ഒാസ്റ്റിയോജനസിസ് ഇംപെർഫക്റ്റ എന്ന അസ്ഥി പൊട്ടുന്ന ജനിതകരോഗം ബാധിച്ച നാലു വയസ്സുള്ള കുട്ടിയിൽ ടെലിസ്കോപിക് നെയിൽ ടെക്നിക് എന്ന നൂതന ടെക്നോളജി ഉപയോഗിച്ച് ഒടിവുകൾ തടയുന്നതിനും അസ്ഥിബലം കൂട്ടുന്നതിനുമായുള്ള അപൂർവമായ സർജറി നടത്തിയിരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ അസ്ഥിരോഗവിഭാഗം.
ശരീരത്തിലെ എല്ലുകൾ വളരെ വേഗം പൊട്ടാനിടയാക്കുന്ന ഒരു ജനിതക രോഗാവസ്ഥയാണ് ഒാസ്റ്റിയോജെനസിസ് ഇംപെർഫക്റ്റ എന്നത്. ഈ രോഗം പല തരമുണ്ട്. സാധാരണ ആളുകളിൽ അസ്ഥി ഒടിവു വരുന്നതിൽ നിന്നും കുറച്ചു കൂടി പെട്ടെന്ന് ഒടിവു വരുന്ന മൈൽഡ് ആയ അവസ്ഥ മുതൽ കുട്ടിയെ എടുക്കുമ്പോൾ തന്നെ അസ്ഥികൾ പൊട്ടുന്ന തീവ്രമായ അവസ്ഥ വരെ കാണാറുണ്ട്. ഇങ്ങനെയുള്ള കുട്ടികളിൽ ഒാരോ പ്രാവശ്യവും അസ്ഥി ഒടിവുകളുണ്ടായി അതു പതിയെ കൂടിച്ചേർന്ന്, വീണ്ടും ഒടിവുണ്ടായി...അങ്ങനെ അസ്ഥികൾ വളഞ്ഞുപോകുന്ന അവസ്ഥ വരെ കാണാം. ഇങ്ങനെ വളഞ്ഞുപോകുന്ന അസ്ഥികളെ നിവർത്തി ഉള്ളിലൂടെ കമ്പി ഇട്ട് ബലപ്പെടുത്തുകയാണ് ചെയ്യാറ്. പക്ഷേ, കുട്ടികളിൽ കമ്പി ഇട്ടാലും രണ്ടു വർഷമൊക്കെ ആകുമ്പോഴേക്കും അസ്ഥി വളർന്ന് കമ്പി മാറ്റേണ്ടതായി വരും. ഇങ്ങനെയുള്ള അസൗകര്യം കുറയ്ക്കാൻ ഗുണപ്രദമാണ് ടെലിസ്കോപിക് നെയിൽ എന്ന പുതിയതരം ടെക്നോളജി ഉപയോഗിച്ചുള്ള സർജറി.
ഒാസ്റ്റിയോജനസിസ് ഇംപെർഫക്റ്റ ബാധിച്ച നാലു വയസ്സുള്ള കുട്ടിയിലാണ് ടെലിസ്കോപിക് നെയിൽ ഉപയോഗിച്ചുള്ള സർജറി ചെയ്തത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഒാർതോപീഡിക്സ് വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. ഈശ്വർ ടി. രമണിയുടെ നേതൃത്വത്തിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ഇടത്തേ തുടയുടെ എല്ല് പല തവണ പൊട്ടുകയും കൂടിച്ചേരുകയും ചെയ്തതു കാരണം ഏകദേശം 90 ഡിഗ്രി വളഞ്ഞ നിലയിലായിരുന്നു. കുട്ടിയെ എടുക്കുമ്പോൾ തന്നെ അസ്ഥികൾ ഒടിയുന്ന അവസ്ഥയുമുണ്ടായിരുന്നു.
ഇടത്തേ തുടയെല്ലിന്റെ വളവു നിവർത്തി ഉള്ളിൽ മെഡിക്കൽ ഗ്രേഡ് സ്െറ്റയിൻലെസ് സ്റ്റീൽ കൊണ്ടുള്ള ടെലിസ്കോപിക് നെയിൽ ഇടുകയായിരുന്നു. ഒരു കമ്പിയുടെ ഉള്ളിൽ മറ്റൊരു കമ്പി കടത്തിവച്ചിരിക്കുന്ന രീതിയിലുള്ളതാണ് ഈ ടെലിസ്കോപിക് നെയിൽ. കുട്ടിയുടെ വളർച്ചയനുസരിച്ച് കമ്പിയുടെ നീളം തനിയെ കൂടിവരുന്നു. ഏതാണ്ട് 5–6 വർഷത്തേക്ക് ഈ കമ്പി ഉപയോഗിക്കാം. അതിനുശേഷം ഈ കമ്പി മാറ്റി പുതിയത് ഇട്ടാൽ മതിയാകും.
തനിയെ നിൽക്കാറായ കുട്ടികളിൽ ഈ ശസ്ത്രക്രിയ ചെയ്യാം. സാധാരണഗതിയിൽ ഒാസ്റ്റിയോജനസിസ് ഇംപെർഫക്റ്റ ഉള്ള കുട്ടികൾ രണ്ടു–രണ്ടര വയസ്സാകും തനിയെ നിൽക്കാൻ. ടെലിസ്കോപിക് നെയിൽ തുടയെല്ല്, കാലിലെ എല്ല്, കയ്യുടെ മുകൾ ഭാഗത്തെ എല്ല് എന്നീ നീളമുള്ള അസ്ഥികളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.