കോവിഡിന്റെ രണ്ടാം തരംഗം ഒന്ന് കെട്ടടങ്ങുന്നതിനു മുമ്പു തന്നെ നമ്മില്‍ ആശങ്കയുണര്‍ത്തിക്കൊണ്ട് സിക്കാ വൈറസ് ബാധ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിക്കാ വൈറസ് രോഗം ഒരു പുതിയ രോഗമല്ല. ഈ രോഗമുണ്ടാക്കുന്നത് ഫ്‌ളാവി വൈറസ് ഇനത്തില്‍പ്പെടുന്ന ഒരു ആര്‍എന്‍എ വൈറസാണ്. ഈ വൈറസിനെ ആദ്യമായി മനസ്സിലാക്കിയത് 1947ല്‍ ഉഗാണ്ഡയിലാണ്. ആദ്യത്തെ അണുബാധ 1953ല്‍ നൈജീരിയയിലെ സിക്കാ വനത്തിലെ കുരങ്ങുകള്‍ക്കാണ്. അതുകഴിഞ്ഞ് 2007 വരെ അങ്ങുമിങ്ങും കണ്ടിരുന്ന ഈ രോഗം, പിന്നെ ധാരാളം ആളുകളില്‍ ഒന്നിച്ച് പൊട്ടിപ്പുറപ്പെട്ടത് 2007ല്‍ പസഫിക് ദ്വീപ് സമൂഹങ്ങളിലാണ്. പിന്നെയത് പല പലസ്ഥലങ്ങളില്‍ ഇടയ്ക്കിടയ്ക്ക് ഒരു 'ഔട്ട് ബ്രേക്കായി' വന്നിട്ടുണ്ട്.
‘‘സിക്കാ വൈറസ് രോഗം സാധാരണയായി ലഘുവായ ലക്ഷണങ്ങളോടുകൂടി വന്നുപോകുന്ന ഒരു അസുഖമാണെന്നു പറയുന്നു തിരുവനന്തപുരം എസ്‌യുറ്റി ഹോസ്പിറ്റലിലെ ഡോ. ലക്ഷ്മി അമ്മാൾ. ‘‘ പലപ്പോഴും ലക്ഷണങ്ങളൊന്നും ഇല്ലാതെയും അണുബാധ ഉണ്ടാകാറുണ്ട്. 2 മുതല്‍ 4 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ചെറിയ തോതിലുള്ള പനി, കൈകളിലേയും കാലുകളിലേയും ചെറിയ സന്ധികള്‍ക്ക് വരുന്ന വേദന, പഴുപ്പില്ലാതെ കണ്ണിന് വരുന്ന ചുവപ്പ്, തൊലിപ്പുറത്ത് വരുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് സിക്കാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. നാലില്‍ രണ്ട് ലക്ഷണങ്ങള്‍ എങ്കിലും ഉണ്ടെങ്കില്‍ സിക്കാ രോഗം നമുക്ക് സംശയിക്കാം.
ഈ വൈറസ് രോഗം പ്രധാനമായും പരത്തുന്നത് ഏഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ്. അസുഖം വരുന്ന ഒരാളെ കടിക്കുന്ന കൊതുകിലൂടെ ഈ രോഗം മറ്റുള്ളവരിലേയ്ക്ക് വ്യാപിക്കുന്നു.
ഗര്‍ഭിണിയ്ക്ക് സിക്കാ വൈറസ് ബാധ വന്നാല്‍ അമ്മയില്‍ നിന്ന് മറുപിള്ള വഴി കുഞ്ഞിനേയും ബാധിക്കാം. ഇതുതന്നെയാണ് രോഗത്തെ ഇത്രയധികം പ്രാധാന്യമുള്ളതാക്കുന്നതെന്നും ഡോ. ലക്ഷ്മി അമ്മാൾ പറയുന്നു. മനോരമ ആരോഗ്യത്തിനു നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഡോക്ടർ ഈ വിവരങ്ങൾ പങ്കുവച്ചത്.
സിക പനി തടയാനുള്ള വഴികൾക്കായി വിഡിയോ കാണാം