Friday 17 November 2023 04:56 PM IST

സിരകളില്‍ കുത്തിവയ്പ് എടുത്തശേഷം തിരുമ്മരുത്; കുത്തിവയ്പ് പേടി ഉള്ളവര്‍ക്ക് ചര്‍മത്തില്‍ ഒട്ടിക്കും പാച്ചുകള്‍

Dr Sunil Nattath

inject34324

അ ണുവിമുക്തമായ മരുന്നു ലായനികളോ സ സ്പെൻഷനുകളോ ആണു കുത്തിവയ്പിന് ഉപയോഗിക്കുന്നത്. കുത്തിവയ്പ് ശരീരത്തിൽ ഏതു സ്ഥാനത്താണു നൽകുന്നത് എന്നത് അനുസരിച്ചു പലതരമുണ്ട്.

∙ ഇൻട്രാഡെർമൽ അഥവാ ചർമപാളികളിൽ നൽകുന്നത്. ഉദാ: മരുന്ന് അലർജി പരിശോധനകൾ.

∙ ഇൻട്രാമസ്കുലർ അഥവാ പേശികളിലേക്കു നൽകുന്നത്. ഉദാ: പെൻസിലിൻ കുത്തിവയ്പ്, ചില വാക്സീനുകൾ. ഇടുപ്പ്, തോൾ, തുടയുടെ പുറംഭാഗം എന്നിവിടങ്ങളിലെ പേശികളിലാണു സാധാരണ നൽകുക.

∙ സബ്‌ക്യൂട്ടേനിയസ്- ചർമത്തിന്റെ താഴ്ഭാഗത്തായി നൽകുന്നത്. (ഉദാ: ഇ ൻസുലിൻ കുത്തിവയ്പ്).

∙ ഇൻട്രാവീനസ് അഥവാ സിരകളിലേക്കു നൽകുന്ന കുത്തിവയ്പ്. കയ്യിലെ സിരകളിലാണു സാധാരണ നൽകാറ്.

ചർമപാളികളിൽ നൽകുന്ന കുത്തിവയ്പുകളിൽ മരുന്നു മുഴുവനായി ത ന്നെ രക്തത്തിലേക്കു കലർന്നു പൂർണമായ അളവിൽ ലഭ്യമാകും (ബയോഅവെയ്‌ലബിലിറ്റി കൂടുതൽ). പേശികളിൽ എടുക്കുമ്പോൾ, പ്രത്യേകിച്ച് ഇടുപ്പിലോ പിൻഭാഗത്തോ എടുക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പളവു കൂടിയവരാണെങ്കിൽ മരുന്നു പൂർണമായി രക്തത്തിലേക്ക് എത്തണമെന്നില്ല. സിരകളിലൂടെ നൽകുന്ന മരുന്നു പെട്ടെന്നു ര ക്തത്തിൽ കലർന്ന് അവയവങ്ങളിലേക്ക് എത്തും.

മറ്റു രീതിയിൽ മരുന്നു ഫലപ്രദമായി നൽകാനാവാതെ വരുമ്പോഴോ (ഉദാ: വായിലൂടെ നൽകിയാൽ ആമാശയത്തിലെ ദഹനരസങ്ങൾ നശിപ്പിച്ചു കളയുന്ന മരുന്നുകൾ) വളരെ ചെറിയ അളവിൽ മരുന്നു നൽകേണ്ടി വരുമ്പോഴോ ആണു ച ർമത്തിനു താഴെയുള്ള കുത്തിവയ്പായി നൽകുക. വയറ്, തുടയുടെ പുറംഭാഗം, തോൾ എന്നിവിടങ്ങളിലാണു പ്രധാനമായും സബ്ക്യൂട്ടേനിയസ് കുത്തിവയ്പ് എടുക്കാറ്. ഈ രീതിയിൽ വേദന കുറവായിരിക്കും.

തിരുമ്മലും വേദനയും

കുത്തിവയ്പ് എടുക്കുന്നതിനു തൊട്ടുമുൻപ് ഒരു തുള്ളി മരുന്നു പുറത്തേക്കു കളയാറുണ്ട്. സിറിഞ്ചിൽ വായു കുമിളകൾ ഉണ്ടെങ്കിൽ കളയാനാണിത്.

പേശികളിൽ കുത്തിവയ്പ് എടുത്ത ശേഷം ആ ഭാഗം തിരുമ്മാറുണ്ട്. എ ന്നാൽ സിരകളിൽ കുത്തിവയ്പ് എടുത്തിട്ടു തിരുമ്മാറില്ല. ആ ഭാഗം ഒന്ന് അമർത്തി പിടിച്ചു രക്തസ്രാവം ഉണ്ടാകാതെ ശ്രദ്ധിച്ചാൽ മതി.

പെൻസിലിൻ, ഡൈക്ലോഫെനാക് പോലുള്ള ചില കുത്തിവയ്പുകൾ എ ടുക്കുമ്പോൾ സാധാരണയിൽ കൂടുതൽ വേദന അനുഭവപ്പെടാം. ഇത്തരം സന്ദർഭങ്ങളിൽ രോഗിയോടു മുൻകൂട്ടി കാര്യം പറഞ്ഞ് ഒന്നു തയാറെടുപ്പിക്കുന്നതു നല്ലതാണ്. കുത്തിവയ്പ് ഫോബിയ ഉള്ളവർക്ക് പകരം മരുന്നുകൾ നൽകാം. ഇല്ലെങ്കിൽ ചർമത്തിനു പുറമേ ഒട്ടിച്ചു വയ്ക്കുന്ന പാച്ചുകൾ നൽകാം.

കുത്തിവയ്പ് വഴിയുള്ള രോഗപ്പകർച്ച തടയാൻ ഒറ്റ തവണ ഉപയോഗത്തിനുള്ള സിറിഞ്ചുകളാണ് ഉപയോഗിക്കാറ്. കുത്തിവച്ചിടത്ത് വേദന, ചുവപ്പ്, നീർവീക്കം എന്നിവ ചിലപ്പോൾ വരാം. അതു താനേ മാറും. എന്നാൽ കുത്തിവയ്പ് എടുത്ത് അൽപസമയത്തിനു ശേഷം ദേഹം ചൊറിഞ്ഞു തടിക്കുക, തലകറക്കം, തൊണ്ടയിൽ അസ്വാസ്ഥ്യം, ശ്വാസതടസ്സം, ബോധം മറയുക എന്നിവയിലേതെങ്കിലും കണ്ടാൽ മരുന്ന് അലർജിയുടെ ലക്ഷണമാകാം. ഉടനെ ഡോക്ടറെ കാണുക. മരുന്ന് അലർജി തടയാൻ കുത്തിവയ്പിനു മുൻപായി ഒരു ടെസ്റ്റ് ഡോസ് തൊലിപ്പുറമേ കുത്തിവച്ച് അലർജിയുണ്ടോ എന്നു നോക്കാറുണ്ട്.

ഇൻഹേലർ മരുന്നുകൾ

ശ്വാസകോശപ്രശ്നങ്ങൾക്കായുള്ള മ രുന്നുകളാണ് ഇൻഹേലർ രൂപത്തിൽ നൽകുക. ഇൻഹേലർ ഉപയോഗിക്കുന്നതിൽ ഒരു അപമാനം അഥവാ സ്റ്റിഗ്മ പൊതുജനത്തിന് ഉള്ളതായി കാണാറുണ്ട്. യഥാർഥത്തിൽ ഗുളികകളേക്കാളും സിറപ്പുകളേക്കാളും ഫലപ്രദമാണിത്. നേരേ ശ്വാസകോശത്തിലേക്കു മരുന്ന് എത്തിക്കും. മറ്റ് അവയവങ്ങളിലേക്കു പോകാത്തതു കാരണം വേറെ പാർശ്വഫലങ്ങളുമുണ്ടാകില്ല.

കുട്ടികളിലും പ്രായമായവരിലും ഇൻഹേലർ നേരേ ഉപയോഗിക്കാതെ സ്പേസർ (ഉള്ളു പൊള്ളയായ ഒരു പ്രത്യേകതരം ചേംബർ) കൂടി ചേർത്ത് ഉപയോഗിച്ചാലേ മരുന്നു മുഴുവനായി ലഭിക്കൂ. ഇൻഹേലർ സ്പേസറിന്റെ ഒരു ഭാഗത്തു ബന്ധിപ്പിക്കുന്നു. മറ്റേ ഭാഗം വായിലേക്കും വയ്ക്കുന്നു. മരുന്നു സ്പേസറിനുള്ളിൽ തങ്ങിനിൽക്കുന്നതിനാൽ സാവകാശം വലിച്ചെടുത്താൽ മതിയാകും. പൊടിരൂപത്തിലുള്ള മരുന്ന് ഇട്ട് വലിയ്ക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് റൊട്ടാഹേലർ. ഇതിപ്പോൾ അത്ര വ്യാപകമല്ല.

 

ഡോ. സുനിൽ നട്ടാത്ത്

തലവൻ, പ്രഫസർ, ഫാർമക്കോളജി വിഭാഗം,
ഗവ. മെഡിക്കൽ കോളജ്, പാലക്കാട്

docsunil2005@gmail.com

Tags:
  • Manorama Arogyam
  • Health Tips