ഞാൻ ്‍ സ്മിതാ ബൈജു. ഒരിക്കൽ ഞാൻ അനുജത്തിയെ കണ്ടു മടങ്ങുമ്പോൾ അയൽക്കാരി അവളോട് ചോദിച്ചത്രെ, ‘‘മക്കളെ കെട്ടിച്ചുവിടാൻ പ്രായമായപ്പോഴാണോ, ചേച്ചി വീണ്ടു ഗർഭിണി ആകുന്നതെന്ന്..?’’ അനുജത്തി വിഷമത്തോടെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ബസ്സിൽ കയറുമ്പോൾ ഗർഭിണിയാണെന്നു ധരിച്ച് എനിക്ക് സീറ്റ് കിട്ടുന്നതും പതിവാണ്. പൂർണഗർഭിണിയുടെ അത്രയുണ്ടായിരുന്നു വയറ്. ഞാൻ തന്നെ തമാശമട്ടിൽ പറഞ്ഞിരുന്നത്, ‘എന്റെ വയറു മുന്നേ പോകും, അതും താങ്ങി ഞാൻ പിന്നാലെ പോകും’ എന്നായിരുന്നു.
ഇപ്പോൾ 40 വയസ്സായി. രാഷ്ട്രീയ പ്രവർത്തക കൂടിയായ ഞാൻ മൂന്നു വർഷം മുൻപ് ആലപ്പുഴ ബീച്ച് വാർഡിലെ കുടുംബശ്രീ ചെയർപേഴ്സൺ ആയി ചുമതലയേറ്റപ്പോഴാണ് ടൂ വീലർ പഠിക്കാൻ തുടങ്ങിയത്. എന്നെ ഡ്രൈവിങ് പഠിപ്പിക്കുന്ന പെൺകുട്ടിക്ക് എനിക്കൊപ്പം പിന്നിലിരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ആലപ്പുഴയിൽ അറ്റ്ലാന്റിക് എന്ന കെമിക്കൽ ഫാക്ടറിയിൽ ക്ലീനിങ് വിഭാഗത്തിലെ ജീവനക്കാരിയായ എനിക്ക് അവിടെ പല തവണ പടികൾ കയറിയിറങ്ങേണ്ടിവരും. അപ്പോഴൊക്കെ, നിന്നും ഇരുന്നുമൊക്കെ കഷ്ടപ്പെടേണ്ടിവരുന്ന അവസ്ഥയായിരുന്നു.
മറ്റുള്ളവരുടെ പരിഹാസം മാത്രമല്ല, ഒടുവില്‍ എനിക്കു തന്നെ ആത്മവിശ്വാസമില്ലാതായി. ഒപ്പം പഠിച്ചവരൊക്കെ ഒത്തു ചേരുന്ന ചടങ്ങുകളിൽ നിന്നു പോലും ഞാൻ മാറിനിന്നു. ക്രമേണ എന്റെ വണ്ണം ആരോഗ്യപ്രശ്നമായും മാറി. ഫാറ്റിലിവർ, സെക്കന്റ് സ്റ്റേജ്. പിന്നെ തൈറോയ്ഡും. രണ്ടിനും മരുന്നു കഴിച്ചും തുടങ്ങിയിരുന്നു.
പരാജയപ്പെട്ട 20 വർഷം
എന്റെ അമിതവണ്ണവും കുടവയറും കുറയ്ക്കാനായി ഞാൻ ശ്രമം തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞെന്നു പറയാം. ആലോചിക്കുമായിരുന്നു, വണ്ണമുള്ളവർ കഴിക്കുന്നതിന്റെ പകുതിപോലും ഞാൻ കഴിക്കുന്നില്ലല്ലോയെന്ന്.
ടിവിയിൽ കാണുന്നതും മറ്റുള്ളവർ ഉപദേശിക്കുന്നതുമായ എല്ലാ മാർഗങ്ങളും പരീക്ഷിച്ചു. ചിലർ പറഞ്ഞു രാത്രിയിൽ ഭക്ഷണം ഉപേക്ഷിക്കാൻ. കുറേ നാൾ അതും ചെയ്തു. ഫലമുണ്ടായില്ല. വണ്ണംകുറയ്ക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച സമയത്താണ് വണ്ണം കുറച്ച ഒരു സുഹൃത്തിനെ കണ്ടത്. അവളുടെ ഉപദേശപ്രകാരമാണ് ആലപ്പുഴ കോർഫിറ്റ്നസിലെ ചീഫ് ട്രെയ്നർ ജിമ്മി ദാസ് സാറിന്റെ കീഴിൽ പരിശീലനം തുടങ്ങിയത്. നാലുമാസമായി ഇപ്പോൾ ജിമ്മിലെ വർക്കൗട്ടും ഭക്ഷണത്തിലെ മാറ്റങ്ങളും ശീലിച്ചിട്ട്.
ഭാരത്തിലെ മാറ്റം, അദ്ഭുതമല്ല
74 കിലോയായിരുന്നു ഭാരം. അത് 10 കുറച്ച് അറുപത്തിനാല് ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഉയരത്തിനാനുപാതികമായി 57 കിലോ വരെ കുറയ്ക്കാമെന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്നാല്‍ ഇപ്പോൾ എന്റെ ഭാരം 59 കിലോ മാത്രമാണ്.
വണ്ണത്തേയും അതു കുറയ്ക്കുന്നതിനേയും കുറിച്ച് എനിക്കുണ്ടായിരുന്ന തെറ്റിധാരണകളാണ് ആദ്യം മാറ്റിയത്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാനാവില്ലെന്നും കുറച്ചാൽ തന്നെ ആരോഗ്യകരമല്ലെന്നുമുള്ള പാഠം ഞാൻ മസ്സിലാക്കി. ഭക്ഷണം ഉപേക്ഷിക്കുകയല്ല, കഴിക്കുന്നവയുെട കാലറി മനസ്സിലാക്കി, ചില ഭക്ഷണം നിയന്ത്രിക്കുകയാണ് ചെയ്തത്.
മൂന്നു നേരം കഴിച്ചിരുന്ന സ്ഥാനത്ത് അത് അഞ്ചു നേരമാക്കാനാണ് എന്നോട് നിർദേശിച്ചത്. രാവിലെ ഓട്സ് കാച്ചിയത് ഒരു ഗ്ലാസ് കുടിച്ചിട്ടാണ് ജിമ്മിലേക്കു പോയിരുന്നത്. വന്ന ശേഷം 10-11 മണിയോടെ ചപ്പാത്തിയോ അപ്പമോ രണ്ടോ മൂന്നോ എണ്ണം കഴിക്കും. ഉച്ചയ്ക്ക് ഊണിന് ചോറ് അൽപവും അവിയലും മറ്റു കറികളുമൊക്കെ കൂടുതലുമാണ് കഴിക്കുക. വൈകുന്നേരം ചായയ്ക്കൊപ്പം കടലയോ പയറോ പുഴുങ്ങിയതു കഴിക്കും. രാത്രി അത്താഴത്തിന് ചപ്പാത്തിയും മറ്റും ആയിരിക്കും. കറിയായി മീനോ എണ്ണയില്ലാതെ മസാലപുരട്ടി പുഴുങ്ങിയ കോഴിയിറച്ചിയോ ഉണ്ടാവും. അതാണ് കൂടുതൽ. ആകെ കുറച്ചത് എണ്ണയിൽ വറുത്തവയും കൊഴുപ്പേറിയതും മധുരമേറിയവയും മാത്രം.
ജിമ്മിൽ ചെന്നപാടേ കഠിനമായ വർക്കൗട്ടുകൾ ചെയ്താണ് വണ്ണം കുറയ്ക്കുന്നതെന്നായിരുന്നു എന്റെ ധാരണ. എന്നാൽ അതു നടക്കില്ലെന്ന് എന്നോട് ആദ്യമേ തന്നെ ജിമ്മി സർ പറഞ്ഞു. പടിപടിയായി വളരെ കൃത്യതയോടെയായിരുന്നു വ്യായാമം. ക്രമേണ ആയാസം കൂട്ടിവന്നു. എന്റെ ശരീരത്തിന്റെ പലഭാഗത്തും കൊഴുപ്പു ചാടിക്കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതാതുഭാഗങ്ങൾക്കു വേണ്ട വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങി. ക്രമേണ ഭാരം കുറഞ്ഞു.
ഇപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷവും ഉൻമേഷവുമുണ്ട്. ഫാറ്റിലിവർ മാറി. ഫാക്ടറിയിൽ മുൻപ് ചെയ്തിരുന്ന പണികൾ പകുതിസമയം കൊണ്ട് തീർക്കും. പടികൾ ഓടിക്കയറിയാലും കിതപ്പില്ല...
ഒരു കാര്യത്തിൽ മാത്രം വിഷമം തോന്നും, ചിലർ ചോദിക്കും ‘‘എന്തുപറ്റി, ഡയബറ്റിസ് ആയോ?, അതോ വല്ല കാൻസറുമാണോ? ഇത്ര വേഗം മെലിയാൻ’’ എന്ന്. അവരോട് പറയും ഇപ്പോഴാണ് ഞാൻ പൂർണ ആരോഗ്യത്തിലേക്ക് എത്തിയതെന്ന്. എന്റെ ഈ നേട്ടത്തിൽ അദ്ഭുതമൊന്നുമില്ല. എനിക്ക് ഇപ്പോഴറിയാം, വണ്ണം കുറയ്ക്കാൻ കുറക്കുവഴി തേടാതെ ‘‘ശരിയായ’’ ഭക്ഷണരീതിയും വ്യായാമവും മാത്രം മതിയെന്ന്.