Friday 14 June 2024 05:04 PM IST

ഒന്നര മണിക്കൂറിനുള്ളില്‍ ചെയ്യാം, പടികയറാനും നടക്കാനുമുള്ള പ്രയാസം മാറ്റാം- മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ചറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

muttu43543

ടികയറാനോ നടക്കാനോ പറ്റുന്നില്ല, കാല് ഒന്ന് അനക്കാൻ പോലും വയ്യാത്ത വേദനയാണ്. കസേരയിൽ ഇരിക്കാൻ പോലും പ്രയാസം...

60 വയസ്സു കഴിഞ്ഞുള്ള ഒരാളോടു സംസാരിച്ചാൽ ഏറ്റവുമധികം കേൾക്കുന്ന പരാതി ഇതായിരിക്കും. മുട്ടുതേയ്മാനമാണ് നമ്മുടെ നാട്ടിൽ മുട്ടുവേദനയുടെ ഒരു പ്രധാനകാരണം. കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലം മുൻപു വരെ മുട്ടിനു തേയ്മാനം വന്നു നടക്കാനാകാത്ത അവസ്ഥയിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു, മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കുറവായിരുന്നു.

എന്തുകൊണ്ട് കൂടുന്നു?

കൂടുതൽ ആളുകൾ ശസ്ത്രക്രിയയ്ക്കു തയാറാവുന്നതും ഡോക്ടർമാർ ഈ രംഗത്തു വിദഗ്ധരായി തീർന്നതുമൊക്കെ ശസ്ത്രക്രിയകളുടെ എണ്ണം കൂടാൻ കാരണങ്ങളാണ്. എങ്കിലും അവഗണിക്കാനാകാത്ത ഒരു കാര്യം കൂടിയുണ്ട്.

മുട്ടുതേയ്മാനം ഇന്നു വളരെ കൂടുതലാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ. പണ്ടൊക്കെ 50Ð60 വയസ്സുള്ള സ്ത്രീകളിലാണ് തേയ്മാനം കണ്ടിരുന്നത്. എന്നാൽ സമീപ കാലത്തായി 40 വയസ്സുള്ള സ്ത്രീകളിലും തേയ്മാനത്തിന്റെ തുടക്കമായി നീരും വേദനയും കണ്ടുതുടങ്ങുന്നു.

മുട്ടുസന്ധിയിലെ അസ്ഥികൾ തമ്മിലുരസാതെ പൊതിയുന്ന തരുണാസ്ഥിയുടെ (ആർട്ടിക്കുലർ കാർട്ടിലേജ്) പോഷണാവശ്യം നടക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അവിടേയ്ക്കു നേരിട്ടു രക്തമെത്തുകയില്ല. സന്ധികൾക്കകത്തുള്ള സൈനോവിയൽ ഫ്ളൂയിഡ് എന്ന ദ്രവം അകത്തോട്ടും പുറത്തോട്ടും കയറുകയും ഇറങ്ങുകയും ചെയ്യുന്നതു വഴിയാണു സന്ധിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത്.

തരുണാസ്ഥി ഒരു സ്പോഞ്ച് പോലെയാണ്. അതായത്, കാലിലേയ്ക്കു ഭാരം വരുമ്പോൾ സന്ധിയ്ക്കകത്തുള്ള ഫ്ളൂയിഡ് പുറത്തേക്കു പോകും. കാലിൽ നിന്നും ഭാരം മാറുന്ന സമയത്ത് ഫ്ളൂയിഡ് സന്ധിക്കകത്തേക്കു കയറും. അതായത് വ്യായാമവും കായികപ്രവർത്തികളും പോലെയുള്ള ആവശ്യങ്ങൾക്കായി സന്ധികൾ ഉപയോഗപ്പെടുത്തുമ്പോഴാണ് അവയുടെ പോഷണാവശ്യം നടക്കുന്നത്.

എന്നുവച്ചാൽ പ്രായമുള്ള ഒരു വ്യക്തി നടത്തവും പടികയറലും പോലുള്ള കായികപ്രവർത്തികളും വ്യായാമവും കുറയ്ക്കുമ്പോൾ മുട്ടിനു തേയ്മാനം സംഭവിച്ചുതുടങ്ങുന്നു. ഉപയോഗിക്കാതെ ഇരുന്നാൽ മാത്രമല്ല അമിതമായി ഉപയോഗിച്ചാലും പ്രശ്നമാണ്.മുട്ടുസന്ധിയുടെ ആയുർദൈർഘ്യത്തിനു മിതമായ ഉപയോഗമാണ് നല്ലത്.

സ്ത്രീകൾക്ക് അധ്വാനം കൂടുതലാണെങ്കിലും കൃത്യമായ വ്യായാമം ഇല്ല എന്നതാണു പ്രശ്നം. വല്ലപ്പോഴുമുള്ള നടത്തമോ, അടുക്കളജോലിയോ, പറമ്പിലെ അധ്വാനമോ വ്യായാമം അല്ല. ആഴ്ചയിൽ മൂന്നു ദിവസം ഏതെങ്കിലും ഒരു കായികപ്രവർത്തിയിൽ ഏർപ്പെടണം. ഒാട്ടം, സുംബ, ജിം വ്യായാമം, യോഗ, ബാസ്ക്കറ്റ്ബോൾ, ഷട്ടിൽ പോലുള്ള സ്ട്രക്ചേഡ് വ്യായാമം ചെയ്യണം.

പ്രായവും വാതവും

ഇന്ത്യയിൽ മുട്ടുമാറ്റിവയ്ക്കൽ കൂടുതലും വേണ്ടിവരുന്നത് പ്രായമേറുന്നതു മൂലമുള്ള മുട്ടുതേയ്മാനത്തിനാണ്. പ്രായം കൊണ്ടുവരുന്ന മുട്ടുതേയ്മാനം സാധാരണഗതിയിൽ രണ്ടു കാലിലും വരും. മറ്റു കാരണങ്ങൾ കൊണ്ടുള്ള മുട്ടുതേയ്മാനം (സന്ധിയിലുള്ള പഴുപ്പുകൾ, ഒടിവ്, ലിഗമെന്റിനുണ്ടാകുന്ന പരുക്കുകൾ, സന്ധികളുടെ അമിത ഉപയോഗം (ഉദാ: പ്രഫഷനൽ ഫുട്ബോൾ കളിക്കാരിൽ വരുന്ന തേയ്മാനം), അമിത ശരീരഭാരം) സാധാരണഗതിയിൽ ഒരു മുട്ടിനു മാത്രമായാണു വരിക.

മുട്ടുവേദനയുടെ മറ്റൊരു പ്രധാന കാരണമാണ് വാതം. റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം 20Ð30 വയസ്സിലേ തുടങ്ങാം. മുട്ടു സന്ധികളിലെ തരുണാസ്ഥിയെ ഒരു അന്യവസ്തുവായി കണക്കാക്കി നമ്മുടെ ശരീരം തന്നെ അതിനെതിരെ ആന്റിബോഡികളെ പുറപ്പെടുവിക്കുന്ന അവസ്ഥയാണിത്. ആമവാതം ഉള്ള രോഗികളിൽ വളരെ ചെറുപ്പത്തിൽ തന്നെ മുട്ടുസന്ധിയിൽ ആകൃതിവ്യത്യാസവും വൈകല്യവും വരും. ഇവരുടെ സന്ധി വളരെ മൃദുവുമായിരിക്കും. കൃത്രിമമുട്ടു വയ്ക്കുമ്പോൾ പൊടിഞ്ഞുപോകാനിടയുണ്ട്. ഇങ്ങനെയുള്ളവരിൽ മുട്ടുമാറ്റിവയ്ക്കൽ അതീവ ശ്രദ്ധയോടെ വേണം ചെയ്യാൻ. ചിലപ്പോൾ 40 വയസ്സിൽ തന്നെ ഇവർക്ക് മുട്ടുമാറ്റിവയ്ക്കൽ ആവശ്യമായി വരാം.

മൂന്നു ഘട്ടങ്ങൾ

മുട്ടുതേയ്മാനത്തിനു പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ടെന്നു പറയാം.

ആദ്യഘട്ടംÐഈ സമയത്തു മുട്ടുവേദന നിയന്ത്രിക്കാനുള്ള നടപടികൾ ചെയ്ത് ഇന്ത്യൻ ടോയ്‌ലറ്റിനു പകരം യൂറോപ്യൻ ടോയ്‌ലറ്റ് ഉപയോഗിക്കുകയും അനാവശ്യമായ പടികയറൽ കുറയ്ക്കുകയും ചെയ്താൽ 40Ð45 വയസ്സു വരെ തേയ്മാനം അകറ്റിനിർത്താം. ഒരുപരിധി വരെ വന്ന തേയ്മാനത്തെ തിരുത്താനുമാകും.

ഇതിനായി മുട്ടിലെ ക്വാഡ്രിസെപ്സ് പേശികളെ ശക്തിപ്പെടുത്തണം. സൈക്ലിങ്, ജിം, ഫിസിയോതെറപ്പി വ്യായാമങ്ങൾ എന്നിവ ചെയ്യുന്നതനുസരിച്ച് ഒരു പരിധിവരെ വേദന കുറയ്ക്കാം.

മധ്യഘട്ടംÐ ഈ ഘട്ടത്തിൽ സന്ധികളുടെ ആയുസ്സ് എങ്ങനെയെങ്കിലും വർധിപ്പിക്കാനാണു ശ്രമിക്കുക. ഫിസിയോതെറപ്പി ക്രമീകരിച്ചും വേദനാസംഹാരികളുടെ ഡോസ് വർധിപ്പിച്ചും സ്റ്റിറോയ്ഡ് കുത്തിവയ്പുകൾ നൽകിയുമൊക്കെ 60 വയസ്സു വരെയെങ്കിലും സന്ധികളെ ആരോഗ്യത്തോടെ നിലനിർത്താൻ നോക്കും.

അവസാനഘട്ടംÐ നടക്കുമ്പോഴോ മുട്ട് അനക്കുമ്പോഴോ പോലും അസഹ്യമായ വേദന. തരുണാസ്ഥി ഏതാണ്ടു പൂർണമായും നശിച്ചുകഴിഞ്ഞതുകൊണ്ടാണ് സന്ധിക്ക് പിടുത്തവും ചലിപ്പിക്കാൻ പ്രയാസവും അനുഭവപ്പെടുക. കാലുകൾ അകത്തേയ്ക്കു വളഞ്ഞു രൂപവ്യത്യാസം വന്ന പോലെ കാണപ്പെടും.

ഇന്ന്, 50 വയസ്സു കഴിഞ്ഞവരിൽ മുതലേ മുട്ടുമാറ്റിവയ്ക്കൽ വിജയകരമായി ചെയ്യാറുണ്ടെങ്കിലും 60 വയസ്സു തുടങ്ങി 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സർജറിക്കുള്ള ഗോൾഡൻ ടൈം അഥവാ ഉചിതമായ സമയം. നേരത്തേ ചെയ്താൽ കൃത്രിമസന്ധിക്കു തേയ്മാനം വരാം. പ്രായം കൂടുന്തോറും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്നതു പ്രയാസകരമാകാം. അനസ്തീസിയയ്ക്കുള്ള ആരോഗ്യം ഇല്ലാതെ വരാം, പ്രമേഹവും ഹൃദ്രോഗവും പോലുള്ള മറ്റു രോഗങ്ങൾ തടസ്സമാകാം.

എപ്പോഴാണ് സർജറി വേണ്ടത്?

∙ കാൽ ചലിപ്പിക്കാൻ പോലും പറ്റാത്തവിധം വേദന അസഹ്യമാവുകയും അതു മറ്റു രീതികളിൽ പരിഹരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ. ഉദാഹരണത്തിന്, ചില ആളുകൾക്ക് വേദന സഹിക്കാൻ പ്രയാസമായിരിക്കും. ഇവർ കൂടിയ അളവിൽ ദീർഘകാലത്തേയ്ക്ക് വേദനാസംഹാരികൾ കഴിക്കാനും അങ്ങനെ വൃക്കയ്ക്ക് നാശം വരാനും സാധ്യതയുണ്ട്. അങ്ങനെയുള്ളവരിൽ എത്രയും പെട്ടെന്നു മുട്ടുമാറ്റിവയ്ക്കൽ സർജറി ചെയ്യുന്നതാണു സുരക്ഷിതം.

∙ കാലിനു വളവു വരികÐ കാലിന്റെ വളവു കൂടിക്കഴിഞ്ഞിട്ടു മുട്ടുമാറ്റിവച്ചിട്ടു കാര്യമില്ല. മുട്ടിനു ബലവും സ്ഥിരതയും നൽകാനായി കാലിന്റെ മുൻപിലും പുറകിലുമായി രണ്ടു ലിഗമന്റുകൾ അഥവാ പേശീനാരുകൾ (Medial &Lateral collateral ligament) ഉണ്ട്. കാലിനു വളവു വരുന്ന സമയത്ത് ഇതിൽ ഒരു ലിഗമന്റ് മുറുകിയിരിക്കും, മറ്റേത് അയഞ്ഞിരിക്കും. കൃത്രിമമുട്ട് ( ഇംപ്ലാന്റ്) വയ്ക്കുമ്പോൾ നമ്മൾ ഈ രണ്ടു ലിഗമന്റിനെയും ബാലൻസ് ചെയ്യണം. അതായത് രണ്ട് ലിഗമന്റിലേയ്ക്കും തുല്യ അളവിൽ ഭാരമെത്തുന്ന വിധമാക്കണം. അലൈൻമെന്റ് കൃത്യമാക്കണം. വളവു രൂക്ഷമായാൽ ഈ ലിഗമന്റ് ബാലൻസിങ് കൃത്യമായി ചെയ്യുക എളുപ്പമല്ല. അങ്ങനെ വന്നാൽ മുട്ടുമാറ്റിവയ്ക്കൽ സർജറി പരാജയപ്പെടാം.

ഒരു കാലിനു മാത്രം തേയ്മാനം

പരുക്കുകൾ പോലുള്ള കാരണങ്ങളാൽ വരുന്ന മുട്ടുതേയ്മാനം സാധാരണ ഏതെങ്കിലും ഒരു മുട്ടിനാകും വരിക. പക്ഷേ, അതു ചികിത്സിക്കാതെ കൊണ്ടുനടന്നാൽ സ്വാഭാവികമായും തേയ്മാനമില്ലാത്ത മുട്ടിലേയ്ക്കു ഭാരമൂന്നി നിൽക്കാനും നടക്കാനുമൊക്കെ നമ്മൾ ശ്രമിക്കും. തത്ഫലമായി രണ്ടാമത്തെ മുട്ടിനും ഏളുപ്പം തേയ്മാനം വരാം.

രണ്ടു മുട്ടിനും തേയ്മാനം ഉള്ളവരിൽ രണ്ടു മുട്ടിനും കൂടി ഒരുമിച്ച് സർജറി (ബൈലാറ്ററൽ നീ റേപ്ലേസ്മെന്റ്) ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത്, പ്രായമേറിയവരിലാണ് മുട്ടുമാറ്റിവയ്ക്കൽ പൊതുവേ ചെയ്യുന്നത്. ഇവർക്ക് ഒട്ടേറെ ദീർഘകാല രോഗങ്ങളുണ്ടാകാം. രണ്ട്, ഇവരുടെ ഹൃദയധമനീÐശ്വാസകോശ ആരോഗ്യമൊന്നും ഉത്തമമായിരിക്കില്ല. രണ്ടുതവണത്തെ ആശുപത്രിവാസം ഒഴിവാക്കാം എന്നതൊരു മെച്ചമാണ്. എങ്കിലും രോഗിയുടെ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ കണക്കിലെടുത്തേ ഇക്കാര്യം തീരുമാനിക്കാറുള്ളൂ.

മുട്ടുമാറ്റിവയ്ക്കൽ സർജറി

വിവിധ പരിശോധനകളിലൂടെ മുട്ടുതേയ്മാനം കണ്ടെത്തിയശേഷം സർജറി ആവശ്യമാണോയെന്നു ഡോക്ടർ വിലയിരുത്തുന്നു. മുട്ടുതേയ്മാനം കാരണമുള്ള വേദന കുറയ്ക്കാനുള്ള അവസാന ആശ്രയമാണ് മുട്ടുമാറ്റിവയ്ക്കൽ സർജറി. മുട്ടുമാറ്റിവയ്ക്കൽ സർജറിയെ (ടോട്ടൽ നീ റീപ്ലേസ്മെന്റ് ) നീ ആർത്രോപ്ലാസ്റ്റി എന്നും പറയുന്നു.

മുട്ടിന്റെ ഭാഗത്ത് ഒരു മുറിവുണ്ടാക്കി നശിച്ചുപോയ തരുണാസ്ഥിയുടെ ഭാഗവും അതിനോടു ചേർന്നുള്ള അസ്ഥിഭാഗവും നീക്കുന്നു. എന്നിട്ട് കൃത്രിമ മുട്ടുവയ്ക്കാൻ അനുയോജ്യമായ രീതിയിൽ ഈ ഭാഗം ആകൃതിയൊപ്പിച്ചെടുക്കും. ഇവിടേയ്ക്ക് ഇംപ്ലാന്റ് വച്ച് സിമന്റു ചെയ്യുന്നു.

മെറ്റല്‍ അലോയ്സും (ടൈറ്റാനിയം\കൊബാൾട്ട്/ ക്രോമിയം) സെറാമിക് മെറ്റീരിയലുകളും മെഡിക്കൽ ഗ്രേഡ് പോളിഎതിലീൻ പ്ലാസ്റ്റിക്കുമാണ് മുട്ടുമാറ്റിവയ്ക്കലിൽ ഉപയോഗിക്കുന്നത്. ലോഹസങ്കരം കൊണ്ട് കൃത്രിമമുട്ടും പോളിഎതിലീൻ കൊണ്ട് മുട്ടുകൾ ചേരുന്നിടത്തു കൃത്രിമ കാർട്ടിലേജും വയ്ക്കുന്നു. 45 മിനിറ്റു മുതൽ ഒന്നര മണിക്കൂറുവരെ സമയം മാത്രമേ മുട്ടുമാറ്റിവയ്ക്കലിനു വേണ്ടിവരുകയുള്ളൂ.

മുട്ടിന് എത്രമാത്രം തേയ്മാനം വന്നുവെന്നു കൃത്യമായി കണ്ടെത്തി ആ ഭാഗമത്രയും സൂക്ഷ്മമായി നീക്കണം. ഇതു മുട്ടുമാറ്റിവയ്ക്കൽ സർജറിയുടെ വിജയത്തിനു പ്രധാനമാണ്. മറ്റൊരു പ്രധാന ഘടകമാണ് മുൻപു സൂചിപ്പിച്ച ലിഗമെന്റ് ബാലൻസിങ്. കാലിനു വളവുള്ളവരിൽ കൃത്യമായി ലിഗമെന്റ് ബാലൻസിങ് ചെയ്തില്ലെങ്കിൽ ഒരു വശത്ത് ഭാരം കൂടുതലായി കൃത്രിമമുട്ട് എളുപ്പം കേടുവരാം. ഡോക്ടറുടെ വൈദഗ്ധ്യം വളരെ പ്രധാനമാണ്. ഒട്ടേറെ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ചെയ്ത് പരിചയസമ്പത്തുള്ള ഒരു ഡോക്ടറെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

സർജറി കഴിഞ്ഞ് ആറ് ആഴ്ചയ്ക്കുള്ളിൽ മുട്ടു പൂർണമായി ചലിപ്പിക്കാനാകും. മൂന്നുമാസം കൊണ്ട് സാധാരണ മുട്ടുപോലെ ആകും. മുട്ടുമാറ്റിവയ്ക്കലിനു ശേഷവും മുട്ടിന്റെ കാര്യത്തിൽ നല്ല ശ്രദ്ധയും പരിഗണനയും നൽകാൻ മറക്കരുത്.

ഡോ. സി.വി. കൃഷ്ണകുമാർ

അഡീഷനൽ പ്രഫസർ

ഒാർത്തോപീഡിക് വിഭാഗം

ഗവ. മെഡി. കോളജ്,

മുളങ്കുന്നത്തുകാവ്,

തൃശൂർ