വൈറൽ പനി വ്യാപകമാകുകയാണ്. ഉയർന്നതാപനിലയിലുള്ള പനി തന്നെയാണു ലക്ഷണം. ശരീരം വിയർത്തു പനി കുറയാം. വീണ്ടും കൂടാം. കൂടിയും കുറഞ്ഞും പ്രകടമാകുന്ന പനിയാണ് പ്രധാന ലക്ഷണം. ഒാരോതരം വൈറസിനുമനുസരിച്ചു ലക്ഷണങ്ങൾ വ്യത്യാസപ്പെടും. കോവിഡ് വൈറസ് ഉൾപ്പെടെ മിക്കവാറും എല്ലാ വൈറസുകളും ശ്വാസകോശസംവിധാനത്തെയാണു ബാധിക്കുന്നത്. അതു മൂക്കൊലിപ്പ്, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാക്കാം. വയറിളക്കവും വൈറൽ ഗ്യാസ്ട്രോ എൻട്രൈറ്റിസ് എന്നൊരു അവസ്ഥയും ക്ഷീണവും വരാം. പനി തുടങ്ങി ആദ്യ രണ്ടു ദിവസം മറ്റു ലക്ഷണങ്ങൾ പ്രകടമാകാതെ, പനി മാത്രമോ ചെറിയൊരു മൂക്കൊലിപ്പും തൊണ്ട വേദനയും മാത്രമാണോ ഉള്ളതെന്നു ശ്രദ്ധിക്കുക. എങ്കിൽ പാരസെറ്റമോൾ കഴിച്ച് ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാം. രോഗിക്കു ബോധം മറയുക, പനി കൂടി പിച്ചും പേയും പറയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം തേടാം. വെള്ളം നന്നായി കുടിക്കാം. ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കഞ്ഞി പോലുള്ളവ കുടിക്കാം. രണ്ടു ദിവസം കഴിഞ്ഞും പനി കുറയുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കണം.
രക്തപരിശോധനയും ചികിത്സയും
വൈറൽ ഫീവർ ആണെന്ന് ആദ്യമേ അറിയാനാകില്ല.രക്തപരിശോധന പ്രധാനമാണ്. അതിൽ കൗണ്ട് കൂടുന്നുണ്ടെങ്കിൽ ബാക്ടീരിയയായിരിക്കും കാരണം. ഡിഫെറൻഷ്യൽ കൗണ്ട് പ്രധാനമാണ്. ന്യൂട്രോഫിലുകൾ കൂടുകയാണെങ്കിൽ ബാക്ടീരിയൽ പനി ആയിരിക്കും. ലിംഫോസൈറ്റുകൾ കൂടിയാൽ വൈറൽ ആയിരിക്കും. ഡെങ്കുപനിയിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയും. അതിൽനിന്നു വൈറൽ ഫീവർ പോലുള്ള രോഗാവസ്ഥയാണെന്നു മനസ്സിലാക്കാം. ബ്ലഡ് റുട്ടീൻപരിശോധനയിലൂടെ പ്ലേറ്റ്ലറ്റ് കൗണ്ടും അറിയാം. പനി കുറയാതെ മൂന്നുനാലു ദിവസം കഴിയുമ്പോൾ രോഗി കോമയിലേക്കു പോകുക, ബോധം മറയുക പോലുള്ള ലക്ഷണങ്ങൾ നിപ്പ പോലുള്ള പനിയുടെ ലക്ഷണങ്ങളാകാം.
എച്ച് വൺ എൻ വൺ( H1N1) പോലുള്ള പനിയാണെങ്കിൽ ഒസെൽട്ടാമിവിർ എന്ന മരുന്നു നൽകുന്നു. മറ്റു വൈറൽ ഫീവറുകൾക്കു നിർദിഷ്ട മരുന്നുകളില്ല. പാരസെറ്റമോൾ നൽകുകയും അനുബന്ധ രോഗങ്ങൾ ചികിത്സിക്കുകയും ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാനുള്ള കാര്യങ്ങൾ ചെയ്യുകയുമാണു പ്രതിവിധി. നന്നായി വെള്ളം കുടിച്ചു നിർജലീകരണത്തിലേക്കു പോകാതെ ശ്രദ്ധിക്കണം. നന്നായി ആഹാരം കഴിക്കുക, വെള്ളം ധാരാളം കുടിക്കുക, വായു മലിനീകരണം ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കണം. പാരസെറ്റമോൾ കഴിച്ചു വിശ്രമിക്കുകയാണു പ്രധാനം. ചിക്കൻ പോക്സ് ആണെങ്കിൽ അൈസക്ലോവീർ എന്ന മരുന്നു കഴിക്കാം.
വൈറൽപനിയുടെ ഭാഗമായ ചുമയിൽ കഫം പുറത്തേക്കു പോകാറില്ല. കഫ് സപ്രസന്റ് മരുന്നുകളാണിതിനു നൽകുന്നത്. പനിക്കു ശേഷം ക്ഷീണം തുടരുന്നുവെങ്കിൽ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നു കൂടി വിലയിരുത്തണം. ഒന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ക്ഷീണം കുറയ്ക്കുന്നതിനു മൾട്ടി വൈറ്റമിൻ ടാബ്‌ലറ്റുകളോ ബികോംപ്ലക്സ് ഗുളികകളോ കഴിക്കാം.മരുന്നുകൾ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കാം.
ഡോ. രാധിക എം.
പ്രഫസർ, ജനറൽ മെഡിസിൻ വിഭാഗം
ഗവ. മെഡി.കോളജ്, തൃശൂർ