Wednesday 25 January 2023 12:20 PM IST

100 വയസുവരെ റമസാൻ നോമ്പെടുത്തു, അയ്യപ്പൻമാരുടെ മണ്ഡലകാല വ്രതവും ആരോഗ്യരഹസ്യം: എരുമേലിക്കാരുടെ കരീം ഉസ്താദ്

V R Jyothish

Chief Sub Editor

erumeli-usthad

താഴത്തുവീട്ടിൽ ടി. എസ്. അബ്ദുൽ കരീം മൗലവി നൂറ്റിരണ്ടാം വയസ്സിേലക്കു കടക്കുന്നു!– എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ ചീഫ് ഇമാം.

പള്ളിയുടെ നിത്യ പ്രാർത്ഥനയിൽ നൂറു വയസ്സുവരെ സജീവമായിരുന്നു അബ്ദുൽ കരീം മൗലവി. കോവിഡ് കാലം നൽകിയ വിശ്രമം ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെങ്കിലും ഇപ്പോഴും സജീവമാണ് കരീം മൗലവിയുടെ ഓർമകൾ. സംഭവബഹുലമായ ഒരു നൂറ്റാണ്ടിനൊപ്പം കടന്നുവരുന്നത് ആരോഗ്യരഹസ്യങ്ങളും ജീവിതചര്യകളും കൂടിയാണ്. ചുരുക്കത്തിൽ ഈ ദൈവദാസന്റെ ജീവിതം അനന്തമായ പ്രാർഥനയാകുന്നു. വിശ്വാസവും പ്രതീക്ഷയും നാഥനിലർപ്പിച്ച് അദ്ദേഹം കർമം തുടരുന്നു.

അഞ്ചു നേരം നിസ്കാരം

എന്താണ് ആരോഗ്യരഹസ്യമെന്നു ചോദിച്ചപ്പോൾ കരീം മൗലവി ചിരിച്ചു. ‘അഞ്ചു നേരം നിസ്കാരം, പിന്നെ പടച്ചവന്റെ അനുഗ്രഹം.’ എപ്പോഴും ‘റബ്ബേ....’ എന്ന നാമമുണ്ട് ചുണ്ടിൽ.

രാവിലെ മൂന്നുമണിക്ക് ഉണരും. നല്ല തണുത്ത വെള്ളത്തിൽ കുളിക്കും. പിന്നെ നേരെ നടക്കും പള്ളിയിലേക്ക്. പള്ളിക്ക് അടുത്താണ് താഴത്തുവീടെങ്കിലും തോട് കടന്നാണു യാത്ര. അന്നു പാലമില്ല. മഴക്കാലത്തു തോട്ടിൽ നല്ല ഒഴുക്കായിരിക്കും. ഒഴുക്കു നീന്തി പള്ളിയിലെത്തും. സുബ്ഹി നമസ്കാരത്തിനു നേ തൃത്വം കൊടുക്കും. ഏഴുമണിയോെട ഒരു ചായ കുടിക്കും. പിന്നെ പത്രപാരായണം. ആദ്യം വായിക്കുന്ന പത്രം മനോരമ തന്നെ. എഴുപത്തിയഞ്ചു വർഷമായി മുടങ്ങാത്ത ഒരു ശീലമാണിത്. കഴിഞ്ഞ വർഷം

കാഴ്ച മങ്ങിയതോടെയാണ് പത്രം വായന മുടങ്ങിയത്. പത്രപാരായണത്തിനുശേഷം വീട്ടിലെത്തും. പിന്നെ പ്രഭാതഭക്ഷണം. ഇഡ്‌ലിയും ദോശയും പത്തിരിയുമൊക്കെതന്നെയാണ് ഇഷ്ടവിഭവങ്ങൾ. പ്രത്യേകം നിർബന്ധങ്ങളൊന്നുമില്ല. വീട്ടുകാർ ഉണ്ടാക്കുന്നതു കഴിക്കും. ഭക്ഷണത്തിനുശേഷം പറമ്പിലേക്കിറങ്ങും.

കാപ്പിയും കുരുമുളകും കപ്പയും ചേനയും ചേമ്പുമെല്ലാം സമൃദ്ധമായി വിളയുന്ന പറമ്പാണ് താഴത്തുവീട്ടിലേത്. സുഹർ നമസ്കാരത്തിന്റെ സമയം വരെ ഈ പണി തുടരും. പിന്നെ വീണ്ടും പള്ളിയിലേക്ക്. തിരിച്ചുവന്നാണ് ഉച്ചഭക്ഷണം. മീൻ ഉറപ്പായും ഉണ്ടാവും. ആഴ്ചയിൽ ഒരിക്കൽ ആട്ടിറച്ചിയും. കറികൾക്ക് അധികം എരിവു പാടില്ലെന്നു പറയും. അതുപോെല അമിതമായ പുളിയും പാടില്ല. ഒരു നൂറ്റാണ്ടു ജീവിതത്തിനിടയിൽ തീരെ കഴിച്ചിട്ടില്ലാത്ത ഒന്ന് മുട്ടയാണ്. അതുപോലെ ബീഫും. ഉച്ചഭക്ഷണം കഴിഞ്ഞാൽ ചെറുതായൊന്നു മയങ്ങും. അപ്പോഴേക്കും അസർബാങ്കിനു സമയമാവും.

ഇശാഅ് നമസ്കരിച്ച ശേഷം വീട്ടിലെത്തുമ്പോഴേക്കും ഒൻപതു മണിയായിട്ടുണ്ടാവും. അത്താഴം മിക്കപ്പോഴും വളരെ മിതമായേ കഴിക്കു. പത്തു മണിക്കു മുൻപേ ഉറങ്ങിയിരിക്കും. അതായിരുന്നു ശീലം. ഒരുദിവസം കൃത്യസമയത്ത് ഉറങ്ങിയില്ലെങ്കിൽ പിറ്റേന്നു വലിയ ക്ഷീണമായിരിക്കുമെന്നു കരീം മൗലവിയുടെ അനുഭവം. അതുകൊണ്ടു കൃത്യസമയത്തു തന്നെ ഉറങ്ങാൻ ശ്രമിക്കും. ഹജ്ജിനുപോയ സമയത്തു മാത്രമാണ് ഈ പതിവുകൾ മുടങ്ങിയത്.

ഓർമയിൽ നൂറു വയസ്സുവരെ കരീം മൗലവി റമസാൻ വ്രതമെടുത്തിട്ടുണ്ട്. ‘ഇതൊന്നുമല്ലാതെ ഇത്രയും കാലം ജീവിച്ചിരിക്കാൻ ഞാൻ മറ്റു കാരണങ്ങളൊന്നും കാണുന്നില്ല.’ കരീം മൗലവി കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്നു. നാവിെന നിയന്ത്രിക്കുന്നവനാണ് യഥാർഥ ഭക്തൻ. മിതമായ സംസാരമാണ് കരീം മൗലവിയുടെ മറ്റൊരു പ്രത്യേകത. പഴയകഥകൾ പറയുമ്പോഴുമുണ്ട് ഈ മിതത്വം.

കൊച്ചമ്പലത്തിനു മുൻപിലെ പള്ളി

മണ്ഡലക്കാലത്തെ വ്രതവും തന്റെ ആയുസ്സിനും ആരോഗ്യത്തിനും കാരണമായിട്ടുണ്ടെന്ന് കരീം മൗലവി പറയുന്നു. നാൽപത്തിയൊന്നു ദിവസത്തെ കഠിനവ്രതമെടുത്താണ് അന്നൊക്കെ അയ്യപ്പന്മാർ ശബരിമലയിൽ എത്തിയിരുന്നത്. ഒരു വർഷത്തെ ആരോഗ്യസംരക്ഷണത്തിനുള്ള ഒറ്റമൂലി കൂടിയായിരുന്നു അത്. ആ സമയത്ത് പള്ളിയുമായി ബന്ധപ്പെട്ടവരും വ്രതത്തിലായിരിക്കും. മാംസാഹാരം പാടേ ഉപേക്ഷിക്കും. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മണ്ഡലക്കാലം തുടങ്ങിയാൽ പിന്നെ എരുമേലിയിലേക്കു മീൻവണ്ടികൾ വരാതാവും. കശാപ്പും നിലയ്ക്കും. അങ്ങനെയൊരു കാലവും എരുമേലിയിലുണ്ടായിരുന്നു.

ക്ഷേത്രകാര്യങ്ങളിൽ പള്ളിക്കമ്മിറ്റിയും പള്ളിക്കാര്യങ്ങളി ൽ ക്ഷേത്രക്കമ്മിറ്റിയും ഇടപെടുന്ന അപൂർവത. അത് എരുമേലിയുടെ മാത്രം പ്രത്യേകതയാണ്. കൊച്ചമ്പലത്തിനു മുൻപിലാണ് പള്ളി. കൊച്ചമ്പലത്തിൽ നിന്ന് പേട്ട കെട്ടിയിറങ്ങുന്ന അയ്യപ്പന്മാർ വാവര് പള്ളി വലംവച്ചാണ് വലിയമ്പലത്തിലേക്കു പോകുന്നത്. ആദ്യകാലത്ത് എരുമേലിയിൽ വരുന്ന അയ്യപ്പന്മാർ കാൽനടയായിട്ടായിരുന്നു വന്നുകൊണ്ടിരുന്നത്. അന്ന് എരുമേലിയിൽ കൊരട്ടിപ്പാലമില്ല. കൊരട്ടി വരെ വന്നാൽ പിന്നെ വള്ളത്തിൽ ആറു കടക്കണം. 1956-ൽ ഇങ്ങനെയായിരുന്നു അവസ്ഥ. അയ്യപ്പന്മാർ കാൽനടയായി വരുന്നതിന് പ്രധാനകാരണം ഇതായിരുന്നു. മഴക്കാലത്ത് തോടു കടക്കാൻ ബുദ്ധിമുട്ടായതോടെ തടിപ്പാലത്തെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചു. അങ്ങനെയാണ് ആദ്യം ചൂണ്ടപ്പന വെട്ടിക്കൊണ്ടുവന്ന് പാലമാക്കിയത്. ഇപ്പോഴിത് വലിയ പാലമാണ്.

അന്ന് എല്ലാമാസവും ഒന്നാം തീയതി ശബരിമല നട തുറക്കാറില്ല. അതുകൊണ്ട് വൃശ്ചികം ഒന്നുമുതൽ മകരവിളക്കു കഴിഞ്ഞു നട അടയ്ക്കുന്നതുവരെയാണ് ഉത്സവം. ധനുമാസം ഇരുപത്തിയാറിനും ഇരുപത്തിയേഴിനുമാണ് പ്രധാന ഉത്സവം. ചന്ദനക്കുടവും പേട്ടതുള്ളലുമാണ് എരുമേലിയുടെ ദേശീയ ഉത്സവങ്ങൾ. എരുമേലി പേട്ടതുള്ളലിനു മുന്നോടിയായി അമ്പലപ്പുഴ സംഘം കരീം മൗലവിയെ സന്ദർശിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. കരീം മൗലവിയുടെ കുട്ടിക്കാലത്ത് എരുമേലിപ്പള്ളി പുല്ല് മേഞ്ഞ പള്ളിയായിരുന്നു. പിന്നീടത് ഓട് പാകി. അന്നും എരുമേലിയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിനു കുറവൊന്നുമുണ്ടായിട്ടില്ല. ഇന്നു നിർമ്മാണ ഭംഗി കൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ തന്നെ പ്രശസ്തമായ പള്ളികളിലൊന്നാണിത്. ശബരിമല തീർഥാടകർക്കു വലംവയ്ക്കാനായി ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

abdul-karim-usthad-1

വി. ആർ. ജ്യോതിഷ്

ഫോട്ടോ: സന്തിപ് സെബാസ്റ്റ്യൻ