Friday 21 June 2024 12:33 PM IST

മുടിവളർച്ചയ്ക്കു മാത്രമല്ല ഗുണകരം, ചർമപ്രശ്നങ്ങൾക്കും വായനാറ്റത്തിനും പ്രതിവിധി– റോസ്മേരിയുടെ ഔഷധഗുണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

rose3232

മുടി വളരാനും പാചകത്തിൽ രുചി പകരാനുമൊക്കെയായി നാം ഉപയോഗിക്കുന്ന ഒരു സസ്യമാണ് റോസ്മേരി. Salvia rosmarinus എന്നാണു ശാസ്ത്രീയനാമം. മെഡിറ്ററേനിയൻ സമുദ്രതീരങ്ങളിലും ഹിമാലയൻ മേഖലയിലും കാണപ്പെടുന്ന കുറ്റിച്ചെടി പോലെ വളരുന്ന ഈ സസ്യത്തെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. നാട്ടുചികിത്സകളിൽ തലവേദന, മൈഗ്രെയ്ൻ‌, ഉറക്കമില്ലായ്മ, വൈകാരികപ്രശ്നങ്ങൾ, വിഷാദം എന്നിവയിലൊക്കെ ഉപയോഗിക്കുന്നു.

കരിപച്ച നിറമുള്ള ഇലകൾക്ക് ഒരൽപം ചവർപ്പു ചുവയാണുള്ളത്. ഉണങ്ങിയതും അല്ലാത്തതുമായ ഇലകൾ കറികളിൽ അലങ്കാരത്തിനായും രുചിക്കും ഗന്ധത്തിനുമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് മാംസംഭക്ഷണങ്ങളിലും സ്റ്റ്യൂ, സൂപ്പ് എന്നിവയിലുമൊക്കെ. സാധാരണഗതിയിൽ മൂന്നടിയോളം ഉയരം വയ്ക്കുന്ന ഈ സസ്യം ചിലപ്പോൾ ആറര അടി വരെ വളരാറുണ്ട്.

അണുക്കളെ തടയാനും നീർവീക്കം കുറയ്ക്കാനും മുഴകളെ തടയാനുമൊക്കെ കഴിവുള്ള റോസ്മേരി ഒന്നാന്തരമൊരു ആന്റി ഒാക്സിഡന്റ് കൂടിയാണ്. മൂഡ് മാറ്റങ്ങൾ, പഠനം, ഒാർമ, വേദന, ഉൽകണ്ഠ, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട് ഏറെ ഗുണകരമായ ഫലങ്ങൾ നൽകുന്നു.

ഫൈറ്റോകെമിക്കൽ പഠനങ്ങളിൽ റോസ്മേരിയിൽ ടെർപെനോയ്ഡ്സ്, എസൻഷ്യൽ ഒായിലുകൾ, ആൽക്കലോയ്ഡ്, ഫ്ളനോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതായി കണ്ടിരുന്നു. റോസ്മേരിയിലെ കാർനോസിക് ആസിഡ് എന്ന ഘടകം ശരീരത്തിലുൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ വഴി തലച്ചോറിനു വരാവുന്ന നാശം തടയുന്നതായി ചില പഠനങ്ങൾ പറയുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിനും ഒാർമശക്തി വർധിപ്പിക്കാനും ദഹനത്തെ സഹായിക്കാനുമൊക്കെ റോസ്മേരി ഗുണകരമാണ്. മോണരോഗങ്ങൾക്കും ദന്തക്ഷയത്തിനും വായ നാറ്റത്തിനും പരിഹാരമായി ഉപയോഗിക്കുന്നു. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിനു ശക്തി പകരുന്നു. നീർവീക്കം തടയാൻ കഴിവുള്ളതിനാൽ ചർമപ്രശ്നങ്ങൾക്കു ഫലപ്രദമായ പരിഹാരമാണ്.

ഇലകൾ തിളച്ച വെള്ളത്തിലിട്ടുവച്ച് ചായ തയാറാക്കാനും ഉപയോഗിക്കുന്നു. ഇലകൾ മാത്രമല്ല ഉപയോഗയോഗ്യമായിട്ടുള്ളത്. റോസ്മേരിയിൽ നിന്നുമെടുക്കുന്ന തൈലം ഒട്ടേറെ ടോയ്‌ലറ്റ് ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നു. റോസ്മേരിയിൽ നിന്നെടുക്കുന്ന എസൻഷ്യൽ ഒായിൽ അരോമതെറപ്പിയിൽ ഉപയോഗിക്കുന്നു. തിളച്ച വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് ആവി കൊള്ളുകയുമാകാം. തിളച്ച വെള്ളത്തിൽ ഇലകളിട്ട് വച്ച് (ഏകദേശം 15 –20 മിനിറ്റ്) , അരിച്ചെടുത്ത് റോസ്മേരി വാട്ടർ തയാറാക്കാം. ഇതു തണുത്തു കഴിയുമ്പോൾ തലയോട്ടിയിൽ പുരട്ടുന്നതു മുടി വളർച്ചയെ സഹായിക്കുമെന്നു പറയപ്പെടുന്നു.

അമേരിക്കയിലെ  എഫ്ഡിഎ, റോസ്മേരി സത്ത് നിയന്ത്രിതമായ അളവിൽ സുരക്ഷിതമാണെന്നു പറയുന്നു. കിലോഗ്രാമിന് 400 മില്ലിഗ്രാം എന്ന അളവിൽ റോസ്മേരി സുരക്ഷിതമാണെന്നു വിദഗ്ധർ പറയുന്നു. എങ്കിലും ചില മരുന്നുകളുമായി പ്രതിപ്രവർത്തിക്കാൻ സാധ്യത ഉള്ളതിനാൽ പതിവായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ അഭിപ്രായം തേടിയശേഷം ഉപയോഗിക്കുക.

കടപ്പാട്-വിവിധ പഠനങ്ങള്‍

Tags:
  • Manorama Arogyam