Friday 20 October 2023 11:58 AM IST : By ഡോ. ബി. സുമാദേവി

വയറ്റിലുള്ള കുഞ്ഞിന്റെ ശ്രവണ ശക്തിയെ വരെ അതു ബാധിക്കാം: ഹെഡ്ഫോണിൽ ഉച്ചത്തിൽ പാട്ട്... പതിയിരിക്കുന്ന രോഗങ്ങൾ

sound234

ചില ശബ്ദങ്ങൾ നമ്മൾക്ക് അരോചകമായി തോന്നാറുണ്ടല്ലേ...വലിയ ഒച്ചയിലുള്ള അറിയിപ്പുകൾ, ട്രെയിൻ നീങ്ങുന്ന ശബ്ദം, വലിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന ശബ്ദം തുടങ്ങി കൊതുകിന്റെ മൂളലും ടാപ്പിൽ നിന്നും വെള്ളം ഇറ്റു വീഴുന്നതും വരെ ചെവിക്ക് അസ്വാസ്ഥ്യമുണ്ടാക്കാം. എന്നാൽ വെറും അസ്വസ്ഥതയ്ക്കുമപ്പുറം കേൾവിക്കുറവു വരുത്താൻ ഉയർന്ന ശബ്ദത്തിനു സാധിക്കുമെന്നറിയാമോ?

85 ഡെസിബെല്ലിനു മുകളിൽ ഉള്ള ശബ്ദം മനുഷ്യന്റെ ചെവിക്കു ഹാനികരമാണെന്ന് പറയാം. ദീർഘസമയം 70 ഡെസിബെലിന് മുകളിൽ ശ്രവിച്ചു കൊണ്ടിരിക്കുന്നത് ശ്രവണശക്തിക്ക് ഹാനികരമായേക്കും. 120 ഡെസിബെലിന് മുകളിലാണെങ്കിൽ ഉടനെതന്നെ കേൾവി നഷ്ടപ്പെട്ടേക്കാം. 70 ഡെസിബെലോ അതിൽ കുറവോ അളവിലുള്ള ശബ്ദങ്ങൾ സുരക്ഷിതമാണ്.

നിത്യ ജീവിതത്തിൽ കേൾക്കേണ്ടി വരുന്ന ശബ്ദങ്ങളുടെ അളവ് മനസ്സിലാക്കാം

കേൾക്കാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ ശബ്ദം–0dB

നിശ്ശബ്ദമായ പഠനമുറി–20dB

അടക്കം പറച്ചിൽ 5 അടി അകലത്തിൽ-40dB

നഗരത്തിലെ വാസസ്ഥലം–50dB

സംസാരം 3 അടി അകലത്തിൽ–60dB

ക്ലാസ് മുറി സംസാരം–70dB

തീവണ്ടി കൂകി പായുന്നത് (100 ft അകലെ)–80dB

ബോയ്‌ലർ മുറി–90dB

കെട്ടിട നിർമ്മാണം–100dB

രാത്രികാല ക്ലബ്ബ്–110dB

വലിയ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നത്–120dB
വിമാനം പുറപ്പെടുന്നത്(200 ft അകലെ) 130dB

വേദനയുണ്ടാകുന്ന അളവ്–140dB

അമിത ശബ്ദം കൊണ്ടുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ

∙ മാനസിക വെപ്രാളം ∙ ഉറക്കക്കുറവ് ∙ തളർച്ച.

∙ ഹൃദ്രോഗം ∙ ഉയർന്ന രക്തസമ്മർദ്ദം ∙ ഉയർന്ന ഹൃദയമിടിപ്പ്.

∙ ഗർഭസ്ഥ ശിശുവിന്റെ ശ്രവണശക്തിയെ ബാധിക്കാം.

∙ ശബ്ദമയമായ വീടും അന്തരീക്ഷവും കുട്ടികളുടെ പഠനത്തേയും സംസാരശേഷിയേയും ബാധിക്കാം. ചെറിയൊരു ബധിരത പോലും കുട്ടികളുടെ ബുദ്ധിശക്തിയേയും സംസാരശേഷിയേയും പെരുമാറ്റത്തേയും ദോഷകരമായി ബാധിക്കാം.

∙ പ്രായമായവരിൽ ഒറ്റപ്പെടലും വിഷാദവും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, ഓർമക്കുറവ്, വീഴ്ചകൾ.

∙ യാത്രകൾ, ജോലി എന്നിവ തടസ്സപ്പെടാം.

∙ അദ്ധ്വാനശീലം ഇല്ലാതെയാകുന്നു.

അമിത ശബ്ദം മൂലമുണ്ടാകുന്ന ബധിരതയ്ക്ക് ഇനി പറയുന്നവരിൽ സാധ്യത കൂടുതലാണ്.

ജനിതകമായി തന്നെ അമിത ശബ്ദം ഹാനികരമുള്ളവർ.

ഏറെ നാളായി ഡയബറ്റിസ്, അമിത രക്തസമ്മർദ്ദം എന്നിവ ഉള്ളവർ.

കാതിന് ഏതെങ്കിലും തരത്തിലുള്ള മുറിവോ ക്ഷതമോ സംഭവിച്ചവർ.

നാഡിക്ക് ദോഷകരമായ (OTO TOXIC) മരുന്നുകൾ (ഉദാ: GENTAMYCIN, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, വേദന സംഹാരികളായ ASPIRIN, QUININE, LOOP DIVERTICS)

അമിത ശബ്ദത്തിൽ നിന്ന് രക്ഷ നേടാൻ

∙ നിശാ ക്ലബ്ബുകളിലും കച്ചേരികളിലും മറ്റ് ശബ്ദമലിനീകരണമുള്ളിടത്തും പോകുമ്പോൾ ഇയർ മഫ്ഫ് (EAR MUFF) ചെവിക്കുള്ളിൽ തിരുകി വയ്ക്കണം. അഞ്ചു മുതൽ 45dBവരെ ശബ്ദത്തെ ചെവിക്കുള്ളിലേക്ക് കടക്കുന്നത് ഇത് തടയുന്നു.

∙ ചുറ്റുപാടുമുള്ള ശബ്ദത്തിന്റെ തോത് അളക്കാൻ സ്മാർട്ട് ഫോണിൽ ആപ്പുകൾ (App) ലഭ്യമാണ്. ശബ്ദശ്രോതസ്സിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നത് നല്ലതാണ്.
∙ ചുറ്റുപാടുമുള്ള ശബ്ദത്തിന്റെ അളവ് 90dB ആണെങ്കിൽ ദിവസം 4-5 മണിക്കൂർ വരെ ആഴ്ചയിൽ 5 ദിവസമേ ആ പരിസരത്ത് നിൽക്കാവൂ.

∙ എല്ലാ ഉപകരണങ്ങളുടേയും (PHONE, TV, RADIO) ശബ്ദം താഴ്ത്തി വെയ്ക്കുക. 60% ത്തിൽ കൂടാതെ നിയന്ത്രിക്കണം.

∙ വീട്ടിലാണെങ്കിലും ഉച്ചത്തിലുള്ള പാട്ടും മറ്റും കേൾക്കുമ്പോൾ ഇടയിൽ വിശ്രമം എടുക്കണം.

∙ കുട്ടികൾക്ക് ശബ്ദം ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ വേണ്ട.

∙ യന്ത്രങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന അമിത ശബ്ദത്തിന്റെ കാരണം കണ്ടെത്തി കേടുപാടുകൾ തീർത്ത് എണ്ണിയിട്ട് മോട്ടറും മറ്റും ലൂബ്രിക്കേറ്റ് ചെയ്ത് വയ്ക്കണം.

∙ ശബ്ദമുഖരിതമായ സ്ഥലങ്ങളിൽ വെച്ചിട്ടുള്ള അപായ സൂചനകൾക്കനുസരിച്ച് അവിടേക്കു കടക്കുമ്പോൾ തന്നെ ഇയർ പ്ലഗ് അല്ലെങ്കിൽ മഫ്ഫ് വയ്ക്കണം. ഇതിനെ

PERSONAL PROTECTIBVE EQUIPMENT (പിപിഇ) എന്നാണ് പറയുന്നത്.

യാത്രകൾക്കിടയിലും പിപിഇ കയ്യിൽ കരുതുക. അമിത ശബ്ദമുള്ള സ്ഥലങ്ങളിൽ തങ്ങുന്ന സമയ ദൈർഘ്യം കുറയ്ക്കുക.

∙ ചുറ്റുപാടും ശബ്ദം കൂടുതലാണോ എന്നറിയാൻ അതിന്റെ തോത് അളക്കണമെന്നില്ല. പരസ്പരം കേൾക്കണമെങ്കിൽ ശബ്ദം ഉയർത്തി പറയണമെന്നുണ്ടെങ്കിൽ, ഒരു കയ്യകലത്തിൽ സംസാരിക്കുന്നത് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ അത് അമിത ശബ്ദമുള്ള അന്തരീക്ഷമാണെന്ന് മനസ്സിലാക്കാം.

∙ വിമാനത്തിലും കാറിനുള്ളിലും ഹെഡ് ഫോൺ പോലുള്ള പിപിഇ വയ്ക്കുന്നത് ഉചിതമാണ്. തൊഴിലിടങ്ങളിൽ മാത്രമല്ല നമ്മുടെ നിത്യ ജീവിതത്തിൽ പലയിടത്തും അമിത ശബ്ദം ഉണ്ടാകുന്നുണ്ട്. നമ്മുടെ ശ്രവണ ശക്തിയെ സംരക്ഷിക്കേണ്ടത് ഗുണമേന്മയുള്ള ജീവിതത്തിന് അത്യാവശ്യമാണ്.

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ

ഇഎസ്ഐസി മോഡൽ ആന്റ്
സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ,
ആശ്രാമം, കൊല്ലം

Tags:
  • Manorama Arogyam