Friday 22 December 2023 04:40 PM IST

15 വയസ്സു മുതലേ പ്രാണായാമം ... ധ്യാനം, നടപ്പ് മുടക്കില്ല, ശുദ്ധ വെജിറ്റേറിയന്‍: 105 വയസ്സുള്ള ഡോ. കുമാരപണിക്കരിക്കരുടെ ആരോഗ്യ രഹസ്യമറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

kumara233

50വയസ്സു കഴിയുമ്പോഴെ വയോജനങ്ങളുെട കൂട്ടത്തിൽ സ്വയം ഉൾപ്പെട്ട്, ശിഷ്ടകാലം രോഗങ്ങളുെട അരിഷ്ടതകളുമായി ജീവിച്ചേക്കാം എന്നു കരുതുന്ന വ്യക്തികൾ ഉള്ള സമൂഹമാണ് നമ്മുടേത്. ഇവി
െടയാണ് തിരുവല്ല പാലിയക്കരയിലെ ഡോ. കുമാര പണിക്കർ വ്യത്യസ്തനാവുന്നതും സമൂഹത്തിനു മാതൃകയാകുന്നതും. ആയുർവേദ ഡോക്ടറായ കുമാര പണിക്കർക്ക് 2023 നവംബർ 23ന് 105 വയസ്സു തികയും. സർക്കാർ സർവീസിൽ നിന്നു 1978ൽ റിട്ടയർ ചെയ്ത അദ്ദേഹം ഇന്നും ചികിത്സാ രംഗത്തു സജീവമാണ്. മരുന്നുകളുെട പേരും പഴയ സേവനകാലത്തെ അനുഭവങ്ങളും എല്ലാം കുമാര പണിക്കരുടെ ഒാർമകളിൽ സുഭദ്രം. ഈ പ്രായത്തിലും കാണാനെത്തുന്ന രോഗികൾ തന്നെയാണ് അദ്ദേഹത്തിന്റെ ചികിത്സാ നൈപുണ്യത്തിന്റെ തെളിവ്. കേരളത്തിൽ തന്നെയല്ല ഇന്ത്യയിൽ തന്നെ ചികിത്സാ രംഗത്തു തുടരുന്ന ഏറ്റവും പ്രായം കൂടിയ ചികിത്സകൻ ഡോ. കുമാര പണിക്കർ തന്നെയാവും.

തിരുവനന്തപുരത്തെ പഠനകാലം

നാരായണൻ നായരുെടയും ലക്ഷ്മിക്കുട്ടി അമ്മയുെടയും മകനായി 1918ൽ ജനിച്ച കുമാര പണിക്കരുെട ബാല്യം അമ്മയുെട നാടായ ഹരിപ്പാടും അച്ഛന്റെ നാടായ മാന്നാറിലുമായിരുന്നു. സാമ്പത്തികസ്ഥിതി മോശമായതിനാൽ സ്കൂൾ കാലഘട്ടമായപ്പോഴെക്കും അമ്മയുെട സഹോദരങ്ങൾ കുമാര പണിക്കരെ തിരുവനന്തപുരത്തേക്കു കൊണ്ടുപോന്നു. ഒൻപതു വർഷം തിരുവനന്തപുരത്ത്. സ്കൂൾ-കോളജ് വിദ്യാഭ്യാസം തിരുവനന്തപുരത്ത് പൂർത്തിയാക്കിയ കുമാര പണിക്കർ അമ്മാവന്റെ നിർബന്ധത്തിനു വഴങ്ങിയാണ് തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ ചേർന്നത്. ആദ്യമൊക്കെ ആയുർവേദത്തിൽ താൽപര്യമില്ലായിരുന്നുവെങ്കിലും ദിവസങ്ങൾ കടന്നുപോകവെ ഇഷ്ടപ്പെടാൻ തുടങ്ങി. കുമാര പണിക്കരുെട അമ്മയുെട അച്ഛൻ വൈദ്യൻ ആയിരുന്നു. ആ പാരമ്പര്യമാവാം ആയുർവേദ ചികിത്സാ പഠനം ഇഷ്ടപ്പെടാൻ കുമാര പണിക്കരുെട മനസ്സൊരുക്കിയത്.

പഠനം കഴിഞ്ഞ് മലേറിയ രോഗികൾക്കുള്ള ആശുപത്രിയിൽ ജോലി ലഭിച്ചെങ്കിലും കുമാര പണിക്കർ അതു സ്വീകരിച്ചില്ല. മാന്നാറിൽ സ്വന്തമായി വൈദ്യശാല തുടങ്ങി. 33Ðാം വയസ്സിലാണ് സർക്കാർ സർവീസിൽ ചേരുന്നത്. തലവടിയിലായിരുന്നു ആദ്യ പോസ്റ്റിങ്. വാഴൂർ, ആലപ്പുഴ, മാന്നാർ, പരുമല, വടകര, തിരുനാവായ, മേലാറ്റൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലൊക്കെ ജോലി നോക്കിയിട്ടുണ്ട്. റിട്ടയർ ചെയ്യുന്ന സമയം തിരുവല്ലയിലായിരുന്നു. ജോലി ലഭിക്കാനിടയായ പിഎസ്‌സി ഇന്റർവ്യൂവിനെ കുറിച്ചൊക്കെ ഡോക്ടർക്കു ഇന്നും നല്ല ഒാർമയുണ്ട്. ‘‘ നാലഞ്ചു പിഎസ്‌സി മെമ്പർമാർ രണ്ടുമൂന്നു മണിക്കൂർ എന്നെ ഇന്റർവ്യൂ െചയ്തു. എനിക്കു ചെറുപ്പത്തിലെ അൽപ്പസ്വൽപ്പം രാഷ്ട്രീയമൊക്കെ ഉണ്ടായിരുന്നതു കൊണ്ടു നല്ല തന്റേടമായിരുന്നു. അവർ ചോദിച്ചതിനൊക്കെ ഉത്തരം നൽകി. ഒടുവിൽ ഗർഭിണികൾക്കു മരുന്നു നൽകുന്നതു സംബന്ധിച്ച ചോദ്യം വന്നു. എനിക്കു വലിയ താൽപര്യമില്ലാത്ത മേഖലയായിരുന്നു അത്. എന്നാലും ഉത്തരം നൽകി. എന്നാൽ അവർ ആ ചോദ്യം തന്നെ തിരിച്ചും മറിച്ചും ഒക്കെ ചോദിച്ചുകൊണ്ടിരുന്നു. ’’ , ഡോ. കുമാര പണിക്കർ പറയുന്നു.

രാഷ്ട്രീയം എന്ന ഊർജം

രാഷ്ട്രീയം കാരണം ജോലി തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നിട്ടുണ്ടെന്ന് കുമാര പണിക്കർ ഒാർക്കുന്നു. ആലപ്പുഴയിൽ ജോലി നോക്കുന്ന സമയത്ത് മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ സുഹൃത്തായിരുന്നു. അന്ന് അദ്ദേഹത്തിനു 30 വയസ്സു കാണും.

‘‘ വാതരോഗങ്ങളും ത്വക് രോഗങ്ങളും ഒക്കെയായിരുന്നു അന്നു കൂടുതൽ. ഇന്ന് കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളായ ബിപി, പ്രമേഹം, ഒക്കെ അന്നും ഉണ്ടായിരുന്നു. ഇത്രയും കൂടുതൽ ആളുകളിൽ ഇല്ലായിരുന്നുവെന്നു മാത്രം. ഇന്നത്തെ അപേക്ഷിച്ചു പണ്ടുകാലത്തെ രോഗികൾക്കു രോഗത്തെ കുറിച്ചുള്ള അറിവു കുറവായിരുന്നു.

തിരുവല്ലയിലെ ആശുപത്രിയിൽ ജോലിക്കു ചേർന്ന കാലം. അവിെട കുഴപ്പം പിടിച്ച സ്ഥലമാണെന്നു മേലധികാരിയിൽ നിന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ഞാൻ വരുന്നതിനു മുൻപ് ഒരു സാധു നമ്പൂതിരിയായിരുന്നു ഡോക്ടർ. അവിടെ കഷായം ഉണ്ടാക്കുന്നതു പോലും അദ്ദേഹമായിരുന്നു. മറ്റു ജീവനക്കാർ ഒന്നും െചയ്തിരുന്നില്ല. ഞാൻ അവിെട ജോയിൻ െചയ്തശേഷം എല്ലാം മാറ്റിെയടുത്തു. ഉത്തരവുകൾ അനുസരിക്കാത്തവരെ സ്ഥലം മാറ്റി. ’’ ഡോക്ടർ ഒാർക്കുന്നു. ആശുപത്രിയി്ൽ ജോലി നോക്കിയിരുന്ന സമത്തും വൈകുന്നേരങ്ങളിൽ വീടുകളിൽ പരിശോധിക്കുമായിരുന്നു. മരുന്നുകൾ വീട്ടിൽ തന്നെ തയാറാക്കുമായിരുന്നു. ജ്യേഷ്ഠനായിരുന്നു അതിനു സഹായിച്ചിരുന്നത്.

‘‘ ഞാൻ കമ്യൂണിസ്റ്റുകാരനായിരുന്നുവെങ്കിലും പണ്ടു മുതലേ ആധ്യാത്മികതയിലും താൽപര്യമുണ്ടായിരുന്നു. പ്രായമായപ്പോൾ ആ താൽപര്യം കൂടി, ’’ ഡോക്ടർ പറയുന്നു. ആ താൽപര്യമാണ് ജഞാനബ്രഹ്മം എന്ന പേരിൽ പുസ്തകം രചിക്കാനിടയാക്കിയത്. കോവിഡ് കാലത്തായിരുന്നു പുസ്തകം എഴുതി പൂർത്തിയാക്കിയത്.

ചിട്ടകൾ പാലിക്കും

ചിട്ടയായ ഭക്ഷണശീലങ്ങളുണ്ട് ഡോക്ടർക്ക്. രാവിലെ ഒരു ദോശ, അല്ലെങ്കിൽ രണ്ട് ഇഡ്‌ലി. ഒപ്പം ചമ്മന്തി പോലെ എന്തെങ്കിലും കറി. ഏത്തപ്പഴം പുഴുങ്ങിയത് നിർബന്ധമാണ്. ഉച്ചയ്ക്ക് ചോറും കറികളും. ചോറ് ഒരുപിടി മതി. രാത്രി അത്താഴത്തിനു ദോശ പോലെ പലഹാരമോ ചോറോ കഴിക്കും. 45 വയസ്സു വരെ ഡോക്ടർ മാംസഭക്ഷണം കഴിക്കുമായിരുന്നു. അതു കഴിഞ്ഞ് ശുദ്ധ വെജിറ്റേറിയനായി.

അന്നും ഇന്നും രാവിലെ നാല് മണിക്കേ എണീക്കും. ഇന്ന് ഒന്നിടവിട്ട ദിവസങ്ങളിലേ കുളിക്കാറുള്ളൂ. ജോലി തിരക്കു കഴിഞ്ഞാൽ വായനയായിരുന്നു ഡോക്ടറുെട ഹോബി. പ്രത്യേകിച്ച് അധ്യാത്മിക പുസ്തകങ്ങൾ. ഇന്നും വായന മുടക്കാറില്ല.

ഈ പ്രായത്തിലും പ്രാണായാമം മുടങ്ങാതെ െചയ്യാറുണ്ട്. 15ാം വയസ്സിൽ തുടങ്ങിയ ചിട്ടയാണത്. പ്രായം കൂടിയപ്പോൾ കഫത്തിന്റെ പ്രശ്നം ബുദ്ധിമുട്ടിക്കുന്നതല്ലാതെ ശ്വാസകോശ സംബന്ധിയായ മറ്റൊരു പ്രശ്നവും വന്നിട്ടില്ല.

ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ തന്റെ പഴയ ചിട്ടകൾ തന്നെയാണ് എന്നാണ് ഡോക്ടർ പറയുന്നത്. രാവിലെ പ്രാണായാമം െചയ്തശേഷം കുറെ നേരം ധ്യാനിക്കും. രാവിലെ അരമണിക്കൂർ വ്യായാമം െചയ്യും. ചെറിയ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യും. രാവിലെയും വൈകുന്നേരവും അരമണിക്കൂർ നടക്കും.

പല തലമുറകളായി ‍ഡോക്ടറുെട പക്കൽ തന്നെ ചികിത്സയ്ക്കു വരുന്നവരുണ്ട്. കോവിഡിനു മുൻപു വരെ രോഗികളുെട തിരക്കുണ്ടായിരുന്നു. ഇന്നു ചികിത്സയ്ക്കു വരുന്നവരുെട എണ്ണം കുറവാണ്. ഡോക്ടർക്കു മൂന്ന് ആൺമക്കളാണ്. . ഭാര്യ വസുമതി അമ്മ 2012ൽ മരിച്ചു.

‘‘ ഡോക്ടർമാർക്കു തങ്ങൾ വലിയ എന്തോ സംഭവമാണ് എന്ന ഭാവം പാടില്ല. രോഗികൾ അവരുെട കാര്യങ്ങൾ വിശദമായി പറയണമെങ്കിൽ നമ്മൾ അവരുമായി സൗഹൃദപരമായി സഹകരിക്കണം. ’’ പുതുതലമുറയോടുള്ള ഡോ. കുമാര പണിക്കരുെട ഈ വാക്കുകൾക്ക് വർഷങ്ങൾ നീണ്ട അനുഭവസമ്പത്തിന്റെ ബലമുണ്ട്.