Friday 31 May 2024 02:48 PM IST

വൃഷണവീക്കമായും രോഗം വരാം, കേരളത്തിനു പുറത്തുപോകുന്ന കുട്ടികള്‍ വാക്സീനെടുക്കണം-മുണ്ടിനീര് വ്യാപകമാകുമ്പോള്‍

Asha Thomas

Senior Desk Editor, Manorama Arogyam

mumps5454

നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഒട്ടേറെ ആളുകൾക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതോടെ ഏതാണ്ടു നിർമാർജനം ചെയ്യപ്പെട്ടിരുന്ന ഈ അസുഖം സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഒരു പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. വലിയ ആശങ്കയുടെ ആവശ്യമില്ലെന്നു പൊതുജനാരോഗ്യവിദഗ്ധർ പറയുന്നുണ്ട്. എങ്കിലും മുണ്ടിനീരിനെക്കുറിച്ചും അതിന്റെ സാധാരണ ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് അസുഖത്തിന്റെ തുടക്കത്തിലേ തന്നെ ചികിത്സ തേടുവാനും സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും.

ലക്ഷണങ്ങൾ

‘‘ചെവിയുടെ മുൻവശത്തായി മുഖത്തിന്റെ ഒരു ഭാഗത്തു വരുന്ന വീക്കമാണു മുണ്ടിനീരിന്റെ ലക്ഷണം. മുഖത്തിനിരുവശത്തുമായുള്ള, ഉമിനീർ ഉൽപാദിപ്പിക്കുന്ന പരോട്ടിഡ് ഗ്രന്ഥികളെയാണു രോഗം ബാധിക്കുക. വൈറസാണു രോഗകാരണം. ’’കോട്ടയം മെഡി. കോളജ്, സാംക്രമികരോഗവിഭാഗം മുൻ തലവൻ ഡോ. സജിത്കുമാർ പറയുന്നു. ‘‘പനി, തലവേദന, പേശീവേദന, ക്ഷീണം എന്നി ലക്ഷണങ്ങളും ഉണ്ടാകാം.

മിക്കവാറും ഒരു വശത്തായാകും വീക്കം തുടങ്ങുന്നത്. രണ്ടു വശത്തും വരാം. വേദനയുമുണ്ടാകും. അസുഖബാധിതരുമായുള്ള നേരിട്ടുള്ള ഇടപഴകൽ വഴിയോ ഉമിനീർ വഴിയോ സ്രവകണങ്ങൾ വഴി വായുവിലൂടെയോ രോഗം പകരാം. ’’

വന്ധ്യതയ്ക്ക് ഇടയാക്കുമോ?

‘‘ആൺകുട്ടികളിൽ മുണ്ടിനീരു വന്നാൽ ഈ ലക്ഷണങ്ങളുടെ കൂടെ വൃഷണങ്ങൾക്കു വീക്കവും വരാം. പരോട്ടിഡ് ഗ്രന്ഥിയുടെ വീക്കമില്ലാതെ വൃഷണവീക്കം മാത്രമായും മുണ്ടിനീരു വരാം. ചെറിയ തോതിൽ വയറിന് അസ്വാസ്ഥ്യവും അനുഭവപ്പെടുന്നതായി കാണുന്നു. വൃഷണങ്ങൾക്കു വീക്കം വരുന്നതുകൊണ്ട് പ്രത്യുൽപാദനപരമായ പ്രശ്നങ്ങളോ വന്ധ്യതയോ ഭാവിയിൽ വരുമോയെന്ന തെറ്റിധാരണ പലർക്കുമുണ്ട്. പക്ഷേ, അത്തരം പ്രശ്നങ്ങൾ വരാൻ തീരെ സാധ്യതയില്ല. ’’ ഡോ. സജിത്കുമാർ പറയുന്നു.

‘‘മുണ്ടിനീരിനെതിരെ പ്രത്യേകമായി ആന്റിവൈറൽ മരുന്നൊന്നുമില്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണു നൽകുന്നത്. അസുഖബാധിതരായവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതു രോഗവ്യാപനം കുറയ്ക്കും. അസുഖത്തിന്റെ കാഠിന്യം കുറയ്ക്കാനും എന്തെങ്കിലും തരത്തിലുള്ള സങ്കീർണതകൾ വരുന്നത് ഒഴിവാക്കാനും തുടക്കത്തിലേയുള്ള ചികിത്സ സഹായിക്കും. ’’

എംഎംആർ വാക്സീൻ തുടരണം

‘‘യൂണിവേഴ്സൽ ഇമ്യണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെമ്പാടും കുട്ടികൾക്കു നൽകിയിരുന്ന വാക്സീൻ ആയിരുന്നു എംഎംആർ എന്ന വാക്സീൻ, അഞ്ചാംപനി, മുണ്ടിനീര്, റുബല്ല എന്നീ മൂന്ന് അസുഖങ്ങൾക്കുള്ള പ്രതിരോധമരുന്നായിരുന്നു എംഎംആർ വാക്സീൻ.’’ ശിശുരോഗവിദഗ്ധനായ ഡോ. എം. മുരളീധരൻ (വടകര) പറയുന്നു. 2017 ൽ ഗവൺമെന്റ് അതേപ്പറ്റി വിലയിരുത്തുകയും മുണ്ടിനീര് എന്ന അസുഖം ഒരു വലിയ പൊതുജനാരോഗ്യപ്രശ്നമല്ല എന്നു കണ്ടെത്തുകയും ചെയ്യുകയുണ്ടായി. അഞ്ചാംപനിയും റുബല്ലയും കുട്ടികളുടെ മരണങ്ങൾക്കു കാരണമാകുന്നുണ്ടെങ്കിലും മുണ്ടീനീര് ആ അളവിൽ പ്രശ്നമുണ്ടാക്കുന്നില്ല എന്നു മനസ്സിലാക്കിയതിനെ തുടർന്ന് എംഎംആർ വാക്സീനു പകരം എംആർ വാക്സീൻ ആരംഭിച്ചു.

സത്യത്തിൽ കേരളത്തിലെ അനുഭവം വച്ച് അഞ്ചാംപനിക്ക് ഒപ്പം തന്നെയോ അതിൽ കൂടുതലായോ കാണുന്ന അണുബാധയാണ് മുണ്ടിവീക്കം. അതിനാൽ തന്നെ നിശ്ചയമായും മുണ്ടിനീരിനുള്ള വാക്സീനും നൽകണമെന്നു തന്നെയാണ് പൊതുവേ ശിശുരോഗവിദഗ്ധരുടെ അഭിപ്രായം.

മസ്തിഷ്കജ്വരം അഥവാ മെനിൻജൈറ്റിസ്, ഒാർക്കൈറ്റിസ് അഥവാ വൃഷണവീക്കം, പാൻക്രിയാസ് അണുബാധ അഥവാ പാൻക്രിയാറ്റൈറ്റിസ് തുടങ്ങിയുള്ള വളരെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള അസുഖമാണ് മുണ്ടിനീര്. ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കുന്ന അസുഖത്തിന്റെ വാക്സീൻ നിർത്തിവച്ചത് ശാസ്ത്രീയമായി നോക്കിയാൽ ഒട്ടും യുക്തിസഹമല്ല. ഇതു വീണ്ടും നടപ്പിലാക്കേണ്ടതു തന്നെയാണെന്നാണ് വ്യക്തിപരമായ അഭിപ്രായം– ഡോ. മുരളീധരൻ പറയുന്നു.

മുതിർന്നവർക്കും എടുക്കാം

ഏതുപ്രായത്തിലും മുണ്ടിനീരിനുള്ള വാക്സീൻ കൊടുക്കാം. നാലാഴ്ച ഇടവിട്ടു രണ്ട് ഡോസ് ആണു നൽകേണ്ടത്. നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തരം രോഗങ്ങൾ വരുന്നതായി കാണുന്നുണ്ട്. അതുപോലെ കേരളത്തിനു പുറത്തു പഠിക്കാൻ പോകുന്നവരിലും ഇത്തരം രോഗങ്ങൾ വളരെ പെട്ടെന്നു വരുന്നതായി കാണുന്നു. ചെറുപ്പത്തിൽ വളരെ സുരക്ഷിതവും ശുചിത്വപൂർണവുമായ സാഹചര്യത്തിലാകും കുട്ടികൾ വളരുന്നത്. വാക്സിനേഷനുകളും കൃത്യമായി നൽകും. പക്ഷേ, ഈ വാക്സീനുകളുടെയൊക്കെ ഫലപ്രാപ്തി 16–18 വയസ്സാകുമ്പോഴേക്കും കുറയും. മുൻപൊക്കെ ഈ പ്രായം കഴിഞ്ഞാലും വലിയ ജാഗ്രതയുടെയാന്നും ആവശ്യമില്ലായിരുന്നു. പക്ഷേ, ഇപ്പോഴങ്ങനെയല്ല. വീടുവിട്ടു പുറത്തുപോയി താമസിച്ചു പഠിക്കുന്ന കുട്ടികൾ കഴിവതും മുണ്ടിനീരിന് എതിരായുള്ള വാക്സീനുകൾ എടുക്കുന്നതായിരിക്കും നല്ലത്.

Tags:
  • Manorama Arogyam