Tuesday 07 June 2022 05:11 PM IST

ഒരു വേദന വന്നാൽ ദേഹം മുഴുവനൊന്നു സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ: ഹെൽത് ചെക്ക് അപ് ആർക്കൊക്കെ? എപ്പോൾ?

Asha Thomas

Senior Sub Editor, Manorama Arogyam

cdsfsd4

1816–ൽ സ്‌െറ്റതസ്കോപ്പ് കണ്ടുപിടിക്കും വരെ നെഞ്ചോടു ചെവികൾ അമർത്തി വച്ചാണ് ഹൃദയമിടിപ്പ് കേട്ടിരുന്നത്. പ്രഥമ സ്‌െറ്റതസ്കോപ്പാകട്ടെ വലിയൊരു കുഴല‍ു പോലുള്ള സംവിധാനമായിരുന്നു. ഇത്തരം പ്രാഥമികമായ പരിശോധനാ ഉപകരണങ്ങളിൽ നിന്നും കാലമെത്ര മുന്നോട്ടു പോയിക്കഴി‍ഞ്ഞു. വെറും ഹൃദയമിടിപ്പു കേൾക്കാൻ മാത്രമല്ല അതിന്റെ താളത്തിൽ എന്തെങ്കിലും അപാകതയുണ്ടോ എന്നു ഗ്രാഫിക്കലായി അറിയാനും ശബ്ദതരംഗങ്ങൾ അയച്ച് ഹൃദയത്തിനുൾവശം വരെ കാണാനും കഴിയാറായി.

പരിശോധനകൾ മെച്ചപ്പെടുക മാത്രമല്ല ചെയ്തത് ആരോഗ്യസംരക്ഷണത്തിൽ ആളുകൾ താൽപര്യം കാണിച്ചുതുടങ്ങി. രോഗം വരുന്നതിനു മുമ്പേ തടയുക എന്നാണല്ലൊ. അതിനാൽ തന്നെ പരിശോധനകൾ വഴി രോഗങ്ങൾ നരത്തേ കണ്ടുപിടിക്കാമെന്നതിലേക്ക് ആളുകൾ എളുപ്പം ആകർഷിക്കപ്പെട്ടു. റുട്ടീൻ ചെക്കപ്പുകൾക്കു പ്രചാരമേറിയതോടെ അതിനു വ്യാപാരസ്വഭാവവും കൈവന്നു. ആശുപത്രികൾ മാത്രമല്ല സ്വകാര്യലാബുകളും കിഴിവുകൾ നൽകി ചെക്കപ്പ് പാക്കേജുകൾ നൽകുന്നു. സ്വന്തം സ്ഥാപനത്തെക്കുറിച്ചുള്ള നല്ലൊരു പരസ്യമായി മിക്ക ആശുപത്രികളും ഇത്തരം പരിശോധനകളെ കണ്ടുതുടങ്ങി. സ്വാഭാവികമായും ഭാവിയിൽ എന്തെങ്കിലും രോഗമുണ്ടായാൽ ഇതേ ആശുപത്രിയിൽ തന്നെ രോഗി എത്താനുള്ള സാധ്യതയും ഇവർ കണക്കിലെടുക്കുന്നു. പ്രായമായവർക്ക് പ്രത്യേകം, സ്ത്രീകൾക്ക് വേറെ എന്നിങ്ങനെ പാക്കേജുകൾ നിശ്ചയിച്ചു. 1500 രൂപ മുതൽ 5000രൂപ വരെ ചെലവു വരുന്ന ലാബ് പരിശോധനകൾ ഹെൽത് ചെക്കപ്പ് പാക്കേജിൽ നൽകുന്നുണ്ട്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ, പ്രായം, ലിംഗഭേദം എന്നിവയൊന്നും കണക്കിലെടുക്കാതെ കുറേ പരിശോധനകൾ നടത്തുക എന്നതു തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ലഭിക്കുന്ന പരിശോധനാഫലങ്ങളെ വിശകലനം ചെയ്യാൻ ഡോക്ടറുടെ സേവനം ലഭ്യമാണോ? എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം. ഇല്ലെങ്കിൽ ഇത്തരം പരിശോധനകൾ കൊണ്ടെന്താണ് ഫലം?

ഒരു പരിശോധന അർഥപൂർണമാകണമെങ്കിൽ ചില ഘടകങ്ങൾ വേണം.

  1. ഒരു ഫിസിഷന്റെ ശാരീരിക പരിശോധനയ്ക്കു ശേഷം ആവശ്യമനുസരിച്ചും ഏറ്റവും മിതമായും വേണം ലാബ് പരിശോധന നടത്താൻ. അതായത്, രോഗിയെ പരിശോധിച്ചപ്പോൾ കണ്ട സൂചനകളുടെ അടിസ്ഥാനത്തിൽ ഡോക്ടറാകണം പരിശോധന നിർദേശിക്കേണ്ടത്. അല്ലാതെ രോഗി സ്വയം പരിശോധനകൾ ചെയ്യുന്നതിൽ അനാവശ്യമായ പണച്ചെലവും ചില ആരോഗ്യ ദോഷങ്ങളുമുണ്ട്. അതു വഴിയെ പറയാം.

  2. പരിശോധനകൾ പ്രായം, ലിംഗഭേദം എന്നിവ കണക്കിലെടുത്തുള്ളവയാകണം.

  3. അവ വൈദ്യശാസ്ത്ര വിദഗ്ധർ നിർദേശിച്ചിട്ടുള്ള ഇടവേളകളിൽ നടത്തണം.

  4. അനാവശ്യമായ പരിശോധനകൾ കഴിവതും ഒഴിവാക്കണം.

  5. പരിശോധനയ്ക്കു ശേഷം രോഗസൂചനകളെന്തെങ്കിലും കണ്ടെത്തിയാൽ അതിനോടു മനസ്സു പാകപ്പെടുത്താൻ രോഗിക്ക് കൃത്യമായ കൗൺസലിങ് നൽകണം.

വിദേശരാജ്യങ്ങളിലൊക്കെയും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ (പീരീയോഡിക് എക്സാമിനേഷനുകൾ) നടത്തുന്ന രീതിയുണ്ട്. പക്ഷേ നമ്മളും അവരും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. ഇംഗ്ലണ്ടിലെ സർക്കാർ തലത്തിലുള്ള പരിശോധനാരീതി തന്നെയെടുക്കാം. അവിടെ 40 നും 74 വയസ്സിനും മധ്യേയുള്ളവർക്ക് വർഷാവർഷം സൗജന്യ മെഡിക്കൽ പരിശോധനകളുണ്ട്. അതിന്റെ രീതി ഇപ്രകാരമാണ്. ആദ്യമേ തന്നെ കുടുംബാംഗങ്ങളുടെ രോഗചരിത്രം, അയാൾക്ക് മുമ്പു വന്നിട്ടുള്ള രോഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ, നിലവിൽ കഴിക്കുന്ന മരുന്നുകൾ എന്നിവയേക്കുറിച്ച് ഒരു ചോദ്യാവലി പൂരിപ്പിച്ചു നൽകണം. തുടർന്ന് അടിസ്ഥാന രക്തപരിശോധനകളും ബിപിയും മൂത്ര പരിശോധനയും നടത്തും. തൂക്കവും ഉയരവും നോക്കും. ഹൃദയം, ശ്വാസകോശങ്ങൾ, വയർ, നാഡീവ്യൂഹം എന്നിവയുടെ പ്രവർത്തനം ഡോക്ടർ പരിശോധിക്കും. ഇസിജി, എക്സ്–റേ, അൾട്രാസൗണ്ട് എന്നിവയൊന്നും അവിടെ റുട്ടീൻ പരിശോധനകളല്ല. അത്യാവശ്യമെന്നു തോന്നിയാൽ മാത്രമാണ് ഇസിജി പോലും എടുക്കുന്നത്.

എന്നാൽ നമ്മുടെ നാട്ടിലെ സ്ഥിതിയെന്താണ്? എക്സ് റേ, അൾട്രാസൗണ്ട് സ്കാൻ എന്നിവ റുട്ടീൻ പരിശോധനകളുടെയും എക്സിക്യൂട്ടീവ് ചെക്കപ്പുകളുടേയും ഭാഗമാണ്. ഇത്തരം പരിശോധനകൾ സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭൂരിഭാഗം ആളുകളും അ‍‍ജ്ഞരാണ്. ‘

‘‘എക്സ്–റേ പരിശോധനകൾ ഡോക്ടറുടെ നിർദേശമില്ലാതെ, യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ചെയ്യുന്നത് അപകടമാണ്.’’ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ. ടി. എസ് . ഫ്രാൻസിസ് പറയുന്നു. ‘‘റുട്ടീൻ ഹെൽത് ചെക്കപ്പുകളിൽ ചെസ്റ്റ് എക്സ്–റേയും ഉൾപ്പെടുത്തി കാണുന്നു. എന്നാൽ ഒരു ഡോക്ടർ പരിശോധിച്ചതിനു ശേഷം നിർദേശിച്ചാൽ മാത്രം മതി ചെസ്റ്റ് എക്സ്–റേ എടുക്കുന്നത്. സിടി സ്കാനിന്റെ കാര്യത്തിലും ഇതേ അപകടമുണ്ട്. വാസ്തവത്തിൽ ഇതും ഒരു എക്സ്–റേ തന്നെയാണ്. കംപ്യൂട്ടർ ഒാപ്പറേറ്റഡ് ആണെന്നു മാത്രം. ഒറ്റ സിടി സ്കാനിലൂടെ ശരീരത്തിലെത്തുന്നത് 150 എക്സ്–റേ കളുടെയത്രയും റേഡിയേഷനാണ്. ’

ജീവനക്കാർക്കായി ഐടി കമ്പനികളും കോർപറേറ്റുകളും വർഷാവർഷം പരിശോധനകൾ ഏർപ്പെടുത്താറുണ്ട്–എക്സിക്യൂട്ടീവ് ചെക്ക് അപ്പുകൾ എന്ന പേരിൽ. ഇത്തരം പരിശോധനകൾ വേണ്ടെന്നു വയ്ക്കുന്നത് യുക്തിയല്ല. താളംതെറ്റിയ ഭക്ഷണ–വ്യായാമ ശീലങ്ങൾ ഇവരെ രോഗസാധ്യത ഏറിയ ഗ്രൂപ്പ് ആക്കുന്നു.

‘‘പ്രായം, സ്ത്രീയോ പുരുഷനോ എന്നതൊക്കെയനുസരിച്ച് ആർക്കൊക്കെ ഏതൊക്കെ പരിശോധനകൾ വേണമെന്നുള്ളതിൽ കൃത്യമായ തിരഞ്ഞെടുക്കലുകൾ സാധ്യമാണെന്നാണ് ബിലീവേഴ്സ് ചർച്ച് മെഡി. കോളജ് ആശുപത്രിയിലെ ഡോ. വിജയകുമാർ പറയുന്നത്.

‘‘ നിലവിൽ രോഗങ്ങളുള്ളവർ, കുടുംബപരമായി പ്രമേഹം, ഹൃദ്രോഗം പോലെയുള്ള രോഗങ്ങളുള്ളവർ, പ്രായം ചെന്നവർ എന്നിവർക്ക് റുട്ടീൻ പരിശോധനകൾ ആവശ്യം തന്നെയാണ്. എന്നാൽ ഒരു രോഗവുമില്ലാത്ത ചിലർ വന്നു പറയും ‘ഡോക്ടറെ എന്റെ ശരീരം മുഴുവൻ ഒന്നു സ്കാൻ ചെയ്ത് നോക്കണം, എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനാണ് ’ എന്ന്. പരിശോധനകളെ ഇങ്ങനെ സമീപിക്കുന്നതു ശരിയായ പ്രവണതയല്ല.’’

സാധാരണ വേണ്ടുന്ന പരിശോധനകൾ അറിയാം

നല്ല ആരോഗ്യമുള്ള, 45–ൽ താഴെ പ്രായമുള്ള ഒരാൾക്ക് രക്ത–മൂത്ര പരിശോധനകളും, പ്രമേഹം, ബിപി, കൊളസ്ട്രോൾ, തൈറോയ്ഡ് പ്രൊഫൈൽ പരിശോധനകളും നടത്തിയാൽ തന്നെ ഒരുപരിധി വരെയുള്ള രോഗസാധ്യതകളെയെല്ലാം അറിയാം. ഇതെല്ലാം ലാബ് പരിശോധനകളാണ്.

അടിസ്ഥാന രക്തപരിശോധന

∙ രക്താണുക്കളുടെ അളവ്, (ആർബിസി, ഡബ്ളിയു ബിസി, ടോട്ടൽ കൗണ്ട്, ഇസിനോഫിൽസ്, ന്യൂട്രോഫിൽസ്, ഇഎസ്.ആർ, ഹീമോഗ്ലോബിൻ (എച്ച്. ബി.) എന്നിവയാണ് പരിശോധിക്കുന്നത്. രക്തക്കുറവ് ഉണ്ടോ എന്നറിയാൻ ഹീമോഗ്ലോബിൻ അളവു നോക്കിയാൽ മതി. ഇഎസ്ആർ എന്ന ഘടകം വല്ലാതെ ഉയരുന്നത് അണുബാധകളുടെ ലക്ഷണമാണ്. രക്തത്തിന്റെ കൗണ്ട് കുറയാറുന്നത് ചില രോഗങ്ങളുടെ സൂചനയായി വരാം.

മഞ്ഞപ്പിത്തം, പ്രമേഹം, വൃക്കയിലൂടെ പ്രോട്ടീൻ നഷ്ടമാകുന്ന അവസ്ഥ എന്നിവയൊക്കെയറിയാൻ മൂത്രപരിശോധനകൾ സഹായിക്കും.

പ്രമേഹം ആദ്യമായി നോക്കുന്നവർ ഭക്ഷണം കഴിക്കാതെയും (ഫാസ്റ്റിങ് ബ്ല‍ഡ് ഷുഗർ,), ഭക്ഷണം അല്ലെങ്കിൽ ഗ്ലൂക്കോസ് കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞും ( പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ) ഉള്ള പരിശോധനകൾ ചെയ്യണം. 12 മണിക്കൂർ നേരമെങ്കിലും ഭക്ഷണം കഴിക്കാതിരുന്നിട്ടേ ആദ്യ പരിശോധന ചെയ്യാവൂ. അതുകൊണ്ട് രാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പേ പരിശോധന നടത്തുന്നതാണ് നല്ലത്.

ലിപ്പിഡ് പ്രൊഫൈൽ ( വിശദമായ കൊളസ്ട്രോൾ പരിശോധന–ഈ രക്തപരിശോധന വഴി ശരീരത്തിലുള്ള നല്ല കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ , ആകെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവറിയാം.

തൈറോയ്ഡ് പ്രൊഫൈൽ– ടിഎസ്എച്ച്, ടി3, ടി4 എന്നിവ പരിശോധിക്കുന്നു. തൈറോയ്ഡ് ഹോർമോണിന്റെ അളവു കൂടുതലാണോ കുറവാണോ എന്നൊക്കെ തിട്ടപ്പെടുത്താൻ സഹായിക്കുന്നു.

നെ‍‍ഞ്ചിന്റെ എക്സ്–റേ, ഇസിജി– ശ്വാസകോശങ്ങളുടേയും ഹൃദയത്തിന്റെ പ്രവർത്തനം ആരോഗ്യകരമാണോ എന്നറിയാൻ സഹായകമാണ്.

വയറിന്റെ അൾട്രാസൗണ്ട് ചെയ്യുന്നതു വഴി കരൾ, വൃക്ക, പിത്താശയം തുടങ്ങി വയറിനുള്ളിലെ അവയവങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാം.

സ്ത്രീകൾക്കുള്ള പരിശോധനകൾ

മിക്ക ആശുപത്രികളിലും സ്ത്രീകൾക്കുള്ള പരിശോധനകൾ ലേഡീസ് ഹെൽത് ചെക്കപ്പ് എന്നു പ്രത്യേകമായോ റഗുലർ പരിശോധനകളുടെ ഭാഗമായോ നടത്താറുണ്ട്.

രക്തഗ്രൂപ്പിങ്, ആർ എച്ച് പരിശോധനകൾ, രക്തത്തിലെ പഞ്ചസാര, മൂത്രപരിശോധന, മലപരിശോധന, നെഞ്ചിന്റെ എക്സ്–റേ, വയറിന്റെ അൾട്രാസൗണ്ട്, കാത്സ്യം, വിറ്റമിൻ ഡി നിരക്ക് എന്നീ പൊതുപരിശോധനകൾക്കൊപ്പം പാപ് സ്മിയർ, മാമോഗ്രാം, ഗൈനക്കോളജിസ്റ്റിന്റെ പരിശോധന എന്നിവയാണ് സ്ത്രീകൾക്കുള്ള പ്രത്യേക പാക്കേജിൽ ഉൾപ്പെടുന്നത്. കുറച്ചു കൂടി ചെലവേറിയ പാക്കേജാണെങ്കിൽ അസ്ഥി സാന്ദ്രതയറിയാനുള്ള ബോൺ മിനറൽ ഡെൻസിറ്റി പരിശോധനയും ഉൾപ്പെടുത്തും. ഇടുപ്പിന്റെ അൾട്രാസൗണ്ട് പരിശോധനയും സ്ത്രീകൾക്കു പ്രത്യേകമായി നിർദേശിക്കാറുണ്ട്.

സ്വയം സ്തന പരിശോധനയിൽ സംശയകരമായി മുഴയോ തടിപ്പോ നിറം മാറ്റമോ സ്രവങ്ങളോ കണ്ടാൽ മാമോഗ്രാം ചെയ്യാം. സ്തനാർബുദം തിരിച്ചറിയാൻ സഹായിക്കുന്ന എക്സ്–റേ പരിശോധനയാണിത്. പാപ്സ്മിയർ പരിശോധനയാണ് മറ്റൊന്ന്. ഗർഭാശയഗള കാൻസർ കണ്ടെത്താനുള്ള പരിശോധനയാണിത്. വിവാഹിതരായ സ്ത്രീകളിലാണ് നടത്താറുള്ളത്. കാരണം ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യുമൻ പാപ്പിലോമ വൈറസാണ് ഗർഭാശയഗള കാൻസറിനു കാരണം. ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം പോലെ അപകടസൂചനകൾ ഇല്ലെങ്കിൽ മൂന്നു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയാകും.

കാൽമുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വേണമെങ്കിൽ ബോൺ മിനറൽ ഡെൻസിറ്റി പരിശോധന നടത്താം. ഇടുപ്പിലെ അണുബാധകൾ പോലുള്ള ശാരീരികപ്രശ്നങ്ങളുണ്ടെന്നു സംശയം തോന്നിയാൽ ഇടുപ്പിന്റെ അൾട്രാസൗണ്ട് പരിശോധനയും നിർദേശിക്കാറുണ്ട്.

പ്രായം ചെന്നവരിൽ

രോഗങ്ങളോ രോഗം വരാൻ അധിക സാധ്യതകളോ ഇല്ലാത്തവർക്കു പ്രാഥമിക പരിശോധനകൾ മതിയാകും. അതും ഒരു ഡോക്ടറുടെ ശാരീരിക പരിശോധനയ്ക്കു ശേഷം വേണമെന്നു തോന്നിയാൽ മാത്രം. ഉദാഹരണത്തിന് കരളിനു വീക്കമോ വലുപ്പം വയ്ക്കലോ മറ്റോ ഉണ്ടോയെന്ന് ഡോക്ടർക്ക് വയറു തൊട്ടുള്ള പരിശോധനയിലൂടെ തന്നെ ഏറെക്കുറെ മനസ്സിലാക്കാനാകും. കൺപോള പരിശോധിച്ചാൽ രക്തക്കുറവുണ്ടോ എന്നറിയാം. അതായത് ഒരു വിദഗ്ധ ഡോക്ടറുടെ പരിശോധനയുണ്ടെങ്കിൽ ഒട്ടു മുക്കാലും ലാബ് പരിശോധനകളും ഒഴിവാക്കാമെന്നർഥം..

പ്രായം ചെന്നവരിൽ രോഗലക്ഷണങ്ങളനുസരിച്ച് ലാബ് പരിശോധനകൾ കൂടുതൽ വേണ്ടിവരും. ബിപി , രക്തത്തിലെ ഷുഗർ നിരക്ക്, കൊളസ്ട്രോൾ എന്നിവയൊക്കെയുള്ളവർ ഡോക്ടർ പറഞ്ഞ ഇടവേളകളിൽ തന്നെ പരിശോധനകൾ നടത്തണം. വാർധക്യമെത്തുന്നതോടെ ചില രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

പുരുഷനിലെ പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ ഉദാഹരണം.

50 വയസ്സു കഴിഞ്ഞ പുരുഷന്മാരിൽ പ്രോേസ്റ്ററ്റ് പരിശോധന നടത്തുന്നത് നല്ലതാണ്. സാധാരണഗതിയിൽ 55 വയസ്സു കഴി‍യുമ്പോഴേ അടിക്കടി മൂത്രമൊഴിക്കാൻ തോന്നുന്നതു പോലുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങൂ. അതിനു മുമ്പേ തന്നെ രോഗസാധ്യത അറിയാൻ മേൽപറഞ്ഞ പരിശോധന സഹായിക്കും. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ടെസ്റ്റാണ് (പിഎസ്എ) പരിശോധന. വയറിനു ചെയ്യുന്ന അൾട്രാസൗണ്ട് വഴിയും പ്രോേസ്റ്ററ്റ് വീക്കം ഉണ്ടെങ്കിൽ അറിയാൻ സാധിക്കും.

ആർത്തവ വിരാമമെത്തിയ സ്ത്രീകളിൽ സ്തനാർബുദം പോലുള്ള പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്. അതിനാൽ മുതിർന്ന സ്ത്രീകൾ വർഷം തോറും ഡോക്ടറെ കണ്ട് മാമോഗ്രാം പോലുള്ള പരിശോധനകൾ നടത്തുന്നതു നല്ലതാണ്.

സാധാരണല്ലാത്ത എന്തൊരവസ്ഥയേയും സസൂക്ഷ്മം നിരീക്ഷിക്കുകയും ഡോക്ടറെ സമീപിച്ച് പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തുകയും വേണം.

സാധാരണ ചെയ്യാവുന്ന പരിശോധനകൾ

രക്തപരിശോധന–

ഹീമോഗ്ലോബിൻ

ബ്ലഡ് കൗണ്ട്, ഇഎസ്ആർ

ബ്ലഡ് ഷുഗർ

ബ്ലഡ് യൂറിയ ആൻഡ് ക്രിയാറ്റിൻ

ബ്ലഡ് ഗ്രൂപ്പിങ് ആൻഡ് ടൈപ്പിങ്

∙ യൂറിക് ആസിഡ്

∙ യൂറിൻ ആൻഡ് സ്റ്റൂൾ റുട്ടീൻ

∙ ലിപിഡ് പ്രൊഫൈൽ

– ടോട്ടൽ കൊളസ്ട്രോൾ, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡ്, വിഎൽഡിഎൽ

∙ ലിവർ ഫങ്ഷൻ ടെസ്റ്റ്

  • ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ, എസ്ജിഒടി, എസ്ജിപിറ്റി, ബിലിറുബിൻ, ആൽക്കലൈൻ ഫോസ്ഫേറ്റ്

∙ തൈറോയ്ഡ് പ്രൊഫൈൽ– ടിഎസ്എച്ച്, ടി3, ടി4 എന്നിവ പരിശോധിക്കുന്നു. തൈറോയ്ഡ് ഹോർമോണിന്റെ അളവു കൂടുതലാണോ കുറവാണോ എന്നൊക്കെ തിട്ടപ്പെടുത്താൻ സഹായിക്കുന്നു.

∙ ജിജിറ്റി, ∙ ഇസിജി, ∙ അബ്ഡൊമൻ അൾട്രാസൗണ്ട്, ∙ ചെസ്റ്റ് എക്സ്–റേ, ∙ പൾമണറി ഫങ്ഷൻ ടെസ്റ്റ്, ∙ ഇഎൻടി, ∙ ഗൈനക്കോളജിക്കൽ, പരിശോധന ∙ ഒഫ്താൽമിക് ടെസ്റ്റ്

Tags:
  • Daily Life
  • Manorama Arogyam
  • Health Tips