Tuesday 25 June 2024 04:35 PM IST : By സ്വന്തം ലേഖകൻ

ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം മാത്രം മരവിപ്പിക്കാം, സ്പ്രേ ചെയ്തോ കുത്തിവയ്പായോ നല്‍കാം- അനസ്തീസിയയെക്കുറിച്ചറിയാം

anaes45353

ശസ്ത്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അനിസ്തീസിയ. എല്ലാ രോഗികൾക്കും ഒരേ രീതിയലല്ല അനസ്തീസിയ നൽകുന്നത്. മയക്കുന്ന രീതികൾ അറിഞ്ഞിരിക്കാം.

ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടാൽ പിന്നീടുവരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഏതു തരം അനസ്തീസിയ കൊടുക്കണമെന്നാണ്. അപ്പോഴാണ് സാധാരണക്കാർ മനസ്സിലാക്കുന്നത് നിരവധി തരം അനസ്തീസിയകളുണ്ടെന്ന്.

എന്താണ് അനസ്തീസിയ?

മരുന്നുകൾ ഉപയോഗിച്ചു കൃത്രിമമായി ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെയോ ശരീരം മുഴുവനോ ഉള്ള സ്പർശനശേഷിയും വേദന അറിയാനുള്ള ശേഷിയും മയക്കി ഇല്ലാതാക്കുന്ന പ്രക്രിയയാണ് അനസ്തീസിയ. ഇതു പല വിധത്തില്‍ ചെയ്യാറുണ്ട്.

പൂർണമായും ബോധം കെടുത്തുക

രോഗിയെ പൂർണമായും ബോധം കെടുത്തുകയും തൽഫലമായി വേദനയറിയാനും സ്പർശനം അറിയാനുമുള്ള സംവേദനശേഷി ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ജനറൽ അനസ്തീസിയ. ഇതു പൊതുവെ രണ്ടു രീതിയിൽ കൊടുക്കാറുണ്ട്.

∙ ശ്വസനേന്ദ്രിയ വ്യവസ്ഥവഴി മയക്കമുണ്ടാക്കുന്ന/ബോധം കെടുത്തുന്ന വാതകങ്ങൾ മണപ്പിച്ചും ഞരമ്പുവഴി കുത്തിവയ്പായും ജനറൽ അനസ്തീസിയ കൊടുക്കാം. തുടക്ക കാലത്ത് ഡൈ ഈതൈൽ ഈതറും ക്ലോറോഫോമുമൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് അവയൊന്നും പ്രചാരത്തിലില്ല. ഓക്സിജന്റെയും നൈട്രിക് ഓക്സൈഡിന്റെയും അടിസ്ഥാന ചേരുവകളാണ് മയക്കുമരുന്നുകൾ.

നൈട്രസ് ഓക്സൈഡും ഓക്സിജനും 67:33 എന്ന അനുപാതത്തിലാണ് ഇതിനായി നൽകുന്നത്. ഇവ കൂടാതെ ഹാലോത്തേൻ, ഐസോഫ്ലൂറേൻ, ട്രൈഎലൻസ് എന്നിവയും ഉപയോഗിക്കാറുണ്ട്. 

ഞരമ്പുവഴി കൊടുക്കുന്ന ജനറൽ അനസ്തീസിയ മരുന്നുകളിൽ പ്രധാനം തയോപെന്റോൺ സോഡിയം കെറ്റാമിൻ സ്കോളിൻ പ്രോപോഫോൾ, മിഡാസോളം എന്നിവയാണ്. ഇവ കൂടാതെ വേറെയും മരുന്നുകൾ ഈ വിഭാഗത്തിലുണ്ട്. ഇന്നു കൂടുതലായും കംബൈൻഡ് അനസ്തീസിയ അഥവാ ബാലൻസ്‍ഡ് അനസ്തീസിയയാണ് കൊടുക്കുന്നത്. അതായത് ശ്വസനേന്ദ്രിയ വ്യവസ്ഥവഴി മണപ്പിക്കുന്നവയും ഞരമ്പുവഴി ഇൻജക്ഷനായി നൽകുന്നവയും ചേർത്താണ് നൽകുന്നത്. ഇതിൽ വേദനസംഹാരികൾ (Analgesics), ഉറക്കമുണ്ടാക്കുന്ന മരുന്നുകൾ (Sedatives), പേശികൾ അയഞ്ഞു കിട്ടാൻ സഹായിക്കുന്ന മരുന്നുകൾ (Muscle relaxants), ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകൾ (Anti Anxiety drugs), ഛർദ്ദി വരാതിരിക്കാനുള്ള മരുന്നുകൾ (Antiemetic Drugs) എന്നിവയൊക്കെ ഉൾപ്പെടുത്താറുണ്ട്. മികച്ച ഫലം ഉറപ്പാക്കാനാണിത്.

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ചെയ്യുന്ന (ഹൃദയം, തലച്ചോറ്, കരൾ, വൃക്ക മുതലായവ) എല്ലാ ശസ്ത്രക്രിയകളും മിക്കവാറും എല്ലാ മേജർ ശസ്ത്രക്രിയകളും ജനറൽ അനസ്തീസിയയിലാണ് ചെയ്യുന്നത്. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില പ്രത്യാഘാതങ്ങളും ഇവയ്ക്ക് ഉണ്ടായേക്കാം.

ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം മാത്രം

രോഗിയെ മൊത്തമായി ബോധം കെടുത്താതെ ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം മാത്രം വേദന രഹിതമാക്കി മരവിപ്പിക്കുന്ന രീതിയാണ് റീജനൽ അനസ്തീസിയ (Regional Anesthesia). ശരീരത്തിലെ നാഡികളുടെ വേദനാസംവേദനശേഷി താൽക്കാലികമായി ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. തലച്ചോറിലേക്കു നൽകുന്ന വേദനാസിഗ്നലുകൾ താൽക്കാലികമായി തടയുന്നതുകാരണം വേദന അറിയുകയില്ല. അതേസമയം രോഗി സുബോധത്തോടെ ഇരിക്കുകയും ചെയ്യും. ചിലപ്പോൾ ഒരു ചെറിയ മയക്കവും ഇതിന്റെ കൂടെ (Sedation) നൽകാറുണ്ട്. തലച്ചോറിന്റെ ധർമങ്ങൾ (functions) ബാധിക്കപ്പെടാതെ ചെയ്യുന്നതിനാൽ ജനറൽ അനസ്തീസിയയുടെ പ്രത്യാഘാതങ്ങൾ ഇതിനില്ല. ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തു പേശികളിലേക്ക് നേരിട്ട് മരുന്നു കുത്തിവയ്ക്കുന്ന ഇൻഫിൽട്രേഷൻ (infiltration) രീതിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവ കൂടാതെ താഴെ പറയുന്ന രീതികളിലും റീജനൽ അനസ്തീസിയ നൽകാറുണ്ട്. 

∙നേർവ് ബ്ലോക്ക് (Nerve Block): നാഡികൾ കടന്നുപോകുന്ന വഴിയിൽ മരുന്നു കുത്തിവയ്ക്കുന്ന രീതി.

∙ എപ്പിഡ്യൂറൽ ബ്ലോക്ക് (Epidural Block): നട്ടെല്ലിനുള്ളിലെ പ്രത്യേക കവചമായ ഡ‍്യൂറാമാറ്ററിനു പുറത്തു മരുന്നു കുത്തിവയ്ക്കുന്ന രീതി. ഇതിനു സമാനമായ രീതിയാണ് കൗഡൽ ബ്ലോക്ക്. നട്ടെല്ലിന്റെ കീഴ്ഭാഗത്തെ നാഡികൾ മരവിപ്പിക്കാനാണ് ഈ രീതി അവലംബിക്കുന്നത്. പൈൽസ് ഓപ്പറേഷനുൾപ്പെടെ പൃഷ്ഠഭാഗത്തു ചെയ്യുന്ന ഓപ്പറേഷനുകൾക്കാണ് ഇത്തരത്തിൽ അനസ്തീസിയ നൽകുന്നത്.

നട്ടെല്ലിൽ കുത്തിവയ്പ്

സ്ൈപനൽ അനസ്തീസിയ (Spinal Anesthesia): നട്ടെല്ലിനുള്ളിലെ സ്പൈനൽ കനാലിനുള്ളിലേക്ക് നേരിട്ടു മരുന്നു കുത്തിവയ്ക്കുന്ന രീതിയാണിത്. മരുന്ന് നട്ടെല്ലിനുള്ളിലെ ദ്രാവകവുമായി (Cerebro Spinal Fluid) നേരിട്ടു കലരുകയാണിവിടെ.

ഇതുകൂടാതെ മൂക്ക്, തൊണ്ട, വായ്, മൂത്രനാളി എന്നിവിടങ്ങളിലൊക്കെ മയക്കുമരുന്ന് സ്പ്രേ ചെയ്തും പുരട്ടിയുമൊക്കെ മരവിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഇതിനെ സർഫേസ് അനസ്തീസിയ എന്നാണു പറയുന്നത്.

തിരഞ്ഞെടുക്കുന്നത് എങ്ങനെ?

ജനറൽ അനസ്തീസിയയ്ക്കും സ്പൈനൽ ഉൾപ്പെടെയുള്ള റീജനൽ അനസ്തീസിയ യ്ക്കും ഗുണദോഷങ്ങൾ പലതുണ്ട്. അതുകൊണ്ടുതന്നെ വിദഗ്ധരുടെ വിശദമായ ഒരു പരിശോധനയ്ക്കും വിലയിരുത്തലിനും രോഗിയുമായുള്ള ചർച്ചകൾക്കുശേഷവും മാത്രമേ അനസ്തീസിയ ഏതു വേണമെന്ന് തീരുമാനിക്കാറുള്ളൂ. എംബിബിഎസ് കഴിഞ്ഞ് അനസ്തീസിയയിൽ ഉന്നത ബിരുദം നേടിയ അനസ്തെസ്റ്റിസ്റ്റും സർജനും വിലയിരുത്തൽ നടത്തിയശേഷമാണ് ഏതു വേണമെന്ന് തീരുമാനിക്കുന്നത്. 

∙ ശസ്ത്രക്രിയയുടെ തരം, സ്വഭാവം 

∙ ശസ്ത്രക്രിയയുടെ സമയദൈർഘ്യം

∙ രോഗിയുടെ പൊതുവിലുള്ള ആരോഗ്യസ്ഥിതി

∙ രോഗിക്ക് ഇതിനു മുൻപ് അനസ്തീസിയ എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ കൂടി അടിസ്ഥാനത്തിൽ

∙ അനസ്തീസിയ വിദഗ്ധന്റെ പ്രാഗത്ഭ്യം.

∙ രോഗിയുടെ പ്രായം.

∙ മറ്റു രോഗങ്ങളുടെ സാന്നിധ്യം (ഉദാ: ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മതുലായവ)

∙ രോഗിക്കു പ്രത്യേകതരം മരുന്നുകളോടുള്ള അൽജികൾ ദീർഘകാലാടിസ്ഥാനത്തിൽ കഴിക്കുന്ന മരുന്നുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ.

ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാൻ അനിസ്തീസിയയിലെ മുന്നേറ്റങ്ങൾ വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. എങ്കിലും വേണ്ടത്ര ബോധവത്കരണം ഇനിയും ഉണ്ടായിട്ടില്ല.

പ്രത്യാഘാതങ്ങൾ ഒട്ടേറെ

അനസ്തീസിയ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രധാനമായും അനസ്തീസിയയുടെ സ്വഭാവം. രോഗിയുടെ പ്രായം. അനസ്തീസിയയിൽ കഴിയുന്ന സമയദൈർഘ്യം, രോഗിക്കു നേരത്തെതന്നെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. പൊതുവായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്.

∙ ഓക്കാനവും ഛർദ്ദിയും

∙ തൊണ്ടയിൽ കിരുകിരുപ്പ് (Sore Throat)

∙ എൻഡോട്രാക്കിയൽ ട്യൂബ് കിടക്കുന്നതു കാരണമുള്ള ഒച്ചയടപ്പ്

∙ പേശീവേദന

∙ തലകറക്കം/മയക്കം

∙ ചില മരുന്നുകളുടെ പാർശ്വഫലം കാരണം ചൊറിച്ചൽ

∙ ഓർമക്കുറവോ പരിസരബോധമോ ഇല്ലാതിരിക്കുക

∙ മൂത്രം പോകാനുള്ള വിഷമം

∙ കുടലിൽ ചലനങ്ങൾ താൽക്കാലികമായി നഷ്ടപ്പെടുക

∙ ന്യൂമോണിയ (ശ്വാസകോശത്തിലുണ്ടാകുന്ന ആസ്പിരേഷൻ കാരണം)

∙ ശരീരോഷ്മാവ് ക്രമാതീതമായി ഉയരുക (Malignant Hyperthermia) 

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ

അമൃത കോളജ് ഓഫ് നഴ്സിങ്

കൊച്ചി.      

Tags:
  • Manorama Arogyam