങളുടെ ശക്തമായ വ്യാപനമാണ്. അ ഞ്ചുപേരിൽ ഒരാൾക്ക് പ്രമേഹവും മൂന്നു പേരില്‍ ഒരാൾക്ക് അമിത രക്തസമ്മർദവും ഉള്ള സംസ്ഥാനത്തു രോഗാതുരതയും കൂടുതലാണ്. പ്രമേഹമുള്ള വ്യക്തിക്കു പെട്ടെന്നു പനി പിടിപെടാനും ന്യുമോണിയ പോലെയുള്ള സങ്കീർണതകൾ ഉണ്ടാകുവാനും സാധ്യത കൂടുതലാണ്. അതുപോലെ തന്നെ രോഗ ലക്ഷണങ്ങൾ അവ്യക്തമാകുന്നതു കാരണം രോഗനിർണയത്തിനും കാലതാമസമുണ്ടാകും. രക്തത്തിലെ ഷുഗർ നില അധികരിക്കാനും ഡയബറ്റിക് കീറ്റോ അസിഡോസിസ് (രക്തത്തിൽ അമ്ലത്തിന്റെ അളവു കൂടുന്ന അവസ്ഥ) പോലെയുള്ള ഗുരുതര സങ്കീർണതകൾ ഉണ്ടാകാനും പനി കാരണമാകാം. സിഒപിഡിപോലെയുള്ള ദീർഘകാല ശ്വാസകോശരോഗങ്ങളുള്ളവരുടെ ഏറ്റവും സുപ്രധാന മരണകാരണങ്ങളിലൊന്നു വൈറൽ രോഗാണുബാധയും തുടർന്നുണ്ടാകുന്ന ന്യുമോണിയ പോലുള്ള സങ്കീർണതകളുമാണ്. കേരളം വയോജനങ്ങളുടെ സ്വന്തം നാടായി മാറുകയാണല്ലോ. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 12.6 ശതമാനമാളുകൾ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മുതിർന്ന പൗരന്മാർക്കു പനി പെട്ടെന്നു പിടികൂടാനും സങ്കീർണതകൾ ഉണ്ടാകുവാനും സാധ്യത കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറവാണിതിനു കാരണം.‌ പനി സങ്കീർണതകൾക്കു സാധ്യത കൂടിയവർ (ഹൈറിസ്ക് വിഭാഗം) – ∙ ഗർഭിണികൾ ∙ കുട്ടികൾ ∙ പ്രായമേറിയവർ ∙ പ്രമേഹരോഗികൾ ∙ ഹൃദ്രോഗമുള്ളവർ ∙ അമിതവണ്ണമുള്ളവർ ∙ ദീർഘകാല കരൾ, ശ്വാസകോശ, വൃക്കരോഗികൾ ∙ എച്ച്ഐവി ബാധിത ർ ∙ അർബുദരോഗികൾ, സ്റ്റിറോയ്ഡുകൾ, ബയോളജിക്കലുകൾ തുടങ്ങിയ മരുന്നുപയോഗിക്കുന്നവര്‍. ഇങ്ങനെയുള്ളവർക്കു പനി വന്നാൽ ആശുപത്രിയിലെ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സയാണു ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. കൂടാതെ പ്രായമേറിയവരിൽ പലപ്പോഴും പനിയുടെ ലക്ഷണങ്ങൾ അവ്യക്തമായിരിക്കും.

ഉദാഹരണത്തിനു ന്യുമോണിയ ബാധിച്ച വ്യക്തിക്കു പനിയോ ചുമയോ ഉണ്ടാകണമെന്നില്ല. അസാധാരണ പെരുമാറ്റമോ തുടർച്ചയായ വീഴ്ചയോ ആ യിരിക്കും പ്രകടമാകുന്ന ലക്ഷണം. രോഗനിർണയത്തിലുണ്ടാകുന്ന കാലതാമസം ചികിത്സ വൈകാനും പനി കൂടുതൽ സങ്കീർണമാകാനും സാഹചര്യമുണ്ടാക്കുന്നു. പനിയെ തുടർന്നുണ്ടാ കുന്ന വർധിച്ച ഉപാപചയ നിരക്കും ഓ ക്സിജൻ ആവശ്യകതയും ആന്തരാവയവങ്ങളുടെ പ്രവർത്തന സ്തംഭനത്തിനും രോഗിയെ ഗുരുതരാവസ്ഥയിലെത്തുന്നതിനും കാരണമാകാം.

ഡെങ്കി ഗുരുതരമാകുന്നത്

കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണല്ലോ ഡെങ്കിപ്പനി. മിക്കവാറുമാളുകളിൽ ഡെങ്കിപ്പനി ഒരു സാധാരണ പനിപോലെ വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാവുകയാണു പതിവ്. എന്നാൽ ഹൈറിസ്ക് വിഭാഗമാളുകളിൽ ഗുരുതര രക്തസ്രാവമുണ്ടാവുകയും മറ്റ് അവയവങ്ങളെ ബാധിച്ച് അവയവ സ്തംഭനമുണ്ടാകുകയും ചെയ്യും. ഗുരുതരമായ ആന്തരിക രക്തസ്രാവത്തെതുടർന്ന് (ഡെങ്കി ഹെമറാജിക് ഫീവർ) രക്തസമ്മർദം ഗണ്യമായി താഴുന്ന അവസ്ഥ (ഷോക്ക്) ആണ് പലപ്പോഴും ഡെങ്കി മരണത്തിനു കാരണം. ഡെങ്കിപ്പനി ഗുരുതരമാകുന്നതു നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. രോഗിയുടെ പ്രായം, ശാരീരികാവസ്ഥ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ഡെങ്കി വൈറ സ് സിറോ ടൈപ്പ്, ആവർത്തിച്ചുള്ള വൈറസ് ബാധകൾ, ഇവ തമ്മിലുള്ള ഇടവേള തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. സാധാരണ രോഗാണുബാധ ഉണ്ടായാൽ നമുക്ക് രോഗാണുക്കൾക്കെതിരെ പ്രതിരോധ ശേഷിയാണല്ലോ ലഭിക്കുന്നത് (നാച്വറൽ ഇമ്യൂണിറ്റി). തുടർന്നുള്ള രോഗാണു ബാധയിൽ നിന്ന് ഈ പ്രതിരോധം നമ്മെ സംരക്ഷിക്കുന്നു. ചിക്കൻ പോക്സ് തന്നെ ഉദാഹരണം. എന്നാൽ ഡെങ്കിയുടെ കാര്യത്തിൽ മറിച്ചാണു സംഭവിക്കുന്നത്. വൈറസിന്റെ തുടരാക്രമണം ഗുരുതരമാകാനാണിട.

എലിപ്പനി എപ്പോഴും മാരകമല്ല

കേരളത്തിൽ ഏറ്റവും കൂടുതൽ മരണം വിതയ്ക്കുന്ന പനി എലിപ്പനിയാണ്. സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യമുള്ളതു കൊണ്ടു ചികിത്സ താമസിക്കുന്നതാണ് രോഗം ഗുരുതരമാകാൻ കാരണം. എലിപ്പനി ബാധിച്ച 90 ശതമാനമാളുകളിലും അതൊരു സാധാരണ പനിപോലെ വന്നു മാറുകയാണു പതിവ്. പത്തു ശതമാനമാളുകളിൽ മാത്രമേ എലിപ്പനി മറ്റ് അവയവങ്ങളെ ബാധിച്ചു ഗുരുതരമാകാറുള്ളു. വൃക്കകളെയും കരളിനെയും ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുന്ന ഈ അവസ്ഥയിൽ മരണ സാധ്യത 50 ശതമാനം വരെ ഉയരുന്നു. സ്വയം ചികിത്സയിലൂടെ വിലപ്പെട്ട ര ണ്ടു മൂന്നു ദിവസങ്ങൾ കഴിയുമ്പോൾ പനി ആന്തരാവയവങ്ങളെ ബാധിച്ച് രോ ഗി ഗുരുതരാവസ്ഥയിലെത്തുന്നു.

മൂത്രത്തിന്റെ അളവു കുറയുക, മഞ്ഞപ്പിത്തം, ശ്വാസം മുട്ടൽ, ഹൃദയസ്പന്ദന വ്യതിയാനം, സ്വഭാവ വ്യതിയാനം, രക്തസമ്മർദം ഗണ്യമായി താഴുക എന്നിവയൊക്കെ എലിപ്പനി ഗുരുതരമാകുന്നതിന്റെ സൂചനയാണ്. ഫലപ്രദമായ ആന്റിബയോട്ടിക്കുകളും പ്രതിരോധ മരുന്നുമുളള പനിയാണ് എലിപ്പനി. പെനിസിലിൻ, ടെട്രാസൈക്ലിൻ, അസിത്രോമൈസിൻ തുടങ്ങിയ സാധാരണ ഉപയോഗത്തിലുള്ള മിക്കവാറും എല്ലാ ആന്റിബയോട്ടിക്കുകളും എലിപ്പനിക്കെതിരെ ഫലപ്രദമാണ്. എന്നാൽ വൃക്കകളും ശ്വാസകോശമുൾപ്പെടെയുള്ള മറ്റ് അവയവങ്ങളെ ബാധിച്ചു കഴിഞ്ഞാൽ ആന്റിബയോട്ടിക്കുകൾ ഫലിക്കണമെന്നില്ല. ഇവിടെയാണ് തുടക്കത്തിൽ തന്നെയുള്ള ചികിത്സയുടെ പ്രസക്തി. അഴുക്കു വെള്ളവുമായി ബ ന്ധപ്പെട്ടു പണിയെടുക്കേണ്ടി വരുന്ന കർഷകത്തൊഴിലാളികൾ, തൊഴിലുറപ്പുപണിക്കാർ, നിർമാണത്തൊഴിലിൽ ഏര്‍പ്പെട്ടിരിക്കുന്നവർ തുടങ്ങിയവരൊക്കെ പനി ഉണ്ടായാൽ എലിപ്പനി ഭീഷണി കണക്കിലെടുത്തു വിദഗ്ധ ചികിത്സ തേടണം.

ശ്രദ്ധിക്കാം ഈ 10 കാര്യങ്ങൾ

1. പരിഭ്രാന്തി വേണ്ട – പനിയുണ്ടായാൽ സംയമനം പാലിക്കണം. ജാഗ്രതയോടെയുള്ള സമീപനമാണു വേണ്ടത്. പേടിച്ചു രക്തം പരിശോധിക്കാനും ചികിത്സിക്കാനുമായി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും ഓേടണ്ട. ശാസ്ത്രീയ സ്രോതസ്സുകളിൽ നിന്നുമുള്ള വിശ്വസനീയ വിവരങ്ങൾ മാത്രം പിന്തുടരുക.

2. ആദ്യ ചികിത്സ കുടുംബഡോക്ടറിൽ നിന്ന് – പനി വന്നാൽ ആദ്യം സമീപിക്കേണ്ടത് ഫാമിലി ഫിസിഷനെത്തന്നെയാണ്. അനാവശ്യ ചികിത്സയും അമിത ചികിത്സയും ഒഴിവാക്കാൻ ഈ സമീപനം സഹായിക്കും.

3. രോഗനിർണയം രോഗചരിത്രത്തിൽ നിന്ന് – ഡോക്ടറെ കാണുമ്പോൾ രോഗചരിത്രം ശ്രദ്ധയോടെ പറയണം. പനി എന്നു തുടങ്ങി, എത്ര ദിവസമായി, മറ്റ് അനുബന്ധ ലക്ഷണങ്ങൾ, മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരം തുടങ്ങിയവ അറിയിക്കണം. നേരത്തേയുള്ള ചികിത്സാരേഖകൾ കരുതണം.

4. സ്വയം പരിശോധനകൾ വേണ്ട – സ്വന്തമായി ലാബറട്ടറിയിൽ പോയി പരിശോധനകൾ നടത്തരുത്. അത് ആശയക്കുഴപ്പമുണ്ടാക്കും. നേരത്തെ നടത്തുന്ന പരിശോധനകൾ പലതും നെഗറ്റീവാകാം. ഉദാ. ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ വന്നാൽ രക്തത്തിൽ ആന്റി ബോഡികൾ പ്രത്യക്ഷപ്പെടുന്നതിന് 7 ദിവസമെടുക്കും.

5. സ്വയം ചികിത്സയുമരുത് – സ്വയം ചികിത്സയുടെ പ്രശ്നങ്ങൾ രണ്ടാണ്. രോഗലക്ഷണങ്ങൾ അവ്യക്തമാകുന്നത് രോഗനിർണയത്തെ ബാധിക്കും. മറ്റൊന്ന് പാർശ്വഫലങ്ങളാണ്. ഡെങ്കിപ്പനിപോലെ രക്തസ്രാവ സാധ്യതയുള്ള പനിയുള്ളപ്പോൾ ആസ്പിരിൻ പോലെയുള്ള വേദനാസംഹാരികൾ കഴിക്കുന്നത് ഗുരുതര രക്തസ്രാവമുണ്ടാക്കും.

6. ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല– ഇപ്പോൾ പടർന്നു പിടിക്കുന്ന പനികളിലേറെയും ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാത്ത വൈറൽപ്പനികളാണ്. വൈറൽപ്പനി ബാധിച്ച വ്യക്തിക്ക് ദ്വിതീയ ബാക്ടീരിയൽ അണുബാധയുണ്ടാകുമ്പോൾ മാത്രമാണ് ആന്റി ബയോട്ടിക്കുകൾ ആവശ്യമായി വരുക.

7. അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കണം – പനി പലപ്പോഴും ഗുരു തരമാകുന്നതും ആന്തരാവയവങ്ങളെ ബാധിച്ചു സങ്കീർണതകൾ ഉണ്ടാകുന്നതും പ്രമേഹം പോലെയുളള പ്രശ്നങ്ങ ൾ വഷളാകുമ്പോഴാണ്. ഇത്തരം അടിസ്ഥാന ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രണവിേധയമാക്കണം.

8. ഗർഭിണികൾക്കു പ്രത്യേക ശ്രദ്ധവേണം – ഗർഭകാലത്ത് ചിക്കൻ പോക്സ്, ജർമൻ മീസിൽസ് തുടങ്ങിയ അസുഖങ്ങളുണ്ടായാൽ ഗർഭസ്ഥശിശുവിന് വളർച്ചാമുരടിക്കലും വൈകല്യങ്ങളും ഉണ്ടാകാം.ഗർഭകാലത്ത് അനാവശ്യയാത്രകളും ആള്‍ക്കൂട്ടസന്ദർശനങ്ങളും ഒഴിവാക്കണം. പനിയുള്ളവരുമായി ഇടപഴകരുത്. ഡോക്ടറുടെ നിർദേശപ്രകാരം ഫ്ലൂ വാക്സീനുമെടുക്കാം.

9. പ്രതിരോധമാണ് അഭികാമ്യം – പനി പടരുമ്പോൾ ഡ്രൈഡേ ആചരിച്ചും പരിസരം വൃത്തിയായി സൂക്ഷിച്ചും പനി പിടിപെടാതെ നോക്കണം. അഴുക്കുവെള്ളത്തിൽ നിന്നു പണിയെടുക്കേണ്ടവർ ഡോക്സി‌സൈക്ലിൻ പ്രതിരോധ മ രുന്നുകൾ കഴിക്കണം. മുതിർന്ന പൗരന്മാർ, സിഒപിഡി പോലെ ദീർഘകാല പ്രശ്നങ്ങളുള്ളവർ എല്ലാ വർഷവും ഇൻഫ്ലുവൻസ വാക്സീനും ഒരു പ്രാവശ്യം ന്യുമോണിയയ്ക്കെതിരായ ന്യുമോ കോക്കൽ വാക്സീനും എടുക്കണം.

10. പരിചരണം കരുതലോടെ – പനിയുള്ളവരെ പരിചരിക്കുമ്പോൾ വ്യക്തിഗത സുരക്ഷാ സംവിധാനങ്ങൾ മാസ്ക്, കയ്യുറകൾ എന്നിവ ഉപയോഗിക്കണം. ആരോഗ്യകരമായ ഗൃഹാന്തരീക്ഷം നിലനിർത്തണം.

ഡോ. ബി. പദ്മകുമാർ

പ്രഫസർ, ഹെഡ്

മെഡിസിൻ വിഭാഗം

ഗവ. മെജി. കോളജ്, ആലപ്പുഴ

Tags:
  • Daily Life
  • Manorama Arogyam