Saturday 25 June 2022 03:58 PM IST

ജിമ്മിൽ പോകുമ്പോൾ മാസ്ക് ധരിക്കണോ? മാസ്ക് ധരിച്ചാൽ ഒാക്സിജൻ അളവ് കുറയുമോ? സംശയങ്ങൾക്ക് മറുപടി

Asha Thomas

Senior Sub Editor, Manorama Arogyam

cdsf444

കൊറോണയുടെ കരങ്ങളിൽ നാം അകപ്പെട്ടിട്ട് മൂന്നു വർഷമാകാറായി. ആദ്യം തെല്ലൊന്നു പകച്ചെങ്കിലും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ കൈ കഴുകിയും കൊറോണ വൈറസിനെ അകറ്റിനിർത്തുന്നതിൽ നാം വിജയിച്ചു. തുടർന്ന് ലോകമെമ്പാടുമായി കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതോടെ കൊറോണയോടുള്ള യുദ്ധത്തിൽ നമുക്കു മേൽക്കൈ ലഭിച്ചുതുടങ്ങി. ഇതുവരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് നൂറു ശതമാനം ആളുകൾക്കും ഒറ്റ ഡോസെങ്കിലും വാക്സീൻ ലഭിച്ചുകഴിഞ്ഞു. 90 ശതമാനത്തോളം പേർക്ക് രണ്ടു ഡോസ് വാക്സീനും ലഭിച്ചു. കുട്ടികൾക്കുൾപ്പെടെ വാക്സിനേഷൻ നൽകുന്നതിൽ നാം വിജയിച്ചു. ഇതിനിടയിൽ വാക്സീൻ എടുക്കാൻ കൂട്ടാക്കാത്തവരും മാസ്ക് ധരിക്കാത്തവരുമായി ആരോഗ്യ പ്രവർത്തകരുൾപ്പെടെ ഒരു ചെറിയ വിഭാഗവുമുണ്ട്.

നിലവിൽ, കൊറോണയുടെ ആക്രമണത്തിനു ശക്തി കുറഞ്ഞ്, കേസുകൾ കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ വീണ്ടും സർക്കാർ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ, ജനസംഖ്യയിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുത്തതിനാലും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും വാക്സിനേഷൻ ലഭ്യമായതുകൊണ്ടും ഒട്ടേറെ പേർക്ക് കോവിഡ് രോഗം വന്നുപോയതു വഴി പ്രതിരോധശക്തി ലഭിച്ചതിനാലും ‘ഇനിയും മാസ്ക് ധരിക്കേണ്ടതുണ്ടോ?’ എന്നു ചോദിച്ചുതുടങ്ങിയിട്ടുണ്ട് പൊതുജനങ്ങൾ.

ഈ സാഹചര്യത്തിലാണ് കൊല്ലം സ്വദേശിയായ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ്. ഗണപതി മാസ്ക് ധരിക്കുന്നതിന്റെ ദോഷവശങ്ങൾ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലായി നടന്ന പഠനങ്ങളുടെ സമാഹാരം മുന്നോട്ടു വച്ചിരിക്കുന്നത്. ദീർഘനേരം മാസ്ക് ധരിക്കുന്നതു ദോഷകരമാണെന്നതിനു തെളിവുകളുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായ പഠനങ്ങൾ കേരളത്തിൽ വേണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

‘‘ ലോകാരോഗ്യസംഘടന 2020ൽ നിർദേശിച്ചത് രോഗലക്ഷണങ്ങളുള്ളവരും അസുഖ ബാധിതരായവരും ആരോഗ്യപ്രവർത്തകരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണ്. ’’ ഡോ. ഗണപതി പറയുന്നു. ‘‘2020 ജൂണിലെ മാർഗനിർദേശം ആൾക്കൂട്ടത്തിൽ ഇടപഴകുമ്പോൾ മാസ്ക് ധരിക്കണമെന്നാണ്. സാമൂഹികമായ അകലം പാലിക്കലിനും കൈ ശുചിയായി സൂക്ഷിക്കുന്നതിനുമാണ് ലോകാരോഗ്യസംഘടന മുൻഗണന നൽകുന്നത്. കോവിഡിന്റെ കാര്യത്തിൽ മാസ്ക് മാത്രം ധരിക്കുന്നതു ദുർബലമായ സംരക്ഷണമേ നൽകുന്നുള്ളൂ എന്ന് പഠനങ്ങൾ പറയുന്നു. ദീർഘനേരം മാസ്ക് ധരിക്കുന്നതു സംബന്ധിച്ച് ഗൗരവകരമായ ചില ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെയാണ് മാസ്ക് ധാരണത്തിന്റെ പാർശ്വഫലങ്ങൾ കൂടുതലും ബാധിക്കുന്നത്. ’’ ഡോക്ടർ സൂചിപ്പിക്കുന്നു.

( മാസ്ക് ധാരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പഠനസമാഹാരങ്ങളും ഡോ. ഗണപതിയുടെ വിലയിരുത്തലും പേജ് 20 Ðൽ വായിക്കാം. )

മാസ്കിന്റെ ചരിത്രവഴികൾ

പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് വളരെ ശക്തവും സുദീർഘവുമായ ഒരു ചരിത്രമുണ്ട് മാസ്ക് ഉപയോഗത്തിന്.

മാസ്ക് ധരിക്കൽ നമുക്കു പുതുമായായിരുന്നെങ്കിലും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഏറെ സ്വാഭാവികമായ ഒന്നാണിത്. 1918Ð19 ൽ ഫ്ളൂ പാൻഡെമിക്കിന്റെ സമയത്താണ് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മാസ്ക് ധാരണം ആരംഭിച്ചത്. ഫ്ളൂ പകർച്ചവ്യാധി കെട്ടടങ്ങിയെങ്കിലും ജപ്പാൻകാർ മാസ്ക് ധരിക്കുന്ന ശീലം നിലനിർത്തി. അത് ഇൻഫ്ളുവൻസ, പോളൻ അലർജി പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഫലപ്രദമായ സംരക്ഷണം നൽകുന്നു. ഇപ്പോഴും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ തണുപ്പുകാലത്ത് ഫ്ളൂ തടയാനും വസന്തകാലത്ത് ഹേ ഫീവർ തടയാനും മാസ്ക് ധരിക്കുന്ന രീതിയുണ്ട്. 2002Ð03 ൽ സാർസ് രോഗം പടർന്നതോടെയാണ് മാസ്ക് ഉപയോഗം വീണ്ടും പ്രചാരത്തിലായത്. 2019 ൽ കോവിഡ് പാൻഡെമിക് തീവ്രമായതോടെ ഇന്ത്യയിലുൾപ്പെടെ മാസ്ക് ധരിക്കൽ കർശനമായി നടപ്പാക്കിത്തുടങ്ങി. മാസ്ക് ധാരണത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് അതു സംബന്ധിച്ചുള്ള ആളുകളുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും. മാസ്ക് ധരിക്കുന്നത് അസ്വാസ്ഥ്യകരമായോ അസുഖകരമായോ ഉപയോഗശൂന്യമായോ കാണുന്നവരുണ്ട്.

മാസ്ക് എല്ലായിടത്തും വേണ്ട

‘‘ കോവിഡ് പകർച്ചയുടെ ആദ്യഘട്ടങ്ങളിൽ അമേരിക്കൻ ആരോഗ്യവിദഗ്ധ സമിതിയായ സിഡിസിക്കും ലോകാ
രോഗ്യസംഘടനയ്ക്കും മാസ്കുകൾക്ക് അനുകൂലമായ നിലപാടല്ലായിരുന്നു. എന്നാൽ പിന്നീടു വന്ന ഒട്ടനേകം പഠനങ്ങൾ മാസ്ക് ധരിക്കുന്നത് കോവിഡ് അണുബാധയെ തടയാൻ ഫലവത്താണെന്നു തെളിയിച്ചു. ’’ പ്രമുഖ വൈറോളജി വിദഗ്ധനായ ഡോ. ജേക്കബ് ജോൺ (വെല്ലൂർ) പറയുന്നു.

തുടർച്ചയായി മാസ്ക് ധരിക്കുന്നത് ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ചില പഠനങ്ങൾ ഉണ്ട്. പ ക്ഷേ, കോവിഡ് അണുബാധ കുറയ്ക്കുന്നതിൽ മാസ്ക് വളരെ ഫലപ്രദമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മാസ്കിന്റെ ഗുണഫലവുമായി തട്ടിച്ചു നോക്കുമ്പോൾ ദോഷങ്ങളൊന്നുമല്ല.

മാസ്കിന്റെ ഗുണഫലങ്ങൾ പൂർണമായി ലഭിക്കാൻ ചില നിഷ്ഠകൾ പുലർത്തേണ്ടതുണ്ട്. ∙ മാസ്ക് ശരിയായി വായും മൂക്കും പൊതിയുന്നവിധം ധരിക്കണം. ∙ ഒരേ മാസ്ക് ദീർഘസമയം വച്ചുകൊണ്ടിരിക്കരുത്. ∙ ശ്ലേഷ്മം പുരണ്ടു നനഞ്ഞ മാസ്കുകൾ ഉടനെ മാറ്റണം.∙ ഒറ്റത്തവണ ഉപയോഗത്തിനുള്ള സർജിക്കൽ മാസ്ക് പോലുള്ളവ ഒരുപ്രാവശ്യം ഉപയോഗിച്ചു കളയണം.∙ എൻ 95 മാസ്ക് നിർമാതാക്കൾ പറയുന്ന കാലയളവു മാത്രം ഉപയോഗിക്കുക. ∙ തുണി മാസ്കുകൾ കഴുകി വെയിലത്തുണക്കി മാത്രം വീണ്ടും ഉപയോഗിക്കുക.

∙ വ്യാപനം കുറഞ്ഞാൽ മാസ്ക് വേണോ?

മാർച്ച് തുടങ്ങി മേയ് ഇതുവരെയുള്ള കാലയളവിൽ കോവിഡ് വ്യാപന തോത് കുറഞ്ഞതായാണ് കാണുന്നത്. താരതമ്യേന സ്ഥിരതയുള്ള അവസ്ഥയാണ്. അങ്ങിങ്ങായി ചില ചെറിയ ഏറ്റക്കുറച്ചിലുകളേ ഉള്ളൂ. അതായത് കോവിഡിന്റെ എൻഡെമിക് ഘട്ടത്തിലാണ് (നിയന്ത്രിതമായ അവസ്ഥ) നമ്മൾ എന്നു കരുതേണ്ടിയിരിക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ ഈ ഘട്ടത്തിൽ ആൾക്കൂട്ടങ്ങളും അടഞ്ഞ സ്ഥലങ്ങളും പോലെയുള്ള അണുബാധ സാധ്യത കൂടിയ ഇടങ്ങളിൽ മാത്രം മാസ്ക് ധരിച്ചാൽ മതിയാകും. പ്രായമേറിയവർക്കും രോഗികൾക്കും പ്രതിരോധശക്തി കുറഞ്ഞിരുന്നവർക്കും അധിക സുരക്ഷയ്ക്കു പുറത്തിറങ്ങുമ്പോഴൊക്കെ മാസ്ക് ധരിക്കാം.

∙ കുട്ടികളും മാസ്കും

കോവിഡ് വ്യാപനം കുറഞ്ഞതിനാൽ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ദിവസം മുഴുവനും മാസ്ക് ധരിക്കേണ്ട സ്ഥിതിയില്ല. ഇക്കാര്യത്തിൽ സർക്കാരിന് ഒരു പുന ർക്രമീകരണത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. സ്കൂൾ ബസ്സിലെ യാത്ര പോലെ അടച്ചിട്ടുള്ള അവസ്ഥയിൽ ധരിച്ചാൽ മതിയാകും. ക്ലാസ്സ് മുറികളിൽ നല്ല വായുസഞ്ചാരമുണ്ടായിരിക്കാൻ ശ്രദ്ധിക്കണം.

മാസ്കിനൊപ്പം വെന്റിലേഷൻ പ്രധാനം

അടച്ചിട്ട മുറികളിലും ഏസി മുറികളിലും മാസ്ക് നിർബന്ധമായി ധരിക്കണമെന്നു പറയുന്നു ഡോ. പത്മനാഭ ഷേണായി. അടച്ചിട്ട മുറികളിൽ മാസ്ക് ധരിക്കുന്നതിനൊപ്പം പ്രധാനമായി നോക്കേണ്ടത് നല്ല വായുസഞ്ചാരം ലഭിക്കുന്നുണ്ടോ എന്നതാണ്. പുറത്തുനിന്നുമുള്ള ശുദ്ധവായു മുറിയിലൂടെ കയറിയിറങ്ങി പോകാൻ സൗകര്യമുണ്ടെങ്കിൽ വായുവിലുള്ള വൈറസ് കണങ്ങളുൾപ്പെടെയുള്ള മലിനീകാരികളുടെ ഗാഢത കുറയ്ക്കാൻ സാധിക്കും. വായുവിൽ തങ്ങിനിൽക്കാതെ സ്രവകണങ്ങൾ പ്രതലങ്ങളിലേക്കു വീണ് പ്രതലങ്ങൾ മലിനീകരിക്കപ്പെടുന്നതു തടയാനും സഹായിക്കും. ഒരു മുറിയിൽ ഉള്ള ആളുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള വെന്റിലേഷൻ റേറ്റ് ഉണ്ടാകണം.

∙ മാസ്കിന്റെ പ്രാധാന്യം

മാസ്കിന്റെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങൾ പ്രധാനമായും രണ്ടുതരമാണ്. ഒന്ന്, മാസ്ക് ധരിക്കുന്നയാളുടെ വായിൽ നിന്നുള്ള സ്രവകണങ്ങൾ മറ്റൊരാളിലേക്ക് എത്താതെ തടയുന്നു. അതുപോലെ മറ്റുള്ളവരിൽ നിന്നും വൈറസ് കണങ്ങൾ മാസ്ക് ധരിക്കുന്നയാളിലേക്ക് എത്തുന്നതു കുറയുന്നു. ഇതിൽ കൂടുതൽ പ്രധാനം, മാസ്ക് വയ്ക്കുന്നതുകൊണ്ട് അസുഖമുള്ള ആളിന്റെ വായിൽ നിന്നുമുള്ള വൈറസ് കണങ്ങൾ പുറത്തേക്കെത്തുന്നത് തടയപ്പെടുന്നു എന്നതാണ്. ഇതുകൊണ്ടാണ് മാസ്ക് ധരിക്കുന്നതു പ്രധാനമാണെന്നു പറയുന്നത്. മാസ്ക് ധരിച്ചിരുന്ന കാലയളവിൽ പനിയും അലർജി പ്രശ്നങ്ങളും ക്ഷയം പോലുള്ള മറ്റ് അണുബാധകളും നല്ലൊരളവു കുറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആന്റിബയോട്ടിക് മരുന്നുപയോഗവും താരതമ്യേന കുറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

∙ വാക്സിനേഷൻ പോരേ, മാസ്ക് വേണോ?

വാക്സിനേഷന്റെ കാര്യത്തിൽ നാം ബഹുദൂരം മുന്നിലാണ്. എന്നാൽ, കൊറോണയുെട വുഹാൻ സ്ട്രെയിനിന് എതിരെയാണ് വാക്സീൻ കണ്ടുപിടിച്ചിരിക്കുന്നത്. അതിനുശേഷം ഡെൽറ്റയും ഒമിക്രോണും ഉൾപ്പെടെ ഒട്ടേറെ വകഭേദങ്ങൾ വന്നുകഴിഞ്ഞു. ഒമിക്രോണിന്റെ കാര്യത്തിൽ വാക്സീൻ അണുബാധ തടയുകയില്ല. അസുഖം ഗൗരവമാകാതെ സംരക്ഷിക്കുകയേ ഉള്ളൂ. അതുകൊണ്ട് വാക്സീന് ഇപ്പോഴും പ്രസക്തിയുണ്ട്. മാത്രമല്ല, വാക്സിനേഷൻ നിരക്ക് കൂടുതലുള്ള അമേരിക്കയിലും യുകെയിലുമൊക്കെ മാസ്ക് നിർബന്ധമല്ലാതാക്കിയതിനെ തുടർന്നു കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതു നമ്മൾ കണ്ടതാണ്.

കുട്ടികളിൽ നിന്നു മറ്റുള്ളവരിലേക്ക്

കുട്ടികളിൽ കോവിഡ് ബാധിച്ചാലും തീവ്രമാകില്ല എങ്കിലും കുട്ടികളിൽ നിന്നും വീട്ടിലെ മുതിർന്നവർക്കു അണുബാധ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നു മറക്കരുത്. അതുകൊണ്ട് അടച്ചിട്ട സ്ഥലങ്ങളിലും ആൾക്കൂട്ടത്തിലും ആയിരിക്കുമ്പോൾ കുട്ടികൾ മാസ്ക് ധരിക്കുന്നതാണ് ഉത്തമം. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്ക് ധരിപ്പിക്കേണ്ടതില്ല.

മാസ്കും ശ്വാസകോശവും

മാസ്ക് ധരിക്കുന്നതുകൊണ്ട് ഒാക്സിജൻ ലഭ്യത കുറയുമെന്നതു തെറ്റായ ധാരണയാണെന്നു പറയുകയാണ്
കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധനായ ഡോ. ടിങ്കു ജോസഫ് കെ.

സാധാരണക്കാരനായ ഒരാൾക്ക് മാസ്ക് ഉപയോഗിച്ചതുകൊണ്ടുഒാക്സിജന്റെ അളവു കുറയാനൊന്നും പോകുന്നില്ല. ആസ്മ, സിഒപിഡി അല്ലെങ്കിൽ ശ്വാസകോശം നാശമാകുന്ന ബ്രോങ്കൈറ്റിസ്, ഇന്റർസ്റ്റീഷൻ ലങ് ഡിസീസ് പോലുള്ള അസുഖമുള്ളവർക്കു മാസ്ക് ഉപയോഗിക്കുമ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടാനിടയുണ്ട്. ഇവർക്ക് എൻ 95 മാസ്കും രണ്ടു മാസ്ക് ഒരുമിച്ചു ധരിക്കുന്നതും പ്രയാസകരമായിരിക്കും. സാധാരണ മൂന്നു പാളി മാസ്ക് ആവും ഇവർക്ക് അനുയോജ്യം. അല്ലെങ്കിൽ വാൽവുള്ള എൻ 95 മാസ്ക് ധരിക്കുക. എന്നാൽ മറ്റുള്ളവർ വാൽവുള്ള എൻ 95 മാസ്ക് ധരിക്കാൻ പാടില്ല.

മാസ്കും അലർജിയും

അലർജിക് റൈനൈറ്റിസ് അഥവാ തുമ്മലുള്ളയാളുകൾ, ചർമ അലർജിയുള്ളവർ എന്നിവർക്കു ചിലതരം മാസ്ക് ഉപയോഗിക്കുമ്പോൾ തുടർച്ചയായി തുമ്മലോ മുഖത്തു ചുവന്ന പാടുകളോ വരുന്നതായി കാണാറുണ്ട്. തുണി കൊണ്ടുണ്ടാക്കിയ വർണപ്പകിട്ടുള്ള മാസ്കുകൾ, നിറമുള്ള മൂന്നു പാളി മാസ്കുകൾ എന്നിവ ധരിക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതൽ കാണുന്നത്. ഏതെങ്കിലും പ്രത്യേക മാസ്ക് ഉപയോഗിച്ചിട്ട് അലർജി ഉണ്ടാവുകയാണെങ്കിൽ അത് ഒഴിവാക്കുക.

തലവേദന വരുമോ?

മാസ്ക് ഉപയോഗിക്കുന്നതു കൊണ്ട് ശരീരത്തിലെ കാർബൺ ഡൈ ഒാക്സൈഡ് നിരക്ക് കൂടുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, രാവിലെ മുതൽ വൈകുന്നേരം വരെ തുടർച്ചയായി മാസ്ക് ധരിക്കുന്ന ചിലരിൽ തലവേദന വരുന്നതായി കാണാറുണ്ട്. പ്രത്യേകിച്ച് ദീർഘനേരം എൻ 95 മാസ്ക് ധരിക്കുന്നവർക്ക്. പക്ഷേ, മാസ്ക് ധരിക്കുന്നതുകൊണ്ടുള്ള ഇത്തരം ബുദ്ധിമുട്ടുകളെ വച്ചു നോക്കുമ്പോൾ ഗുണഫലങ്ങൾ ഏറെയാണു താനും.

വ്യായാമവും മാസ്കും

ജിം പോലെ ഒരുപാട് ആളുകളുള്ള അടഞ്ഞ സ്ഥലങ്ങളിൽ വ്യായാമത്തിനു പോകുമ്പോൾ മാസ്ക് ധരിക്കുക തന്നെ വേണം. എന്നാൽ, എൻ 95 മാസ്ക് ധരിച്ചുകൊണ്ട് കഠിനമായ വ്യായാമം ചെയ്യുന്നത് അത്ര സുഖകരമല്ല. ഇത്തരം സാഹചര്യങ്ങളിൽ മൂന്നു പാളി മാസ്ക് ധരിച്ചാൽ മതി. തുറസ്സായ സ്ഥലങ്ങളിൽ തനിയെ നടക്കാൻ പോവുകയാണെങ്കിൽ മാസ്ക് ധരിച്ചില്ലെങ്കിലും പ്രശ്നമില്ല.

ഏത് മാസ്ക്, എപ്പോഴൊക്കെ?

കോവിഡ് വ്യാപനം കൂടിയിരുന്ന സമയത്ത് രണ്ടു മാസ്ക് ധരിച്ചാണ് വ്യാപനത്തിൽ നിന്നും നമ്മൾ രക്ഷ നേടിയത്.വ്യാപനം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് അതിന്റെ ആവശ്യമില്ല. മൂന്നു പാളിയുള്ള സാധാരണ മാസ്ക് നമുക്ക് സംരക്ഷണം നൽകുന്നുണ്ട്. എങ്കിലും ചില അവസരങ്ങളിൽ അധിക സുരക്ഷ വേണമെന്നുള്ളപ്പോൾ എൻ 95 മാസ്ക് ഉപയോഗിക്കാം.

∙ യാത്ര ചെയ്യാൻ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുക ബുദ്ധിമുട്ടാണ്. ആളുകൾ തിങ്ങിയിരിക്കുന്നതിനാൽ വായുസഞ്ചാരവും കുറവായിരിക്കും. പ്രത്യേകിച്ച് ബസ്സിന്റെ ഷട്ടറുകളൊക്കെ അടച്ചു യാത്ര ചെയ്യുമ്പോഴും ട്രെയിൻ ഏസി കംപാർട്ടുമെന്റുകളിൽ യാത്ര ചെയ്യുമ്പോഴും. അപ്പോൾ എൻ 95 മാസ്ക് ഉപയോഗിക്കുന്നതു സുരക്ഷിതമാണ്. കോവിഡ് രോഗികളെ പരിചരിക്കുമ്പോഴും എൻ 95 മാസക് ധരിക്കുക. ഒരുപാട് ആളുകളുമായി ഇടപഴകുന്ന ജോലിയിലുള്ളവരും (ഡ്രൈവർമാർ, കച്ചവടക്കാർ) അധിക സുരക്ഷയ്ക്ക് എൻ 95 മാസ്ക് ധരിക്കാം.

മാസ്കും കൈ കഴുകലും സാമൂഹിക അകലം പാലിക്കലും ചേർന്ന പ്രതിരോധവലയത്തിൽ നിന്നാണ് കഴിഞ്ഞ കൊറോണ വർഷങ്ങളെ വിജയകരമായി നമ്മൾ അതിജീവിച്ചത്. അതു മറന്നുപോകരുതെന്ന് വിദഗ്ധർ ഒാർമിപ്പിക്കുന്നു.